Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖത്തർ ലോകകപ്പിൽ വീണ്ടും അട്ടിമറി; ആഫ്രിക്കൻ കരുത്തിന് മുന്നിൽ വീണുടഞ്ഞ് വമ്പന്മാരായ ബൽജിയം; ഐതിഹാസിക വിജയം കുറിച്ച് മൊറോക്കോ; പകരക്കാരനായി ഇറങ്ങി മുന്നിലെത്തിച്ച് അൽ സാബിരി; ഇൻജുറി ടൈമിൽ പട്ടിക തികച്ച് സക്കരിയ അബോക്ലാൽ; അൽ തുമാമയിൽ ആഫ്രിക്കൻ വസന്തം

ഖത്തർ ലോകകപ്പിൽ വീണ്ടും അട്ടിമറി; ആഫ്രിക്കൻ കരുത്തിന് മുന്നിൽ വീണുടഞ്ഞ് വമ്പന്മാരായ ബൽജിയം; ഐതിഹാസിക വിജയം കുറിച്ച് മൊറോക്കോ; പകരക്കാരനായി ഇറങ്ങി മുന്നിലെത്തിച്ച് അൽ സാബിരി; ഇൻജുറി ടൈമിൽ പട്ടിക തികച്ച് സക്കരിയ അബോക്ലാൽ; അൽ തുമാമയിൽ ആഫ്രിക്കൻ വസന്തം

സ്പോർട്സ് ഡെസ്ക്

ദോഹ: ഖത്തർ ലോകകപ്പിൽ വീണ്ടും അട്ടിമറി. പ്രീക്വാർട്ടർ ലക്ഷ്യമിട്ടിറങ്ങിയ കരുത്തരായ ബെൽജിയത്തെ കീഴടക്കി മൊറോക്കോ ഐതിഹാസിക ജയം കുറിക്കുകയായിരുന്നു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി മൊറോക്കോ ജയമുറപ്പിച്ചത്.

എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫിഫ റാങ്കിങ്ങിൽ 22ാം സ്ഥാനത്തുള്ള മൊറോക്കോ രണ്ടാം സ്ഥാനക്കാരെ തകർത്തത്. കാനഡയ്‌ക്കെതിരായ ഇ ഗ്രൂപ്പിലെ ആദ്യ മത്സരം ജയിച്ചെത്തിയ ബൽജിയത്തെ ഞെട്ടിച്ച് 73ാം മിനിറ്റിൽ പകരക്കാരനായെത്തിയ അൽ സാബിരിയും 92ാം മിനിറ്റിൽ സക്കരിയ അബുക്ലാലുമാണ് ഗോളുകൾ നേടിയത്.



കാനഡയ്‌ക്കെതിരായ മൊറോക്കോയുടെ ആദ്യ മത്സരം സമനിലയിലായിരുന്നു. ബൽജിയത്തോട് ജയിച്ചതോടെ മൊറോക്കോ നാലു പോയിന്റുമായി ഇ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യ മത്സരത്തിൽ കാനഡയെ മറികടന്ന ബെൽജിയം മൂന്ന് പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. ഇതോടെ ഗ്രൂപ്പിൽ അവസാനം നടക്കുന്ന ബെൽജിയം- ക്രൊയേഷ്യ പോരാട്ടം നിർണായകമാവും.

മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 44ാം മിനിറ്റിൽ മൊറോക്കോ വല കുലുക്കിയെങ്കിലും വിഡിയോ അസിസ്റ്റന്റ് റഫറി പരിശോധനയിൽ ഓഫ് സൈഡാണെന്നു തെളിഞ്ഞു. ആദ്യ പകുതിയിൽ ബൽജിയത്തിനായിരുന്നു കളിയിൽ മേധാവിത്വം. 12ാം മിനിറ്റിൽ കെവിൻ ഡി ബ്രൂയ്‌നെയുടെ ഫ്രീകിക്ക് മൊറോക്കോ പ്രതിരോധ താരങ്ങൾ തട്ടിയകറ്റി. ആദ്യ മിനിറ്റുകളിൽ ബൽജിയത്തിന് ഒന്നിലേറെ കോർണറുകൾ ലഭിച്ചെങ്കിലും മൊറോക്കോ പ്രതിരോധത്തിന്റെ കരുത്തു വെളിപ്പെടുത്തുന്നതായി അവയൊക്കെ.



16ാം മിനിറ്റിൽ ബൽജിയത്തിനായി തോർഗൻ ഹസാഡ് എടുത്ത ഫ്രീകിക്ക് സഹോദരൻ കൂടിയായ ഏദൻ ഹസാഡിലെത്തി. കെവിൻ ഡി ബ്രൂയ്‌നെയ്ക്കു പന്തു നൽകിയെങ്കിലും ആ നീക്കം മറ്റൊരു കോർണറിലാണ് അവസാനിച്ചത്. ബൽജിയം കോർണറിൽ അമദൗ ഒനാന ഹെഡ് ചെയ്‌തെങ്കിലും അതും പോസ്റ്റിലെത്തിയില്ല.

കളി 19ാം മിനിറ്റ് പിന്നിടുമ്പോൾ 79 ശതമാനമായിരുന്നു ബൽജിയത്തിന്റെ പൊസഷൻ. മൊറോക്കോ പോസ്റ്റിലേക്ക് ബൽജിയം ഉന്നമിട്ടത് നാലോളം ഷോട്ടുകൾ. 27ാം മിനിറ്റിൽ കളിയുടെ ഒഴുക്കിനു വിപരീതമായി ബൽജിയം ബോക്‌സിൽ മൊറോക്കോ താരം അച്‌റഫ് ഹക്കിമിക്കു പന്തു ലഭിച്ചെങ്കിലും ബാറിന്റെ വളരെയേറെ ഉയരത്തിലൂടെ പന്തു പുറത്തേക്കുപോയി. ആദ്യ 40 മിനിറ്റു കഴിഞ്ഞപ്പോഴും ഗോളടിക്കാൻ ബൽജിയത്തിനോ, മൊറോക്കോയ്‌ക്കോ സാധിച്ചില്ല. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ (44) ബൽജിയത്തെ ഞെട്ടിച്ചുകൊണ്ട് മൊറോക്കോ വല കുലുക്കിയെങ്കിലും ഗോൾ അനുവദിച്ചില്ല. മൊറോക്കോ ഫോർവേഡ് ഹക്കിം സിയെച്ചാണ് ഗോൾ നേടിയത്. എന്നാൽ വാർ പരിശോധനയിൽ ഓഫ് സൈഡാണെന്നു തെളിഞ്ഞതോടെ റഫറി ഗോൾ അനുവദിച്ചില്ല.

ഖത്തർ ലോകകപ്പിൽ ഇതുവരെ നടന്ന 26 മത്സരങ്ങളിൽ 14 എണ്ണവും ആദ്യ പകുതിയിൽ ഗോളില്ലാ കളികളായിരുന്നു. ആദ്യ പകുതിയിൽ ബെൽജിയത്തിന്റെ ഗോൾ ശ്രമങ്ങളെല്ലാം പരാജയപ്പെടുത്തിയ മൊറോക്കോ രണ്ടാം പകുതിയിൽ വല കുലുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. 48ാം മിനിറ്റിൽ മൊറോക്കോയുടെ സിയെച്ച് എടുത്ത ഫ്രീകിക്ക് ബൽജിയം പ്രതിരോധത്തിന് ഭീഷണിയാകാതെ പോയി.



രണ്ടാം പകുതിയിൽ ഇരു ടീമുകളും കൂടുതൽ ആക്രമണങ്ങളുമായി മുന്നേറി. 54ാം മിനിറ്റിൽ ഇടതു ഭാഗത്തുനിന്ന് തോർഗൻ ഹസാഡിന്റെ ക്രോസ് മൊറോക്കോ താരം അംറാബത് തട്ടിയെടുത്തു. 64ാം മിനിറ്റിൽ ഒരു ഏരിയൽ ബോളിനുള്ള ബൽജിയത്തിന്റെ മിച്ചി ബത്‌സുവായിയുടെ ശ്രമം റഫറി ഓഫ് സൈഡ് ഫ്‌ളാഗ് ഉയർത്തിയതോടെ അവസാനിച്ചു.

ഗോൾ നേടുക ലക്ഷ്യമിട്ട് രണ്ടാം പകുതിയിൽ ബൽജിയവും മൊറോക്കോയും പകരക്കാരെ ഗ്രൗണ്ടിലിറക്കി നോക്കി. അതിന്റെ ഗുണം ലഭിച്ചത് മൊറോക്കോയ്ക്ക്. 73ാം മിനിറ്റിൽ ഗോൾ നേടിയത് പകരക്കാരനായി വന്ന അൽ സാബിരി. 68ാം മിനിറ്റിലാണ് താരം കളിക്കാനായി ഗ്രൗണ്ടിലിറങ്ങിയത്.

ഏഴുപത്തിമൂന്നാം മിനിറ്റിൽ അബ്ദുൾഹമീദ് സാബിരിയാണ് ഒരു ഫ്രീകിക്കിൽ നിന്ന് നേരിട്ട് ബെൽജിയത്തെ ഞെട്ടിച്ച ആദ്യഗോൾ നേടിയത്. ഈ ലോകകപ്പിൽ മൊറോക്കോയുടെ ആദ്യ ഗോളായിരുന്നു ഇത്. ആദ്യ ഗോളിൽ തന്നെ എന്നെന്നും ഓർക്കാൻ പോന്നൊരു അട്ടിമറിയും സ്വന്തമായി. ഒന്നാം പകുതിയുടെ അധികസമയത്ത് മൊറോക്കോയ്ക്ക് വാർ ഒരു ഗോൾ നിഷേധിച്ചിരുന്നു. മിനിറ്റുകൾക്കുള്ളിൽ അതിന്റെ ഫോട്ടോകോപ്പി പോലെ മറ്റൊന്ന് സംശയലേശമന്യേ വലയിലാക്കിയാണ് മൊറോക്കോ മുന്നിലെത്തിയത്.

മറുപടി ഗോൾ ലക്ഷ്യമിട്ട് തോമസ് മ്യൂനിയറിനെ പിൻവലിച്ച് 83ാം മിനിറ്റിൽ ബൽജിയം റൊമേലു ലുക്കാക്കുവിനെ ഇറക്കി. എന്നാൽ പകരക്കാരനായി ഇറങ്ങിയ അബുക്ലാലിലൂടെ മൊറോക്കോ രണ്ടാം ഗോളും നേടി. 72 മിനിറ്റുകളോളം ഗോൾരഹിതമായിരുന്ന മത്സരം അബ്ദൽഹമിദ് സബിരിയുടെ ഗോളോടെ ഉണർന്നു. പിന്നിലായതോടെ തിരിച്ചടിക്കാനുള്ള ബെൽജിയം ശ്രമങ്ങൾ ശക്തിപ്പെട്ടു.

എന്നാൽ ഈ അവസരം മുതലെടുത്ത് ഇൻജുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ഹക്കീം സിയെച്ചിന്റെ മികച്ചൊരു അറ്റാക്കിങ് റൺ ബെൽജിയത്തിന്റെ വിധിയെഴുതി. സിയെച്ച് കട്ട്ബാക്ക് ചെയ്ത് നൽകിയ പന്ത് സക്കരിയ അബോക്ലാൽ ഫസ്റ്റ് ടച്ചിൽ തന്നെ ഗോൾകീപ്പർ കുർട്ടോയ്ക്ക് യാതൊരു അവസരവും നൽകാതെ വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ച മൊറോക്കോയ്ക്ക് അർഹതപ്പെട്ട ഗോൾ. മോറോക്കോയ്ക്ക് വിലപ്പെട്ട മൂന്ന് പോയിന്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP