Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരു യുവ പൊലീസ് ഓഫീസറുടെ രണ്ട് കാലിലേയും എല്ലുകൾ ഒടിയുന്നതുവരെ തല്ലി; ആശുപത്രിയിൽ കൊണ്ട് പോകാൻ വന്ന ആംബുലൻസ് പോലും തടഞ്ഞു; ജനകീയ സമരമോ അവകാശ സമരമോ അല്ല, കലാപശ്രമം; വിഴിഞ്ഞം സമരക്കാർക്ക് എതിരായ കേസുകൾ പിൻവലിക്കരുതെന്ന് പൊലീസ് അസോസിയേഷൻ

ഒരു യുവ പൊലീസ് ഓഫീസറുടെ രണ്ട് കാലിലേയും എല്ലുകൾ ഒടിയുന്നതുവരെ തല്ലി; ആശുപത്രിയിൽ കൊണ്ട് പോകാൻ വന്ന ആംബുലൻസ് പോലും തടഞ്ഞു; ജനകീയ സമരമോ അവകാശ സമരമോ അല്ല, കലാപശ്രമം; വിഴിഞ്ഞം സമരക്കാർക്ക് എതിരായ കേസുകൾ പിൻവലിക്കരുതെന്ന് പൊലീസ് അസോസിയേഷൻ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: വിഴിഞ്ഞത്ത് നടന്നത് ആസൂത്രിത തിരക്കഥയാണെന്നും സമരം പൊളിക്കാൻ സർക്കാർ നടത്തിയ നീക്കമാണിതെന്നും ലത്തീൻ അതിരൂപത ആരോപിക്കുമ്പോൾ, പൊലീസ് ഇത് നിഷേധിക്കുന്നു. 'സമാധാനപരമായി സമരം ചെയ്തവരെ ചിലർ പ്രകോപിപ്പിച്ചു. പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സെൽറ്റന് സംഘർഷവുമായി ബന്ധമില്ല. സമരത്തിനെതിരായ ഇടത് - ബിജെപി കൂട്ടുകെട്ടിൽ സംശയമുണ്ട്', സമര സമിതി കൺവീനർ യൂജിൻ പെരേര ആരോപിച്ചത് ഇങ്ങനെ. 

എന്നാൽ, വിഴിഞ്ഞം സംഘർഷത്തിൽ, ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെ പ്രതിയാക്കിയത് അടക്കം നടപടികളിൽ വീഴ്ചകൾ ഉണ്ടായിട്ടില്ലെന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ ഇന്ന് വ്യക്തമാക്കിയത്.

സമരക്കാർക്കുനേരെ പൊലീസ് കല്ലെറിഞ്ഞതാണ് സംഘർഷത്തിന് കാരണമെന്ന സമരക്കാരുടെയും ലത്തീൻ സഭയുടെയും ആരോപണം പൊലീസ് നിഷേധിച്ചു. മൂന്നുമണിക്കൂറോളം സംയമനം പാലിച്ചശേഷമാണ് പൊലീസ് നടപടി തുടങ്ങിയത്. സമരക്കാർ തുടക്കം മുതൽ പ്രകോപനപരമായാണ് പെരുമാറിയത്. 40 ലധികം പൊലീസുകാരെ ആക്രമിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അനുവദിച്ചില്ല. പൊലീസ് കല്ലെറിഞ്ഞില്ലെന്നും ബാഹ്യശക്തികൾ ഇടപെട്ടോയെന്ന് അറിയില്ലെന്നും കമ്മിഷണർ പറഞ്ഞു.

ഇന്നലെ വൈകിട്ട് ഇരുമ്പ് കമ്പികളും പങ്കായങ്ങളുമായാണ് പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. നാലു ജീപ്പുകളും രണ്ടു വാനുകളും ഇരുപത് ബൈക്കുകളും തകർത്തു. ഫോർട്ട് അസി.കമ്മിഷണർ ഷാജി, വിഴിഞ്ഞം സിഐ പ്രജീഷ് ശശി, രണ്ട് വനിതകളടക്കം 35 പൊലീസുകാരെയും ക്രൂരമായി മർദ്ദിച്ചു. ഫോർട്ട് സ്റ്റേഷനിലെ സി.പി.ഒ ശരത് കുമാർ, വിഴിഞ്ഞം പ്രൊബേഷൻ എസ്‌ഐ ലിജു പി. മണി എന്നിവരുടെ നില ഗുരുതരമാണ്.

വിഴിഞ്ഞത്ത് പൊലീസിന് നേരെയുണ്ടായ അക്രമസംഭവങ്ങളിലെ കേസുകൾ പിൻവലിക്കരുതെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. വിഴിഞ്ഞത്ത് നടന്നത് അവകാശ സമരമല്ല, കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിക നീക്കമാണ്. പൊലീസിനെ വെടിവെപ്പിലേക്ക് നയിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. അക്രമികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പൊലീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. കലാപത്തിന് ശ്രമിച്ചത് മതമേലധ്യക്ഷന്മാരാണെന്നും അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.

പൊലീസ് അസോസിയേഷൻ പ്രസ്താവന:

മാനിഷാദാ.....ക്രമസമാധാന പരിപാലനം പൊലീസിന്റെ ചുമതലയാണ്. അതുപോലെ നിയമ വ്യവസ്ഥയെ മാനിക്കാനും സമൂഹം തയ്യാറാകേണ്ടതാണ്. ഇങ്ങനെ ജനങ്ങളെ നേരായ വഴിയിൽ നയിക്കേണ്ടവർ തന്നെ കലാപാഹ്വാനം നടത്തുകയും, അവർ തന്നെ മുന്നിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥന്മാരേയും പൊലീസ് സ്റ്റേഷനും അക്രമിക്കാൻ നേതൃത്വം നൽകുകയും ചെയ്യുന്ന കാഴ്ച ലജ്ജാകരമാണ്. എല്ലാവരാലും ആദരിക്കപ്പെടേണ്ട മതമേലധ്യക്ഷന്മാരിൽ ചിലരാണ്, വിശ്വാസികളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്തുകൊണ്ട് ഇത്തരം സാഹചര്യം സൃഷ്ടിച്ചത്.

അൻപതോളം പൊലീസ് ഉദ്യോഗസ്ഥന്മാർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അതിൽ ഒരു യുവ പൊലീസ് ഓഫീസറുടെ രണ്ട് കാലിലേയും എല്ലുകൾ ഒടിയുന്നതുവരെ മൃഗീയമായി തല്ലുന്ന സാഹചര്യം പോലും ഉണ്ടായി. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമുഖത്ത് പോലും പരിക്കേൽക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നത് ആരും തടയാറില്ല. എന്നാൽ ഇവിടെ ഔദ്യോഗികകൃത്യ നിർവ്വഹണം നിറവേറ്റി വന്ന പൊലീസ് ഉദ്യോഗസ്ഥന്മാരെ ഏകപക്ഷീയമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും അവരെ ആശുപത്രിയിൽ കൊണ്ട് പോകാൻ വന്ന ആബുലൻസിനെ പോലും തടയുന്ന സാഹചര്യം ഉണ്ടായി.

സ്വന്തം സഹജീവികൾക്ക് പരിക്കേറ്റാൽ ഒത്തുകൂടി സഹായിക്കുന്ന മൃഗങ്ങൾ പോലും ലജ്ജിച്ച് തല താഴ്‌ത്തുന്ന നടപടിയാണ് ഇവരിൽ നിന്ന് ഉണ്ടായത്. വൈകാരികതയിലേക്ക് പോകാതെ വിവേകത്തോടെ പ്രവർത്തിക്കുന്ന കേരള പൊലീസിന്റെ ഉയർന്ന പൊതുബോധമാണ് ഇത്രയേറെ ആക്രമിക്കപ്പെട്ടിട്ടും ആത്മസംയമനം പാലിച്ച് മുന്നോട്ട് പോകാൻ സാഹചര്യമൊരുക്കിയത്. പൊലീസ് വെടിവയ്‌പ്പിലേക്ക് വരെ എത്തിച്ച് ഈ നാടിന്റെ സമാധാനം തകർക്കുക എന്ന ചിലരുടെയെങ്കിലും ലക്ഷ്യം നടക്കാതെ പോയതും അതുകൊണ്ട് തന്നെയാണ്.

പൊലീസ് സ്റ്റേഷനും വാഹനങ്ങളും അടിച്ചു തകർക്കുക മാത്രമല്ല, പൊലീസ് ഉദ്യോഗസ്ഥന്മാരെ മൃഗീയമായി ആക്രമിക്കുകയും ചെയ്തിരിക്കുന്നു. സ്വന്തം വിശ്വാസികൾ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെ ചൂഷണം ചെയ്താണ് ഇത്തരം ചെയ്തികൾ അവരെക്കൊണ്ട് ചെയ്യിച്ചത്. ഇത്രയേറെ അതിക്രമങ്ങൾ പൊലീസിനെതിരെ ഉണ്ടായിട്ടും പരിക്കിന്റെ വേദന കടിച്ചമർത്തി പൊലീസ് സമാധാനം കാത്തുസൂക്ഷിച്ചു.

എന്നാൽ ഇത്തരം ആക്രമണങ്ങൾക്കെതിരെ ശക്തമായി നിയമ നടപടി സ്വീകരിക്കേണ്ടതുണ്ട്. എടുത്ത കേസുകളിൽ വിട്ടുവീഴ്ച ഇല്ലാത്ത നിയമ നടപടികൾ സ്വീകരിക്കുക തന്നെ വേണം. നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ആരായാലും വിട്ടുവീഴ്ചയില്ലാതെ നടപടികൾ സ്വീകരിച്ച് ജുഡീഷ്യറിക്ക് മുന്നിൽ എത്തിക്കുക തന്നെ വേണം. സാധാരണ ജനങ്ങളുടെ അവകാശ സമരങ്ങൾ നടക്കുമ്പോൾ എടുക്കുന്ന കേസുകൾ സമരശേഷം പിൻവലിച്ച് കാണാറുണ്ട്. ജനാധിപത്യ സമൂഹത്തിൽ ജനങ്ങളുടെ അവകാശ സമരമെന്നാൽ അത് പൊലീസ് ഉദ്യോഗസ്ഥർ കൂടി ഭാഗമായ സമൂഹത്തിന് വേണ്ടിയുള്ള അവകാശ സമരം ആയതു കൊണ്ടു തന്നെ ഇങ്ങനെ കേസുകൾ പിൻവലിക്കുന്നതിനെ പൊതുവെ എതിർക്കാറില്ല.

എന്നാൽ ഇപ്പോൾ നടക്കുന്നതിനെ ജനകീയ സമരമായോ, ജനാധിപത്യരാജ്യത്തെ ജനങ്ങൾ സാധാരണ നടത്താറുള്ള അവകാശ സമരമായോ കാണാൻ കഴിയില്ല. ഇത് കോടതി വിധി ഉൾപ്പെടെ നിറവേറ്റുന്നതിന്റെ ഭാഗമായി, സമാധാനപരമായും സൗഹാർദ്ദപരമായും നിയമപരമായും മാത്രം ഔദ്യോഗിക കൃത്യം നിറവേറ്റി വന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നേരേ നടത്തിയ ഭീകരവേട്ടയാണ്.

ഈ സംഭവത്തിൽ എടുത്ത ഒരു കേസും പിൻവലിക്കാൻ പാടില്ല. ഇത്തരത്തിലുള്ള ഒരു നീക്കവും ഉണ്ടാകാനും പാടില്ല.ഇങ്ങനെ സമരമായി ചിത്രീകരിച്ച്, സമരാഭാസം നടത്തി, പൊലീസ് ഉദ്യോഗസ്ഥന്മാരെ മൃഗീയമായി ആക്രമിക്കുന്ന നടപടിക്കെതിരായ ചിന്തയിലേക്ക് പ്രബുദ്ധ കേരളമാകെ എത്തേണ്ടതുണ്ട്. അങ്ങനെ പൊതു സമൂഹത്തിന്റെ ധാർമിക പിന്തുണ കേരളത്തിലെ പൊലീസ് സമൂഹത്തോടൊപ്പം ഉണ്ടാകണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുകയാണ്.

അതുപോലെ കേരളത്തെ ഒരു കലാപ ഭൂമിയാക്കാൻ നടത്തുന്ന ഇത്തരം നീച നീക്കങ്ങളെ തിരിച്ചറിയാനുള്ള പക്വത കേരളത്തിലെ പൊലീസ് സമൂഹത്തിനുണ്ട്. വികാരത്തിനടിമപ്പെടാതെ, വിവേകത്തോടെ ഇത്തരം നീക്കങ്ങളെ തിരിച്ചറിഞ്ഞ് കേരളത്തിന്റെ അന്തസ് ഉയർത്തിപ്പിടിക്കാൻ അവസാന ശ്വാസം വരേയും സംസ്ഥാന പൊലീസ് ഉണ്ടാകുകയും ചെയ്യും. അതുപോലെ തന്നെ ഇത്തരം ആക്രമണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളേണ്ട പൊലീസ് ഉദ്യോഗസ്ഥർ, കൃത്യമായി കേസെടുത്ത്, സത്യസന്ധമായി അന്വേഷണം നടത്തി, വിട്ടുവിഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കുകയും വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP