Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജനക്കൂട്ടത്തിനിടയിലേക്ക് ആയുധങ്ങളുമായി ഒറ്റയ്‌ക്കെത്തി ആക്രമണ പരമ്പര നടത്തുന്ന ലോൺ വൂൾഫ് മോഡൽ; ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന 'ലോൺ വൂൾഫുകൾ' ആലുവയിലും കൊച്ചിയിലും സജീവം? കോയമ്പത്തൂർ കേസിന് പിന്നാലെ മംഗളൂരു സ്ഫോടനക്കേസും എൻഐഎ ഏറ്റെടുത്തേക്കും; കേരളത്തിലെ തീവ്രവാദികളുടെ വരവിന് പിന്നിൽ ദുരൂഹത ഏറെ

ജനക്കൂട്ടത്തിനിടയിലേക്ക് ആയുധങ്ങളുമായി ഒറ്റയ്‌ക്കെത്തി ആക്രമണ പരമ്പര നടത്തുന്ന ലോൺ വൂൾഫ് മോഡൽ; ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന 'ലോൺ വൂൾഫുകൾ' ആലുവയിലും കൊച്ചിയിലും സജീവം? കോയമ്പത്തൂർ കേസിന് പിന്നാലെ മംഗളൂരു സ്ഫോടനക്കേസും എൻഐഎ ഏറ്റെടുത്തേക്കും; കേരളത്തിലെ തീവ്രവാദികളുടെ വരവിന് പിന്നിൽ ദുരൂഹത ഏറെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോയമ്പത്തൂർ, മംഗളൂരു സ്ഫോടനങ്ങൾക്കു പിന്നാലെ ഭീകര സംഘടനകളുമായി ബന്ധമുള്ള, ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന യുവാക്കളെ നിരീക്ഷിച്ച് അന്വേഷണ ഏജൻസികൾ. 'ലോൺ വൂൾഫുകൾ' എന്നറിയപ്പെടുന്ന തീവ്രവാദ കൂട്ടമുണ്ടെന്നാണ് നിഗമനം. രണ്ട് സ്ഫോടനങ്ങൾക്കുള്ള സമാനതകളും ഇരുകേസുകളിലേയും പ്രതികൾ കൊച്ചിയിലെത്തിയതും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്.) പ്രത്യേകം പരിശോധിക്കുന്നുണ്ട്. കോയമ്പത്തൂർ കേസിന് പിന്നാലെ മംഗളൂരു സ്ഫോടനക്കേസും എൻഐഎ ഏറ്റെടുത്തേക്കും. രണ്ട് കേസുകളിലേയും സമാനതകളും ബന്ധങ്ങളും മനസിലാക്കിയാണ് ഈ കേസും എൻഐഎ ഏറ്റെടുക്കുന്നത്.

വലിയ ബന്ധങ്ങളുണ്ടാക്കാതെ ഒറ്റപ്പെട്ട് നടക്കുന്ന ഇത്തരം ലോൺ വൂൾഫുകളെ വൻ തോതിൽ തീവ്രവാദ സംഘടനകൾ റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇവരെ വിദേശത്തുനിന്നാണ് നിയന്ത്രിക്കുന്നത്. പ്രത്യക്ഷത്തിൽ ഇവർക്ക് ഏതെങ്കിലും ഭീകരപ്രസ്ഥാനങ്ങളോട് താത്പര്യമുള്ളതായി ആർക്കും തോന്നില്ല. കോയമ്പത്തൂർ കേസിലെ പ്രതി ജമീഷ മുബീനും മംഗളൂരു കേസിലെ പ്രതി മുഹമ്മദ് ഷാരിഖിനും വിദേശത്തുനിന്ന് നിർദേശങ്ങൾ എത്തിയിരുന്നു. ഇനിയും ഇത്തരക്കാർ ധാരാളമുണ്ട്. സമൂഹത്തിൽ ആരോടും ഇടപെടാതെ കരുതലോടെ ഇവർ സാധാരണക്കാരായി ജീവിക്കും. തീവ്രവാദ സംഘടനകൾക്ക് ആവശ്യം വരുമ്പോൾ ചാവേറുകളാക്കി മാറ്റുകയും ചെയ്യും.

ലോൺ വൂൾഫുകളെ നിയന്ത്രിക്കാൻ സോഷ്യൽ മീഡിയാ അക്കൗണ്ടുകളുമുണ്ട്. ഇത് കണ്ടെത്താൻ സംശയകരമായ സമൂഹ മാധ്യമ അക്കൗണ്ടുകൾ അന്വേഷണ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. ജമീഷ മുബീനും മുഹമ്മദ് ഷാരിഖും കൊച്ചിയിൽ എത്തിയത് എന്തിനാണെന്ന് സംസ്ഥാന എടിഎസും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരുവരും കൊച്ചിയിൽ വന്നുപോയത്. രണ്ടു പേരും പരസ്പരം കണ്ടുമുട്ടാനും സാധ്യതയുണ്ട്. സ്ഫോടനത്തിൽ ഉപയോഗിച്ച സാധനങ്ങൾ ഓൺലൈനിൽ വാങ്ങി എന്നതിനപ്പുറത്ത് ഇവർക്ക് കേരളത്തിൽ മറ്റു ബന്ധങ്ങൾ ഉണ്ടോയെന്നും അന്വേഷിക്കും.

ജനക്കൂട്ടത്തിനിടയിലേക്ക് ആയുധങ്ങളുമായി ഒറ്റയ്‌ക്കെത്തി ആക്രമണ പരമ്പര നടത്തുന്നതാണു ലോൺ വൂൾഫ് മോഡൽ. എന്നാൽ, ജമേഷ മുബിന്റേത് പാളിപ്പോയ ചാവേർ ആക്രമണമായിരുന്നു. ഇത് തന്നെയാണ് മംഗ്ലൂരുവിലും സംഭവിച്ചത്. ദീപാവലിയുടെ തലേന്ന് ജനത്തിരക്കേറിയ സ്ഥലങ്ങളിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഓടിച്ചുകയറ്റി ആക്രമണം നടത്താനായിരുന്നു ഇയാളുടെ പദ്ധതി. ഇതിനായി കോട്ടേമേഡ് സംഗമേശ്വര ക്ഷേത്രം, മുണ്ടിവിനായക ക്ഷേത്രം, കോനിയമ്മൻ കോവിൽ എന്നിവിടങ്ങളിൽ ഇയാളും കൂട്ടാളികളും നിരീക്ഷണം നടത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ എൻഐഎയ്ക്കു ലഭിച്ചിരുന്നു. പരിചയക്കുറവ് മൂലം ലക്ഷ്യമിട്ടതിനു മുൻപേ കാറിൽ സ്‌ഫോടനമുണ്ടായതാണു വൻ അത്യാഹിതം ഒഴിവാക്കിയത്.

ആസൂത്രണത്തിലും സ്‌ഫോടക വസ്തുക്കൾ ശേഖരിക്കുന്നതിലും നിരവധി പേർ പങ്കാളികളായിരുന്നുവെന്നും കണ്ടെത്തി. ജമേഷ മുബിൻ, അസ്ഹറുദ്ദീൻ, ഫിറോസ് ഖാൻ എന്നിവരാണു ഗാന്ധിപാർക്കിലെ ബുക്കിങ് കേന്ദ്രത്തിൽനിന്ന് പാചകവാതക സിലിണ്ടറുകൾ വാങ്ങിയത്. കാറിൽനിന്നു കണ്ടെടുത്ത ആണികളും ഗോലികളും സ്‌ഫോടകവസ്തുക്കൾ നിറയ്ക്കാനുള്ള മൂന്ന് മെറ്റൽ ക്യാനുകളും ഉക്കടത്തെ ലോറിപേട്ടയ്ക്ക് സമീപമുള്ള മാർക്കറ്റിൽ നിന്നാണ് വാങ്ങിയതെന്നും കണ്ടെത്തി. സ്‌ഫോടനത്തിന്റെ ആഘാതം വർധിപ്പിക്കാനാണ് പാചകവാതകത്തിനൊപ്പം ആണിയും വെടിമരുന്നും മറ്റും ഉപയോഗിച്ചതെന്ന് അറസ്റ്റിലായവർ മൊഴി നൽകി. ഇതിന് സമാനമായിരുന്നും മംഗ്ലൂരു ഓപ്പറേഷൻ.

ജമേഷ മുബിനും മുഹമ്മദ് ഷാരിഖും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്നു കേന്ദ്ര ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു. സ്‌ഫോടനത്തിനു സാമ്പത്തിക സഹായം ചെയ്‌തെന്നു കരുതുന്ന ശിവമൊഗ്ഗ സ്വദേശി അബ്ദുൽ മദീൻ അഹമ്മദ് ത്വാഹയെ കണ്ടെത്താൻ തിരച്ചിൽ നോട്ടിസ് പുറത്തിറക്കിയിട്ടുമുണ്ട്. ജമേഷ മുബിനും മുഹമ്മദ് ഷാരിഖും കോയമ്പത്തൂരിലെ ശിരിങ്കനെല്ലൂരിലാണ് കൂടിക്കാഴ്ച നടത്തിയത്. സെപ്റ്റംബറിലും ഒക്ടോബറിലും കോയമ്പത്തൂരിൽ വന്നിരുന്ന ഷാരിഖ് ഗാന്ധിനഗറിലെ ഡോർമിറ്ററിയിൽ മൂന്നുദിവസം താമസിച്ചു. ഈ ഡോർമിറ്ററി പൊലീസ് പൂട്ടി സീൽ ചെയ്തു.

കാർ ബോംബ് സ്‌ഫോടനവും മംഗളൂരുവിലെ പൊട്ടിത്തെറിയും തമ്മിൽ ബന്ധമുണ്ടോയെന്നാണു കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്. നിലവിൽ ജയിലിൽ കഴിയുന്ന 6 പേർക്കു ഷാരിഖുമായി ബന്ധമുണ്ടോയെന്നറിയാൻ ചോദ്യം ചെയ്യും. കോയമ്പത്തൂരിനു പുറമേ ഷാരിഖ് സന്ദർശിച്ച തിരുച്ചിറപ്പള്ളി, മധുര, ചെന്നൈ, ആലുവ എന്നിവിടങ്ങളിലെ ഇയാളുടെ സഹായികളെ കണ്ടെത്താനും ശ്രമം തുടങ്ങി.

കോയമ്പത്തൂരിൽ ഷാരിഖിനു സിം കാർഡ് എടുത്തുനൽകിയ ഊട്ടിയിലെ സ്വകാര്യ സ്‌കൂൾ അദ്ധ്യാപകൻ സുരേന്ദ്രനെ തുടർച്ചയായ മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. അതേ സമയം, പുഴൽ ജയിലിൽ കഴിയുന്ന കോയമ്പത്തൂർ സ്‌ഫോടനക്കേസ് പ്രതികളെ ഇന്നലെ എൻഐഎ കോടതിയിൽ വിഡിയോ കോൺഫറൻസിങ് വഴി വീണ്ടും ഹാജരാക്കി. പ്രതികളുടെ കേരളത്തിലെ ബന്ധങ്ങൾ സംബന്ധിച്ച അന്വേഷണവും കേന്ദ്രഏജൻസികൾ ശക്തമാക്കിയിട്ടുണ്ട്.

കേരള പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ(എടിഎസ്) സഹകരണവും അന്വേഷണ സംഘം തേടി. കേന്ദ്ര ഏജൻസികളുടെ പ്രതിനിധികൾ ഇന്നലെ കൊച്ചിയിൽ പ്രത്യേക അവലോകന യോഗം ചേർന്നു നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP