Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാദങ്ങൾക്ക് വിട: ഇ പി ജയരാജൻ റീലോഡഡ്! രാഷ്ട്രീയ വിരാമമിടുന്നു എന്ന വാർത്തകൾക്ക് ഇടയിലും വീണ്ടും പാർട്ടി വേദിയിലെത്തി എൽഡിഎഫ് കൺവീനർ; മുമ്പ് മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞതെല്ലാം വിവാദമായതോടെ തൽക്കാലം മാധ്യമങ്ങളോടും മിണ്ടാട്ടമില്ല; പതിവ് ശൈലിയിൽ എരിവും പുളിയും കലർന്ന വിമർശന പ്രസംഗവുമായി ഇ പി

വിവാദങ്ങൾക്ക് വിട: ഇ പി ജയരാജൻ റീലോഡഡ്! രാഷ്ട്രീയ വിരാമമിടുന്നു എന്ന വാർത്തകൾക്ക് ഇടയിലും വീണ്ടും പാർട്ടി വേദിയിലെത്തി എൽഡിഎഫ് കൺവീനർ; മുമ്പ് മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞതെല്ലാം വിവാദമായതോടെ തൽക്കാലം മാധ്യമങ്ങളോടും മിണ്ടാട്ടമില്ല; പതിവ് ശൈലിയിൽ എരിവും പുളിയും കലർന്ന വിമർശന പ്രസംഗവുമായി ഇ പി

അനീഷ് കുമാർ

കണ്ണൂർ: സി.പി. എമ്മിലെ ആകാംക്ഷയ്ക്കും സന്നിഗ്ദ്ധാവസ്ഥയ്ക്കുംവിരാമമിട്ടുകൊണ്ടു എൽ. ഡി. എഫ് കൺവീനറും കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജൻ പാർട്ടി വേദികളിൽ വീണ്ടും സജീവമായി. ജയരാജൻ സജീവരാഷ്ട്രീയം വിടുന്നുവെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് കർഷക സമിതി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധ ധർണയിൽ ഉദ്ഘാടകനായി ഇ.പി ജയരാജനെത്തിയത്.

തന്റെ പതിവുശൈലിയിൽ തന്നെയാണ് ഇ.പി ഉദ്ഘാടന പ്രസംഗം നടത്തിയത്. കർഷക ദ്രോഹനയങ്ങൾ നടപ്പിലാക്കുന്ന കേന്ദ്രസർക്കാരിനെതിരെയുള്ള എരിവും പുളിയും കലർന്ന വിമർശനമാണ് ഇ.പി തന്റെ പ്രസംഗത്തിലൂടെ അഴിച്ചുവിട്ടത്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളുള്ളതിനാൽ ദീർഘനേരമുള്ള പ്രസംഗത്തിന് അദ്ദേഹം മുതിർന്നില്ല. മൂന്നാഴ്‌ച്ച മുൻപ് എൽ. ഡി. എഫ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ നിന്ന് കൺവീനറായ ഇ.പി ജയരാജൻ വിട്ടുനിന്നതിനെ തുടർന്നാണ് ഇ.പിയെവിടെയെന്ന ചോദ്യവുമായി ചില മാധ്യമങ്ങളിറങ്ങിയത്.

പിന്നീട് കണ്ണൂരിൽ വിവിധ പാർട്ടിപരിപാടികളിലും ഇ.പി ജയരാജന്റെ അസാന്നിധ്യം ചർച്ചയായി. എന്നാൽ താൻ ആരോഗ്യപരമായ കാരണങ്ങളാൽ പാർട്ടിക്ക് അവധി നൽകിയിരുന്നുവെന്ന് ഇ.പി വ്യക്തമാക്കിയിരുന്നുവെങ്കിലും വിവാദങ്ങളുടെ പൊടിയടങ്ങിയിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസം തലശേരിയിൽ നടന്ന ഇരട്ടക്കൊലപാതകത്തിന് ജീവൻനഷ്ടപ്പെട്ടവരുടെ അന്തിമോപചാരചടങ്ങുകളിൽ ഇ.പി ജയരാജൻ പങ്കെടുത്തിരുന്നു. മരിച്ചവരുടെ മൃതദേഹത്തിൽ ചെങ്കൊടി പുതിപ്പിച്ചത് ഇ.പിയുടെ നേതൃത്വത്തിലായിരുന്നു. ഇതോടെ ഇ.പി സജീവരാഷ്ട്രീയം വിടാൻസാധ്യതയില്ലെന്ന സൂചനകൾ വ്യക്തമായി തുടങ്ങി.

ഇ.പിയുടെ പ്രതികരണമറിയാൻ വേണ്ടി വന്മാധ്യമപ്പട കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന്റെ മുൻപിൽ തടിച്ചുകൂടിയിരുന്നു. എന്നാൽ
താൻ സജീവരാഷ്ട്രീയം മതിയാക്കുന്നുവെന്ന മാധ്യമവാർത്തകളോട് പ്രതികരിക്കാതെ സി.പി. എം കേന്ദ്രകമ്മിറ്റിയംഗവും എൽ.ഡി. എഫ് കൺവീനറുമായ ഇ.പി ജയരാജൻ മൗനം പാലിക്കുകയായിരുന്നു. സംയുക്ത കർഷക സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹി ചലോ സമരത്തിന്റെ രണ്ടാം വാർഷിക ദിനമായ ഇന്ന്കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിന് മുൻപിൽ നടത്തിയ പ്രതിഷേധധർണ ഉദ്ഘാടനം ചെയ്യാനെത്തിയ ഇ.പി ജയരാജനോട് ഈക്കാര്യത്തിൽ മാധ്യമപ്രവർത്തകർ പ്രതികരണമാരാഞ്ഞുവെങ്കിലും അദ്ദേഹം സംസാരിക്കാൻ തയ്യാറായില്ല.

സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി ജയരാജൻ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതായാണ് കഴിഞ്ഞ ദിവസം വാർത്തകൾ വന്നത്. പാർട്ടിയുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങളിലെ കടുത്ത അതൃപ്തിയും പാർട്ടി നേതൃത്വം തന്നെ അവഗണിക്കുന്നു എന്ന ചിന്തയുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നായിരുന്നു വാർത്തകളുടെ ഉള്ളടക്കം. ഇ.പി ജയരാജൻ അനിശ്ചിതകാല അവധിയിലാണെന്ന് നേരത്തെയും വാർത്തകൾ വന്നിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഇ.പി ജയരാജൻ തിരുവനന്തപുരം എ.കെ.ജി സെന്ററിലെത്തിയിരുന്നില്ല. ഗവർണർക്കെതിരെ എൽ.ഡി. എഫ് നടത്തിയ രാജ്ഭവൻ മാർച്ചിൽ കൺവീനർ പങ്കെടുക്കാത്തത് വലിയ ചർച്ചകൾക്കിടയാക്കി.

തന്നെക്കാൾ ജൂനിയറായ എം.വി ഗോവിന്ദനെ പാർട്ടി പി.ബിയിലെക്ക് കോപ്റ്റു ചെയ്തത് ഇ.പിയെ ചൊടിപ്പിച്ചുവെന്നായിരുന്നു വാർത്തകൾ. എന്നാൽ താൻ ആരോഗ്യപരമായ കാരണങ്ങളാലാണ് വിട്ടുനിന്നതെന്നായിരുന്നു പിന്നീട് പാപ്പിനിശേരിയിലെ വീട്ടിൽ നിന്നും ഇ.പി ജയരാജൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. പാർട്ടിക്ക് അവധി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഈ അവധി അനിശ്ചിതകാലത്തേക്ക് നീട്ടാൻ ഇ.പിയൊരുങ്ങുന്നുവെന്നും സജീവരാഷ്ട്രീയം അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്നും പിന്നീട് തുടർവാർത്തകൾ വന്നു. ഈക്കാര്യത്തിൽ ഇ.പിയും പാർട്ടിയും മൗനം പാലിക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ കണ്ണൂരിലെ ഏറ്റവും സീനിയറായ സി.പി. എം നേതാക്കളിലൊരാളാണ് കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി ജയരാജൻ.

1950 മെയ്‌ 28ന് കണ്ണൂരിലാണ് ഇ.പി. ജയരാജന്റെ ജനനം. സിപിഎമ്മിന്റെ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയായിരുന്നു ഇ.പി. ജയരാജൻ രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. ചെറിയ പ്രായത്തിലേ മികച്ച സംഘാടകനായി പേരെടുത്ത ഇപി ജയരാജൻ കണ്ണൂർ ജില്ലയിൽ സിപിഎമ്മിന്റെ പ്രധാന നേതാവും പിന്നീട് കേന്ദ്രകമ്മിറ്റി അംഗം വരെയായി. ഡിവൈഎഫ്ഐ യുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ജനറൽ മാനേജരുമായിരുന്നു അദ്ദേഹം.

ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായ-കായിക മന്ത്രിയായിരുന്നു ഇ.പി. ജയരാജൻ. മന്ത്രിയായിരിക്കെ ബന്ധു നിയമന വിവാദത്തിൽ പെട്ടതോടെ 2016 ഒക്ടോബർ 14ന്, ഇ.പി. ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചു. 2017 സെപ്റ്റംബറിൽ, വിജിലൻസ് ബന്ധുനിയമന കേസിൽ കുറ്റവിമുക്തനാക്കിയതോടെ ജയരാജൻ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി. കേരള നിയമസഭയിലേക്ക് നാലുതവണ തെരഞ്ഞെടുക്കപ്പെട്ടു. 1991 മുതൽ 1996 വരെയും 2011 മുതൽ 2021 വരെയും കേരള നിയമസഭാംഗമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP