Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഴിഞ്ഞത്ത് ഇന്നലെ ഉണ്ടായ അക്രമം സ്വാഭാവിക പ്രതികരണം മാത്രമെന്ന വാദവുമായി സമരസമിതി; അക്രമം അനുവദിക്കാനാവില്ലെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും സർക്കാർ; തുറമുഖ നിർമ്മാണം പുനരാരംഭിക്കണമെന്ന വാദത്തെ എതിർത്ത് സമരസമിതി; സർവ്വകക്ഷിയോഗത്തിൽ തീരുമാനമില്ല

വിഴിഞ്ഞത്ത് ഇന്നലെ ഉണ്ടായ അക്രമം സ്വാഭാവിക പ്രതികരണം മാത്രമെന്ന വാദവുമായി സമരസമിതി; അക്രമം അനുവദിക്കാനാവില്ലെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും സർക്കാർ; തുറമുഖ നിർമ്മാണം പുനരാരംഭിക്കണമെന്ന വാദത്തെ എതിർത്ത് സമരസമിതി; സർവ്വകക്ഷിയോഗത്തിൽ തീരുമാനമില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം സർവ്വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. സർവ്വകക്ഷി യോഗത്തിൽ പാർട്ടികൾ അക്രമത്തെ അപലപിച്ചു. സമാധാന അന്തരീക്ഷം ഉണ്ടാകണമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. തുറമുഖ നിർമ്മാണം പുനരാരംഭിക്കണമെന്ന് പാർട്ടികൾ ആവശ്യപ്പെട്ടു. എന്നാൽ സമരസമിതി ഇതിനെ എതിർത്തു. സ്വഭാവിക പ്രതികരണമാണ് ഇന്നലെ ഉണ്ടായതെന്ന് സമരസമിതി യോഗത്തിൽ വ്യക്തമാക്കി. പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സമരസമിതി ആവശ്യപ്പെട്ടു. അക്രമം അനുവദിക്കാനാവില്ലെന്ന് സർക്കാർ യോഗത്തിൽ വ്യക്തമാക്കി.

പദ്ധതി വേഗത്തിൽ നടപ്പിലാക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത സമരസമിതി ഒഴികെയുള്ള എല്ലാ സംഘടനകളും പാർട്ടികളും ആവശ്യപ്പെട്ടതായി മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാൻ കളക്ടർ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി.ആർ. അനിലാണ് പങ്കെടുത്തത്. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് സർവ്വകക്ഷിയോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.

'സർവകക്ഷി സമരസമിതി ഒഴികെയുള്ള എല്ലാ സംഘടനകളും ആവശ്യപ്പെട്ടത് വിഴിഞ്ഞം പദ്ധതി തടസ്സപ്പെടരുതെന്നാണ്. അതുമായി സർക്കാർ മുന്നോട്ട് പോകാനും ആവശ്യപ്പെട്ടു. എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയുണ്ടായി. ഞായറാഴ്ച നടന്ന അക്രമം സ്വാഭാവിക പ്രതികരണം എന്നാണ് സമരസമിതി പറഞ്ഞത്. അങ്ങനെ പറയുന്നവരോട് ഒന്നും പറയാനില്ല. സംഘർഷത്തിലേക്ക് പോകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. സമരസമിതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ പലതവണ ചർച്ച നടത്തിയിട്ടുണ്ട്. കേൾക്കുമ്പോൾ പോസിറ്റീവായുള്ള അവരുടെ പ്രതികരണം പിന്നീട് നെഗറ്റീവാകുന്നതാണ് കാണുന്നത്, മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങളെ എല്ലാവരും അപലപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട കേസുകൾ ആ നിലയ്ക്ക് തന്നെ മുന്നോട്ട് പോകും. പദ്ധതി ഉപേക്ഷിക്കാനോ തടസ്സപ്പെടാനോ പാടില്ലെന്നതാണ് സർവ്വകക്ഷി യോഗത്തിന്റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, വിഷയത്തിൽ സർക്കാരിന് നിഷേധാത്മക നിലപാടാണെന്ന് കെസിബിസി കുറ്റപ്പെടുത്തി. സമരക്കാരെ കൂടുതൽ പ്രകോപിപ്പിക്കാനാണ് ശ്രമം. സർക്കാർ വിവേകത്തോടെ പെരുമാറണമെന്നും കെസിബിസി ആവശ്യപ്പെട്ടു. ആർച്ച് ബിഷപ് അടക്കമുള്ളവർക്ക് എതിരെ കേസെടുത്ത് ദുരുദ്ദേശപരമാണ്. കേസുകൾ കൊണ്ടോ ഭീഷണികൊണ്ടോ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും കെസിബിസി പറഞ്ഞു.

അതേസമയം, വിഴിഞ്ഞം മേഖലയിൽ കലാപം സൃഷ്ടിക്കാൻ ചിലർ ഗൂഢശ്രമങ്ങൾ നടത്തുകയാണെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഭവങ്ങൾ അത്യന്തം ഗൗരവതരവും, അപലപനീയവുമാണ്. സമരം ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. അക്രമങ്ങൾ കുത്തിപ്പൊക്കി കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ സമരത്തിന്റെ പേരിൽ നടക്കുന്നതെന്ന് സിപിഎം പറഞ്ഞു.

സിപിഎമ്മിനോട് വിയോജിച്ച് കേരള കോൺഗ്രസ് എം രംഗത്തെത്തിയതും ശ്രദ്ധേയമായി.വിഴിഞ്ഞം സംഘർഷത്തിൽ, സംസ്ഥാന സർക്കാരിനെതിരേ ഇടതുമുന്നണിയിലെ സഖ്യകക്ഷിയായ കേരള കോൺഗ്രസ് (എം) വിമർശനവുമായി രംഗത്തെത്തി. സമരക്കാർക്ക് സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കപ്പെട്ടില്ലെന്നും കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങൾ ആസൂത്രിതമാണെന്ന് കരുതാനാവില്ലെന്നും കേരള കോൺഗ്രസ് എം ചെയർമാനും രാജ്യസഭാ എംപിയുമായ ജോസ് കെ. മാണി പറഞ്ഞു.

എടുത്ത അഞ്ച് തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വേഗതയുണ്ടായില്ല. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരേ പോലും കേസെടുത്തത് നിർഭാഗ്യകരമായി പോയെന്നും ജോസ് കെ. മാണി പറഞ്ഞു. വിഴിഞ്ഞം മേഖലയിൽ കലാപം സൃഷ്ടിക്കാൻ ചില ശക്തികളുടെ ഗൂഢശ്രമങ്ങൾ നടത്തുന്നുവെന്നാരോപിച്ച് സിപിഎം. രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് ഭിന്നാഭിപ്രായവുമായി കേരള കോൺഗ്രസ് എം പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

'ആ സ്ഥലത്ത് പോലും ഇല്ലാതിരുന്ന പിതാവിനെതിരേ ഉദ്യോഗസ്ഥർ ഇങ്ങനെ ഒരു കേസ് ചാർജ് ചെയ്തത് നിർഭാഗ്യകരമായി പോയി. അതിലേക്ക് പോകാൻ പാടില്ലായിരുന്നു. ഇന്നലെയുണ്ടായ ആക്രമണം ആസൂത്രിതമല്ല. അതൊക്കെ ഒരു വികാരത്തിന്റെ പുറത്ത് ഉണ്ടാകുന്നതാണ്. ഒരു പ്രത്യേക സാഹചര്യവും പ്രത്യേക മേഖലയുമാണ്. അവിടെ ചർച്ചകൾ നീണ്ടുപോകാതെ പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണം', ജോസ് കെ.മാണി പറഞ്ഞു.

പൊലീസിന് എതിരെ വിമർശനം ഉന്നയിച്ച് അദാനി ഗ്രൂപ്പ് രംഗത്തുവന്നിരുന്നു. വിഴിഞ്ഞത്ത് ഗുരുതര ക്രമസമാധാന പ്രശ്നങ്ങളെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ അറിയിച്ചു. പൊലീസ് കാഴ്ചക്കാരായി നിൽക്കുകയാണ്. പൊലീസിന് യാതൊന്നും ചെയ്യാനാകുന്നില്ല. തുറമുഖ നിർമ്മാണം മാസങ്ങളായി തടസ്സപ്പെട്ടിരിക്കുകയാണെന്നും, ഇതുമൂലം കോടികളുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു.

സമരത്തിനെതിരെ സർക്കാരിനും കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്നില്ല. തുറമുഖ നിർമ്മാണ സാമഗ്രികളുമായി വന്ന ലോറി സമരക്കാർ തടഞ്ഞപ്പോൾ പൊലീസ് കാഴ്ചക്കാരായി നിന്നു. സുരക്ഷ നൽകുന്നതിൽ പൊലീസ് പരാജയമാണ്. നിയമം കയ്യിലെടുക്കാൻ വൈദികർ അടക്കം നേതൃത്വം നൽകുകയാണെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു.സംഭവങ്ങളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതിന് കൂടുതൽ സമയം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP