Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആഡംബര കാറുകളിൽ സഞ്ചാരം; തേനൊഴുകും പോലെ സംസാരം; ജെന്റിൽമാൻ ചമഞ്ഞ് ആരെയും കറക്കി വീഴ്‌ത്തും; കേന്ദ്രസർക്കാരിൽ ഡ്രൈവർ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് ഒരുലക്ഷം പോക്കറ്റിലാക്കിയ ഒടുവിലത്തെ തട്ടിപ്പ് കേസിൽ പാലാരിവട്ടത്ത് അകത്ത്; സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് 12.5 ലക്ഷം തട്ടിയ ജിഗീഷ് കള്ളപ്പണി തുടരുന്നു

ആഡംബര കാറുകളിൽ സഞ്ചാരം; തേനൊഴുകും പോലെ സംസാരം; ജെന്റിൽമാൻ ചമഞ്ഞ് ആരെയും കറക്കി വീഴ്‌ത്തും; കേന്ദ്രസർക്കാരിൽ ഡ്രൈവർ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് ഒരുലക്ഷം പോക്കറ്റിലാക്കിയ ഒടുവിലത്തെ തട്ടിപ്പ് കേസിൽ പാലാരിവട്ടത്ത് അകത്ത്; സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് 12.5 ലക്ഷം തട്ടിയ ജിഗീഷ് കള്ളപ്പണി തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എന്തുനല്ല സംസാരം. തേനൊഴുകും പോലെ. ആരും വിശ്വസിച്ചുപോകും. അങ്ങനെയാണ് ജിഗീഷിന്റെ സ്റ്റൈൽ. ഒരാളെ എങ്ങനെ കറക്കി വീഴ്‌ത്തണമെന്ന് ലെവനെ കണ്ടുപഠിക്കണം, പൊലീസുകാർ പോലും പറയുന്നത് ഇങ്ങനെ. ഓർമയില്ലേ, സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് പാലിയേക്കര സ്വദേശിയിൽ നിന്ന് പന്ത്രണ്ടര ലക്ഷം തട്ടിയ പുതുക്കാട്ടെ കേസ്. ഈ 38 കാരൻ ഇപ്പോഴും തട്ടിപ്പിന്റെ ഉസ്താദായി തുടരുകയാണെന്ന് പറഞ്ഞാൽ ഞെട്ടരുത്. ഇടയ്ക്ക് ഓരോ കേസിൽ റിമാൻഡിലാകും. പിന്നീട് പുറത്തുവരും, തട്ടിപ്പ് നടത്തും, പരാതി വരുമ്പോൾ അകത്ത് പോകും. ദാ, ഇന്നുവെള്ളിയാഴ്ച വടക്കേക്കരയിൽ വച്ച് ജിഗീഷ് തട്ടിച്ച യുവാക്കൾ ചേർന്ന് കാറിൽ വരികയായിരുന്ന ഇയാളെ ചേസ് ചെയ്ത് പിടിച്ചു. ഇയാൾക്കൊപ്പം സുഹൃത്തും ഭാര്യയും ഉണ്ടായിരുന്നു. സംഗതി സീനായതോടെ, പൊലീസ് ഇടപെട്ടു. ഇയാളെ തടഞ്ഞവരിൽ, നേരത്തെ ഇയാളുടെ കൂടെ പാലാരിവട്ടം തട്ടിപ്പ് കേസിൽ അകത്തായ പ്രതിയും ഉണ്ടായിരുന്നു എന്നതാണ് കൗതുകം. അയാളെയും തട്ടിച്ചുകാണണം. വടക്കേക്കര പൊലീസ് സ്റ്റേഷനിൽ മാത്രം ജിഗീഷിന് എതിരെ 12 തട്ടിപ്പുകേസുണ്ട്. ഏറ്റവും പുതിയത് പാലാരിവട്ടത്തെ കേസാണ്. ഈ കേസിൽ ഇയാളെ പൊലീസ അന്വേഷിച്ചുവരികയായിരുന്നു. അതുകൊണ്ട് പാലാരിവട്ടം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്ന് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

പാലാരിവട്ടം കേസ്

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഡ്രൈവർ തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വഴി ജോലി വാങ്ങി തരാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ജിഗീഷിന്റെ ഒടുവിലത്തെ തട്ടിപ്പ്. രണ്ടുപേരാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഒരു ലക്ഷം രൂപ വീതം ഇവരിൽ നിന്ന് വാങ്ങിയിരുന്നു. ജോലിക്കായി കാത്തിരുന്ന ഇരുവരെയും വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി കബളിപ്പിക്കുകയായിരുന്നു എന്ന് പാലാരിവട്ടം സ്‌റ്റേഷൻ ഹൗസ് ഓഫീസർ എൻ.ഗീരീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ കേസിൽ ചോദ്യം ചെയ്യലിന് ശേഷം നാളെ ജിഗീഷിനെ കോടതിയിൽ ഹാജരാക്കും.

മുനമ്പത്ത് കറക്കി വീഴ്‌ത്തിയ ശേഷം പാലാരിവട്ടത്തേക്ക്

മുനമ്പത്ത് എസ്സിഎസ്ടി വഞ്ചനാ കേസിൽ ഒരുമാസം മുമ്പ് ജിഗീഷ് അകത്തായിരുന്നു. അടുത്തിടെയാണ് പുറത്തിറങ്ങിയത്. മുനമ്പം സ്വദേശിയായ വ്യക്തിയുടെ 22 സെന്റ് സ്ഥലവും, കെട്ടിടവും വാങ്ങാമെന്ന് പറഞ്ഞ് കരാർ രജിസ്റ്റർ ചെയ്ത ശേഷം പണം നൽകാതെ വഞ്ചിക്കുകയായിരുന്നു. ഈ കേസിൽ, ഇയാൾക്കെതിരെ മുനമ്പം പൊലീസ് കുറ്റപത്രം നൽകിയിരുന്നു. 36 ദിവസത്തോളം ജയിലിൽ കിടന്ന ശേഷമാണ് ജിഗീഷ് പുറത്തിറങ്ങിയത്. ഇയാൾ തിരുവല്ല, പത്തനംതിട്ട ഭാഗത്ത് നിരവധി തട്ടിപ്പുകൾ നടത്തിയതായി വിവരമുണ്ടെന്നും, നിരവധി കേസുകൾ ഇനിയും ഉയർന്നു വന്നേക്കാമെന്നും മുനമ്പം ഡിവൈഎസ്‌പി എൻ.കെ.മുരളി പറഞ്ഞു. മുനമ്പം എസ്സിഎസ്ടി കേസിൽ പെടും മുമ്പ് മുനമ്പത്ത് തട്ടിയെടുത്ത വീട്ടിലായിരുന്നു താമസം. ഇവിടെ ഇടയ്ക്കിടെ വന്നുപോകുന്ന ഇയാൾ, സ്ഥിരമായി എങ്ങും തങ്ങുന്ന സ്വഭാവക്കാരനല്ല. ഇയാൾ സുപ്രീം കോടതി അഭിഭാഷകൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയതടക്കം നിരവധി കേസുകൾ മാധ്യമങ്ങളിൽ വന്നെങ്കിലും, അതറിയാത്ത പലരും, തട്ടിപ്പിന് തല വച്ചുകൊടുക്കുകയാണെന്ന് പൊലീസ് പറയുന്നു.

സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ്

സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് പാലിയേക്കര സ്വദേശിയിൽ നിന്ന് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയ ആളെ പുതുക്കാട് സി ഐ.ടി എൻ ഉണ്ണിക്കൃഷ്ണാണ് കഴിഞ്ഞ വർഷം ജനുവരിയിൽ അറസ്റ്റ് ചെയ്ത്. പാലാരിവട്ടം കേസിൽ ചേന്ദമംഗലം സ്വദേശി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും, കഴിഞ്ഞ വർഷം ജിഗീഷ് കണ്ണൂർ ചിറക്കൽ പുതിയതെരു കവിതാലയം വീട്ടിൽ ജിഗീഷായിരുന്നു. സുപ്രീം കോടതി ജഡ്ജിയുടെ പേരിൽ നടത്തിയ തട്ടിപ്പ് സംഘത്തിനെ പിടികൂടുവാൻ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി വിശ്വനാഥ് .ആർ . ഐ പി എസിന്റെ നിർദ്ദേശാനുസരണം ചാലക്കുടി ഡി വൈ എസ് പി സി ആർ സന്തോഷ്, പുതുക്കാട് സി ഐ.ടി എൻ. ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ജിഗീഷിനെ കുടുക്കിയത്.

വിവിധ സ്ഥലങ്ങളിൽ മാറി മാറി വാടകക്ക് താമസിച്ചു വന്നിരുന്ന ജിഗീഷിനായി കേരളത്തിലെ പല സ്ഥലങ്ങളിലായി അന്വേഷണം വ്യാപിപിച്ചപ്പോൾ , സംശയകരമായ രീതിയിൽ ഒരാൾ അന്നമനട ഭാഗത്ത് വാടകക്ക് താമസിക്കുന്നതായി വിവരം ലഭിക്കുകയും ദിവസങ്ങൾ നീണ്ട അന്വേഷണത്തിൽ പുറമേ നിന്ന് കാണാത്ത രീതിയിലുള്ള ഒരു വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന ജിഗീഷിനെ പിടികൂടുകയുമായിരുന്നു.

2019 ൽ പാലിയേക്കരയിലുള്ള കെയിൻ സർവീസ് സ്ഥാപനത്തിന്റെ ക്രെയിൻ റോപ്പ് പൊട്ടി വീണ് ഒരാൾ മരണപ്പെട്ടതിനും, ഒരാൾക്ക് പരിക്ക് പറ്റിയതിനും പുതുക്കാട് പൊലീസ് സ്റ്റേഷനിൽ എടുത്ത കേസ്സ് റദ്ദാക്കിത്തരാം എന്ന് പറഞ്ഞ് ഒരാൾ ഉടമസ്ഥരെ സമീപിക്കുകയും, തനിക്ക് പരിചയത്തിലുള്ള ഒരു സുപ്രീം കോടതി ജഡ്ജി ഉണ്ടെന്നും അദ്ദേഹം എല്ലാം ശരിയാക്കിതരുമെന്നും പറഞ്ഞ് പരാതിക്കാരനെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ടോൾ പ്ലാസക്ക് സമീപം വച്ച് ബെൻസ് കാറിലാണ് ജിഗീഷ് ജഡ്ജി ചമഞ്ഞ് ആദ്യം എത്തിയത്.

ആദ്യ ഗഡുവായി അഞ്ചര ലക്ഷം നൽകാമെന്ന് ക്രെയിൻ സർവീസുകാരൻ പറയുകയും അത് ഇടുവാൻ എക്കൗണ്ട് നമ്പർ ചോദിച്ചപ്പോൾ സുപ്രീം കോടതി ജഡ്ജി ആയതിനാൽ പൈസ എക്കൗണ്ട് വഴി വാങ്ങുന്നത് പ്രോട്ടോക്കോൾ ലംഘനമായതിനാൽ നേരിട്ട് പൈസ തന്നാൽ മതി എന്നും നിങ്ങൾ ക്രിസ്ത്യൻ വിശ്വാസികളായതിനാൽ പള്ളിയുടെ മുൻ വശത്ത് വച്ച് തന്നാൽ മതി എന്ന് പറഞ്ഞ് ആദ്യ ഗഡുവായ അഞ്ചര ലക്ഷം രൂപ നേരിട്ട് വാങ്ങുകയായിരുന്നു. തുടർന്ന് മറ്റൊരു ദിവസം എത്തി ടോൾ പ്ലാസക്ക് സമീപം വച്ച് ബാക്കി തുകയും വാങ്ങി ഒരാഴ്ചക്കകം കേസ് റദ്ദാക്കിയതിന്റെ ഓർഡർ കിട്ടും എന്നും അറിയിക്കുകയായിരുന്നു. ആഴ്ചകൾ കഴിഞ്ഞിട്ടും വിവരം ഒന്നും ലഭിക്കാതിരുന്നപ്പോൾ ജിഗീഷിനെ പരാതിക്കാരൻ ബന്ധപ്പെട്ടപ്പോൾ താൻ ഡൽഹിയിൽ ആണെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. തുടർന്ന് മറ്റൊരാളുടെ പേരിലുള്ള ചെക്ക് നൽകുകയും ചെക്ക് ബാങ്കിൽ പണം ഇല്ലാത്തതിനാൽ മടങ്ങുകയും ചെയ്തു. കബളിക്കപ്പെട്ടതായി മനസ്സിലാക്കിയ ക്രെയിൻ ഉടമ പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.

എത്ര തട്ടിപ്പ് കേസുകളെന്ന് ആർക്കും തിട്ടമില്ല

പത്താം ക്ലാസ് തോറ്റതിന് ശേഷം കണ്ണൂരിലെ ഒരു ഐ ടി സി യിൽ രണ്ട് വർഷത്തെ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ കോഴ്സ് ചെയ്ത ജിഗീഷ് തുടർന്ന് നാല് വർഷം ഡാൻസ് ട്രൂപ്പ് നടത്തുകയും തുടർന്ന് ഒരു കേബിൾ വിഷന്റെ ലോക്കൽ റിപ്പോർട്ടറായി ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. 2015 ൽ വളപട്ടണം സ്റ്റേഷനിൽ ഒരു യുവാവിനെ കാറ് വാങ്ങി വഞ്ചിച്ച കാര്യത്തിന് ഒരു കേസും 2018 ൽ തളിപറമ്പിൽ ഒരു യുവാവിന് സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷനിൽ ജോലി വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിനും , അതേ വർഷം തന്നെ മറ്റൊരു യുവാവിന് സെൻടൽ വെയർഹൗസിങ് കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതിനും., രണ്ടു യുവാക്കൾക്ക് സെൻട്രൽ ഗവൺമെന്റ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിനും , ഒരു യുവാവിന് പൊലീസിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതിനും , മറ്റൊരാൾക്ക് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിനും തളിപറമ്പ് പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.

പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ഒരു യുവാവിന് കെ എസ് ആർ ടി സി യിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് ഒരു കേസ്സും കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടകക്ക് താമസിക്കുന്ന സമയം കേരള സർക്കാറിന്റെ വ്യാജ സീലും മുദ്രകളും ഉണ്ടാക്കി സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയതിനും പണമിടപാട് നടത്തിയതിനും കോടനാട് പൊലീസ് സ്റ്റേഷനിൽ ജിഗീഷിന്റെ പേരിൽ കേസ്സ് നിലവിലുണ്ട്. ആർഭാടമായ ജീവിത ശൈലിയാണ് ഇയാൾ പിൻതുടർന്നിരുന്നത്. ബെൻസ് കാറിലായിരുന്നു അന്നു സഞ്ചാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP