Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതി; ആരോഗ്യ വിവരം നൽകാൻ കേരളത്തിന് മടി

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതി; ആരോഗ്യ വിവരം നൽകാൻ കേരളത്തിന് മടി

സ്വന്തം ലേഖകൻ

ആലപ്പുഴ: ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതിയിൽ ആരോഗ്യവിവരം നൽകുന്നതിന് കേരളത്തിന് മടി. സംസ്ഥാനത്തെ ഒട്ടേറെ ആരോഗ്യസ്ഥാപനങ്ങളും ഡോക്ടർമാരും ഇനിയും വിവരം കൈമാറിയില്ല. ജനസംഖ്യയുടെ പകുതിപ്പേർപോലും ആരോഗ്യ അക്കൗണ്ടും തുറന്നില്ല. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ ജനറൽ ആശുപത്രികൾ വരെയുള്ള മുഴുവൻ സ്ഥാപനങ്ങളും ഹെൽത്ത് ഫെസിലിറ്റി രജിസ്ട്രിയിലാണ് (എച്ച്.എഫ്.ആർ.) വിവരം നൽകേണ്ടത്. ഡോക്ടർമാർ ഹെൽത്ത് കെയർ പ്രൊഫഷണൽ രജിസ്ട്രിയിലും (എച്ച്.പി.ആർ.) വിവരം നൽകണം.

സംസ്ഥാനത്തെ 2,883 ആരോഗ്യസ്ഥാപനങ്ങൾ മാത്രമാണ് എച്ച്.എഫ്.ആറിൽ രജിസ്റ്റർ ചെയ്തത്. രാജ്യത്ത് 14-ാംസ്ഥാനമാണു കേരളത്തിന്. ഉത്തർപ്രദേശും കർണാടകയുമാണ് ആദ്യ രണ്ടുസ്ഥാനങ്ങളിൽ. കേരളത്തിലെ 2,525 ഡോക്ടർമാർ മാത്രമാണ് എച്ച്.പി.ആറിൽ രജിസ്റ്റർ ചെയ്തത്. കർണാടകയും ബിഹാറുമാണ് ഒന്നുംരണ്ടും സ്ഥാനങ്ങളിൽ. ഇവിടങ്ങളിൽ കാൽലക്ഷത്തിലേറെപ്പേർ വിവരം കൈമാറി.

കേരളത്തിലെ ഡോക്ടർമാരിൽ ചിലർക്ക് വിവരക്കൈമാറ്റത്തിനു താത്പര്യമില്ലെന്നാണു സൂചന. ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് അവർ പറയുന്നത്. ആയുഷ്മാൻ ഭാരത് ആരോഗ്യ അക്കൗണ്ട് തുറന്ന ആളുകളുടെ എണ്ണത്തിലും കേരളം പിന്നിലാണ്. ഇതുവരെ 1.31 കോടിപ്പേർ മാത്രമാണ് അക്കൗണ്ട് തുറന്നത്. രാജ്യത്ത് ഒമ്പതാം സ്ഥാനത്താണ് കേരളമിപ്പോൾ.

ഇ-ഹെൽത്ത് എന്ന പേരിൽ സംസ്ഥാനത്ത് ആരോഗ്യമേഖല ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതി നേരത്തേ തുടങ്ങിയിരുന്നു. ഇതാകാം കേന്ദ്രപദ്ധതിയോടുള്ള മെല്ലെപ്പോക്കിനു കാരണമെന്നാണു വിവരം.

2021 സെപ്റ്റംബറിലാണ് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനു തുടക്കംകുറിച്ചത്. ഒറ്റ ക്ലിക്കിൽ ആരോഗ്യമേഖലയുടെ മുഴുവൻ വിവരവും ലഭ്യമാക്കി ചികിത്സാസംവിധാനം മെച്ചപ്പെടുത്തുകയാണു ലക്ഷ്യം. ഓരോ പൗരനും നൽകുന്ന ആരോഗ്യ തിരിച്ചറിയൽ നമ്പരിലൂടെ ആരോഗ്യചരിത്രം മനസ്സിലാക്കി ചികിത്സ എളുപ്പമാക്കാനാണ് പദ്ധതി.

അതേസമയം ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ ഭാഗമായി ആരോഗ്യസ്ഥാപനങ്ങളും ഡോക്ടർമാരും 30-നകം വിവരം നൽകണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ഇക്കാര്യം ജില്ലാ മെഡിക്കൽ ഓഫീസർമാർ ഉറപ്പാക്കണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ സർക്കുലറിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP