Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സരസമ്മ നേഴ്സിനെ പ്രണയത്തിൽ വീഴ്‌ത്തി ജീവിതസഖിയാക്കി ഗൾഫിൽ എത്തി; മോഹിച്ചത് നാട്ടിൽ ബംഗ്ലാവ്; ജോലി പോകുമെന്ന ഭയത്തിൽ കാറിലിട്ട് ചാക്കോയെ കൊന്നത് ഇൻഷുറൻസ് തട്ടിയെടുത്ത് വീടിൽ താമസിക്കാൻ; ആ പ്രേതഭവനത്തിന് ചുറ്റമുള്ള സ്ഥലം കൈയേറി; അയൽവാസിക്കെതിരെ നാട്ടുകാരുടെ പരാതി; സുകുമാരക്കുറുപ്പിന്റെ സ്ഥലം വീണ്ടും ചർച്ചകളിൽ

സരസമ്മ നേഴ്സിനെ പ്രണയത്തിൽ വീഴ്‌ത്തി ജീവിതസഖിയാക്കി ഗൾഫിൽ എത്തി; മോഹിച്ചത് നാട്ടിൽ ബംഗ്ലാവ്; ജോലി പോകുമെന്ന ഭയത്തിൽ കാറിലിട്ട് ചാക്കോയെ കൊന്നത് ഇൻഷുറൻസ് തട്ടിയെടുത്ത് വീടിൽ താമസിക്കാൻ; ആ പ്രേതഭവനത്തിന് ചുറ്റമുള്ള സ്ഥലം കൈയേറി; അയൽവാസിക്കെതിരെ നാട്ടുകാരുടെ പരാതി; സുകുമാരക്കുറുപ്പിന്റെ സ്ഥലം വീണ്ടും ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കുപ്രസിദ്ധമായ ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ സർക്കാർ കണ്ടുകെട്ടിയ സ്ഥലം സ്വകാര്യ വ്യക്തി കൈയേറി. വണ്ടാനം മെഡിക്കൽ കോളേജിന് സമീപത്ത് പണിത വീടിന്റെ കിഴക്കേ അതിരാണ് അയൽവാസിയായ വിമുക്തഭടൻ ആറ്റുപുറം വീട്ടിൽ ആന്റണി കൈയേറിയത്. വാടകക്ക് നൽകിയ വീട്ടിലേക്കുള്ള വഴിയുടെ വീതി കൂട്ടാൻ വേണ്ടിയാണ് വഴി വെട്ടിയതെന്നാണ് ആന്റണി പറയുന്നത്. 38 വർഷമായി പിടികിട്ടാപ്പുള്ളിയായി കേരളാ പൊലീസിന് മാനക്കേടുണ്ടാക്കിയ ഗോപാലകൃഷ്ണകുറുപ്പ് എന്ന സുകുമാരക്കുറുപ്പ് ആഡംബര ജീവിതത്തിനായി അന്ന് നിർമ്മിച്ചു കൊണ്ടിരുന്ന കൂറ്റൻ വീട് ഇന്നും പാതി വഴിയിൽ നിർമ്മാണം നിലച്ച് വണ്ടാനം മെഡിക്കൽ കോളേജിന് സമീപം നില നിൽക്കുന്നു. വണ്ടാനം മെഡിക്കൽ കോളേജിന് അടുത്തുള്ള ഈ വീട്ടിനും് പറയാനുള്ളത് സുകുമാരക്കുറുപ്പെന്ന കൊടുകുറ്റവാളിയുടെ കഥയാണ്. ഈ വീടിനോട് ചേർന്ന സ്ഥലമാണ് ഇപ്പോൾ മറ്റൊരാൾ കൈയേറാൻ ശ്രമിച്ചതായി പരാതി ഉയരുന്നത്.

സംഭവത്തിൽ വണ്ടാനം റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ കളക്ടർക്കും അമ്പലപ്പുഴ സി ഐയ്ക്കും പരാതി നൽകി.ആന്റണിയുടെ വാടക വീട്ടിലേക്കുള്ള വഴിക്ക് നാലടി വീതിയാണ് ഉണ്ടായിരുന്നത്. ഇതിന്റെ വീതി കൂട്ടാനായിരുന്നു കണ്ടുകെട്ടിയ സ്ഥലത്തിന്റെ കിഴക്കേ അതിര് കൈയേറി ലോറി കയറാനുള്ള പാകത്തിൽ ഗ്രാവൽ നിരത്തിയത്. ഇതാണ് വിവാദമായത്. 100 മീറ്റർ നീളത്തിൽ ഒരു ഭാഗം മണ്ണിട്ട് നികത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സ്ഥലത്തെ സിപിഐഎം പ്രവർത്തകർ കൈയേറിയ സ്ഥലത്ത് കുറ്റിയടിച്ചു. ഇതിൽ പ്രകോപിതനായ ആന്റണി സ്ഥലത്തിന്റെ തെക്കേ അതിരിൽ വേലിക്കല്ലുകൾ സ്ഥാപിച്ചതും കൂടുതൽ പ്രശ്‌നത്തിനിടയാക്കി. ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സമീപവാസികൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.

തുടർന്ന് പൊലീസെത്തി കല്ലുകൾ നീക്കിയാണ് വാഹനങ്ങൾ പുറത്തെടുത്തത്. കൈയേറിയത് തന്റെ പേരിലുള്ള വസ്തുവാണെന്നാണ് ആന്റണിയുടെ വാദം. എന്നാൽ ഇത് തെളിയിക്കുന്നതിനാവശ്യമായ രേഖകൾ ഹാജരാക്കിയിട്ടില്ല. സർക്കാർ കണ്ടുകെട്ടിയ സ്ഥലത്തെ ജോലികൾ പൊലീസ് വിലക്കുകയും ചെയ്തു. ഇതോടെ സുകുമാരക്കുറുപ്പിന്റെ ആ പഴയ കേസ് വീണ്ടും ചർച്ചകളിൽ എത്തുകയാണ്. ഈ വീടിന്റെ നിർമ്മാണം നടക്കുമ്പോഴാണ് സുകുമാരക്കുറുപ്പ് വിദേശത്ത് നിന്നും വൻ തുക ഇൻഷുറൻസ് ലഭിക്കാനായി കാറപകടത്തിൽ മരിച്ചു എന്ന് വരുത്തി തീർക്കാൻ ചാക്കോ എന്ന യുവാവിനെ കൊലപ്പെടുത്തിയത്. വീടിന്റെ നിർമ്മാണം പൂർത്തിയാക്കാനും ആഡംബര ജീവിതം നയിക്കാനും കണ്ടെത്തിയ ഉപായമായിരുന്നു ഇൻഷുറൻസ് തുക തട്ടിയെടുക്കുക എന്നത്. എന്നാൽ പൊലീസിന്റെ അന്വേഷണ മികവിൽ ഇതെല്ലാം പൊളിയുകയായിരുന്നു.

1984 ലാണ് ആലപ്പുഴ മെഡിക്കൽ കോളേജിന് സമീപത്തായി പുന്നപ്ര ഗ്രാമപഞ്ചായത്തിൽ അത്യാഡംബര സൗധം സുകുമാരക്കുറുപ്പ് നിർമ്മിക്കാൻ തുടങ്ങിയത്. അക്കാലത്ത് ഇയാൾ വിദേശത്ത് ജോലി നോക്കുകയായിരുന്നു. അബുദാബിയിൽ മറൈൻ ഓപറേറ്റിങ് കമ്പനിയിലായിരുന്നു ജോലി. മുൻപ് എയർ ഫോഴ്‌സിൽ ജോലി ചെയ്തിരുന്ന കാലത്ത് മുംബൈയിൽ വച്ച് പരിചയപ്പെട്ട നഴ്‌സ് സരസമ്മ എന്ന യുവതിയുമായി പ്രണയത്തിലാവുകയും പിന്നീട് ഇവരെ വിവാഹം കഴിച്ച് വിദേശത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു. ഇരുവരും അവിടെ ഉയർന്ന ശമ്പളത്തിലായിരുന്നു ജീവിച്ചത്. എന്നാൽ ആഡംബര ജീവിതം നയ്ച്ചതിനാൽ പണമൊന്നും മിച്ചമില്ലായിരുന്നു. ഇതിനിടയിലായിരുന്നു നാട്ടിൽ സ്വന്തമായി ഒരു വീട് നിർമ്മിക്കാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂരിലെ വീട്ടിൽ നിന്നും മാറി ആലപ്പുഴ നഗരത്തോട് ചേർന്ന് സ്ഥലം വാങ്ങി വീടു വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് വണ്ടാനത്തിന് സമീപം വീടു നിർമ്മാണം ആരംഭിച്ചത്.

വീടിന്റെ നിർമ്മാണം പകുതിയോളം പൂർത്തിയാകുന്ന സമയത്താണ് വിദേശത്തെ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് കുറുപ്പ് അറിയുന്നത്. അങ്ങനെയാണെങ്കിൽ വീട് പണി നിന്നു പോകുമെന്നും സാമ്പത്തിക നില താറുമാറാകുമെന്നും കുറുപ്പിന് മനസ്സിലായി. എങ്ങനെയും ഇത് തരണം ചെയ്യണം. അതിനൊരു വഴി ആലോചിക്കുമ്പോഴാണ് ഒരു ഇംഗ്ലീഷ് ഡിറ്റക്ടീവ് നോവലിൽ വൻതുക ഇൻഷുറൻസ് തട്ടിയെടുക്കാൻ നായകൻ കാറപകടത്തിൽ താൻ കൊല്ലപ്പെട്ടു എന്ന് വരുത്തി തീർക്കുന്ന കഥ വായിക്കുന്നത്. ഇതോടെ കുറുപ്പ് വിദേശത്ത് വലിയ തുകയ്ക്ക് ഇൻഷുറൻസ് പോളിസി എടുത്തു. ആത്മാർത്ഥ സുഹൃത്ത് ചാവക്കാട് സ്വദേശി ഷാഹുവിനോടും സഹോദരീ ഭർത്താവ് ഭാസ്‌ക്കരപിള്ളയോടും ഇക്കാര്യം ചർച്ച ചെയ്തു. ഇരുവർക്കും കിട്ടുന്ന തുകയിൽ നിന്നും നല്ലൊരു ഭാഗം കൊടുക്കാമെന്നായിരുന്നു വാഗ്ദാനം.

ഭാസ്‌ക്കര പിള്ളയോട് വിദേശത്ത് നിന്നും നാട്ടിലേക്ക് താൻ തിരികെ എത്തുമ്പോൾ കാർ വാങ്ങണമെന്നും ഒരു മൃതദേഹം സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹം സംഘടിപ്പിക്കാൻ ബന്ധുവഴി നോക്കിയെങ്കിലും നടന്നില്ല. തുടർന്ന് സുകുമാരക്കുറുപ്പിന്റെ ശരീര പ്രകൃതമുള്ളയാളെ കൊന്ന് കാറിലിട്ട് കത്തിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ചാക്കോയെ കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ചത്. എന്നാൽ പൊലീസിന് തോന്നിയ സംശയങ്ങൾ മൂലം കള്ളിവെളിച്ചെത്താവുകയായിരുന്നു. ഇതോടെ കുറുപ്പിന്റെ പദ്ധതികളെല്ലാം പാളി. അങ്ങനെ വീടിന്റെ നിർമ്മാണം പാതി വഴിയിൽ നിലച്ചു പോയി.

38 വർഷം മുൻപ് നിർമ്മിച്ച വീടാണെന്ന് കണ്ടാൽ തോന്നില്ല. അന്നത്തെ ഇഷ്ടികയുടെ ഗുണനിലവാരം നിർമ്മാണത്തിൽ കാണാനും കഴിയുന്നുണ്ട്. വാർത്ത കെട്ടിടത്തിലെ കോൺക്രീറ്റിന് പോലും വിള്ളലുണ്ടായിട്ടില്ല. സുകുമാരക്കുറുപ്പ് കൊലപാതകത്തിൽ പ്രതിയായതിന് ശേഷം ഇവിടേക്ക് ആവരുടെ ബന്ധുക്കൾ പോലും എത്തി നോക്കിയിട്ടില്ല. ഒരു പ്രേതാലയം പോലെയാണ് ഈ കെട്ടിടം നിലനിൽക്കുന്നത്. നാട്ടുകാർ ഇവിടെ കാർഷിക ആവശ്യങ്ങൾക്കുള്ള വളങ്ങളും മറ്റും ശേഖരിച്ച് വയ്ക്കാൻ ഉപയോഗിച്ചു വന്നിരുന്നു. സമീപത്തെ വാഹനങ്ങളും ഇവിടെ പാർക്ക് ചെയ്യുന്നു. ഈ സ്ഥലമാണ് വിവാദത്തിലാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP