Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേക്കിൽ ശിൽപം നിർമ്മിച്ച് വെള്ളക്കാരെ വിസ്മയിപ്പിച്ച് അന്ന; കേക്ക് ഉണ്ടാക്കി ഓസ്‌കാർ നേടാൻ ബ്രിട്ടനിൽ എത്തിയ കാഞ്ഞിരപ്പള്ളിക്കാരിയുടെ കഥ

കേക്കിൽ ശിൽപം നിർമ്മിച്ച് വെള്ളക്കാരെ വിസ്മയിപ്പിച്ച് അന്ന; കേക്ക് ഉണ്ടാക്കി ഓസ്‌കാർ നേടാൻ ബ്രിട്ടനിൽ എത്തിയ കാഞ്ഞിരപ്പള്ളിക്കാരിയുടെ കഥ

ലതരത്തിലുള്ള കേക്കുകൾ നമ്മൾ കണ്ടിട്ടുണ്ട്. പല രൂപത്തിലും ഭാവത്തിലും നിറത്തിലും രുചിയിലുമെല്ലാമുള്ള കേക്കുകൾ. പക്ഷേ കാഞ്ഞിരപള്ളിക്കാരി അന്ന മാത്യു വടയാറ്റ് ഉണ്ടാക്കുന്ന കേക്കുകൾ കണ്ടാൽ ആരും ഒന്നമ്പരക്കും. അത്രയ്ക്കും മികച്ചതാണ് അന്ന ഉണ്ടാക്കുന്ന കേക്കുകൾ. കേക്ക് നിർമ്മിച്ച് നിർമ്മിച്ച് ഇപ്പോൾ ഈ കാഞ്ഞിരപള്ളിക്കാരി ഇംഗ്ലണ്ടിലെ ബർമിങ്ങ്ഹാമിൽ എത്തിയിരിക്കുകയാണ്. അടിപൊളി കേക്കുകൾ നിർമ്മിച്ച് വെള്ളക്കാരുടെ കൈയടി നേടി കേക്കിന്റെ ഓസ്‌കാർ എന്നറിയപ്പെടുന്ന കേക്ക് മാസ്റ്റർ പുരസ്‌കാരം സ്വന്തമാക്കാനാണ് അന്ന ബർമിങ്ങ്ഹാമിൽ എത്തിയിരിക്കുന്നത്.

ലോകത്തെമ്പാടും കേക്കുകളുടെ കാര്യത്തിൽ അവസാന വാക്കെന്നു വിശേഷിപ്പിക്കാവുന്ന കേക്ക് മാസ്‌റ്റേഴ്‌സ് മാസികയാണു കേക്ക് ഓസ്‌കാർ സമ്മാനം നൽകുന്നത്. കേക്ക് മാസ്‌റ്റേഴ്‌സ് മാഗസിൻ നടത്തുന്ന കേക്ക് രൂപകൽപനാ മൽസരത്തിന്റെ ഫൈനൽ റൗണ്ടിൽ മോഡലിങ്ങ് എക്‌സലൻസ് അവാർഡ് വിഭാഗം ഫൈനലിസ്റ്റാണ് അന്ന. ഇന്ന് നടക്കുന്ന മത്സരത്തിൽ നാലു പേരാണ് അന്നയ്ക്കാപ്പം ഫൈനലിൽ മാറ്റുരയ്ക്കുന്നത്.

ആരെയും അമ്പരപ്പിക്കുന്ന രീതിയിലുള്ള കേക്കു നിർമ്മാണ വൈഭവമാണ് മത്സരത്തിന്റെ ഫൈനലിൽ എത്താൻ അന്നയ്ക്ക് തുണയായത്. യാദൃശ്ചികമായിട്ടാണ് അന്ന കേക്ക് നിർമ്മാണത്തിലെത്തിയത്. ബിരുദ പഠനത്തിനുശേഷം ചെന്നൈയിലെ സ്‌റ്റെല്ലാ മാരിസിൽനിന്നും ഫൈൻ ആർട്‌സിൽ ഗോൾഡ് മെഡൽ ജേതാവായിരുന്നു അന്ന. നൃത്തത്തിലും ചിത്രരചനയിലുമെല്ലാം അതീവ പ്രഗത്ഭ ആയിരുന്ന അന്ന രണ്ടുവർഷം മുൻപാണ് കേക്ക് ആർട്ടിലേക്ക് കടന്നത്.

സുഹൃത്തിന്റെ കുട്ടിയുടെ പിറന്നാളിന് ഒരു ഫാം ഹൗസിന്റെ തീമിലുള്ള കേക്ക് നിർമ്മാണത്തിൽ തുടങ്ങിയതാണ് ഈ കേക്ക് യാത്ര. പിന്നെ അന്നയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പരമ്പരാഗത രീതിയിൽനിന്നു വ്യത്യസ്തമായി കേക്ക് രൂപകൽപനയിലേക്കു തന്റെ ശിൽപനിർമ്മാണ വൈഭവം കൂട്ടിയിണക്കുകയാണ് അന്ന ചെയ്തത്. ഒട്ടും സ്ഥിരതയില്ലാത്ത മാദ്ധ്യമമായ ചോക്‌ലേറ്റിനെയാണ് അന്ന തന്റെ വരുതിയിലാക്കിയത്.

കഴിഞ്ഞ മൂന്നുവർഷമായി മുന്നൂറിലേറെ വ്യത്യസ്തമായ കേക്കുകൾ അന്ന രൂപകൽപന ചെയ്തിട്ടുണ്ട്. ഇങ്ങനെയും കേക്കുണ്ടാക്കാമോ എന്നാണ് അന്നയുടെ കേക്കുകൾ കാണുമ്പോൾ ആദ്യം മനസിൽ വരിക. ആദ്യ കാഴ്ചയിൽ മനോഹരങ്ങളായ സെറാമിക് ശിൽപ്പങ്ങൾ പോലെയാണ് അന്നയുടെ കേക്ക് തോന്നുക. മലയാള സിനിമകളിലെ നായികമാർക്കും കാരിക്കേച്ചർ കേക്കുകളായി അന്ന രൂപാന്തരം നൽകിയിട്ടുണ്ട്. കാവ്യമാധവന്റെ പിറന്നാളിനൊരുക്കിയ കാവ്യയുടെ രൂപത്തിലുള്ള കേക്കും ആൻ അഗസ്റ്റിന്റെ രൂപത്തിലുള്ള കേക്കുമെല്ലാം അന്നയുടെ വിരൽതുമ്പിൽ പിറന്ന വിസ്മയങ്ങളാണ്.

 

പിറന്നാളുകാരുടെ രൂപസാദൃശ്യമുള്ള കാർട്ടൂൺ കഥാപാത്രങ്ങളിലും കാരിക്കേച്ചറുകളിലും പാർട്ടി തീമിലും കേക്കുകൾ അന്ന നിർമ്മിക്കും. പല കേക്കുകളുടെയും പിന്നിൽ ഒരാഴ്ച നീളുന്ന അധ്വാനമുണ്ട്. എന്നാൽ കസ്റ്റമേഴ്‌സ് മനസിൽ കണ്ട രൂപങ്ങൾ കേക്കുകളായി മാറിയതിന്റെ സംതൃപ്തിയും സന്തോഷവും അവർ അറിയിക്കുമ്പോഴുള്ള ചാരിതാർത്ഥ്യമാണ് അധ്വാനത്തിന് ലഭിക്കുന്ന ബോണസ് എന്ന് അന്ന പറയുന്നു. വിവാഹങ്ങൾക്ക് ദമ്പതിമാരുടെ രൂപത്തിലും പിറന്നാളുകാർക്ക് അവരുടെ രൂപത്തിലുമെല്ലാമുള്ള കേക്കുകളുമെല്ലാം അന്ന നിർമ്മിച്ചു നൽകുന്നു. ഒരുതവണ ഉണ്ടാക്കിയ കേക്ക് അന്ന വീണ്ടും ഉണ്ടാക്കില്ല.

കേക്ക് മാസ്‌റ്റേഴ്‌സിൽനിന്നുള്ള പുരസ്‌കാരം ഏതൊരു കേക്ക് ഡിസൈനറുടെയും സ്വപ്‌നമാണ്. കേക്ക് ഓസ്‌കർ പുരസ്‌കാര പട്ടികയിലേക്കു കടന്നതോടെ അന്ന ലോകമെമ്പാടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. പുരസ്‌കാരം ലഭിക്കുന്നതിനപ്പുറം രാജ്യത്തിനുവേണ്ടി പങ്കെടുക്കുന്നതിലാണു പ്രാധാന്യം നൽകുന്നതെന്നും അന്ന പറയുന്നു.

അന്നയുടെ കേക്ക് ശിൽപനിർമ്മാണത്തിന് യു.കെയിലെ 2014ലെ പ്രെറ്റി വിറ്റി കേക്‌സ് അവാർഡും ലഭിച്ചിട്ടുണ്ട്. 55 രാജ്യങ്ങളിൽ നിന്ന് അംഗങ്ങളുള്ള യുകെയിലെ പ്രെറ്റി വിറ്റി കേക്ക്‌സ് നടത്തിയ ഓൺലൈൻ കേക്ക് മൽസരത്തിൽ അന്ന മാത്യുവിന്റെ ഓൾഡ് കപ്പിൾ എന്ന കേക്കാണ് സമ്മാനാർഹമായത്. അടുത്ത കാലത്തു ചെയ്ത കഥകളി കേക്ക് രാജ്യാന്തര മാഗസിനിൽ ഇടം പിടിച്ചിട്ടുമുണ്ട്. കൊച്ചിയിലെ രവിപുരത്ത് ചേലൂർപുഷ്പക് എന്ന ഫ്ളാറ്റിലാണ് അന്ന കുടുംബസമേതം താമസിക്കുന്നത്. ഐസിഐസിഐ ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവ് ഓസ്റ്റിനും രണ്ടു കുട്ടികളുമടങ്ങുന്നതാണ് കുടുംബം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP