Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പകൽ സമയത്ത് മോഷണത്തിനെത്തിയത് ചിന്നമ്മ വീട്ടിൽ തനിച്ചെന്നറിഞ്ഞ് ; മോഷണം എതിർക്കാൻ ശ്രമിച്ചതോടെ കൈയിലുണ്ടായിരുന്ന വാക്കത്തിക്ക് വെട്ടി; ബോധം നഷ്ടപ്പെട്ട് നിലത്ത് പതിച്ചതോടെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് ജീവനോടെ കത്തിച്ചു; പൊലീസിനോട് സംഭവം വിവരിച്ച് നാരകക്കാനത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതിയായ അയൽവാസി

പകൽ സമയത്ത് മോഷണത്തിനെത്തിയത് ചിന്നമ്മ വീട്ടിൽ തനിച്ചെന്നറിഞ്ഞ് ; മോഷണം എതിർക്കാൻ ശ്രമിച്ചതോടെ കൈയിലുണ്ടായിരുന്ന വാക്കത്തിക്ക് വെട്ടി; ബോധം നഷ്ടപ്പെട്ട് നിലത്ത് പതിച്ചതോടെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് ജീവനോടെ കത്തിച്ചു; പൊലീസിനോട്  സംഭവം വിവരിച്ച് നാരകക്കാനത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതിയായ അയൽവാസി

മറുനാടൻ മലയാളി ബ്യൂറോ

ചെറുതോണി: ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ വെട്ടിപരിക്കേൽപ്പിച്ച ശേഷം തീകൊളുത്തി കൊന്ന കേസിൽ പൊലീസിനോട് സംഭവങ്ങൾ വിവരിച്ച് പ്രതിയും അയൽവാസിയുമായ വെട്ടിയാങ്കൽ സജി.നാരകക്കാനം കുമ്പിടിയാമാക്കൽ ചിന്നമ്മ ആന്റണി(62)യെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസിയായ വെട്ടിയാങ്കൽ സജി എന്ന തോമസിനെ കട്ടപ്പന ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കമ്പത്ത് വച്ച് അറസ്റ്റ് ചെയ്തത്.

മോഷണശ്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി ചിന്നമ്മയെ വാക്കത്തി കൊണ്ട് വെട്ടിയതെന്നും പിന്നീട് അടുക്കളയിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് ജീവനോടെ കത്തിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.പകൽസമയം വീട്ടിൽ ചിന്നമ്മ തനിച്ചാണെന്ന് അറിയാവുന്ന പ്രതി മോഷണം ലക്ഷ്യമിട്ടാണ് എത്തിയത്.

ചിന്നമ്മയുടെ മാലയും വളകളും മോഷ്ടിക്കാനായിരുന്നു ശ്രമം. എന്നാൽ മോഷണശ്രമം തടയാൻശ്രമിച്ചതോടെ ചിന്നമ്മയെ പ്രതി വെട്ടിപരിക്കേൽപ്പിച്ചു. ബോധരഹിതയായി നിലത്തുവീണ ചിന്നമ്മയെ പിന്നീട് ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് ജീവനോടെ തീകൊളുത്തി കൊല്ലുകയായിരുന്നു.

ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ചിന്നമ്മയുടെ മൃതദേഹം അടുക്കളയിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയത്.ആദ്യനോട്ടത്തിൽത്തന്നെ സംഭവം അപകടമരണമല്ലെന്ന് സംശയം തോന്നിയിരുന്നു. മുറികളിലെ ഭിത്തികളിൽ പലഭാഗത്തും രക്തക്കറകൾ കണ്ടെത്തി. മൃതദേഹം കിടന്നഭാഗത്ത് മാത്രമേ തീ കത്തിയിരുന്നുള്ളൂ.

വീട്ടിലെ ഉപകരണങ്ങൾക്കും അടുപ്പിനും യാതൊരുകേടുപാടുകളും സംഭവിച്ചിരുന്നില്ല. മൃതദേഹം കിടന്നതിനടിയിൽ പുതപ്പ് വിരിച്ചിരുന്നതും വീട്ടിലെ മറ്റ് തുണികൾ മൃതദേഹത്തോടൊപ്പം കണ്ടതും സംശയത്തിനിടയാക്കി.ഗ്യാസ് അടുപ്പുപയോഗിക്കുവാൻ നന്നായി പരിചയമുള്ള ചിന്നമ്മക്ക് ഇത്തരത്തിൽ അപകടമരണം സംഭവിക്കാനുള്ള സാധ്യതയില്ലെന്ന് തന്നെയായിരുന്നു പ്രാഥമിക നിഗമനം.

മാത്രമല്ല, ചിന്നമ്മയുടെ ശരീരത്തിലുണ്ടായിരുന്ന ഏഴുപവനോളം തൂക്കംവരുന്ന സ്വർണാഭരണങ്ങൾ കാണാതായതും കൊലപാതകമാണെന്ന സംശയത്തിന് ആക്കംകൂട്ടി. തുടർന്ന് കട്ടപ്പന ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിൽ പ്രത്യേകസംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP