Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാറയുമായെത്തിയ ലോറിക്ക് മുമ്പിൽ കിടന്ന് പ്രതിഷേധിച്ചു; ഗ്ലാസുകൾ അടിച്ചു തകർത്തും അക്രമം; എടുത്തെറിഞ്ഞത് വലിയ കല്ലുകൾ; സുരക്ഷയൊരുക്കാനുള്ള ശക്തി പൊലീസിനില്ലെന്ന് തിരിച്ചറിഞ്ഞ് അദാനി ഗ്രൂപ്പ് വീണ്ടും പിന്മാറി; ഹൈക്കോടതിക്ക് നൽകിയ ഉറപ്പുകൾ അട്ടിമറിച്ച് സമര സമിതി; വിഴിഞ്ഞത്ത് കേന്ദ്ര സേന എത്തുമോ?

പാറയുമായെത്തിയ ലോറിക്ക് മുമ്പിൽ കിടന്ന് പ്രതിഷേധിച്ചു; ഗ്ലാസുകൾ അടിച്ചു തകർത്തും അക്രമം; എടുത്തെറിഞ്ഞത് വലിയ കല്ലുകൾ; സുരക്ഷയൊരുക്കാനുള്ള ശക്തി പൊലീസിനില്ലെന്ന് തിരിച്ചറിഞ്ഞ് അദാനി ഗ്രൂപ്പ് വീണ്ടും പിന്മാറി; ഹൈക്കോടതിക്ക് നൽകിയ ഉറപ്പുകൾ അട്ടിമറിച്ച് സമര സമിതി; വിഴിഞ്ഞത്ത് കേന്ദ്ര സേന എത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹൈക്കോടതി നൽകിയ ഉറപ്പ് വീണ്ടും സമര സമിതി ലംഘിച്ചു. വിഴിഞ്ഞം തുറമുഖ സമരം അതിശക്തമായി തുടരും. അദാനി ഗ്രൂപ്പിന്റെ പ്രവർത്തനം സമരക്കാർ അനുവദിച്ചില്ല. നിർമ്മാണത്തിനുള്ള സാമഗ്രികളുമായി എത്തിയ ലോറികളെ തുറമുഖ പ്രദേശത്തേക്ക് സമരക്കാർ കടത്തി വിട്ടില്ല. മണിക്കൂറുകൾ നീണ്ട സംഘർഷത്തിനൊടുവിൽ ലോറികൾ തിരിച്ചു പോയി. പൊലീസിന്റെ നിർദ്ദേശം കൂടി മാനിച്ചാണ് ഇത്. ഇതോടെ കോടതിയുടെ നിർദ്ദേശങ്ങൾ വിഴിഞ്ഞത്ത് നടപ്പിലാക്കാൻ പൊലീസിന് കഴിയാത്ത സ്ഥിതി വന്നു.

പൊലീസ് സംരക്ഷണ ഉത്തരവ് വന്ന് നൂറുദിവസമായിട്ടും വിഴിഞ്ഞത്ത് നിർമ്മാണ പ്രവർത്തനം തടസപ്പെടുകയാണെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയിൽ ഉറപ്പു നൽകി. ഇതിന് പിന്നാലെയാണ് വീണ്ടും നിർമ്മാണ പ്രവത്തികൾ ആരംഭിക്കുമെന്ന് സർക്കാരിനെ കമ്പനി അറിയിച്ചത്. സുരക്ഷ ഒരുക്കാമെന്ന് പൊലീസും അറിയിച്ചു. രാവിലെ തന്നെ ലോറികളിൽ സാധനമെത്തി. എന്നാൽ സമരക്കാർ പ്രതിഷേധം തുടർന്നു. ഇതിനിടെ അദാനിയെ അനുകൂലിക്കുന്നവരും പ്രതിഷേധത്തിന് എത്തി. ഇവരെ പൊലീസ് തടഞ്ഞു. ഇതിനിടെ മത്സ്യ തൊഴിലാളികളുടെ പ്രതിഷേധം അക്രമാസക്തമായി. കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ പൊലീസും ലത്തീൻ സഭ അധികൃതരുമായി ചർച്ചയും നടന്നു. ലോറികളെ മുമ്പോട്ട് പോകാൻ അനുവദിക്കില്ലെന്ന് അവർ നിലപാട് എടുത്തു. ഇതോടെ പ്രതിഷേധ സ്ഥലത്ത് നിന്ന് ലോറികൾ മാറ്റി.

പദ്ധതി പ്രദേശത്തേക്ക് പാറയുമായെത്തിയ ലോറികളാണ് സമരക്കാർ തടഞ്ഞത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ലോറികൾ തടഞ്ഞ സമരക്കാരും പൊലീസുമായി വാക്കുതർക്കമുണ്ടായി. സ്ത്രീകളുൾപ്പെടെയുള്ളവർ റോഡിലിരുന്ന് പ്രതിഷേധിച്ചു. ഇത് ശക്തമായി തുടർന്നതോടെയാണ് ലോറികൾ മാറ്റിയിട്ടത്. സമരം തുടങ്ങി 102 ദിവസത്തിനുശേഷമാണ് പദ്ധതിക്കായി പാറയെത്തിച്ചത്. മുടങ്ങിക്കിടക്കുന്ന നിർമ്മാണം പുനരാരംഭിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് തുറമുഖ കമ്പനി കത്ത് നൽകിയിരുന്നുവെങ്കിലും സർക്കാർ മറുപടി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ ഇനി ഹൈക്കോടതി എടുക്കുന്ന നിലപാട് നിർണ്ണായകമാകും. വിഴിഞ്ഞം സുരക്ഷ കേന്ദ്ര സേനയെ ഏൽപ്പിക്കാനും സാധ്യതയുണ്ട്. ഇന്ന് പാറയുമായി എത്തിയ ലോറിയുടെ ചില്ലും സമരക്കാർ അടിച്ചു തകർത്തിരുന്നു.

തുറമുഖ നിർമ്മാണം വീണ്ടും തുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതോടെ സമരം നടത്തിയ മത്സ്യത്തൊഴിലാളികൾ പ്രദേശത്തേക്ക് പ്രതിഷേധവുമായെത്തുകയായിരുന്നു. വാഹനങ്ങൾ കടത്തിവിടില്ലെന്ന നിലപാട് സമര സമിതി തുടർന്നു. വാഹനങ്ങൾക്ക് മുന്നിൽ കിടന്ന് കൊണ്ട് പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അനുനയിപ്പിച്ച് നീക്കി. അതിനിടെ സ്ഥലത്തേക്ക് തുറമുഖ നിർമ്മാണത്തെ അനുകൂലിക്കുന്ന സംഘവുമെത്തിയതോടെ കൂടുതൽ സംഘർഷാവസ്ഥയുണ്ടായി. ചേരി തിരിഞ്ഞ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതോടെ അനുനയിപ്പിക്കാൻ പൊലീസ് പാടുപെട്ടു. ഇതോടെ സമവായത്തിലേക്ക് ചർച്ചകൾ വഴി മാറി. തുറമുഖ അനുകൂലികൾ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു.

വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാനുള്ള കുത്സിത ശ്രമങ്ങളെ സർക്കാർ അതിജയിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നേരത്തെ പറഞ്ഞിരുന്നു. മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോട് അനുഭാവ പൂർണ്ണമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക തൊഴിൽ ടൂറിസം മേഖലകളിൽ സൃഷ്ടിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ പുരോഗതി അഗണനീയമാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനെതിരെ ആരംഭിച്ച സമരത്തെ തുടർന്ന് ബഹു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച മന്ത്രിതല സബ് കമ്മറ്റി സമരക്കാരുമായി വിവിധ തരത്തിലും തലങ്ങളിലും നടത്തിയ ചർച്ചയുടെ ഭാഗമായി സമര നേതാക്കൾ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചും സർക്കാർ അംഗീകരിക്കുകയും ഇതു പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിപ്പിക്കുകയും ചെയ്തതാണെന്നും വിശദീകരിച്ചിരുന്നു.

വിഴിഞ്ഞം അതിജീവന സമരം ശക്തമായി തുടരാൻ സമരസമിതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സമരസമിതി ചർച്ചയിലും അതിരൂപതയിൽ നടന്ന വൈദികരുടെ ചർച്ചയിലും ഇത് സംബണ്ഡിച്ച തീരുമാനമുണ്ടായതായി നേതാക്കൾ അറിയിച്ചിരുന്നു. കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽ സമരത്തിൽ നിന്ന് മത്സ്യത്തൊഴിലാളികൾ പിന്നോട്ട് പോകുമെന്ന അവ്യൂഹത്തിനിടയിലാണ് തങ്ങൾ ഉന്നയിച്ച ഏഴ് ആവശ്യങ്ങളും സർക്കാർ അംഗീകരിക്കും വരെ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് സമരസമിതി അറിയിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് 16 ന് വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസപ്പെടുത്തിയുള്ള സമരം ആരംഭിച്ച ശേഷം സർക്കാരുമായി നടത്തിയ ചർച്ചകളിൽ എടുത്ത തീരുമാനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്നോട്ട് പോയതായി സമരസമിതി നേതാക്കൾ ആരോപിച്ചു. അതിനാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നേതാക്കളുമായി നടന്ന ചർച്ചയിലും സമരം സമാധാനപരമായ രീതിയിൽ ശക്തമായി തുടരാനാൻ തീരുമാനിച്ചതെന്നും സമര സമിത നേതാക്കൾ പറഞ്ഞിരുന്നു. സമരം ആരംഭിച്ച ശേഷം ശിവൻകുട്ടിയും അഹമ്മദ് ദേവർ കൊവിലും അടക്കമുള്ള മന്ത്രിമാർ സമരത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. വിഴിഞ്ഞം സമരത്തിനെതിരെ സിപിഎമ്മും ബിജെപിയും ഒരുമിച്ച് വേദി പങ്കിട്ടത് ഏറെ ചർച്ചയായിരുന്നു. തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിന്റെ നൂറാം ദിനത്തിൽ വള്ളം കത്തിച്ചും പൊലീസ് ബാരിക്കേഡുകൾ കടലിൽ തള്ളിയും വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. വിഴിഞ്ഞം തുറമുഖം വളഞ്ഞ് കടലിലും നിരവധി തവണ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു.

വിഴിഞ്ഞത്ത് ബലപ്രയോഗം പറ്റില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. സമരക്കാരെ ബലമായി ഒഴിപ്പിക്കാൻ ശ്രമിച്ചാൽ രക്തച്ചൊരിച്ചിൽ ഉണ്ടാകും. മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു പൊലീസ് അറിയിച്ചത്. ഇക്കാരണത്താൽ ബലപ്രയോഗത്തിലൂടെ സമരക്കാരെ ഒഴിപ്പിക്കാൻ ആകില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. തുറമുഖ സമരവുമായി ബന്ധപ്പെട്ട് സമരക്കാർക്കെതിരെ ഇതുവരെ 102 കേസുകൾ രജിസ്റ്റർ ചെയ്തതായും പൊലീസ് കോടതിയെ അറിയിച്ചു. തുറമുഖ നിർമ്മാണത്തിന് സംരക്ഷണം നൽകാൻ പരമാവധി ശ്രമം നടത്തുന്നുവെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP