Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പത്തനംതിട്ടയിലെ വെസ്റ്റേൺ ഗട്ട്‌സ് ഫ്ളാറ്റ് സമുച്ചയം വാസയോഗ്യമെന്ന് ബിൽഡർമാരായ പിടിസി; വസ്തു ഉടമയുടെ എതിർപ്പ് ഫ്ളാറ്റ് വിൽക്കുന്നതിന് തടസമെന്ന് നിർമ്മതാക്കൾ; ആർബിട്രേഷൻ വിധി ഉടമ അംഗീകരിക്കുന്നില്ലെന്നും ആരോപണം; ആശങ്കയിൽ പരാതിക്കാർ; മാക്കാംകുന്നിൽ വെസ്റ്റേൺ ഗട്ട്‌സിൽ വിവാദം തുടരുമ്പോൾ

പത്തനംതിട്ടയിലെ വെസ്റ്റേൺ ഗട്ട്‌സ് ഫ്ളാറ്റ് സമുച്ചയം വാസയോഗ്യമെന്ന് ബിൽഡർമാരായ പിടിസി; വസ്തു ഉടമയുടെ എതിർപ്പ് ഫ്ളാറ്റ് വിൽക്കുന്നതിന് തടസമെന്ന് നിർമ്മതാക്കൾ; ആർബിട്രേഷൻ വിധി ഉടമ അംഗീകരിക്കുന്നില്ലെന്നും ആരോപണം; ആശങ്കയിൽ പരാതിക്കാർ; മാക്കാംകുന്നിൽ വെസ്റ്റേൺ ഗട്ട്‌സിൽ വിവാദം തുടരുമ്പോൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മാക്കാംകുന്നിൽ കാതോലിക്കേറ്റ് കോളേജിനടുത്ത് പിടിസി ബിൽഡേഴ്സ് പണി തീർത്ത വെസ്റ്റേൺ ഗട്ട്സ് എന്ന ഫ്ളാറ്റ് സമുച്ചയം വാസ യോഗ്യമാണെന്ന് നിർമ്മാതാക്കളായ പിടിസി ഗ്രൂപ്പ്. വസ്തു ഉടമ കാരണം ഇത അലോട്ടീസിന് (വാങ്ങാൻ അഡ്വാൻസ നൽകിയവർ) നൽകാൻ കഴിയാത്തതെന്നും ബിൽഡർമാർ അറിയിച്ചു. കെട്ടിടം പിടിസി ബിൽഡേഴ്സും മാക്കാംകുന്ന് മുളക്കിലേത്ത് ജേക്കബ് മാത്യുവും ചേർന്ന് സംയുക്ത സംരംഭമായി ആരംഭിച്ചതാണ്. ജേക്കബ് മാത്യുവിന്റെ 57 സെന്റ് സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ആകെ 65 അപ്പാർട്മെന്റുകളാണ് ഉള്ളത്. ലാൻഡ് ഓണേഴ്സ് എഗ്രിമെന്റ് പ്രകാരം ജേക്കബ് മാത്യുവിന് 13 അപ്പാർട്മെന്റുകളും 70 ലക്ഷം രൂപയും പിടിസി ബിൽഡേഴ്സ് കൊടുത്തിട്ടുണ്ട്.

കെട്ടിടം പണി തുടങ്ങിയ സമയം മുതൽ ജേക്കബ് മാത്യു കൂടുതൽ തുക കിട്ടുന്നതിനുവേണ്ടി ശ്രമം തുടങ്ങി. കെട്ടിടം പണിക്ക് നൽകിയ സ്ഥലത്ത് പാറ ആയിരുന്നു. പാറ പൊട്ടിച്ചു മാറ്റുന്നതിന് സ്ഥലത്തിന് സമീപം കോളജും സ്‌കൂളുകളും ആകയാൽ വലിയ നിയന്ത്രണങ്ങളുണ്ടായിരുന്നു. രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ പാറ പൊട്ടിക്കാൻ പാടില്ലായിരുന്നു. കലക്ടറുടെയും ജിയോളജിയുടെയും അനുമതി വാങ്ങി വൈകിട്ട് അഞ്ചു മുതൽ രാത്രി ഏഴു വരെ മാത്രമാണ് കെമിക്കൽ ബ്ലാസ്റ്റിങ് രീതിയിൽ പാറ പൊട്ടിക്കാൻ കഴിഞ്ഞത്. പാറ പൊട്ടിക്കുന്നതിനുള്ള അനുവാദം ജിയോളജി വകുപ്പിൽ നിന്നും വാങ്ങേണ്ടത് ലാൻഡ് ഓണറായ ജേക്കബ് മാത്യുവായിരുന്നു എന്നാൽ അദ്ദേഹം വേണ്ട സമയത്ത് അപേക്ഷ സമർപ്പിക്കുവാൻ തയാറല്ലായിരുന്നു .

ജേക്കബ് മാത്യു ബിൽഡിങ് പെർമിറ്റിനു വേണ്ടി അപേക്ഷ സമർപ്പിച്ചപ്പോൾ ഫ്ലോർ ഏരിയ റേഷിയോയും അദ്ദേഹത്തിന് 13 അപ്പാർട്മെന്റുകളും കിട്ടുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ 132.25 സെന്റ് സ്ഥലവും ഉൾപ്പെടുത്തിയാണ് അപേക്ഷ സമർപ്പിച്ചത്. ലാൻഡ് ഓണേഴ്സ് എഗ്രിമെന്റ് പ്രകാരം ബിൽഡർ ആവശ്യപ്പെടുന്ന സമയം അൺഡിവൈഡഡ് ഷെയർ ഓഫ് ലാൻഡ് അലോട്ടിയുടെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുക്കേണ്ടതാണ്. പക്ഷെ കൂടുതൽ തുക ബിൽഡറിൽ നിന്നും കിട്ടണമെന്ന ഉദ്ദേശത്തോടെ, അദ്ദേഹം രജിസ്റ്റർ ചെയ്തു കൊടുക്കില്ലെന്നും കംപ്ലീഷൻ പ്ലാനിൽ ഒപ്പിടില്ലെന്നും പറഞ്ഞു അലോട്ടീസിനെ പേടിപ്പിക്കുകയായിരുന്നു. അതു കൊണ്ട് അലോട്ടീസ് ഇൻസ്റ്റാൾമെന്റുകൾ മുടക്കുകയും പുതിയ ആളുകൾ അപാർട്മെന്റ് വാങ്ങാൻ വരാതെയുമായി.

2017 ജൂലൈയിൽ കെട്ടിടം പണി തീർത്ത് കംപ്ലീഷൻ പ്ലാൻ ഒപ്പിടുന്നതിനു വേണ്ടി ബിൽഡർ ജേക്കബ് മാത്യുവിനെ സമീപിച്ചപ്പോൾ അതു ചെയ്തില്ല. എന്നാൽ അദ്ദേഹം വീണ്ടും പണം കിട്ടണമെന്ന ഉദ്ദേശത്തോടു കൂടി ആർബിട്രേഷന് വേണ്ടി ഹൈക്കോടതിയെ സമീപിക്കുകയും അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം റിട്ട:ജഡ്ജ് ബി. കെമാൽ പാഷയെ സോൾ ആർബിട്രേറ്റർ ആയി നിയമിക്കുകയും ചെയ്തു . ആർബിട്രേഷൻ കഴിഞ്ഞ വർഷം ജൂലൈ വരെ നീണ്ടു പോയി. 13 അപ്പാർട്മെന്റുകളിൽ ബിൽഡർ സ്ഥാപിച്ചിരുന്ന ടൈൽ, ബാത്ത് റൂം ഫിറ്റിങ്സ് മുതലായവ ജേക്കബ് മാത്യുവിന്റെ അഭിരുചിക്കനുസരിച്ച് മാറ്റി സ്ഥാപിക്കുന്നതിന് 20,06,457 രൂപയും കെട്ടിടത്തോട് ചേർന്ന് കിടക്കുന്ന അഞ്ചു സെന്റ് സ്ഥലം അധികമായി ബിൽഡർക്കു വിട്ടു കൊടുക്കുന്നതിന് പെർമിറ്റ് പ്ലാനിൽ ഒപ്പിടുന്നതിനും വേണ്ടി 55 ലക്ഷം രൂപായും കൈ പറ്റിയ ശേഷമാണ് ജേക്കബ് മാത്യു കംപ്ലീഷൻ പ്ലാനിൽ 132 .25 സെന്റ് സ്ഥലം ഉൾപ്പെടുത്തി ഒപ്പിട്ടത്. 2020 ജൂലൈ 30 ന് പത്തനംതിട്ട മുനിസിപ്പാലിറ്റി ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

ആർബിട്രേഷന്റെ അന്തിമവിധി കിട്ടുന്നതിനു വേണ്ടി പി ടി സി ബിൽഡേഴ്സും ജേക്കബ് മാത്യുവും ആർബിട്രേഷൻ ഫീസ് കൊടുക്കേണ്ടതുണ്ടായിരുന്നു. പി ടി സി ബിൽഡേഴ്സ് ഫീസ് കൊടുത്ത് വിധി കൈ പറ്റി. എന്നാൽ ജേക്കബ് മാത്യു അതിനു തയ്യാറാകാതെ കോടതിയെ സമീപിച്ചു .കോടതി വിധി പ്രകാരം അദ്ദേഹം ഫീസ് ഒടുക്കി അന്തിവിധി കൈപ്പറ്റി. അതു പ്രകാരം 13 അപ്പാർട്മെന്റുകളും അതിന്റെ അൺ ഡിവൈഡഡ് ഷെയർ ഓഫ് ലാൻഡും ജേക്കബ് മാത്യുവിനും 52 അപ്പാർട്മെന്റുകളും അതിന്റെ അൺ ഡിവൈഡഡ് ഷെയറും പിടിസി ബിൽഡേഴ്സിനുമായി ഭാഗപത്രം ചെയ്യേണ്ടതാണ്. ഭാഗപത്രം പതിയുന്നതിനു വേണ്ടി പിടിസി ബിൽഡേഴ്സ് 10,08,400 രൂപായ്ക്കുള്ള സ്റ്റാമ്പ് പേപ്പർ ആർബിട്രേറ്ററുടെ നിർദ്ദേശ പ്രകാരം കഴിഞ്ഞ വർഷം ഓഗസ്റ്റ് നാലിന് സമർപ്പിച്ചു. ശേഷിച്ച 10,08,400 രൂപാ ജേക്കബ് മാത്യു ഒടുക്കാത്തതു കൊണ്ട് ഓഗസ്റ്റ് ഒമ്പതിന് പി ടി സി ബിൽഡേഴ്സ് ഒടുക്കി. അന്തിമ വിധി പ്രകാരം പാർട്ടീഷൻ ഡീഡ് രജിസ്റ്റർ ചെയ്യേണ്ടത് ജേക്കബ് മാത്യുവിന്റെ ബാധ്യതയാണ്. ഇത് ചെയ്താൽ മാത്രമേ വാങ്ങിയവർക്ക് അവരുടെ പേരിൽ അപ്പാർട്മെന്റുകൾ രജിസ്റ്റർ ചെയ്തു കിട്ടുകയുള്ളൂ.

പദ്ധതി കഴിഞ്ഞ വർഷം കെ-റെറയിൽ രജിസ്റ്റർ ചെയ്തിരുന്നു. ആർബിട്രേറ്റർ റിട്ട: ജസ്റ്റിസ് ബി കെമാൽ പാഷ സ്ഥലവും അപ്പാർട്മെന്റുകളും പരിശോധിച്ചും ജേക്കബ് മാത്യുവും പിടിസി ബിൽഡേഴ്സും നിർദ്ദേശിച്ച ഒരോ വിദഗ്ധരെയും 'എക്സ്പെർട് കമ്മിഷൻ' ആയി നിയമിച്ച് അവരുടെ ഇൻസ്പെക്ഷൻ റിപ്പോർട്ട് ആധാരമാക്കിയുമാണ് അന്തിമ വിധി പുറപ്പെടുവി ച്ചിരിക്കുന്നത്. ഈ അപാർട്മെന്റ് കോംപ്ലക്സിൽ വിദേശത്തു നിന്നും കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ആളുകൾ (സീനിയർ ആൻഡ് സൂപ്പർ സീനിയർ സിറ്റിസൺസ്) താമസിച്ചു വരുന്നു. ഇവർ നാട്ടിലെത്തിയാൽ അവരുടെ ഈ അപ്പാർട്മെന്റുകളിലാണ് താമസിക്കുന്നത് പിടിസി ബിൽഡേഴ്സ് പറയുന്നു.

അവകാശവാദങ്ങൾ തെറ്റെന്ന് പരാതിക്കാർ

പിടിസി ബിൽഡേഴ്സിന്റെ അവകാശവാദങ്ങളിൽ പലതും തെറ്റാണെന്ന് ഫൽറ്റ് സമുച്ചയത്തിന് അഡ്വാൻസ് കൊടുക്കുകയും പറഞ്ഞ സമയത്ത് ലഭിക്കാതെ വരികയും ചെയ്തപ്പോൾ കെ-റെറയിൽ കേസ് കൊടുത്തവർ പറയുന്നു. ബിന്ദു വർഗീസ്, ജോസഫ് ജോർജ്, ഫാ. കോശി ഫിലിപ്പ് എന്നിവരാണ കെ-റെറയെ സമീപിച്ചത്. പിടിസി ബിൽഡേഴ്സ്, മാനേജിങ് പാർട്ണർ ബിജു ജേക്കബ് എന്നിവരെ ഒന്നും രണ്ടും എതിർകക്ഷികളാക്കിയും സ്ഥലം ഉടമ ജേക്കബ് മാത്യുവിനെ സഹ എതിർകക്ഷിയുമാക്കിയുമാണ് പരാതി.

2016 ജൂലൈ മാസത്തിൽ ഫൽറ്റ് കൈമാറാമെന്ന വാഗ്ദാനത്തിലാണ് അഡ്വാൻസ് കൊടുത്തത്. പത്തനംതിട്ട പോലൊരു സ്ഥലത്ത് നിലവിലുള്ള വിപണിയിൽ വിലയിൽ വളരെ കൂടുതലാണ് ആവശ്യപ്പെട്ടത്. മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്തതു കൊണ്ടു മാത്രമാണ് വാങ്ങാൻ തീരുമാനിച്ചത്. പരാതിക്കാരിൽ ഒരാൾക്ക് 41 ലക്ഷത്തോളം രൂപയ്ക്കാണ് ഫൽറ്റ് നൽകാമെന്ന് പറഞ്ഞിരുന്നത്. ഇതിനായി 33.20 ലക്ഷം അഡ്വാൻസ് വിവിധ ഘട്ടങ്ങളിലായി കൊടുത്തു. കെ-റെറയിൽ 2014 ൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ഒരു നമ്പർ ബ്രോഷറിൽ കൊടുത്തിരുന്നു (വിശദീകരണത്തിൽ ഉടമ പറയുന്നത് 2021 ലാണ് കെ-റെറയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നാണ്). 2020 ൽ കെ-റെറയിൽ നിന്ന് വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിൽ ഇങ്ങനെ ഒരു ഫൽറ്റ് സമുച്ചയം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വ്യക്തമായി. പുറമേയുള്ള നിർമ്മാണങ്ങൾ മാത്രമാണ് പൂർത്തിയാക്കിയിട്ടുള്ളത്. അകമേ ഒന്നും നടന്നിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ-റെറ അലോട്ടീസിന് ഫൽറ്റ് പൂർത്തിയാക്കാത്തി നൽകാത്ത സാഹചര്യത്തിൽ പ്രതിദിനം 5000 രൂപ പലിശ ഇനത്തിൽ നൽകാൻ ഉത്തരവിട്ടത്.

70 ലക്ഷം രൂപ വാങ്ങിയത് ഒരു ഫൽറ്റ് തിരിച്ചു കൊടുത്തതിന്റെയും അധിമായി ഭൂമി നൽകിയതിന്റേയും പിടിസി ബിൽഡേഴ്സിൽ നിന്ന് 70 ലക്ഷം രൂപ കൈപ്പറ്റിയത് കെട്ടിട നിർമ്മാണത്തിന് അധികമായി ആവശ്യം വന്ന 16 സെന്റ് ഭൂമി കൊടുത്തതിൻെ്റയും ഒരു ഫൽറ്റ് തിരികെ നൽകിയതിന്റെയും വിലയാണെന്ന് സ്ഥലം ഉടമ ജേക്കബ് മാത്യു പറഞ്ഞു. 41 സെന്റ് സ്ഥലമാണ് ആദ്യം കെട്ടിടം നിർമ്മിക്കാൻ കൊടുത്തത്. പിന്നീട് 16 സെന്റ് കൂടി ആവശ്യപ്പെട്ടു. 16,000 സ്‌ക്വയർഫീറ്റ് സ്ഥലമാണ് കെട്ടിടത്തിൽ തനിക്ക് അനുവദിച്ചിരുന്നത്. അത് 14000 സ്‌ക്വയർ ഫീറ്റ് ആക്കി ചുരുക്കിയിരുന്നു. തന്റെ ഒപ്പ് വ്യാജമായി ഇട്ടാണ് മുനിസിപ്പാലിറ്റിയിൽ നിന്ന് ബിൽഡിങ് പെർമിറ്റ് നേടിയത്. അലോട്ടീസുമായുള്ള കരാർ തന്നെ കാണിക്കണമെന്ന വാഗ്ദാനവും പാലിച്ചില്ല. വ്യാജരേഖ ചമച്ചതിന് അന്ന് പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്ന് ജേക്കബ് മാത്യു പറയുന്നു.

ബിൽഡിങ്ങിന്റെ പണി പൂർത്തിയായിട്ടുണ്ട്. ലിഫ്ടും സ്ഥാപിച്ചു. വൈദ്യുതിവാട്ടർ കണക്ഷൻ ഇതുവരെ ആയിട്ടില്ല. ടോയ്ലറ്റ് ഉൾപ്പെടെ ഇന്റീരിയർ ജോലികൾ ഇനിയും പൂർത്തിയാകാനുണ്ട്. ഫൽറ്റ് ഉടമകൾക്ക് പാർക്കിങിന് ഉൾപ്പെടെയുള്ള സ്ഥലമാണ് നൽകുന്നത്. പാർക്കിങ് ഏരിയയിൽ വെള്ളക്കെട്ടാണ്. ഒറ്റ മഴയ്ക്ക് പാർക്കിങ് ഏരിയ നിറയും. മഴക്കാലത്ത് ഇവിടെ നീരുറവ പൊടിഞ്ഞ് വെള്ളക്കെട്ടാകും. ഇതൊന്നും പരിഹരിക്കാനുള്ള സംവിധാനമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP