Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓഖിക്കാലത്ത് മൽസ്യത്തൊഴിലാളികളുടെ രോഷപ്രകടനം അണപൊട്ടിയപ്പോൾ ഒന്നാം നമ്പർ കാറുപേക്ഷിച്ച് രക്ഷപ്പെട്ട മുഖ്യമന്ത്രി; 2017ൽ വിഴിഞ്ഞത്തു നിന്നും പിണറായി രക്ഷപ്പെട്ടത് കടകംപള്ളിയുടെ കാറിൽ; ആദ്യ പിണറായി സർക്കാരിനുണ്ടായ തലവേദന രണ്ടാം വെർഷനിലും; പൂന്തുറ കലാപവും ബീമാപള്ളി വെടിവയ്‌പ്പും തിരുവനന്തപുരം തീരത്തെ ക്രമസമാധാന പ്രതിസന്ധികൾ; വീണ്ടും തലസ്ഥാനത്തെ കടലോരം പുകയുമ്പോൾ

ഓഖിക്കാലത്ത് മൽസ്യത്തൊഴിലാളികളുടെ രോഷപ്രകടനം അണപൊട്ടിയപ്പോൾ ഒന്നാം നമ്പർ കാറുപേക്ഷിച്ച് രക്ഷപ്പെട്ട മുഖ്യമന്ത്രി; 2017ൽ വിഴിഞ്ഞത്തു നിന്നും പിണറായി രക്ഷപ്പെട്ടത് കടകംപള്ളിയുടെ കാറിൽ; ആദ്യ പിണറായി സർക്കാരിനുണ്ടായ തലവേദന രണ്ടാം വെർഷനിലും; പൂന്തുറ കലാപവും ബീമാപള്ളി വെടിവയ്‌പ്പും തിരുവനന്തപുരം തീരത്തെ ക്രമസമാധാന പ്രതിസന്ധികൾ; വീണ്ടും തലസ്ഥാനത്തെ കടലോരം പുകയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൂന്തുറ കലാപം... ബീമാപള്ളി വെടിവയ്‌പ്പ്... വിഴിഞ്ഞത്ത് ഓഖി ദുരന്തകാലത്ത് മുഖ്യമന്ത്രിക്ക് പോലും കാറുപേക്ഷിച്ച് രക്ഷപ്പെടേണ്ട അവസ്ഥ. തിരുവനന്തപുരത്തെ തീരമേഖലയിൽ സംഘർഷമുണ്ടായാൽ അത് നിയന്ത്രിക്കുക ഏറെ പാടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ പരമാവധി സംയമനം പാലിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കും. ഭരണകൂടം പ്രകോപനത്തിന് ശ്രമിക്കാത്തതാണ് സമീപകാല ചരിത്രം. ലത്തീൻ അതിരൂപതയ്ക്ക് ഏറെ സ്വാധീനമുള്ള പ്രദേശമാണ് തിരുവനന്തപുരത്തെ തീര മേഖല. ഇവിടെ പിണറായി സർക്കാർ നേരിടുന്ന രണ്ടാമത്തെ ക്രമസമാധാന പ്രതിസന്ധിയാണ് ഇത്. ഓഖി ദുരന്തകാലത്തായിരുന്നു ആദ്യ പ്രശ്‌നം. അന്ന് കാലാവസ്ഥയിൽ കടലിൽ കുടുങ്ങിയവർക്ക് വേണ്ടി മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചപ്പോൾ മുഖ്യമന്ത്രിക്ക് പോലും രക്ഷപ്പെടേണ്ടി വന്നു. ഇപ്പോൾ വിഴിഞ്ഞത്തെ വികസന പ്രശ്‌നം തലവേദന. ആദ്യ പിണറായി സർക്കാരിന്റെ കാലത്തായിരുന്നു ഓഖിയിലെ പ്രതിസന്ധി. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് തിരുവനന്തപുരത്തെ തീരമേഖലയിൽ വിഴിഞ്ഞം കത്തി പടരുന്നു.

2017 ഡിസംബറിലായിരുന്നു ഓഖി ദുരന്തം. 2022 നവംബറിൽ വിഴിഞ്ഞം പ്രതിസന്ധിയും. ഓഖിയിൽ സർക്കാരിനെതിരെ നിരവധി വിമർശനം ഉയർന്നു. ഇതോടെ വിമർശകരുടെ വായടപ്പിക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തീരപ്രദേശത്ത് ഓഖി ദുരിതബാധിത പ്രദേശം സന്ദർശിച്ചു. തിരുവനന്തപുരത്ത് വിഴിഞ്ഞത്താണ് മുഖ്യമന്ത്രി ദുരിത ബാധിതരെ ആശ്വസിപ്പിക്കാൻ അന്ന് എത്തിയത്. മുഖ്യമന്ത്രി എത്താൻ വൈകിയെന്ന് ആരോപിച്ച് തീരദേശ വാസികൾ പ്രതിഷേധിച്ചു. അഞ്ച് മിനിറ്റോളം കാർ തടഞ്ഞു. കനത്ത സുരക്ഷാവലയത്തിലാണ് മുഖ്യമന്ത്രി പുറത്തിറങ്ങിയത്.പിണറായി വിജയനൊപ്പം ഉണ്ടായിരുന്ന മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ,കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ കാറുകൾ പ്രതിഷേധക്കാർ തടഞ്ഞു.തീരദേശപ്രതിനിധികളുമായി ഒരു മണിക്കൂറോളം സംസാരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിണറായി വിജയൻ വേഗം മടങ്ങി.

അന്നും രാത്രി ഏഴ് മണിയോടെ സന്ദർശനം കഴിഞ്ഞ് തിരിച്ച് പോവുന്നതിനിടെയാണ് പ്രതിഷേധം. പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ ഒന്നാം നമ്പർ കാറിന്റെ ആന്റിന ഒടിഞ്ഞു. അരമണിക്കൂർ ചെലവിട്ട ശേഷം ഔദ്യോഗിക വാഹനത്തിൽ കയറാനാവാതെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിലാണ് പിന്നീട് മുഖ്യമന്ത്രി മടങ്ങിയത്. അതിന് മുമ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേയും മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേയും ഇ. ചന്ദ്രശേഖരനെതിരേയും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കനത്ത സുരക്ഷാ വലയം ഇല്ലായിരുന്നുവെങ്കിൽ വൈകുന്നേരം മുഖ്യമന്ത്രിക്ക് നേരെ ചിലപ്പോൾ കൈയേറ്റ ശ്രമം വരെയുണ്ടാവാൻ സാധ്യതയുണ്ടായിരുന്നു. ഒടുവിൽ കടകംപള്ളി സുരേന്ദ്രനും ഇ.ചന്ദ്രശേഖരനുമൊപ്പമാണ് മുഖ്യമന്ത്രി മടങ്ങിയത്.

ഓഖി ദുരന്തകാലത്ത് വിഴിഞ്ഞത്തെ ക്രിസ്ത്യൻപള്ളിയിലാണ് മുഖ്യമന്ത്രി ആദ്യം എത്തിയത്. ശേഷം പുറത്തിറങ്ങി നാട്ടുകാരോട് സംസാരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ പ്രതിഷേധം ഉണ്ടാവാനുള്ള സാഹചര്യം കണക്കിലെടുത്ത് പള്ളിക്കകത്ത് കയറി പള്ളി വികാരിക്കൊപ്പമാണ് മുഖ്യമന്ത്രി സംസാരിച്ചത്. രക്ഷാപ്രവർത്തനത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പള്ളിവികാരി പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് തങ്ങളെയും ഒപ്പം കൂട്ടണമെന്ന നിലപാടിലായിരുന്നു ജനങ്ങൾ. അത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ജനങ്ങളെ അറിയിച്ചു. ഇതിനിടെയാണ് ഒരു വിഭാഗം ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് മുഖ്യമന്ത്രിക്ക് തന്റെ ഔദ്യോഗിക വാഹനത്തിനരികെ എത്താനായില്ല. അതേ സ്ഥലത്താണ് വീണ്ടും സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന കലാപമുണ്ടാകുന്നത്.

ഓഖിക്കാലത്ത് വിഴിഞ്ഞത്തു സന്ദർശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനുനേരെ മൽസ്യത്തൊഴിലാളികളുടെ രോഷപ്രകടനം അണപൊട്ടിയെന്നതാണ് വസ്തുത. മുഖ്യമന്ത്രിക്കുനേരെ പാഞ്ഞടുത്ത മൽസ്യത്തൊഴിലാളികളെ വൻ പൊലീസ് സംഘം ബലം പ്രയോഗിച്ചു പിടിച്ചു മാറ്റുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ അടിച്ചും നാട്ടുകാർ പ്രതിഷേധം അറിയിച്ചു. കാറിൽ കയറാൻ കഴിയാത്തതിനെത്തുടർന്നു മുഖ്യമന്ത്രി മറ്റൊരു കാറിൽ കയറി ഹാർബർ പിന്നിട്ടശേഷമാണ് ഔദ്യോഗിക വാഹനത്തിലേക്കു മാറിയത്. ഇതോടെ പൂന്തുറയിലെ വീടുകൾ സന്ദർശിക്കാനുള്ള പരിപാടി മുഖ്യമന്ത്രി റദ്ദാക്കുകയും ചെയ്തു. ദുരന്തം മുൻകൂട്ടി അറിയിക്കുന്നതിൽ പരാജയപ്പെട്ടെന്നും പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി വൈകിയെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ഇതിലും വലിയ തലവേദനയാണ് ഇപ്പോൾ വിഴിഞ്ഞത്ത് സംഭവിക്കുന്നത്.

വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ പരിസരത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്. കൂടുതൽ പൊലീസിനെ വിന്യസിച്ച് ക്രമസമാധാന പാലനം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചു. സമീപ ജില്ലകളിൽ നിന്ന് പൊലീസ് വിഴിഞ്ഞത്തെത്തും. തീരദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്‌പിമാർക്കും ഡിവൈഎസ്‌പിമാർക്കുമായിരിക്കും ക്രമസമാധാന ചുമതല. വിഴിഞ്ഞം തുറമുഖ പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാർ പൊലീസ് സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വളഞ്ഞ സമരക്കാർ പൊലീസ് സ്റ്റേഷൻ അടിച്ച് തകർത്തു. സംഘർഷത്തിൽ 30 ലേറെ പൊലീസുകാർക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. സംഘർഷത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ എസ് ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സിറ്റിയിൽ നിന്ന് കൂടുതൽ പൊലീസെത്തിയാണ് സമരക്കാരെ നിയന്ത്രിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP