Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലക്ഷ്യമിട്ടിരുന്നത് ചെറു വിനോദസഞ്ചാര കേന്ദ്രങ്ങൾ; ഉഡുപ്പി ശ്രീകൃഷ്ണ മഠം സന്ദർശിച്ചതിന് പിന്നാലെ മുഹമ്മദ് ഷരീഖ് പനമ്പള്ളി നഗറിലുമെത്തി; കേരള സന്ദർശനത്തിന്റെ കൂടുതൽ തെളിവുകളുമായി അന്വേഷണസംഘം; മൂന്നു സംസ്ഥാനങ്ങളിലെ സന്ദർശനം സ്ഥീരീകരിച്ചതോടെ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

ലക്ഷ്യമിട്ടിരുന്നത് ചെറു വിനോദസഞ്ചാര കേന്ദ്രങ്ങൾ; ഉഡുപ്പി ശ്രീകൃഷ്ണ മഠം സന്ദർശിച്ചതിന് പിന്നാലെ മുഹമ്മദ് ഷരീഖ് പനമ്പള്ളി നഗറിലുമെത്തി; കേരള സന്ദർശനത്തിന്റെ കൂടുതൽ തെളിവുകളുമായി അന്വേഷണസംഘം; മൂന്നു സംസ്ഥാനങ്ങളിലെ സന്ദർശനം സ്ഥീരീകരിച്ചതോടെ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മംഗളുരു സ്‌ഫോടനക്കേസിൽ പിടിയിലായ പ്രതി കർണാടക തീർത്ഥഹള്ളി സ്വദേശി മുഹമ്മദ് ഷാരിഖ് കൊച്ചിയിലും എത്തിയതായി സ്ഥിരീകരണം, സ്‌ഫോടനം ലക്ഷ്യമിട്ടു തന്നെയായിരുന്നു സന്ദർശനം എന്ന സംശയം ബലപ്പെടുന്നു. ആലുവയിൽ അഞ്ചു ദിവസത്തോളം താമസിച്ച ഇയാൾ കൊച്ചി നഗരത്തിൽ എത്തിയതിന്റെ വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. ആലുവയ്ക്കു പുറമേ പനമ്പള്ളിനഗറിലും മുനമ്പത്തും നോർത്ത് പറവൂരിലൂം ഷാരീഖ് വന്നതിന്റെ വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ചെറു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സ്‌ഫോടനം ലക്ഷ്യമിട്ടായിരുന്നു സന്ദർശനം എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

കേരളത്തിനു പുറമേ തമിഴ്‌നാട്ടിലും ഇയാൾ യാത്ര ചെയ്തതിന്റെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കുളച്ചലിലും കന്യാകുമാരിയിലും താമസിച്ചിരുന്ന മുഹമ്മദ് ഷാരിഖിന്റെ ഈ സ്ഥലങ്ങളിലെ സന്ദർശനങ്ങളുടെ ലക്ഷ്യം സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. കേരളത്തിൽ ഷാരിഖുമായി നിരവധിപ്പേർ കൂടിക്കാഴ്ച നടത്തിയെന്നാണ് കണ്ടെത്തൽ. ഇവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഷാരിഖ് തനിച്ചായിരുന്നില്ല കേരളത്തിൽ എത്തിയത് എന്നതിന്റെ സൂചനകളും ലഭിച്ചിട്ടുണ്ട്. ഇവർക്കു പ്രാദേശക സഹായം ലഭിച്ചവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തുന്നു.

ഇതിനിടെ മുഹമ്മദ് ഷരീഖ് ഉഡുപ്പി ശ്രീകൃഷ്ണ മഠവും സന്ദർശിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. സ്‌ഫോടനം നടത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, ഒക്ടോബർ 11ന് ശ്രീകൃഷ്ണ മഠം സന്ദർശിച്ച ശേഷം മുഹമ്മദ് ഷരീഖ് ഉഡുപ്പിയിലെ കാർ സ്ട്രീറ്റിൽ അലഞ്ഞുതിരിയുകയായിരുന്നു.
ഷരീഖിന്റെ മൊബൈൽ ഫോണിൽ നിന്ന് ലൊക്കേഷൻ കണ്ടെത്തുകയും ഇവിടെ വച്ച് ആരെയോ ഫോണിൽ വിളിച്ചതായും പൊലീസ് കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിലാണ് മംഗളൂരു പൊലീസ് മഠത്തിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. ഇതോടൊപ്പം കാർ സ്ട്രീറ്റിലെ കടകളിലേയും മറ്റ് സ്ഥാപനങ്ങളിലേയും സിസിടിവികളും നിരീക്ഷിക്കുന്നുണ്ട്.പ്രതി ഇവിടെ സ്‌ഫോടനം നടത്താൻ വേണ്ടിയിട്ടാണോ സ്ഥലത്ത് മണിക്കൂറുകളോളം തങ്ങിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.ഇതോടൊപ്പം ഷരീഖ് മംഗളൂരു നഗരത്തിൽ സ്ഫോടനം നടത്തുന്നതിന് മുമ്പ് സാറ്റലൈറ്റ് ഫോൺ കോളുകൾ വിളിച്ചതായും കണ്ടെത്തി.

ഇതിനെത്തുടർന്ന് ധർമ്മസ്ഥല പൊലീസ് വനമേഖലയിൽ തെരച്ചിൽ നടത്തി.സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഉഡുപ്പി ജില്ലാ ഇന്റലിജൻസ് വിഭാഗത്തിന് നൽകിയ റിപ്പോർട്ട് പ്രകാരം, ഉഡുപ്പി ജില്ലയിലെ വനമേഖലയ്ക്കിടയിലുള്ള മന്ദാർട്ടി ക്ഷേത്രത്തിൽ നിന്ന് 1.5 കിലോമീറ്റർ മാത്രം അകലെ നിന്നാണ് പ്രതി സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതെന്നാണ് കണ്ടെത്തിയത്.

മംഗളുരുവിൽ ഓട്ടോറിക്ഷ സ്‌ഫോടനത്തിൽ പരുക്കേറ്റ ഷാരിഖ് നിലവിൽ ഫാദർ മുള്ളർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ലൈംഗിക അവയവത്തിന് ഉൾപ്പടെ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലാണ്. സ്‌ഫോടക വസ്തു നിർമ്മിക്കുന്നതിലുള്ള പ്രാവീണ്യമില്ലായ്മയാണ് കുക്കർ ബോംബ് സ്‌ഫോടനത്തിന്റെ ശേഷി കുറച്ചതെന്നാണ് പൊലീസ് വിലയിരുത്തൽ.

ചികിത്സയിൽ കഴിയുടന്ന ഷാരിഖിനെ ചോദ്യം ചെയ്താൽ മാത്രമേ കേരളത്തിലും തമിഴ്‌നാട്ടിലും ഉൾപ്പടെയ ഇയാൾ നടത്തിയ തുടർ യാത്രകളുടെ ലക്ഷ്യങ്ങൾ സംബന്ധന്ധിച്ചു വ്യക്തത വരികയുള്ളൂ. കേന്ദ്ര അന്വേഷണ ഏജൻസികൾ ഇതുവരെ ഇയാളുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങൾ എടിഎസിനു കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ഇയാളുടെ വീട്ടിൽ ഉൾപ്പടെ കേന്ദ്ര ഏജൻസികൾ പരിശോധന നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP