Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാങ്ഹായിയിൽ നിന്നും പ്രതിഷേധം ബെയ്ജിങിലേക്കും വ്യാപിച്ചു; വിദ്യാർത്ഥികളും പ്രതിഷേധത്തിന് ഇറങ്ങിയതോടെ സർവ്വകലാശാലകൾ നേരത്തെ അടച്ച് സർക്കാർ: ചൈനയിൽ ഷീ വിരുദ്ധ പ്രതിഷേധവും കോവിഡും വ്യാപിക്കുന്നു

ഷാങ്ഹായിയിൽ നിന്നും പ്രതിഷേധം ബെയ്ജിങിലേക്കും വ്യാപിച്ചു; വിദ്യാർത്ഥികളും പ്രതിഷേധത്തിന് ഇറങ്ങിയതോടെ സർവ്വകലാശാലകൾ നേരത്തെ അടച്ച് സർക്കാർ: ചൈനയിൽ ഷീ വിരുദ്ധ പ്രതിഷേധവും കോവിഡും വ്യാപിക്കുന്നു

സ്വന്തം ലേഖകൻ

ബെയ്ജിങ്: സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ചൈനയിൽ ഷീ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നു. ഷാങ്ഹായിയിൽ ആരംഭിച്ച പ്രതിഷേധം തലസ്ഥാന നഗരമായ ബെയ്ജിങ്ങിലേക്കും വ്യാപിച്ചു. സർവ്വകലാശാലാ വിദ്യാർത്ഥികളും പ്രതിഷേധത്തിനിറങ്ങിയതോടെ പ്രതിസന്ധി രൂക്ഷമായി. തുടർന്ന് ജനുവരിയിൽ തുടങ്ങേണ്ട അവധിക്കാലം നേരത്തെയാക്കി വിദ്യാർത്ഥികൾക്കു വീട്ടിൽ പോകാൻ അനുമതി നൽകി. പ്രസിദ്ധമായ നാൻജിങ്, സിങ്വാ സർവകലാശാലകളിൽ വിദ്യാർത്ഥികളും പ്രതിഷേധവുമായി ഇറങ്ങി.

പ്രസിഡന്റ് ഷി ജിൻ പിങ് സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന ചൈനയിലെ പ്രതിഷേധങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് ലണ്ടൻ, പാരിസ്, ടോക്കിയോ തുടങ്ങിയ വിദേശ നഗരങ്ങളിലും പ്രകടനങ്ങൾ അരങ്ങേറി. ലോക്ഡൗൺ നിയന്ത്രണത്തിനിടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഷിൻജിയാങ് പ്രവിശ്യയിലെ ഫ്‌ളാറ്റിലുണ്ടായ അഗ്‌നിബാധയിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി ബെയ്ജിങ്ങിലെ ലിയാങ്മാഹേ നദിക്കരയിൽ ഇന്നലെ ഒത്തുകൂടിയ നൂറുകണക്കിന് ആളുകൾ മെഴുകുതിരി കൊളുത്തി പ്രകടനം നടത്തി. സർക്കാരിനും കോവിഡ് നിയന്ത്രണങ്ങൾക്കും എതിരെ അവർ മുദ്രാവാക്യം മുഴക്കി നയതന്ത്ര ഓഫിസുകൾക്കു മുന്നിലൂടെ നീങ്ങി.

പ്രതിഷേധം മണിക്കൂറുകളോളം നീണ്ടതിനെ തുടർന്ന് ഒട്ടേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പല നഗരങ്ങളിലും പൊലീസ് പട്രോളിങ് ശക്തമാക്കി. ഷാങ്ഹായ് നഗരത്തിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ തങ്ങളുടെ റിപ്പോർട്ടറെ മർദിക്കുകയും വിലങ്ങണിയിച്ച് മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുകയും ചെയ്തതായി ബിബിസി പരാതിപ്പെട്ടു. സംഭവത്തിൽ ബ്രിട്ടിഷ് വിദേശകാര്യമന്ത്രി പ്രതിഷേധിച്ചു. ഇതിനിടെ, കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ചൈനയിൽ കോവിഡ് കേസുകൾ വർധിച്ചു. ഇന്നലെ മാത്രം 40,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

കോവിഡ് ബാധിതരെ നിർബന്ധിതമായി മെഡിക്കൽ ഷെൽട്ടറുകളിലേക്കു മാറ്റുന്നതിനെതിരെ ഷാങ്ഹായ് നഗരത്തിലും ഇന്നലെ വൻ പ്രതിഷേധം നടന്നു. കഴിഞ്ഞ ദിവസങ്ങളിൽ ടിബറ്റിന്റെ തലസ്ഥാനമായ ലാസ, ഗ്വാങ്ഡോംഗ്, ഷെങ്ഷോ തുടങ്ങിയ നഗരങ്ങളിലും ജനം പ്രതിഷേധിച്ചു.

അതേസമയം കോവിഡ് നിയന്ത്രണത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോഴും നിയന്ത്രണങ്ങളിൽ സർക്കാർ ഉറച്ചുനിൽക്കുമെന്നു പ്രഖ്യാപിച്ച് ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെയ്ലി ഒന്നാം പേജിൽ ലേഖനം പ്രസിദ്ധീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP