Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മീൻ വിൽപ്പനയുടെ മറവിൽ മംഗളൂരുവിൽ നിന്ന് ലഹരി എത്തിക്കും; ലഹരി വിൽപ്പനയിലൂടെ അര ഡസനോളം വാഹനങ്ങൾ; എതിരാളികളെ അടിച്ചൊതുക്കാൻ ക്വട്ടേഷൻ സംഘങ്ങളും; ഡിവൈഎഫ് ഐ താക്കീതുകൾ പ്രതികാരമായി; തലശ്ശേരിയിലെ ഇരട്ടക്കൊലയ്ക്ക് പിന്നിൽ ജാക്സൺ; പാറായി ബാബുവിന്റെ അളിയൻ കൊടും ക്രിമിനൽ

മീൻ വിൽപ്പനയുടെ മറവിൽ മംഗളൂരുവിൽ നിന്ന് ലഹരി എത്തിക്കും; ലഹരി വിൽപ്പനയിലൂടെ അര ഡസനോളം വാഹനങ്ങൾ; എതിരാളികളെ അടിച്ചൊതുക്കാൻ ക്വട്ടേഷൻ സംഘങ്ങളും; ഡിവൈഎഫ് ഐ താക്കീതുകൾ പ്രതികാരമായി; തലശ്ശേരിയിലെ ഇരട്ടക്കൊലയ്ക്ക് പിന്നിൽ ജാക്സൺ; പാറായി ബാബുവിന്റെ അളിയൻ കൊടും ക്രിമിനൽ

അനീഷ് കുമാർ

തലശേരി: മയക്കുമരുന്ന് മാഫിയാസംഘത്തിന്റെ കണ്ണൂർ ജില്ലയിലെ പ്രധാന കണ്ണിയാണ് തലശേരി ഇരട്ടക്കൊലക്കേസ് പ്രതി നെട്ടൂർ ചിറക്കക്കാവിനടുത്ത മീത്തലെക്കണ്ടി വീട്ടിൽ ജാക്‌സണെന്ന് പൊലിസ്. മുഖ്യപ്രതി പാറായി ബാബുവിന്റെ അളിയനായ ഇയാൾ കഞ്ചാവും എംഡിഎംഎയുമടക്കമുള്ള ലഹരിവസ്തുക്കളുടെ മൊത്തവിതരണത്തിലൂടെ ലഭിക്കുന്ന വരുമാനം സ്വന്തമായി ക്വട്ടേഷൻ സംഘത്തെ വളർത്താനും ആയുധം വാങ്ങാനും ഉപയോഗിച്ചു.

സിപിഎം പ്രവർത്തകരായ രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തിയത് സിപിഎം പ്രവർത്തകൻ കൂടിയായ ബാബുവാണ്. ഇയാളുടെ സിപിഎം ബന്ധം തലശ്ശേരിയിൽ ഉള്ളവർക്ക് വ്യക്തമായി അറിയുകയും ചെയ്യും. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൊളശേരിയിൽ നടത്തിയ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്ത വ്യക്തിയാണ് ബാബു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ മാസം കൊളശേരിയിൽ ഡിവൈഎഫ്ഐ നടത്തിയ മനുഷ്യചങ്ങലയിൽ പാറായി ബാബു പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലഹരി വിൽപന ചോദ്യം ചെയ്തതാണോ കൊലപാതകത്തിനു പ്രകോപനമെന്ന് പരിശോധിക്കുമെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു.

അഞ്ചു സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ പാറായി ബാബു പിടിയിലായിരുന്നു. കൊല്ലപ്പെട്ട കെ.ഖാലിദിനെയും പൂവനായി ഫെമീറിനെയും കുത്തിയത് നിട്ടൂർ സ്വദേശിയായ പാറായി ബാബുവെന്നും പൊലീസ് അറിയിച്ചിരുന്നു. ഏഴുപേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. ബാബു, ജാക്സൺ, നവനീത്, സുസ്മിത്, കണ്ടാലറിയുന്ന ഒരാൾ എന്നിവരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. ഇതിൽ ജാക്‌സണാണ് സംഘ തലവൻ എന്നാണ് വ്യക്തമാകുന്നത്.

മയക്കുമരുന്ന് വിൽപനയ്ക്കെതിരെ സർക്കാരും പൊലീസും എക്‌സൈസും വിവിധ പാർട്ടികളും രംഗത്തിറങ്ങിയത് ഈയിടെ ജാക്‌സണിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് തിരിച്ചടിയായിരുന്നു. ചിറക്കക്കാവ്, ചിറമ്മൽ പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകർ പലവട്ടം താക്കീതു ചെയ്‌തെങ്കിലും ഇയാൾ വിൽപ്പന അവസാനിപ്പിച്ചില്ല. കഞ്ചാവുമായി ധർമടം പൊലീസ് പലതവണ ഇയാളെയും സംഘത്തിൽപ്പെട്ടവരെയും പിടികൂടി. ഇതിനുപിന്നിൽ പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്ന വിരോധത്തിലാണ് ബുധനാഴ്ച ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഷബിലിനെ ബൈക്കിലെത്തി മർദിച്ചത്. കൊല്ലപ്പെട്ട സിപിഎം ബ്രാഞ്ചംഗം ഷെമീറിന്റെ മകനാണ് ഷബിൽ.

മീൻവിൽപ്പനയുടെ മറവിൽ മംഗളൂരുവിൽനിന്നാണ് ജാക്‌സൺ ലഹരിവസ്തുക്കൾ തലശേരിയിലെത്തിക്കുന്നതെന്നാണ് പൊലിസിന് ലഭിച്ചവിവരം. തലശേരി മാർക്കറ്റിലേക്ക് മീനെത്തിക്കുന്ന ജാക്‌സന്റെ വാഹനമാണ് കടത്തിനുപയോഗിക്കുന്നത്. ലഹരിവിൽപ്പനയിലൂടെ അര ഡസനോളം വാഹനങ്ങൾ ഇയാൾ സ്വന്തമാക്കിയിട്ടുണ്ട്. വീടിന്റെ രണ്ടാംനിലയുടെ നിർമ്മാണം പുരോഗമിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ലഹരിവിൽപ്പനക്കായി എന്തിനും തയ്യാറായ ക്വട്ടേഷൻ സംഘങ്ങളെയും തീറ്റിപ്പോറ്റിയായിരുന്നു ജാക്സൺ തലശേരിയിലെ ഡോണായി മാറിയത്.

ഇവരിൽ ചിലരാണ് തലശേരി ഇരട്ടകൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെന്നാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായത്. മയക്കുമരുന്ന് വിൽപന ചോദ്യം ചെയ്തതിന് സിപി എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്നിലെ കെ ഖാലിദ്, പൂവനാഴി ഷെമീർ എന്നിവരെ ആക്രമിക്കാൻ ജാക്സന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് സംഘമെത്തിയത് ഒറ്റക്കുത്തിൽ ജീവനെടുക്കാൻ സാധിക്കുന്ന ആയുധവുമായാണ്. കൊല നടത്താൻ മയക്കുമരുന്ന് സംഘം ഗൂഢാലോചനയും ആസൂത്രണവും നടത്തിയിയെന്നാണ് പൊലിസ് നൽകുന്ന വിവരം.

ഇല്ലിക്കുന്നിൽ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായ ഷബിലിനെ മർദിച്ചതുമുതൽ മയക്കുമരുന്ന് സംഘം അക്രമാസക്തരായിരുന്നു. ആയുധങ്ങളുമായി എത്തി, അനുനയ ശ്രമത്തിനെന്ന വ്യാജേനയാണ് സഹകരണ ആശുപത്രിയിലുള്ള ഷെമീറിനെയും ഖാലിദിനെയും വിളിച്ചുവരുത്തിയത്. സംസാരത്തിനിടെയാണ് കൈയിൽ കരുതിയ ആയുധമെടുത്ത് കുത്തിയത്. 'എന്തിനാ ബാബൂ...' എന്ന് ഖാലിദ് ചോദിക്കുമ്പോഴും ഒരുമടിയുമില്ലാതെ കത്തി കുത്തിയിറക്കി. പിന്നാലെ, ഷെമീറിനെയും കുത്തിയും വെട്ടിയും പരിക്കേൽപ്പച്ചു. ഉടൻ രക്ഷപ്പെടുകയുംചെയ്തു.

ഇതിനിടെ മയക്കുമരുന്ന് മാഫിയാസംഘത്തിന്റെ കത്തിമുനയിൽ പിടഞ്ഞുമരിച്ച രണ്ടു സി.പി. എം പ്രവർത്തകർക്ക് നാട് കണ്ണീരോടെ വിടനൽകി. സി.പി. എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്ന് 'ത്രിവർണ' ഹൗസിൽ കെ ഖാലിദ് (52), സഹോദരീഭർത്താവും സിപി എം നെട്ടൂർ ബ്രാഞ്ചംഗവുമായ പൂവനാഴി ഷെമീർ (40) എന്നിവരുടെ ഭൗതിക ശരീരം വ്യാഴാഴ്‌ച്ച രാത്രിയോടെ കൊടുവള്ളി ആമുക്കപ്പള്ളി ഖബറിടത്തിൽ ഖബറടക്കി.

ഷെമീറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഖാലിദിന്റേത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലുമാണ് പോസ്റ്റ്‌മോർട്ടംചെയ്തത്. സിപിഎം നേതാക്കളും ബന്ധുക്കളും ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ വ്യാഴം വൈകിട്ടോടെ വിലാപയാത്രയായാണ് ഇല്ലിക്കുന്നിലെത്തിച്ചത്. ഇല്ലിക്കുന്ന് 'ത്രിവർണ' ഹൗസിലും രണ്ടുപേരുടെയും തറവാടുകളിലും മൃതദേഹങ്ങളെത്തിച്ചപ്പോഴുള്ള രംഗം ഹൃദയഭേദകമായിരുന്നു. വിതുമ്പലടക്കാനാവാതെയാണ് ഉറ്റവർ ഇന്നലെ വരെ തങ്ങളുടെ കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവർക്ക് വിട നൽകിയത്.

ചിറമ്മലിലെ മൈതാനത്ത് പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ എന്നിവർ ചേർന്ന് ചെങ്കൊടി പുതപ്പിച്ചു. വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും നാട്ടുകാരുമടക്കം ആയിരങ്ങളാണ് അന്ത്യാഭിവാദ്യം അർപ്പിക്കാനെത്തിയത്. രാത്രിയോടെ ആമുക്കപള്ളിയിൽ ഖബറടക്കി. തുടർന്ന് സർവകക്ഷി അനുശോചനയോഗവും നടത്തി. ഇരട്ടകൊലപാതകത്തിലുള്ള ദുഃഖസൂചകമായി തലശേരി നഗരസഭയിലെ കൊടുവള്ളി, മണ്ണയാട് പ്രദേശങ്ങളിൽ ഹർത്താലാചരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP