Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രൈസ്തവർ കടലിൽ പോകാത്ത ഞായറാഴ്ച അറസ്റ്റുകൾ നടത്തിയതും പ്രതികളെ വിഴിഞ്ഞം സ്റ്റേഷനിൽ സൂക്ഷിച്ചതും അക്രമത്തിന്റെ ശക്തികൂടി; തുറമുഖ സമരത്തിൽ അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയയ്ക്കുമ്പോൾ ഉയരന്നത് ഗൂഢാലോചനാ ചർച്ച; ജീവൻ കൊടുത്ത് പൊലീസ് പിടികൂടിയവർ വീട്ടിലേക്ക്; വിഴിഞ്ഞത്ത് നടന്നതെല്ലാം നാടകമോ?

ക്രൈസ്തവർ കടലിൽ പോകാത്ത ഞായറാഴ്ച അറസ്റ്റുകൾ നടത്തിയതും പ്രതികളെ വിഴിഞ്ഞം സ്റ്റേഷനിൽ സൂക്ഷിച്ചതും അക്രമത്തിന്റെ ശക്തികൂടി; തുറമുഖ സമരത്തിൽ അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയയ്ക്കുമ്പോൾ ഉയരന്നത് ഗൂഢാലോചനാ ചർച്ച; ജീവൻ കൊടുത്ത് പൊലീസ് പിടികൂടിയവർ വീട്ടിലേക്ക്; വിഴിഞ്ഞത്ത് നടന്നതെല്ലാം നാടകമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തുറമുഖ ഉപരോധ കേസിൽ അറസ്റ്റിലായ നാലു പേരെ പൊലീസ് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇവരെ ഇന്നലെ തന്നെ വിട്ടിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്നു പൊലീസ് സ്‌റ്റേഷൻ ആക്രമണം. തീരമേഖലയിൽ ക്രൈസ്തവർ കടലിൽ പോകാത്ത ഞായറാഴ്ച പൊലീസ് അറസ്റ്റുകൾ നടത്തിയതും പ്രതികളെ വിഴിഞ്ഞം സ്റ്റേഷനിൽ തന്നെ സൂക്ഷിച്ചതും പൊലീസിന്റെ വീഴ്ചയായിരുന്നു. ഇതിന് പിന്നിൽ ചില കളികളുണ്ടെന്ന സംശയം സാധാരണക്കാരായ പൊലീസുകാർക്കുണ്ടായിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് നാലു പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച്. ജീവൻ പോകുമെന്ന് വന്നിട്ടും പ്രതിഷേധക്കാർക്ക് ഇവരെ പൊലീസ് വിട്ടു കൊടുത്തിരുന്നില്ല. അങ്ങനെയാണ് 36 പൊലീസുകാർക്ക് പരിക്കേറ്റത്. ഇതിൽ 16 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇങ്ങനെ പൊലീസ് തടഞ്ഞു വച്ച നാലു പേരെയാണ് സ്റ്റേഷൻ ജാമ്യത്തിൽ പൊലീസ് വിട്ടയച്ചത്.

വിഴിഞ്ഞത്ത് സർക്കാർ ചെയ്തതെല്ലാം വമ്പൻ മണ്ടത്തരമായിരുന്നു. ഞായറാഴ്ച പൊലീസ് നടപടിക്ക് തെരഞ്ഞെടുത്തതാണ് വിഴിഞ്ഞത്ത് സ്ഥിതി ഗതികൾ വഷളാക്കിയത്. ക്രൈസ്തവരായ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാത്ത ദിവസമാണ് ഞായറാഴ്ച. അതുകൊണ്ട് തന്നെ ഈ ദിവസം പൊലീസ് നടപടികളിലേക്ക് കടന്നത് വലിയ മണ്ടത്തരമായെന്നാണ് നിഗമനം. സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് ഈ നടപടികളിലേക്ക് കടന്നത്. ഞായറാഴ്ച പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ നാട്ടുകാർ ഒത്തുചേർന്നു. കടലിൽ പോകാത്തവർ ഏറെയുള്ളതിനാൽ സമരക്കാർക്ക് പൊലീസ് സ്റ്റേഷനിലേക്ക് അക്രമം നടത്താൻ ആൾക്ഷാമവും ഉണ്ടായിരുന്നില്ല. ഇതിനൊപ്പം അറസ്റ്റു ചെയ്തവരെ വിഴിഞ്ഞത്ത് സൂക്ഷിച്ചതും വലിയ വീഴ്ചയായി.

സാമുദായികമായി പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുന്ന സ്ഥലമാണ് വിഴിഞ്ഞം. ഇവിടെയുള്ളവർ എത്തരത്തിലാണ് പ്രതികരിക്കുന്നതെന്ന് പൊലീസിനും അറിയാം. അതുകൊണ്ട് തന്നെ തീരമേഖലയിൽ വിവാദങ്ങളുണ്ടായാൽ അറസ്റ്റുകൾ നടക്കുമ്പോൾ പ്രതികളെ ദൂരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും. അതിലൂടെ വിഴിഞ്ഞത്തെ സംഘർഷം നിയന്ത്രിക്കാൻ കഴിയും. പക്ഷേ എല്ലാം അറിയാവുന്ന പൊലീസ് ഇതൊന്നും ഇത്തവണ ചെയ്തില്ല. പകരം അറസ്റ്റു ചെയ്തവരെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ തന്നെ സൂക്ഷിച്ചു. ഇതോടെ ഇവരുടെ മോചനത്തനായി വലിയൊരു ആൾക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് തടിച്ചു കൂടി. ഇവരെ നിയന്ത്രിക്കാൻ പൊലീസിനായില്ല. വലിയൊരു പ്രതിരോധം സൃഷ്ടിക്കാൻ പൊലീസിനും മുകളിൽ നിന്ന് ഉത്തരവുകൾ കിട്ടിയില്ല. ഇതോടെ ആൾക്കൂട്ടം വിഴിഞ്ഞം സ്റ്റേഷനിലേക്ക് ഇരച്ചു കയറി. തോക്കുമായി പൊലീസ് കാഴ്ചക്കാരായി. എല്ലാ പൊലീസുകാരേയും അവർ ആമ്രിച്ചു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അക്രമങ്ങൾ വിഴിഞ്ഞത്ത് അരങ്ങേറി.

വിഴിഞ്ഞത്ത് സമുദായികമായി ഒത്തു ചേരാൻ സാധ്യതയുള്ള കേസുകളുണ്ടാകുമ്പോൾ അറസ്റ്റിലാകുന്ന പ്രതികളെ ഉടൻ തന്നെ വിഴിഞ്ഞത്ത് നിന്നും മാറ്റും. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ പരിധിയിലെ മറ്റ് സ്റ്റേഷനുകളിലേക്ക് അവരെ എത്തിക്കും. എന്നാൽ ഇതൊന്നും ഇത്തവണ സംഭവിച്ചില്ല. ഇതാണ് അക്രമമായി മാറിയത്. എന്നിട്ടും സ്‌റ്റേഷനിലുള്ള പ്രതികളെ പ്രതിഷേധക്കാർക്ക് വിട്ടു കൊടുത്തില്ല. ഒരു പൊലീസുകാരന്റെ കാൽ പോലും ഒടിഞ്ഞു. കണ്ടാലറിയാവുന്ന 3000 പേർക്കെതിരെ സ്റ്റേഷൻ ആക്രമണത്തിൽ കേസുമെടുത്തു. ഇതിന് പിന്നാലെയാണ് നാലു പേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. ഇവരെ ഇന്നലെ രാത്രി തന്നെ വിട്ടിരുന്നുവെങ്കിൽ ഈ പ്രശ്‌നമൊന്നും ഉണ്ടാകുമായിരുന്നില്ല.

വിഴിഞ്ഞം തുറമുഖ നിർമ്മാണ സാമഗ്രികളുമായെത്തുന്ന വലിയ വാഹനങ്ങൾ തടയില്ലെന്ന് തുറമുഖ വിരുദ്ധ സമര സമിതി ഹൈക്കോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ചാണ് ശനിയാഴ്ച ലോറികൾ തടഞ്ഞത്. ലോറികൾക്കോ,അക്രമത്തിനിരകളായ തുറമുഖ അനുകൂല സമരക്കാർക്കോ സംരക്ഷണം നൽകാതെ പൊലീസ് കാഴ്ചക്കാരായി നിന്നു. നിർമ്മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി പോർട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ, സർക്കാരിന്റെ മുഖം രക്ഷിക്കാനാണ് പൊലീസ് കേസുംഅറസ്റ്റും നടത്തിയത്. വൈകുന്നേരത്തെ ആക്രമണത്തോടെ കോടതിക്കു മുന്നിൽ നിരത്താൻ വാദങ്ങളില്ലാതായി. ആക്രമണ ദൃശ്യങ്ങൾ കോടതിയിൽ അദാനി ഗ്രൂപ്പ് ഹാജരാക്കും. കടുത്ത നടപടികളിലേക്ക് കോടതി കടക്കാനാണ് സാദ്ധ്യത.

അതിനിടെ വിഴിഞ്ഞത്ത് ഇടപെടൽ അസാധ്യമാണെന്ന് ഹൈക്കോടതിയെ സർക്കാർ അറിയിച്ചേക്കും. അങ്ങനെ വന്നാൽ കേന്ദ്ര സേന വിഴിഞ്ഞത്ത് എത്താൻ സാധ്യത ഏറെയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ എൺപത് ശതമാനത്തോളം പണി പൂർത്തിയായ ശേഷമാണ് ഈ പ്രതിസന്ധിയെന്നതാണ് വസ്തുത. രാത്രി ഏഴുമണിക്കാണ് സ്റ്റേഷൻ അക്രമവും മറ്റും ഉണ്ടായത്. കേരളത്തിലെ ഏറ്റവും വലിയ വികസന പദ്ധതിക്ക് തന്നെ ഇതോടെ പ്രതിസന്ധി ഉയരുകയാണ്. സമരക്കാരെ പൊലീസ് ഒരിക്കൽ പോലും കായികമായി നേരിട്ടിരുന്നില്ല. എന്നാൽ ഹൈക്കോടതി ഇടപെടലോടെ പൊലീസിനും സർക്കാരിനും ഇടപെടൽ നടത്തേണ്ടി വന്നു. തുറമുഖ നിർമ്മാണം തടയില്ലെന്ന് ഹൈക്കോടതിയിൽ ഉറപ്പു നൽകിയ ലത്തീൻ സഭാ നേതൃത്വം അതിന് അനുവദിച്ചിരുന്നില്ല. ലോറിയുമായി എത്തിയ അദാനി ഗ്രൂപ്പിന് തിരിച്ചു പോകേണ്ടി വന്നു. ഈ സമയത്ത് പൊലീസിന് നടപടികൾ എടുക്കേണ്ടത് അനിവാര്യതയായി. കേസുകളും എടുത്തു.

ബിഷപ്പ് അടക്കം പ്രതികളായി. കടപ്പുറത്തെ ആളുകളുടെ രീതികൾ അറിയാവുന്ന പൊലീസ് വലിയ വീഴ്ചകളുണ്ടായപ്പോൾ അത് കേരളം കണ്ട ഏറ്റവും വലിയ പൊലീസ് സ്റ്റേഷൻ അക്രമമായി. മുതിർന്ന ഉദ്യോഗസ്ഥർ നിശബ്ദരായി. ഫലത്തിൽ വിഴിഞ്ഞത്ത് ഇനി തുറമുഖ നിർമ്മാണം നടക്കുമോ എന്ന സംശയമാണ് സജീവമാകുന്നത്. ഹൈക്കോടതി ഈ അക്രമങ്ങളെ എങ്ങനെ കാണുമെന്നതാണ് നിർണ്ണായകം. കേന്ദ്ര സേനയെ വിഴിഞ്ഞത്തേക്ക് നിയോഗിക്കുമോ എന്നതാണ് അറിയേണ്ടത്. ഇതിനൊപ്പം ക്രമസമാധാന പ്രശ്നമുള്ള വിഴിഞ്ഞത്ത് പണി തുടരാൻ അദാനി ഗ്രൂപ്പ് ഇനി തയ്യാറാകുമോ എന്നതും നിർണ്ണായകമാണ്. അക്രമങ്ങൾ ഉയർത്തി അവർ പണി നിർത്തി പോയാൽ വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നവും തീരും. അതിലേക്ക് കൂടിയാണ് ഈ അക്രമ സംഭവങ്ങൾ കാര്യങ്ങൾ എത്തിക്കുന്നത്. പൊലീസ് സ്റ്റേഷൻ പോലും അക്രമിക്കുന്നവരുള്ള വിഴിഞ്ഞത്ത് തുറമുഖ പണി അസാധ്യമാണെന്ന വിലയിരുത്തലിലേക്ക് അദാനി ഗ്രൂപ്പ് എത്താനും സാധ്യതയുമുണ്ട്.

വിഴിഞ്ഞം സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയെയും. സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസിനെയും ഉൾപ്പെടെ അമ്പതോളം വൈദികരെയാണ് പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ളത്. ആർച്ച് ബിഷപും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആർ. ലഭിച്ച പരാതിക്ക് പുറമെ പൊലീസ് സ്വമേധയാ കേസെടുത്തു. വൈദികരെയടക്കം പ്രതിയാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത രംഗത്തെത്തിയിരുന്നു. വിഴിഞ്ഞത്തെ സംഘർഷം സർക്കാർ ഒത്താശയോടെയാണ് നടക്കുന്നത്. സർക്കാരിന്റേത് വികൃതമായ നടപടികളെന്നും സമരസമിതി കൺവീനർ കൂടിയായ ഫാ.തിയോഡിഷ്യസ് ഡിക്രൂസ് പ്രതികരിച്ചിരുന്നു. അതിന് ശേഷമാണ് അക്രമങ്ങളിലേക്ക് പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP