Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ ഇസ്ലാമിക വിരുദ്ധം; എതിർക്കാൻ മതനേതൃത്വം രംഗത്തുവരണം'; ലോകകപ്പ് ഫുട്ബോൾ ആവേശത്തിനെതിരെ സമസ്ത ഇ കെ വിഭാഗത്തിന് പിന്നാലെ എ പി വിഭാഗവും; കൂടുതൽ മതനേതാക്കൾ രംഗത്ത്

'താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ ഇസ്ലാമിക വിരുദ്ധം; എതിർക്കാൻ മതനേതൃത്വം രംഗത്തുവരണം'; ലോകകപ്പ് ഫുട്ബോൾ ആവേശത്തിനെതിരെ സമസ്ത ഇ കെ വിഭാഗത്തിന് പിന്നാലെ എ പി വിഭാഗവും; കൂടുതൽ മതനേതാക്കൾ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ലോകകപ്പ് ഫുട്ബോൾ ആവേശ ലഹരിയിൽ ലോകം മുന്നേറവെ, താര ആരാധന അടക്കമുള്ള വിഷയങ്ങളിൽ നിലപാട് കടുപ്പിച്ച് എ പി വിഭാഗവും രംഗത്ത്. ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകൾ ഇസ്ലാമിക വിരുദ്ധമാണെന്ന വാദവുമായി സമസ്ത എ പി വിഭാഗം രംഗത്തെത്തി. ഇതിനെ എതിർക്കാൻ മതനേതൃത്വം രംഗത്തുവരണമെന്ന് എസ് വൈ എസ് നേതാവ് പേരോട് അബ്ദുറഹ്‌മാൻ സഖാഫി ആവശ്യപ്പെട്ടു.

ഫുട്ബോൾ ആരാധന അതിരുവിടുന്നുവെന്ന് സമസ്ത ഇകെ വിഭാഗം വെള്ളിയാഴ്ച പറഞ്ഞിരുന്നു. താരാരാധനയിലേക്കും അന്യ രാജ്യങ്ങളുടെ ദേശീയ പതാകകൾ സ്വന്ത്യം രാജ്യത്തേക്കാൾ സനേഹിക്കുന്ന തരത്തിലേക്കും കാര്യങ്ങൾ മാറുന്നു. ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികൾ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച പള്ളികളിൽ പ്രാർത്ഥനയ്ക്ക് ശേഷം മുന്നറിയിപ്പ് നൽകണമെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി അറിയിച്ചിരുന്നു. സമസ്ത ഖുത്തുബ കമ്മിറ്റിയിലായിരുന്നു പ്രഖ്യാപനം.

സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ നിത്യ ഭക്ഷണത്തിന് പോലും മനുഷ്യൻ പ്രയാസമനുഭവിക്കുമ്പോൾ വമ്പിച്ച സമ്പത്ത് കട്ടൗട്ടുകൾ ഉയർത്താനും മറ്റുമായി ചെലവാക്കുന്ന അവസ്ഥ യുവാക്കൾക്കിടയിൽ വ്യാപകമായി മാറുകയാണ്. പോർച്ചുഗൽ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നത് തെറ്റാണ്. അതോടൊപ്പം കുട്ടികളുടെ പഠനങ്ങൾക്ക് പോലും ഭംഗം വരുകയും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമസ്തയുടെ ഖുത്തുബ കമ്മിറ്റി ഇത്തരത്തിലൊരു നിർദ്ദേശം നൽകിയിരിക്കുന്നതെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞിരുന്നു.

ഇതിൽ ഒരു യാഥാസ്ഥിതികത്വവും ഇല്ല. കഴിഞ്ഞ തവണയും അതിന് മുമ്പും ഇത്തരത്തിലുള്ള ബോധവൽക്കരണം നടത്തിയിട്ടുണ്ട്. യാഥാസ്ഥിതികന്മാർ എന്ന് മാത്രം പറഞ്ഞ് ആക്ഷേപിക്കേണ്ട ആവശ്യമില്ല. പുരോഗമന വാദികൾ എന്ന് പറയുന്ന സംഘടനകൾ പോലും ഇത്തരം ബോധവൽക്കരണം നടത്താറുണ്ട്. ഇത് യാഥാസ്ഥിതികത്വവും പുരോഗമനവും തമ്മിലുള്ള സംഘർഷമല്ല. തങ്ങൾ പുതുതലമുറയുടെ വികാരങ്ങൾ ഉൾക്കൊള്ളുന്നവരും അതിനെ നിരുത്സാഹപ്പെടുത്താത്തവരുമാണ്. എന്നാൽ ഇത് ജ്വരമായി മാറുന്നതിനെയാണ് എതിർക്കുന്നതെന്നും നാസർ ഫൈസി കൂടത്തായി കൂട്ടിച്ചേർത്തു.

സമസ്തയ്ക്ക് പിന്നാലെ ഫുട്ബോൾ ആവേശത്തിനെതിരെ പ്രചാരണവുമായി കൂടുതൽ മതനേതാക്കൾ രംഗത്ത് വന്നുകഴിഞ്ഞു. ഫുട്ബോൾ ലഹരി ഇസ്ലാമിക വിരുദ്ധമാണെന്ന് സലഫി പ്രഭാഷകൻ അബ്ദുൽ മുഹ്സിൻ ഐദീദ് പറഞ്ഞു.

ഫുട്ബോളിന്റേയും ക്രിക്കറ്റിന്റേയും പേരിൽ യുവാക്കൾ അവരുടെ ജീവതത്തിന്റെ പ്രധാനപ്പെട്ട ഭാഗം നശിപ്പിക്കുമ്പോൾ അത് തിരുത്താൻ പോലും ആളുകൾക്ക് ധൈര്യമില്ലാതായിരിക്കുന്നുവെന്നായിരുന്നു മുഹ്സിൻ ഐദീദിന്റെ പരാമർശം. അതിനെക്കുറിച്ച് പറഞ്ഞാൽ പിന്തിരിപ്പനായ കാര്യം പറയുന്നത് പോലെയാണ് ആളുകൾ മനസ്സിലാക്കുന്നത്. യുവാക്കൾ പറയുന്നതിലും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്ന വാക്കുകളിലും താരങ്ങളെ കൺകണ്ട ദൈവമെന്ന് വിശേഷിപ്പിക്കുന്നുവെന്നും മുഹ്സിൻ ഐദീദ് പറഞ്ഞു.

'ഫുട്ബോളിന്റെയും ക്രിക്കറ്റിന്റേയും ദൈവമെന്ന് കളിക്കാരെ വിശേഷിപ്പിക്കുന്നു. ഇവർ വിചാരിച്ചാൽ നടക്കാത്ത കാര്യമില്ലെന്ന് പറയുന്നു. എങ്ങോട്ടാണ് ആളുകളെ നിങ്ങൾ ഇവരെ പുകഴ്‌ത്തി?. കുറച്ചുനേരം അങ്ങോട്ടുമിങ്ങോട്ടും ഓടിയാൽ അതിനുവേണ്ടി കോടികൾ വാങ്ങുന്ന, ബുദ്ധിയില്ലാത്ത, യാതൊരു അർഥവുമില്ലാത്ത കാര്യങ്ങൾ, അതിന്റെ പിന്നിൽ ജനങ്ങളെ തളച്ചിടുന്ന ആളുകൾ, അവരെ പുകഴ്‌ത്തുകയും അമിതമായി വാഴ്‌ത്തുകയാണ്. വലിയ കട്ടൗട്ടുകൾ വെച്ച് അഭിമാനം നടിക്കുകയും അഹങ്കാരം പറയുകയുമാണ്.'- അബ്ദുൽ മുഹ്സിൻ ഐദീദ് കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP