Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സരിതയ്ക്ക് മുൻ ഡ്രൈവർ സ്ലോ പോയിസൺ നൽകിയെന്ന കേസ്; ഒളിവിൽ കഴിയുന്ന വിനുകുമാറിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഡിസംബർ ഒന്നിന് വാദം; സരിതയുമായി തെറ്റിപ്പിരിഞ്ഞതിന്റെ പേരിലുള്ള കള്ളക്കേസെന്ന് പ്രതിയുടെ വാദം

സരിതയ്ക്ക് മുൻ ഡ്രൈവർ സ്ലോ പോയിസൺ നൽകിയെന്ന കേസ്; ഒളിവിൽ കഴിയുന്ന വിനുകുമാറിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഡിസംബർ ഒന്നിന് വാദം; സരിതയുമായി തെറ്റിപ്പിരിഞ്ഞതിന്റെ പേരിലുള്ള കള്ളക്കേസെന്ന് പ്രതിയുടെ വാദം

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ് നായരെ വധിക്കാൻ ഭക്ഷണത്തിൽ സ്ലോ പോയ്‌സൺ കലർത്തിയെന്ന ആരോപണത്തിലെടുത്ത വധ ശ്രമക്കേസിലെ പ്രതി മുൻ ഡ്രൈവർ വിളവൂർക്കൽ സ്വദേശി ബി. വിനുകുമാറിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ ഡിസംബർ 1ന് വാദം ബോധിക്കാൻ തലസ്ഥാന ജില്ലാ കോടതി ഉത്തരവിട്ടു. ഡിസംബർ 1 ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. താൻ നിരപരാധിയാണെന്നും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും ജാമ്യ ഹർജിയിൽ പറയുന്നു. തന്റെ നിരപരാധിത്വം വിസ്താര മധ്യേ കോടതിക്ക് ബോധ്യപ്പെടുന്നതാണ്. കോടതി കൽപ്പിക്കുന്ന ഏത് ജാമ്യവ്യവസ്ഥയും പാലിക്കാൻ താൻ തയ്യാറാണ്. ചെയ്യാത്ത കുറ്റത്തിന് കുറ്റസമ്മത മൊഴിക്കായി തന്നെ കസ്റ്റഡിയിൽ വെച്ച് മാനസികമായും ശാരീരികമായും ക്രൈംബ്രാഞ്ച് പീഡിപ്പിക്കും.

സരിതയുടെ ഡ്രൈവർ കം ബോഡീ ഗാർഡായിരുന്ന തനിക്ക് സരിതയുടെ എല്ലാ രഹസ്യങ്ങളുമറിയാവുന്നതാണ്. താൻ ഇടക്ക് സരിതയുമായി അഭിപ്രായ വ്യത്യാസമുണ്ടായി തെറ്റിപ്പിരിഞ്ഞതിൽ വച്ചുള്ള വൈരാഗ്യത്താൽ താൻ രഹസ്യങ്ങൾ പുറത്ത് വിടുമെന്ന് മുൻകൂട്ടി കണ്ട് തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കള്ളക്കേസ് എടുപ്പിച്ചതെന്നാണ് വിനു കുമാറിന്റെ പ്രത്യാരോപണം. തന്റെ വീടും പരിസരവും സെർച്ച് നടത്തിയപ്പോൾ തന്റെ ഭാര്യയും മക്കളും മാത്രമാണുണ്ടായിരുന്നതെന്നും യാതൊന്നും ക്രൈംബ്രാഞ്ചിന് കണ്ടെത്താനായില്ല. തന്നെ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം കൊടുക്കണമെന്നാവശ്യപ്പെട്ടാണ് സി ആർ പി സി വകുപ്പ് 438 പ്രകാരമുള്ള മുൻകൂർ ജാമ്യഹർജിയിലെ ആവശ്യം.

സരിതയുടെ മുൻ ഡ്രൈവറുടെ വിളവൂർക്കലിലെ വീടും പരിസരവും കോടതിയുടെ സെർച്ച് വാറണ്ടുത്തരവ് പ്രകാരം നവംബർ 23 ന് ക്രൈംബ്രാഞ്ച് പരിശോധിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ആർ. രേഖയാണ് ക്രൈംബ്രാഞ്ച് അപേക്ഷ അനുവദിച്ച് സെർച്ച് വാറണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
സരിതയുടെ മുൻ ഡ്രൈവർ വിനു കുമാർ 2014 മുതൽ ഭക്ഷണത്തിൽ രാസ പദാർത്ഥം കലർത്തിയെന്നാണ് സരിതയുടെ കേസ്. ഭക്ഷണത്തിൽ രാസപദാർത്ഥം നൽകി കൊലപ്പെടുത്താൻ ശ്രമം നടന്നുവെന്നാണ് സരിതയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് കേസെടുത്ത് എഫ് ഐ ആർ തിരുവനന്തപുരം സിജെഎം കോടതിയിൽ നവംബർ 22 ന് ഹാജരാക്കിയത്.രാസപദാർത്ഥം , വിഷപദാർത്ഥം , അവയുടെ ഉറവിടം , മിശ്രിതം കലക്കാൻ ഉപയോഗിച്ച പാത്രങ്ങൾ എന്നിവ പ്രതിയുടെ വീട്ടിൽ ഒതുക്കം ചെയ്തിട്ടുണ്ടെങ്കിൽ കണ്ടെത്താനായാണ് പരിശോധനാ വാറണ്ട് ഉത്തരവ് നൽകിയത്. ആയവ ഹാജരാക്കാൻ ആവശ്യപ്പെട്ട് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 91 പ്രകാരം സമൻസോ നോട്ടീസോ നൽകിയാൽ ആ വ്യക്തി അവ ഹാജരാക്കില്ലെന്ന് വിശ്വസിക്കാൻ കാരണമുണ്ടെന്നും അതിനാലാണ് വാറണ്ട് നൽകുന്നതെന്നും വാറണ്ടുത്തരവിൽ കോടതി നിരീക്ഷിച്ചു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 93 (സി) പ്രകാരമാണ് സെർച്ച് വാറണ്ട് നൽകിയത്.

തന്നെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നതായി സരിത പൊലീസിൽ പരാതി നൽകിയിരുന്നു. ശരീരത്തിൽ വിഷാംശം കലർന്നിട്ടുണ്ടെന്നും അത് ഞരമ്പുകളേയും അവയവങ്ങളേയും ബാധിച്ചുവെന്നും കാണിച്ചായിരുന്നു സരിതയുടെ പരാതി. ഗുരുതര രോഗം പിടിപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയതായും സരിതയുടെ മൊഴിയിൽ പറയുന്നു.

അതേ സമയം തനിക്ക് നേരെ വധശ്രമം ഉണ്ടായെന്ന് 2021 ലാണ് സരിത വെളിപ്പെടുത്തിയത്. നാഡീ ഞരമ്പുകളുടെ പ്രവർത്തനത്തെയാണ് വിഷം ബാധിച്ചത്. ക്രമേണ വിഷം ശരീരത്തെ ബാധിക്കുന്ന രീതിയിലാണ് നൽകിയിരിക്കുന്നതെന്നും സരിത ആരോപിച്ചിരുന്നു. കീമോതെറാപ്പി ഉൾപ്പടെയുള്ള ചികിത്സകൾ എടുക്കുന്നുണ്ടെന്നും രോഗം പൂർണ്ണമായും ഭേദമായ ശേഷം വിഷം നൽകിയത് ആരെന്ന് വെളിപ്പെടുത്തുമെന്നുമായിരുന്നു സരിത അന്ന് പറഞ്ഞത്.
അതേസമയം സരിതയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സരിതയുടെ മുൻ ഡ്രൈവർ വിനു കുമാറാണ് ഭക്ഷണത്തിൽ രാസ പദാർത്ഥം കലർത്തിയതെന്നാണ് സരിതയുടെ മൊഴി പ്രകാരം കണ്ടെത്തിയിരിക്കുന്നത്.

സ്ലോ പോയ്‌സണിങ് എന്ന രീതിയാണ് ഉപയോഗിച്ചത്. കുറഞ്ഞ അളവിലായി രാസവിഷം ശരീരത്തിൽ എത്തിയതിന്റെ തെളിവുകളും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സരിതയുടെ രക്തപരിശോധനയിൽ അമിത അളവിൽ രാസവസ്തുക്കളുടെ സാന്നിധ്യം ഉണ്ട്. ആന്തരിക അവയവങ്ങളെ പ്രവർത്തനരഹിതമാക്കുന്ന ആഴ്സനിക്ക്, മെർക്കുറി, ലെഡ് എന്നീ മാരക രാസവസ്തുക്കളാണ് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയതെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

സരിതയുടെ മൊഴി പ്രകാരം 2018 മുതൽ താൻ ന്യൂറോളജിക്കൽ പ്രശ്‌നങ്ങളുമായി ചികിത്സ തേടിയിരുന്നു. പിന്നീടത് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളായി മാറി. കീമോ തെറാപ്പി ചെയ്തിട്ടും ശരിയായില്ല. ഞാൻ ഇപ്പോൾ ഇമ്മ്യൂണോ തെറാപ്പിയിലൂടെ കടന്നുപോകുകയാണ്.കാലുകളുടെ ചലന ശേഷിയൊക്കെ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ചില നാഡികളൊന്നും പ്രവർത്തിക്കുന്നില്ല. സോളാർ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം രൂപീകരിച്ച എസ് ഐ ടിക്ക് സ്ഥിരമായി മൊഴി കൊടുക്കുന്നതിനായി തിരുവനന്തപുരത്ത് ഒരു മാസത്തോളം താൻ ഉണ്ടായിരുന്നു. ആ കാലഘട്ടത്തിലാണ് തനിക്ക് അസുഖം വന്ന് തുടങ്ങിയത്'.

കൂടെയുണ്ടായിരുന്നവരെ താൻ ആദ്യം സംശയിച്ചിരുന്നില്ല. എന്നാൽ തന്റെ കൂടെ ഉള്ളവർ തന്നെയാണ് തന്നെ കൊല്ലാൻ ശ്രമിച്ചതെന്ന് 2021 നവംബറിൽ തന്നെ മനസിലാക്കി. അതിന് പിന്നാലെ ജനവരി 3 ന് നേരിട്ട് മനസിലാക്കാനുള്ള അവസരവും ഉണ്ടായി. പല ആരോഗ്യ പ്രശ്‌നങ്ങളും കൊണ്ടാണ് താൻ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കുമെല്ലാം മുൻപിൽ വന്നിരുന്നത്. തുറന്ന് പറയാനുള്ള അവസ്ഥ ആയിരുന്നില്ല. ആരാണ് യഥാർത്ഥ ശത്രു എന്ന് വ്യക്തമായി മനസിലാകുന്നുണ്ടായിരുന്നില്ല. ജനുവരിയിൽ വിനു അത് കലർത്തുന്നതായി താൻ നേരിട്ട് കണ്ടതാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയ സരിതയുടെ മൊഴിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP