Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ വിവേകത്തോടെ പ്രതികരിക്കണം; ഇതരമതസ്ഥർക്ക് എതിരെ സഭ ഒരുതരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല; വിഴിഞ്ഞത്ത് മതസ്പർദ്ധ ഉണ്ടാക്കുന്നുവെന്ന മന്ത്രിയുടെ ആരോപണത്തെ വിമർശിച്ച് കെ സി ബി സി

തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ വിവേകത്തോടെ പ്രതികരിക്കണം; ഇതരമതസ്ഥർക്ക് എതിരെ സഭ ഒരുതരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല; വിഴിഞ്ഞത്ത് മതസ്പർദ്ധ ഉണ്ടാക്കുന്നുവെന്ന മന്ത്രിയുടെ ആരോപണത്തെ വിമർശിച്ച് കെ സി ബി സി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ വിവേകത്തോടെ പ്രതികരിക്കണമെന്ന് കെസിബിസി. ഇതരമതസ്ഥർക്ക് എതിരെ സഭ ഒരു തരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല. മന്ത്രിയുടെ പ്രസ്താവന പ്രശ്‌നം പരിഹരിക്കാൻ സഹായിക്കുമോയെന്ന് ചിന്തിക്കണം. സിപിഎം നേതാക്കൾ വിഴിഞ്ഞം സമരത്തെ മോശമായി കാണുന്നുവെന്നും കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാദർ ജേക്കബ് പാലയ്ക്കാപിള്ളിൽ പറഞ്ഞു.

വിഴിഞ്ഞത്ത് മറ്റ് മതവിഭാഗങ്ങളുടെ വീടുകൾ ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായെന്നും മതസൗഹാർദം തകർക്കാൻ അനുവദിക്കില്ലെന്നുമാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞത്. ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെങ്കിൽ കോടതി ഉത്തരവ് ലത്തീൻ അതിരൂപത ലംഘിക്കില്ലായിരുന്നുവെന്നും മന്ത്രി കോഴിക്കോട്ട് വിമർശിച്ചു.

വിഴിഞ്ഞം സമരക്കാരുടെ പരമാവധി ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നും ക്ഷമയുടെ നെല്ലിപ്പടി കാണുന്ന അവസ്ഥവരെ നിന്നുകൊടുത്തിട്ടുണ്ടെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. അവർ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നില്ല. പൊലീസ് സ്റ്റേഷൻ ആക്രമിക്കുന്നതും മറ്റു മതക്കാരുടെ വീടുകളും സ്ഥാപനങ്ങളും ആക്രമിക്കുന്നതും അംഗീകരിക്കാൻ കഴിയില്ലെന്നും സംസ്ഥാനത്ത് ഒരു തരത്തിലുമുള്ള മതസ്പർധയുണ്ടാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സമരങ്ങളിൽ ഉന്നയിക്കപ്പെടുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കാറില്ല. സമർക്കാരുടെ ഏഴ് ആവശ്യങ്ങളിൽ അഞ്ചും അംഗീകരിക്കാൻ സർക്കാർ സന്നദ്ധമായിട്ടുണ്ട്. പിന്നീട് ഓരോ പ്രാവശ്യവും പുതിയ പുതിയ ആവശ്യങ്ങളുമായാണ് അവർ വരുന്നത്. സർക്കാരെന്ന നിലയ്ക്ക് ആരെയും പ്രയാസപ്പെടുത്താതിരിക്കാൻ പരമാവധി ക്ഷമിച്ചു. ക്ഷമയുടെ നെല്ലിപ്പടി കാണുന്ന അവസ്ഥവരെ നമ്മൾ നിന്നുകൊടുത്തു-അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

''ക്രിമിനൽ സ്വഭാവത്തിലേക്ക് മാറിയാൽ സമരത്തിന്റെ രീതിയും മാറും. പൊലീസിനുനേരെ കൈയേറ്റം നടത്തുകയും പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും മറ്റു മതക്കാരുടെ വീടുകൾ ആക്രമിക്കുകയുമെല്ലാം ചെയ്യുന്നത് ആർക്കും അംഗീകരിച്ചുകൊടുക്കാൻ കഴിയില്ല. കേരളം പോലുള്ള മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനത്ത് ഒരു തരത്തിലുമുള്ള മതസ്പർധയുണ്ടാക്കാൻ അനുവദിക്കില്ല.''

പദ്ധതി നിർത്തിവയ്ക്കാനാകില്ല. കേരളത്തിന്റെ സമഗ്ര വികസനത്തിന് ഏറെ പ്രയോജനകരമായൊരു ഇത്രയും നല്ലൊരു പദ്ധതി, കോടാനുകോടി രൂപ ചെലവഴിച്ച ശേഷം നിർത്തിവയ്ക്കണമെന്ന് ആരു പറഞ്ഞാലും അംഗീകരിക്കാനാകില്ലെന്നും ദേവർകോവിൽ വ്യക്തമാക്കി.

ഹൈക്കോടതി ഇടപെടുകയും സമരത്തിൽനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പദ്ധതി പ്രദേശത്തേക്ക് പാറവണ്ടികൾ വരുന്നത് തടയില്ലെന്ന് അവർ കോടതിക്ക് ഉറപ്പുകൊടുക്കുകയും ചെയ്തു. ഇപ്പോൾ കോടതിയെ ലംഘിക്കുകയാണ് അവർ ചെയ്തത്. ഒരു പ്രവർത്തനം നടക്കുമ്പോൾ അതിനു പ്രതിപ്രവർത്തനമുണ്ടാകും. അതാണിവിടെ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പലതരം റിപ്പോർട്ടുകളും ലഭിക്കുന്നുണ്ട്. അതേക്കുറിച്ച് അന്വേഷിച്ചുവരികയാണ്. കോടതിവിധിക്കുശേഷം അതേക്കുറിച്ച് സംസാരിക്കും. സമരക്കാരല്ലാത്ത മതവിഭാഗങ്ങളുടെ വീടുകളും സ്ഥാപനങ്ങളും അക്രമിക്കപ്പെടുന്ന വളരെ അപകടകരമായ സ്ഥിതിവിശേഷമുണ്ടായി. ഒരു തരത്തിലുമുള്ള മതവർഗീയതയും അംഗീകരിക്കാനാകില്ല. കേരളത്തിന്റെ പൊതുസ്വഭാവമാണിതെന്നും ദേവർകോവിൽ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP