Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രേണു രാജിനെ കളിയാക്കിയ പഴയ ഹുങ്ക് ഇനി നടക്കില്ല; 'ദേവികുളത്തെ രാജാവിനെ' തകർക്കാൻ എംഎം മണി; എസ് രാജേന്ദ്രന് വീട് നഷ്ടമാകും; ഏഴു ദിവസത്തിനകം കൈയേറ്റം ഒഴിയാൻ മുൻ എംഎൽഎയ്ക്ക് നോട്ടീസ്; ഇല്ലെങ്കിൽ ബലം ഉപയോഗിച്ച് വീടിന് പുറത്താക്കും; മൂന്നാർ പ്രതികാര രാഷ്ട്രീയം വീണ്ടും ചർച്ചകളിൽ

രേണു രാജിനെ കളിയാക്കിയ പഴയ ഹുങ്ക് ഇനി നടക്കില്ല; 'ദേവികുളത്തെ രാജാവിനെ' തകർക്കാൻ എംഎം മണി; എസ് രാജേന്ദ്രന് വീട് നഷ്ടമാകും; ഏഴു ദിവസത്തിനകം കൈയേറ്റം ഒഴിയാൻ മുൻ എംഎൽഎയ്ക്ക് നോട്ടീസ്; ഇല്ലെങ്കിൽ ബലം ഉപയോഗിച്ച് വീടിന് പുറത്താക്കും; മൂന്നാർ പ്രതികാര രാഷ്ട്രീയം വീണ്ടും ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: എംഎം മണിയോട് കളിച്ചാൽ പണി കിട്ടും. ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ വീടിരിക്കുന്ന ഇക്കാനഗറിലെ ഭൂമി പുറമ്പോക്കാണെന്നും 7 ദിവസത്തിനകം ഒഴിയണമെന്നും ആവശ്യപ്പെട്ട് റവന്യു വകുപ്പ് നോട്ടിസ് നൽകുമ്പോൾ ചർച്ചയാകുന്നത് രാഷ്ട്രീയം. സിപിഎം നേതാവായിരുന്ന രാജേന്ദ്രനെതിരെ മുമ്പും ആരോപണം ഉയർന്നിരുന്നു. അന്നെല്ലാം രാജേന്ദ്രനെ സംരക്ഷിക്കുകയായിരുന്നു സിപിഎം.

അടുത്ത കാലത്ത് സിപിഎമ്മും രാജേന്ദ്രനും തെറ്റി. ഇതോടെ കളി മാറി. രാജേന്ദ്രനെ ഇറക്കി വിടാനാണ് തീരുമാനം. ഇതോടെ വീടില്ലാ വ്യക്തിയായി രാജേന്ദ്രൻ മാറും. സ്ഥലം ഒഴിപ്പിക്കാൻ പൊലീസ് സംരക്ഷണം തേടി സബ് കലക്ടർ ജില്ലാ പൊലീസ് മേധാവിക്ക് കത്തും നൽകിയിട്ടുണ്ട്. ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണശർമയുടെ നിർദേശപ്രകാരം മൂന്നാർ വില്ലേജ് ഓഫിസറാണു രാജേന്ദ്രന് ഒഴിപ്പിക്കൽ നോട്ടിസ് നൽകിയത്. ഏഴു ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നും അല്ലാത്തപക്ഷം ബലമായി ഒഴിപ്പിക്കുമെന്നുമാണു നോട്ടിസിലുള്ളത്. ഇക്കാനഗറിലെ 8 സെന്റ് സ്ഥലത്താണു രാജേന്ദ്രൻ വീടുവച്ച് കുടുംബമായി താമസിക്കുന്നത്.

നോട്ടിസിനു പിന്നിൽ എം.എം.മണി എംഎൽഎയാണെന്ന് രാജേന്ദ്രൻ ആരോപിച്ചു. ഇക്കാനഗറിലെ സർവേ നമ്പർ 843, 843/അ എന്നിവിടങ്ങളിലെ 25 ഏക്കറോളം ഭൂമി വൈദ്യുതി വകുപ്പിന്റേതാണെന്നാണു ബോർഡ് അവകാശപ്പെടുന്നത്. ഭൂമി പതിച്ചുനൽകണമെന്ന ആവശ്യവുമായി ഇക്കാനഗർ സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇദ്ദേഹം ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് കോടതി കണ്ടെത്തിയതോടെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭൂരേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇക്കാനഗറിലെ 60 കുടുംബങ്ങൾക്ക് കഴിഞ്ഞ ദിവസം നോട്ടിസ് നൽകിയിരുന്നു.

കലക്ടറുടെ നിർദേശപ്രകാരമാണ് എസ്.രാജേന്ദ്രന് ഒഴിപ്പിക്കൽ നോട്ടിസ് നൽകിയതെന്ന് ദേവികുളം തഹസിൽദാർ പറയുന്നു. എന്നാൽ രാജേന്ദ്രനോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നില്ല. ഒഴിഞ്ഞു പോകാനാണ് ആവശ്യപ്പെടുന്നത്. സിപിഎം നേതാവായ എംഎം മണിയിൽ നിന്ന് ഭീഷണിയുള്ളതായി രാജേന്ദ്രൻ പറഞ്ഞിരുന്നു. സിപിഎമ്മിൽ നിന്ന് അച്ചടക്ക നടപടിയും നേരിട്ടു. ഇതിന് പിന്നാലെയാണ് മണിയ്‌ക്കെതിരായ നടപടി. ഇതിന് പിന്നിൽ രാഷ്ട്രീയ പ്രതികാരമുണ്ടെന്ന് രാജേന്ദ്രൻ പറയുന്നു.

എം.എം.മണിയുടെ നേതൃത്വത്തിൽ എന്നെ വേട്ടയാടുന്നതിന്റെ ഭാഗമാണ് ഒഴിപ്പിക്കൽ നോട്ടിസ്. മൂന്നാറിൽനിന്ന് എന്നെ ഓടിക്കണമെന്ന് ഒരു മാസം മുൻപ് എം.എം.മണി പൊതുവേദിയിൽ ആഹ്വാനം ചെയ്തിരുന്നു. ഇക്കാനഗറിലെ 60 കുടുംബങ്ങൾക്ക് ഭൂരേഖകൾ ഹാജരാക്കാൻ റവന്യു വകുപ്പ് നോട്ടിസ് നൽകിയിരുന്നു. അതിൽ എന്റെ പേരുമുണ്ട്. 29നാണു ഹിയറിങ്. അതിനു മുൻപ് എന്നെയും കുഞ്ഞുങ്ങളെയും വഴിയിലിറക്കിവിടാനാണു മണിയും കൂട്ടരും റവന്യു വകുപ്പിനെ കൂട്ടുപിടിച്ച് നോട്ടിസ് നൽകിയിരിക്കുന്നത്. നിയമപരമായി നേരിടും. എസ്.രാജേന്ദ്രൻ

ദേവികുളത്തേയും മൂന്നാറിലേയും കിരീടം വയ്ക്കാത്ത രാജാവായിരുന്നു എസ് രാജേന്ദ്രൻ. ആരേയും എന്തും പറയും. സബ് കളക്ടറെ പോലും അധിക്ഷേപിക്കും. എന്നിട്ടും രാജേന്ദ്രന് ഒന്നും സംഭവിച്ചില്ല. പക്ഷേ കഥ മാറുകയാണ്. ഇനി എസ് രാജേന്ദ്രന് സർക്കാർ പിന്തുണയുണ്ടാകില്ല. കൈയേറ്റം എല്ലാം ഒഴിയേണ്ടിയും വരും. രാജേന്ദ്രൻ കൈയേറ്റങ്ങളിലെ പരാതിയെല്ലാം ഗൗരവത്തോടെ എടുക്കുകയാണ് സർക്കാർ.

ദേവികുളം മുൻ എംഎൽഎ. എസ്.രാജേന്ദ്രനും ഭാര്യയും സർക്കാർ ഭൂമി കൈയേറി നടത്തിവന്ന സംരക്ഷണവേലി നിർമ്മാണത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ നൽകിയത് ഇതിന്റെ തുടക്കമായിരുന്നു. ഇക്കാ നഗറിൽ സർവേ നമ്പർ 843 എ-യിൽപ്പെട്ട എട്ടുസെന്റ് സ്ഥലമാണ് ഇരുവരും ചേർന്ന് കൈയേറിയത് എന്നാണ് ആരോപണം. ഈ കൈയേറ്റം എല്ലാം ഉടൻ ഒഴിപ്പിക്കും. എംഎം മണിയുമായി തെറ്റിയതോടെയാണ് സിപിഎം മുൻ എംഎൽഎയ്ക്ക് കഷ്ടകാലം തുടങ്ങുന്നത്.

അടിക്കാടുകൾ വെട്ടിത്തെളിച്ച് ഭൂമിയുടെ ചുറ്റും കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് ഇരുമ്പുവേലി ഇടുന്ന പണികളാണ് നടന്നുവന്നത്. ഇക്കാ നഗറിൽ രാജേന്ദ്രന് സ്വന്തമായി ഉണ്ടെന്നവകാശപ്പെടുന്ന നാല് സെന്റ് ഭൂമിയോടുചേർന്നാണിത്. സെന്റിന് ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമിയാണിത്. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് എസ്.രാജേന്ദ്രന്റെ ഭാര്യയ്ക്കാണ് സ്റ്റോപ്പ് മെമോ നൽകിയത്. മുമ്പ് സബ് കളക്ടറെ പോലും അധിക്ഷേപിച്ച് മുന്നേറിയ നേതാവായിരുന്നു രാജേന്ദ്രൻ. സബ് കളക്ടറായിരുന്ന രേണു രാജ് പരാതിയും കൊടുത്തു. പക്ഷേ കാര്യമായി ഒന്നും സംഭവിച്ചില്ല. അനധികൃത നിർമ്മാണം തടയാനെത്തിയവരെ എല്ലാം മുമ്പ് തടഞ്ഞ ചരിത്രമായിരുന്നു രാജേന്ദ്രന്റേത്.

റവന്യൂ വകുപ്പിന്റെ അനുമതി ഇല്ലാതെ പഞ്ചായത്ത് നടത്തുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമോ നൽകിയ സബ് കലക്ടറുടെ നടപടിയാണ് മുമ്പ് രാജേന്ദ്രനെ ചൊടിപ്പിച്ചത്. ഇതോടെ രേണു രാജിനെ അധിക്ഷേപിച്ചു കൊണ്ട് എംഎൽഎ രംഗത്തെത്തുകയായിരുന്നു. ഇതിൽ പാർട്ടിക്ക് പരസ്യ ശാസനം നൽകേണ്ടിയും വന്നു. എന്നിട്ടും രാജേന്ദ്രൻ കുലുക്കമില്ലാതെ മുമ്പോട്ട് പോയി. എന്നാൽ എംഎം മണിയുമായി ഇടഞ്ഞതോടെ കളിമാറി.

''ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിട്ടും. അവള് വന്നവൾക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞ്, ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ 'എസ് രാജേന്ദ്രൻ കെട്ടിടം പണി തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരോട് ചോദിച്ചത് ഇങ്ങനെയായിരുന്നു. പഞ്ചായത്തിന്റെ ഭൂമിയിൽ നിർമ്മാണം നടത്തുന്നതിന് റവന്യു വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നും അന്ന് ദേവികുളം എംഎൽഎ ആയിരുന്ന എസ് രാജേന്ദ്രൻ പറഞ്ഞിരുന്നു. പഞ്ചായത്തിന്റെ നിർമ്മാണത്തിന് സ്റ്റോപ്പ് മെമോ നൽകിയ സബ് കളക്ടറെ പൊതുജനമധ്യത്തിൽ വച്ചാണ് എംഎൽഎ അപമാനിച്ചത്.

പഴയ മൂന്നാറിൽ മുതിരപ്പുഴയാറിന് സമീപത്ത് നിർമ്മിക്കുന്ന കെട്ടിടത്തിനാണ് എൻഒസി ഇല്ലെന്ന കാരണത്താൽ റവന്യൂ വകുപ്പ് സ്റ്റോപ് മെമോ നൽകിയത്. കെഡിഎച്ച് കമ്പനി പഞ്ചായത്തിന് വിട്ടു നൽകിയ സ്ഥലത്താണ് ഒരു കോടിയോളം രൂപ മുതൽ മുടക്കി പഞ്ചായത്ത് വനിതാ വ്യാവസായ കേന്ദ്രം പണി കഴിപ്പിക്കുന്നത്. നിർമ്മാണ പ്രവർത്തനം ആരംഭിച്ച കാലം മുതൽ മുതിരപുഴയാറിന്റ തീരം കയ്യേറിയാണ് നിർമ്മാണം നടത്തുന്നതെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവർത്തകരടക്കം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലവിൽ റവന്യൂ വകുപ്പ് അന്വേഷണം നടത്തി, എൻഒസി വാങ്ങാതെയാണ് കെട്ടിടം നിർമ്മിക്കുന്നതെന്ന് കണ്ടെത്തിയത്.

ഇതേ തുടർന്ന് കെട്ടിട നിർമ്മാണം നിർത്തിവയ്ക്കാൻ ദേവികുളം സബ് കളക്ടർ രേണുരാജ് ഉത്തരവിട്ടു. എന്നാൽ സ്റ്റോപ് മെമോ നൽകിയിട്ടും നിർമ്മാണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിർമ്മാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അന്ന് ദേവികുളം എംഎൽഎയായിരുന്ന എസ് രാജേന്ദ്രൻ അടക്കമുള്ള ജനപ്രതിനിധികൾ പ്രതിഷേധവുമായി രംഗത്തെത്തി. സബ് കളക്ടറെ അപമാനിച്ചു. എന്നാൽ ഈ കളിയൊന്നും ഇനി നടക്കില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP