Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിഴിഞ്ഞത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ച് രാജ്ഭവൻ; സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയ്ക്ക് തെളിവായി പൊലീസ് സ്‌റ്റേഷൻ ആക്രമണം ഉയർത്തിക്കാട്ടും; രാഷ്ട്രപതിക്കും കേന്ദ്ര സർക്കാരിനും സ്ഥിതിഗതി റിപ്പോർട്ട് നൽകാൻ ഗവർണ്ണർ; സംസ്ഥാന സർക്കാരിനെ പിരിച്ചു വിടണമെന്ന് പറയാതെ ആഭ്യന്തര വീഴ്ച ചർച്ചയാക്കും; കരുതലോടെ കളിക്കാൻ വീണ്ടും ആരിഫ് മുഹമ്മദ് ഖാൻ

വിഴിഞ്ഞത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ച് രാജ്ഭവൻ; സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയ്ക്ക് തെളിവായി പൊലീസ് സ്‌റ്റേഷൻ ആക്രമണം ഉയർത്തിക്കാട്ടും; രാഷ്ട്രപതിക്കും കേന്ദ്ര സർക്കാരിനും സ്ഥിതിഗതി റിപ്പോർട്ട് നൽകാൻ ഗവർണ്ണർ; സംസ്ഥാന സർക്കാരിനെ പിരിച്ചു വിടണമെന്ന് പറയാതെ ആഭ്യന്തര വീഴ്ച ചർച്ചയാക്കും; കരുതലോടെ കളിക്കാൻ വീണ്ടും ആരിഫ് മുഹമ്മദ് ഖാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞത്തെ അക്രമങ്ങളിൽ രാജ്ഭവൻ ഇടപെട്ടേക്കും. പൊലീസ് സ്‌റ്റേഷൻ ആക്രമണം ക്രമസമാധാനപാലനത്തിലെ ഗുരുതര വീഴ്ചയായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കാണുന്നുണ്ട്. സംസ്ഥാനത്തെ അക്രമ സംഭവങ്ങളിൽ പലപ്പോവും ഗവർണ്ണർ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ വിഴിഞ്ഞത്ത് അക്രമങ്ങളെ ഗൗരവത്തോടെ രാജ്ഭവൻ എടുത്തേക്കും. ഇതു സംബന്ധിച്ച് പ്രത്യേക റിപ്പോർട്ട് ഗവർണ്ണർ രാഷ്ട്രപതിക്കും കേന്ദ്ര സർക്കാരിനും നൽകിയേക്കും. വിഴിഞ്ഞം കേസിലെ ഹൈക്കോടതി നിരീക്ഷണങ്ങൾ കൂടി മനസ്സിലാക്കിയ ശേഷമാകും അന്തിമ റിപ്പോർട്ട് തയ്യാറാക്കൂ. ക്രമസമാധാന നില തകർന്ന സാഹചര്യത്തിൽ സർക്കാരിനെ പിരിച്ചു വിടണമെന്ന ശുപാർശ നൽകില്ല. എന്നാൽ ഗുരുതര സ്ഥിതി വിശേഷം കേന്ദ്രത്തെ അറിയിക്കാനാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം.

രാജഭവനിലെ പ്രതിഷേധത്തിൽ സെക്രട്ടറിയേറ്റിലെ ജീവനക്കാർ അടക്കം പങ്കെടുത്തതും സർക്കാരിന്റെ വീഴ്ചയായി ഗവർണ്ണർ കാണുന്നുണ്ട്. സാങ്കേതിക സർവ്വകലാശാലയിലെ താൽകാലിക വൈസ് ചാൻസലർക്ക് സുഗമമായ ഭരണവും സാധ്യമായിട്ടില്ല. ഇതിനൊപ്പം കോഴിക്കോട്ടെ മാലിന്യ പ്ലാന്റ് പ്രശ്‌നത്തിലെ പൊലീസ് ഇടപെടലും രാജ്ഭവൻ വിലയിരുത്തുന്നുണ്ട്. വിഴിഞ്ഞത്തെ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ അതിവേഗം റിപ്പോർട്ട് നൽകുന്നത് നല്ലതല്ലെന്നാണ് വിലയിരുത്തൽ. സ്ഥിതിഗതികളെല്ലാം നന്നായി മനസ്സിലാക്കി വിശദ റിപ്പോർട്ട് നൽകും.

വിഴിഞ്ഞത്ത് കേന്ദ്രസേനയെ നിയോഗിക്കേണ്ട സാഹചര്യമുണ്ടെന്ന് തന്നൊണ് രാജ്ഭവന്റെ പ്രാഥമിക വിലയിരുത്തൽ. ലത്തീൻ സഭയെ പ്രകോപിപ്പിക്കുന്നതിൽ കരുതലുകളെടുത്താകും ഗവർണ്ണറുടെ റിപ്പോർട്ട്. വിഴിഞ്ഞത്ത് പൊലീസ് നിഷക്രിയമാണെന്ന വാദമാകും ചർച്ചയാക്കുക. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടും ഗവർണ്ണർ തേടിയേക്കും. സംസ്ഥാന പൊലീസിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നതും പരിഗണനയിലുണ്ട്. വലിയ രഹസ്യാന്വേഷണ വിവര ശേഖരണ വീഴ്ച ഇക്കാര്യത്തിലുണ്ടായി എന്നാണ് രാജ്ഭവൻ വിലയിരുത്തുന്നത്.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് എതിരെയുള്ള സമരത്തിൽ നേരത്തേയും ഗവർണ്ണർ ഇടപെട്ടിരുന്നു. സമരസമിതി നേതാക്കളുമായി രാജ്ഭവനിൽ അദ്ദേഹം നേരത്തേയും ചർച്ച നടത്തിയിരുന്നു. ലത്തീൻ അതിരൂപതാ വികാരി ജനറൽ ഫാ. യൂജിൻ പെരേരെ അടക്കമുള്ളവരാണ് നേരത്തെ ഗവർണറുമായി ചർച്ച നടത്തിയത്. സർക്കാർ പലതവണ ചർച്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തിയിട്ടും ഫലം കണ്ടിരുന്നില്ല. അതിനിടെ, സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ലത്തീൻ അതിരൂപതയുടെ ഭാഗത്തുനിന്ന് പലപ്പോഴായി ഉണ്ടായത്. അതിനിടെയാണ് ഗവർണറുടെ അപ്രതീക്ഷിത ഇടപെടൽ ഉണ്ടായത്.

ലത്തീൻ അതിരൂപതയുമായി ബന്ധപ്പെട്ട ഗവർണർ തനിക്ക് സമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയണമെന്ന് പറയുകയായിരുന്നു. തുടർന്നാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്. സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ഇത്തരം ഒരു നീക്കം നടന്നത്. ഫാ. യൂജിൻ പെരേരയടക്കം മൂന്നുപേരാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയത്. തുറമുഖ നിർമ്മാണം നിർത്തിവെച്ച് പാരിസ്ഥിതിക പഠനം നടത്തണമെന്നാണ് ലത്തീൻ അതിരൂപതയുടെ ആവശ്യം. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ നിർമ്മാണം നിർത്തിവെക്കാൻ ആകില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇതാണ് പ്രതിഷേധം തുടരാൻ കാരണം.

എന്നാൽ ഇപ്പോൾ ലത്തീൻ സഭയുടെ സമരം അതിക്രമത്തിലേക്ക് കടന്നിരുന്നു. ഈ സാഹചര്യത്തിൽ ഗവർണ്ണർ എടുക്കുന്ന നിലപാടും നിർണ്ണായകമാകും. സർക്കാരിനേയും ലത്തീൻ സഭയേയും ഒരു പോലെ വിമർശിക്കുന്ന റിപ്പോർട്ടാകും ഗവർണ്ണർ നൽകുക എന്നാണ് സൂചന. വിഴിഞ്ഞത്ത് ഞായറാഴ്ചയുണ്ടായ അക്രമ സംഭവങ്ങളിൽ പൊലീസിന്റെ നടപടി കൃത്യമായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ ഐപിഎസ് വിശദീകരിച്ചിട്ടുണ്ട്. പരിക്കേറ്റ പൊലീസുകാരെ പുറത്തുകൊണ്ടുപോവാൻ പറ്റാത്ത സാഹചര്യമുണ്ടായി. പൊലീസുകാർ സ്റ്റേഷനിൽനിന്ന് പുറത്തുവന്ന സമയത്ത് കല്ലേറുണ്ടായി. അതിനുശേഷമാണ് ആവശ്യമായ നടപടികളിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കണോ എന്ന കാര്യം യോഗത്തിന് ശേഷം തീരുമാനിക്കും. അക്രമ സംഭവങ്ങളിൽ പുറത്തുനിന്നുള്ളവരുടെ ഇടപെടലൽ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. അന്വേഷണത്തിന് ശേഷമേ അത് പറയാൻ സാധിക്കൂ. അക്രമ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. സാഹചര്യം അനുസരിച്ച് നടപടി സ്വീകരിക്കും നിലവിൽ പ്രശ്നം നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശനിയാഴ്ചയുണ്ടായ അക്രമ സംഭവങ്ങളിൽ കൂടുതൽ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ജാമ്യം ലഭിക്കുന്ന കേസുകളായതിനാലാണ് ഇന്ന് നാല് പേരെ വിട്ടയച്ചത്. ആദ്യം പിടികൂടിയ ആൾക്കെതിരെയുള്ള കേസ് സെക്ഷൻ 307 അടിസ്ഥാനമാക്കിയുള്ളതാണ്. ഇയാളെ റിമാൻഡ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP