Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

9.45ന് സെക്രട്ടറിയേറ്റിൽ എത്തിയ ചീഫ് സെക്രട്ടറി ഒരു മണിക്കൂറിലേറെ കാത്തിരുന്ന് നിരാശനായി; ക്ലിഫ് ഹൗസിൽ രൂപതാ നേതാക്കളെ മുഖ്യമന്ത്രിയും പ്രതീക്ഷിച്ചത് വെറുതെയായി; എല്ലാം അട്ടിമറിച്ചത് സമര സമിതിയിലെ അതിതീവ്രവാദക്കാർ; പിണറായിയെ ലത്തീൻ രൂപത പറ്റിച്ചപ്പോൾ നടപടികൾ; വിഴിഞ്ഞത്ത് ആളിക്കത്തിയത് വെള്ളിയാഴ്ച അവസാനിക്കുമെന്ന് കരുതിയ പ്രതിഷേധം

9.45ന് സെക്രട്ടറിയേറ്റിൽ എത്തിയ ചീഫ് സെക്രട്ടറി ഒരു മണിക്കൂറിലേറെ കാത്തിരുന്ന് നിരാശനായി; ക്ലിഫ് ഹൗസിൽ രൂപതാ നേതാക്കളെ മുഖ്യമന്ത്രിയും പ്രതീക്ഷിച്ചത് വെറുതെയായി; എല്ലാം അട്ടിമറിച്ചത് സമര സമിതിയിലെ അതിതീവ്രവാദക്കാർ; പിണറായിയെ ലത്തീൻ രൂപത പറ്റിച്ചപ്പോൾ നടപടികൾ; വിഴിഞ്ഞത്ത് ആളിക്കത്തിയത് വെള്ളിയാഴ്ച അവസാനിക്കുമെന്ന് കരുതിയ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹൈക്കോടതി ഇടപെടലോടെ എല്ലാം ശുഭമായി തീരുമെന്നായിരുന്നു പ്രതീക്ഷ. വിഴിഞ്ഞത്ത് ലത്തീൻ സഭ ഒത്തുതീർപ്പിന് തയ്യാറാകുമെന്ന് ഏവരും കരുതി. ചർച്ചകൾക്ക് സംസ്ഥാന സർക്കാർ മുൻകൈയും എടുത്തു. എന്നാൽ പെട്ടെന്ന് അതെല്ലാം മാറി മറിഞ്ഞു. തുറമുഖ നിർമ്മാണ സ്ഥലത്തേക്ക് ലോറികളെ കയറ്റി വിടുമെന്ന് ഹൈക്കോടതിയിൽ സമര സമിതി നിലപാട് എടുത്തിരുന്നു. ഇതാണ് വെറുതെയാകുന്നത്.

വിഴിഞ്ഞം സമരസമിതിക്കുള്ളിലെ ഭിന്നിപ്പിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ലത്തീൻ അതിരൂപത അധികൃതരുമായി വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ഒത്തുതീർപ്പ് ചർച്ച നടന്നിരുന്നില്ല. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസും ആർച്ച്ബിഷപ്പ് തോമസ് ജെ.നെറ്റോയും തമ്മിൽ അനൗദ്യോഗിക ചർച്ച നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ചയോടെ സമരം അവസാനിപ്പിക്കാമെന്നായിരുന്നു ധാരണ. വെള്ളിയാഴ്ച ഔദ്യോഗിക ചർച്ച നടത്താനുള്ള സമയമടക്കം നിശ്ചയിച്ചാണ് വ്യാഴാഴ്ച നൗദ്യോഗിക ചർച്ച അവസാനിപ്പിച്ചത്.

രാവിലെ ചീഫ് സെക്രട്ടറി വി.പി.ജോയിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം വൈകിട്ട് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും ആർച്ച് ബിഷപ്പുമായി ഔദ്യോഗിക ചർച്ച നടത്തി സമരം അവസാനിച്ചതായുള്ള സംയുക്ത പ്രഖ്യാപനം നടത്താനായിരുന്നു തീരുമാനം. വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കുള്ള ചർച്ചയ്ക്കായി ചീഫ്‌സെക്രട്ടറി വി.പി.ജോയി 9.45ന് സെക്രട്ടേറിയറ്റിലെത്തിയിരുന്നു. ഒരു മണിക്കൂറിലേറെ ചേംബറിൽ കാത്തിരുന്നിട്ടും സമരസമിതി നേതാക്കളെത്തിയില്ല. രൂപതാ അധികൃതർ വൈകിട്ട് ക്ലിഫ് ഹൗസിലെത്തുമെന്ന വിവരത്തെ തുടർന്ന് മുഖ്യമന്ത്രിയും ഇവരെ കാത്തിരുന്നു. ആരും വന്നില്ല. ഇതോടെ സമര സമിതി ഒത്തുതീർപ്പിനില്ലെന്ന് സർക്കാർ തിരിച്ചറിഞ്ഞു. ഇതോടെയാണ് ശനിയാഴ്ച അദാനിയുടെ ലോറികൾ തുറമുഖത്തിലേക്ക് എത്തിയത്. അതു വലിയ സംഘർഷമായി. ഇതിലെ നടപടികളാണ് വിഴിഞ്ഞം പൊലീസ് സ്‌റ്റേഷൻ അക്രമത്തിൽ കലാശിച്ചത്.

സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമരസമിതിയിൽ ഭിന്നതയുണ്ടെന്നായിരുന്നു അതിരൂപത അധികൃതർ സർക്കാരിനെ അറിയിച്ചത്. പദ്ധതിപ്രദേശത്ത് കരിങ്കല്ല് എത്തിക്കാനായിരുന്നു അദാനി വിഴിഞ്ഞം സീ പോർട്ട് ലിമിറ്റഡിന്റെ തീരുമാനമെങ്കിലും സമരസമിതി പന്തൽ നീക്കാത്തതിനാൽ ലോഡ് നീക്കം നടന്നില്ല. പ്രതിഷേധക്കാർ തുറമുഖ നിർമ്മാണത്തിൽ എടുക്കുന്ന നിലപാട് വ്യക്തമാകുകയും ചെയ്തു. ഹൈക്കോടതിയിലെ കേസിൽ സമര സമിതി കൂടുതൽ പ്രതിരോധത്തിലാകുന്ന സ്ഥിതിയും വന്നു. ഇത് മനസ്സിലാക്കിയാണ് പൊലീസും നടപടികളിലേക്ക് കടന്നത്. എന്നാൽ ലോറികൾ എത്തിയപ്പോൾ ഉണ്ടായ പ്രശ്‌നം ആളിക്കത്താനുള്ള സാധ്യത തിരിച്ചറിയുന്നതിൽ പൊലീസിന് വീഴ്ചയായി.

അദാനി ഗ്രൂപ്പിന്റെ ലോറികൾ എത്തിയപ്പോൾ പൊലീസിന് നിയന്ത്രിക്കാൻ കഴിയാത്തതരത്തിലുള്ള ആൾക്കൂട്ടമാണ് സംഘർഷത്തിലുണ്ടായിരുന്നത്. പൊലീസുകാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ടോറസ് ലോറിയിൽ നിർമ്മാണസാമഗ്രികൾ എത്തിച്ചപ്പോൾ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരക്കാർ തടയുകയായിരുന്നു. പിന്നാലെ, തുറമുഖ നിർമ്മാണത്തെ അനുകൂലിക്കുന്നവർ ലോറി തടയരുതെന്ന ആവശ്യവുമായി രംഗത്തെത്തി. ഇത് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. തുറമുഖനിർമ്മാണം തടസ്സപ്പെടുത്താതെ സമരം തുടരാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് നിർമ്മാണം പുനരാരംഭിക്കാനുള്ള നീക്കമുണ്ടായത്. പദ്ധതി പ്രദേശത്തേക്ക് ടോറസ് ലോറികൾ കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു പദ്ധതിയെ എതിർക്കുന്നവർ. വാഹനം കടത്തിവിടണമെങ്കിൽ സമരപന്തൽ പൊളിച്ചുമാറ്റേണ്ടതുണ്ട്. ഇത് സമരക്കാർ പ്രതിരോധിച്ചതോടെയാണ് ലോറികൾ മടങ്ങിയത്.

എന്നാൽ ശനിയാഴ്ച പ്രതിരോധിച്ചവർ ഞായറാഴ്ച അക്രമത്തിന് ഇറങ്ങി. ഞായറാഴ്ച രാത്രിയോടെ വിഴിഞ്ഞത്തുണ്ടായ സംഘർഷത്തിൽ 35 പൊലീസുകാർക്കാണ് പരിക്കേറ്റത്. പൊലീസ് വാഹനങ്ങളും സ്റ്റേഷന്റെ മുൻവശവും പ്രതിഷേധക്കാർ തകർത്തു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്റ്റേഷനുമുന്നിൽനിന്ന് പ്രതിഷേധക്കാരെ പൊലീസ് മാറ്റിയത്. കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിന്റെ പേരിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയാക്കി ഞായറാഴ്ച പൊലീസ് കേസെടുത്തിരുന്നു. പത്തോളം കേസാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഒൻപതെണ്ണം തുറമുഖത്തിനെതിരെ സമരം ചെയ്തവരുടെ പേരിലാണ്.

തുടർന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ വിഴിഞ്ഞം സ്വദേശിയായ സെൽറ്റോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ വിട്ടയക്കണമെന്ന ആവശ്യവുമായി വൈദികർ അടക്കമുള്ള സംഘം പൊലീസ് സ്റ്റേഷനിലെത്തി. നേരത്തെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളും ഈ സംഘത്തിലുണ്ടായിരുന്നു. പൊലീസും ഈ സംഘവും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന്, മോചിപ്പിക്കാനെത്തിയ സംഘത്തിലെ പ്രതികളായവരോട് സ്റ്റേഷനിൽ തുടരാൻ പൊലീസ് നിർദ്ദേശിച്ചു. തുടർന്ന് പൊലീസും ഇവരും തമ്മിൽ സംഘർഷം രൂപപ്പെടുകയായിരുന്നു. ഈയടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത സംഘർഷമാണ് പൊലീസ് വിഴിഞ്ഞത്ത് നേരിട്ടത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്റ്റേഷനുമുന്നിൽ നിന്ന് അക്രമാസക്തരായ ജനക്കൂട്ടത്തെ പൊലീസിന് മാറ്റാൻ സാധിച്ചത്. ആൾക്കൂട്ടം അക്രമാസക്തമായ സമയത്ത് മതിയായ പൊലീസുകാർ ഇവിടെ ഉണ്ടായിരുന്നില്ല. ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ വളഞ്ഞതോടെ കൂടുതൽ പൊലീസ് സ്ഥലത്തേക്ക് എത്തിയെങ്കിലും ഇവരെ ആൾക്കൂട്ടം തടഞ്ഞു.

നാല് ജീപ്പ്, രണ്ട് വാനുകൾ, സ്റ്റേഷന് മുന്നിലുണ്ടായിരുന്ന 20 ബൈക്കുകൾ എന്നിവ അക്രമാസക്തരായ ആൾക്കൂട്ടം തകർത്തു. ഇതിന് പിന്നാലെ കല്ലേറും ഉണ്ടായി. കൂടുതൽ സംഘർഷമുണ്ടാകാതെ സംയമനത്തോടെ പ്രശ്‌നം കൈകാര്യം ചെയ്യാനായിരുന്നു പൊലീസിന് ആദ്യം ലഭിച്ച നിർദ്ദേശം. എന്നാൽ പൊലീസുകാർ അക്രമിക്കപ്പെട്ടതും ഇവരെ ആശുപത്രിയിലേക്ക് മാറ്റാൻ ആൾക്കൂട്ടം സമ്മതിക്കാതിരുന്നതും നടപടിയെടുക്കാൻ പൊലീസിനെ നിർബന്ധിതമാക്കി. കണ്ണീർ വാതകവും പിന്നാലെ ഗ്രനേഡും പ്രയോഗിച്ചതിന് ശേഷമാണ് ഇവരെ സ്റ്റേഷന് മുന്നിൽനിന്ന് പിന്തിരിപ്പിക്കാനായത്.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ശനിയാഴ്ച ഉണ്ടായ സംഘർഷത്തിന്റെ പേരിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള വൈദികരെ പ്രതികളാക്കി പൊലീസ് കേസെടുത്തതിൽ രൂക്ഷ പ്രതികരണവുമായി ലത്തീൻ അതിരൂപത രംഗത്തു വന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തിൽ ഇപ്പോഴുള്ളത്. വിഴിഞ്ഞത്തെ സംഘർഷം സർക്കാർ ഒത്താശയോടെയാണു നടക്കുന്നത്. സർക്കാരിന്റേത് വികൃതമായ നടപടികളെന്നും സമരസമിതി കൺവീനർ കൂടിയായ ഫാ. തിയോഡിഷ്യസ് ഡിക്രൂസ് പ്രതികരിച്ചു. എട്ട് കേസുകളാണ് വിഴിഞ്ഞം പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത്. സംഘം ചേർന്നതിനും പൊതുമുതൽ നശിപ്പിച്ചതിനും തുറമുഖത്തെ അനുകൂലിക്കുന്നവർക്കെതിരെ കേസുകൾ എടുത്തിട്ടുണ്ട്. വിഴിഞ്ഞം സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ ആണ് ഒന്നാം പ്രതി. സഹായമെത്രാൻ ഡോ. ആർ ക്രിസ്തു ദാസ് ഉൾപ്പടെ അമ്പതോളം വൈദികർ പ്രതിപ്പട്ടികയിലുണ്ട്.

വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി സാധ്യമാകുന്ന എല്ലാ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ മുല്ലൂരിലെ വീടുകളിൽ അടക്കം തുറമുഖവിരുദ്ധ സമരക്കാരെന്ന് അവകാശപ്പെടുന്നവർ കല്ലെറിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ച ഉണ്ടായ സംഘർഷത്തിൽ പൊലീസുകാരുൾപ്പടെ 21 പേർക്ക് പരിക്കേറ്റിരുന്നു. പ്രതിപ്പട്ടികയിലെ ഒന്നു മുതൽ 15 വരെയുള്ള വൈദികർ സംഘർഷ സ്ഥലത്ത് നേരിട്ടെത്തിയവരല്ല. എന്നാൽ ഇവർ ചേർന്നാണ് ഗൂഢാലോചന നടത്തിയതും ശേഷം ആയിരത്തിലധികം പേരെ സംഘടിപ്പിച്ച് സംഘർഷ സ്ഥലത്ത് എത്തുകയും സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിർദ്ദേശം മറികടന്ന് സംഘർഷം സ്രുഷ്ടിക്കുകയും ചെയ്തു എന്നാണ് എഫ്ഐആറിൽ പറയുന്നത്. പരാതികൾ പ്രകാരമാണു കേസെടുത്തതെന്നാണു പൊലീസ് വിശദീകരണം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP