Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നേതാക്കളുടെ അതിസമ്മർദ്ദത്തിന് കെ സുധാകരനും വഴങ്ങിയേക്കും; തരൂരിനൊപ്പം പ്രൊഫഷണൽ കോൺഗ്രസിന്റെ കൊച്ചി കോൺക്ലേവിൽ സുധാകരൻ പങ്കെടുത്തേക്കില്ല; തരൂരിനെ കണ്ടാൽ മിണ്ടാത്ത വിധം പിണക്കത്തിലുള്ള സതീശൻ പങ്കെടുക്കുക തിരുവനന്തപുരം എം പി പങ്കെടുക്കാത്ത ലീഡേഴ്സ് ഫോറത്തിൽ; അച്ചടക്ക ഭീഷണിക്കൊപ്പം തരൂരിനെ ഒതുക്കാൻ ബഹിഷ്‌ക്കരണ ലൈനും

നേതാക്കളുടെ അതിസമ്മർദ്ദത്തിന് കെ സുധാകരനും വഴങ്ങിയേക്കും; തരൂരിനൊപ്പം പ്രൊഫഷണൽ കോൺഗ്രസിന്റെ കൊച്ചി കോൺക്ലേവിൽ സുധാകരൻ പങ്കെടുത്തേക്കില്ല; തരൂരിനെ കണ്ടാൽ മിണ്ടാത്ത വിധം പിണക്കത്തിലുള്ള സതീശൻ പങ്കെടുക്കുക തിരുവനന്തപുരം എം പി പങ്കെടുക്കാത്ത ലീഡേഴ്സ് ഫോറത്തിൽ; അച്ചടക്ക ഭീഷണിക്കൊപ്പം തരൂരിനെ ഒതുക്കാൻ ബഹിഷ്‌ക്കരണ ലൈനും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ സജീവമാകാൻ ഒരുങ്ങിയ ശശി തരൂനെ കണ്ടാൽ മിട്ടാത്ത വിധത്തിലാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം നടത്തിയ ബലൂൺ പരാമർശത്തിന് അതേനാണയത്തിൽ തരൂർ മറുപടി നൽകിയതാണ് സതീശന് ക്ഷീണമായത്. ഇതോടെ തിരുവനന്തപുരത്തെ സ്വകാര്യ ചടങ്ങിൽ ഒരേ വേദിയിൽ എത്തിയെങ്കിലും പരസ്പ്പരം സംസാരിക്കാതിരിക്കയായിരുന്നു ഇരു നേതാക്കളും. അത്രയ്കും മാനസികമായി തരൂരുമായി അകന്നിട്ടുണ്ട് സതീശൻ. ഇതിനിടെ, സതീശന്റെ സമ്മർദ്ദം മറ്റ് നേതാക്കളിലേക്കും എത്തുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്.

ശശി തരൂർ ദേശീയ പ്രസിഡണ്ടായ പ്രൊഫഷണൽ കോൺഗ്രസിന്റെ നാളത്തെ കോൺക്ലേവിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പങ്കെടുക്കില്ലെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. കെ സുധാകരനും ശശി തരൂരും ഒന്നിച്ചു വേദി പങ്കിടുന്ന രീതിയിലായിരുന്നു ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ, ഉന്നത നേതാക്കളുടെ സമ്മർദ്ദം സുധാകരനിലേക്ക് എത്തിയിട്ടുണ്ട്. തരൂരിനെ ഒറ്റപ്പെടുത്തുക എന്ന ഉദ്ദേശ്യം തന്നെയാണ് ഇതിൽ. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് വീണ്ടും സുധാകരനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഹൈക്കമാൻഡിൽ നിന്നും ഇറങ്ങിയിട്ടുമില്ല. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്കും അനഭിമതനായ ശശി തരൂരിനൊപ്പം വേദി പങ്കിടാൻ സുധാകരൻ തയ്യാറായേക്കില്ല എന്നാണ് സൂചനകൾയ

കൊച്ചിയിൽ ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ ശശി തരൂരും വി ഡി സതീശനും പങ്കെടുക്കുമെങ്കിലും ഇരുവരും ഒരേ വേദിയിൽ എത്തില്ല. തരൂരുമായി കണ്ടുമുട്ടുന്നത് പോലും സതീശൻ ആഗ്രഹിക്കുന്നില്ലെന്നാണ് നേതാക്കളും പറയുന്നത്. അതുകൊണ്ട് തന്നെ രണ്ട് സെക്ഷനുകളിലായാണ് ഇരു നേതാക്കളും പങ്കെടുക്കുക. രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ശശി തരൂർ പങ്കെടുക്കുക. വൈകീട്ട് 5 ന് നടക്കുന്ന ലീഡേഴ്സ് ഫോറത്തിലാകും വി ഡി സതീശൻ പങ്കെടുക്കുക.

സംസ്ഥാന തലത്തിലെ കോൺഗ്രസ് വേദികളിൽ ശശി തരൂരിന്റെ സാന്നിദ്ധ്യം ചർച്ചയാകുമ്പോൾ തരൂരിനെ കൊച്ചിയിൽ ഇറക്കാനുള്ള ഒരുക്കത്തിലാണ് പ്രൊഫഷണൽ കോൺഗ്രസ്. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. രാവിലെ ഒൻപത് മുതൽ ആറ് മണി വരെ വിവിധ സെഷനുകളിലായിട്ടാണ് പരിപാടി നടക്കുക. ഡോ. എസ് എസ് ലാലും മാത്യുകുഴൽനാടൻ എംഎൽഎയുമാണ് പ്രധാന സംഘാടകർ. ഇരുവരും തരൂരിന്റെ വിശ്വസ്തരുമാണ്.

കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒപ്പമായിരുന്നു ശശി തരൂരിനെയും ക്ഷണിച്ചത്. ഡിക്കോഡ് എന്ന പേരിട്ട സംസ്ഥാന തല കോൺക്ലേവിൽ മുഖ്യപ്രഭാഷകൻ ആയിട്ടായിരുന്നു തരൂരിന് ക്ഷണം. മൂന്ന് പേർക്കും തുല്യ പ്രാധാന്യം നൽകിയായിരുന്നു പ്രചാരണവും. എന്നാൽ നാളത്തെ പരിപാടിയിൽ കെ സുധാകരൻ പങ്കെടുക്കില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

അതിനിടെ പര്യടന വിവാദം പാർട്ടിക്കകത്തും പുറത്തും കൊടുമ്പിരി കൊണ്ടിരിക്കെ ശശി തരൂരിനെ വരുതിയിൽ നിർത്താൻ കെപിസിസി അച്ചടക്ക സമിതി. ശശി തരൂരിന് പാർട്ടി ചട്ടക്കൂടിന് ഉള്ളിൽ നിന്ന് പരിപാടികളിൽ പങ്കെടുക്കാമെന്ന് സമിതി നിർദ്ദേശിച്ചിട്ടുണ്ട്. ബന്ധപ്പെട്ട പാർട്ടി ഘടകങ്ങളുടെ അനുമതിയോടെ മാത്രമേ പരിപാടികളിൽ പങ്കെടുക്കാവൂ. പാർട്ടി ചട്ടക്കൂടിന് സമാന്തരമായി പരിപാടികൾ പാടില്ലെന്നും കെപിസിസി അച്ചടക്ക സമിതി നിർദ്ദേശിക്കുന്നു. ബന്ധപ്പെട്ട എല്ലാവരെയും അച്ചടക്ക സമിതി നിർദ്ദേശം അറിയിച്ചിട്ടുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.

അതേസമയം കോഴിക്കോടുള്ള താരീഖ് അൻവർ പ്രശ്‌ന പരിഹാരത്തിനായി ഇന്ന് ഇടപെട്ടേക്കും. കോഴിക്കോട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, രമേശ് ചെന്നിത്തല, എംപിമാരായ കെ മുരളീധരൻ, എം കെ രാഘവൻ തുടങ്ങിയവർ പങ്കെടുക്കുന്ന വിവിധ പരിപാടികളിൽ അദ്ദേഹം ഭാഗമാകും. തരൂർ വിഷയത്തിൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന എം കെ രാഘവനുമായി താരിഖ് അൻവർ ചർച്ച നടത്തുമെന്നാണ് സൂചന.

എന്നാൽ, വിഭാഗീയ ആരോപണം തരൂർ പൂർണമായും തള്ളുകയാണ്. തന്റെ ഏത് വാക്കുകളിലാണ് വിഭാഗീയത ഉള്ളതെന്നാണ് തരൂർ ചോദിക്കുന്നത്. നേതൃത്വം അസ്വസ്ഥരാകുമ്പോഴും പാർട്ടിയെ ശക്തിപ്പെടുത്താൻ പാർട്ടിക്കുള്ളിൽ നിന്നാണ് തന്റെ ശ്രമമെന്നാണ് ശശി തരൂർ മറുപടി പറയുന്നത്. എന്നാൽ തരൂരിനൊപ്പമോ അതോ എതിരോ എന്ന നിലയിലേക്ക് സംസ്ഥാന കോൺഗ്രസ്സിലെ ബലാബലം തന്നെ മാറിമറഞ്ഞു. ശശി തരൂരിനിത് വൻ നേട്ടമാണെന്നത് വ്യക്തം.

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരസ്യമായി എതിർത്ത കേരള നേതാക്കൾ മുഴുവൻ തരൂരിന്റെ അതിവേഗ നീക്കത്തിൽ വെട്ടിലായി. പാർട്ടി നയങ്ങൾ ഉയർത്തിയുള്ള പരിപാടികളെങ്ങിനെ വിമതനീക്കമാകുമെന്നാണ് തരൂരിന്റെ ചോദ്യം. സംഘപരിവാറിനെതിരായ നീക്കങ്ങളിൽ കോൺഗ്രസ് ഫോറത്തിൽ നിന്ന് തന്നെ മത-സാമുദായിക നേതാക്കളുമായും പ്രൊഫഷണലുകളുമായാണ് സംവാദങ്ങളും കൂടിക്കാഴ്ചയും. അതുകൊണ്ട് തന്നെ ഇതൊന്നും അച്ചടക്കലംഘനമായി എടുക്കാനാകില്ലെന്നത് കെപിസിസി നേതൃത്വത്തിന് മുന്നിലെ വെല്ലുവിളി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP