Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഗോൾ രഹിതമായ ആദ്യ പകുതി; അഞ്ചാം ലോകകപ്പിലും ഗോൾ നേടി ചരിത്രം കുറിച്ച് റൊണാൾഡോ; ആന്ദ്രെ അയുവിലൂടെ തിരിച്ചടിച്ച് ഘാന; പറങ്കിപ്പടയ്ക്കായി തുടരെ നിറയൊഴിച്ച് ജാവോ ഫെലിക്സും റാഫേൽ ലിയോയും; ഒസ്മാൻ ബുകാരിയിലൂടെ ഘാനയുടെ മറുപടി; ഖത്തറിലെ ആവേശപ്പോരിൽ പോർച്ചുഗലിന് മിന്നും ജയം

ഗോൾ രഹിതമായ ആദ്യ പകുതി; അഞ്ചാം ലോകകപ്പിലും ഗോൾ നേടി ചരിത്രം കുറിച്ച് റൊണാൾഡോ; ആന്ദ്രെ അയുവിലൂടെ തിരിച്ചടിച്ച് ഘാന; പറങ്കിപ്പടയ്ക്കായി തുടരെ നിറയൊഴിച്ച് ജാവോ ഫെലിക്സും റാഫേൽ ലിയോയും; ഒസ്മാൻ ബുകാരിയിലൂടെ ഘാനയുടെ മറുപടി; ഖത്തറിലെ ആവേശപ്പോരിൽ പോർച്ചുഗലിന് മിന്നും ജയം

സ്പോർട്സ് ഡെസ്ക്

ദോഹ: അഞ്ചു ലോകകപ്പിലും ഗോൾ നേടുന്ന ആദ്യ താരമെന്ന പുതുചരിത്രം ക്രിസ്റ്റ്യാനോ റൊണാൾഡോ പേരിൽ കുറിച്ച മത്സരത്തിൽ ഘാനയെ കീഴടക്കി പോർച്ചുഗലിന് ഖത്തർ ലോകകപ്പിൽ വിജയത്തുടക്കം. ഘാനയ്ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പോർച്ചുഗലിന്റെ ജയം. പോർച്ചുഗൽ വിജയിച്ചെങ്കിലും ആരാധകരുടെ മനം കീഴടക്കിയാണ് ഘാന മടങ്ങുന്നത്.

ക്രിസ്റ്റിയാനോ റൊണാൾഡോയിലൂടെ പോർച്ചുഗൽ ഗോളടിക്ക് തുടക്കമിട്ടപ്പോൾ ജാവോ ഫെലിക്സ്, റാഫേൽ ലിയോ എന്നിവർ ഗോൾപട്ടിക പൂർത്തിയാക്കി. ആന്ദ്രേ അയൂ, ഒസ്മാൻ ബുകാരി എന്നിവരാണ് ഘാനയുടെ ഗോളുകൾ നേടിയത്. ക്രിസ്റ്റിയാനോ ഗോൾ നേട്ടത്തോടെ അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി മാറി.

ക്രിസ്റ്റ്യാനോ റൊണാൾഡോ (63, പെനൽറ്റി), ജാവാ ഫെലിക്‌സ് (78), റാഫേൽ ലിയോ (80) എന്നിവരാണു പോർച്ചുഗലിനായി ഗോൾ നേടിയത്. ഘാനയ്ക്കു വേണ്ടി ആന്ദ്രെ അയു (73), ഒസ്മാൻ ബുക്കാരി (89) എന്നിവർ വല കുലുക്കി. ആദ്യ പകുതിയിലെ ഗോൾ ക്ഷാമത്തിനു ശേഷം രണ്ടാം പകുതിയിലായിരുന്നു പോർച്ചുഗലും ഘാനയും ചേർന്ന് അഞ്ച് ഗോളുകൾ അടിച്ചു കൂട്ടിയത്.



ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ പോർച്ചുഗൽ ലീഡെടുത്തു. പിന്നാലെയെത്തി ഘാനയുടെ സൂപ്പർ താരം അയൂവിന്റെ മറുപടി. പോർച്ചുഗീസ് പടയെ ഞെട്ടിച്ച് അയൂ ഗോളടിച്ചപ്പോൾ മത്സരം ആവേശത്തിലേക്ക് കത്തിക്കയറി. പിന്നാലെ ജാവോ ഫെലിക്സും റാഫേൽ ലിയോയും തുടരെത്തുടരെ വെടിപൊട്ടിച്ചപ്പോൾ ഘാന തകർന്നു. സ്‌കോർ 3-1.

എന്നാൽ അവരുടെ പോരാട്ടവീര്യത്തിന്റെ കനൽ അവിടെ നിന്ന് ആളിക്കത്തി. 89-ാം മിനിറ്റിൽ ഒരു ഗോൾ കൂടി നേടിക്കൊണ്ട് അവർ ആഫ്രിക്കൻ ഫുട്ബോളിന്റെ പോരാട്ടവീര്യം ലോകത്തിന് മുമ്പിൽ ഒരിക്കൽ കൂടി തെളിയിച്ചു.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ പോർച്ചുഗൽ ആക്രമിച്ച് കളിച്ചു. 11-ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം സൂപ്പർ താരം റൊണാൾഡോ നഷ്ടപ്പെടുത്തി. ബോക്സിലേക്ക് വന്ന ത്രൂബോൾ സ്വീകരിച്ച റൊണാൾഡോയ്ക്ക് ഗോൾകീപ്പർ സിഗിയെ മറികടക്കാനായില്ല. പോർച്ചുഗൽ ബോക്സിലേക്ക് ആക്രമിക്കാനായി ഓരോ തവണ കയറുമ്പോഴും ഘാന പ്രതിരോധം അതിനെ സമർത്ഥമായി തന്നെ നേരിട്ടു.

28-ാം മിനിറ്റിൽ ലഭിച്ച അവസരം പോർച്ചുഗലിന്റെ ബെർണാഡോ സിൽവ പാഴാക്കി. 31-ാം മിനിറ്റിൽ റൊണാൾഡോ വലകുലുക്കിയെങ്കിലും റഫറി ഫൗൾ വിളിച്ചു. ഘാന പ്രതിരോധതാരത്തെ റൊണാൾഡോ വീഴ്‌ത്തിയതിനാണ് റഫറി ഫൗൾ വിളിച്ചത്. 36-ാം മിനിറ്റിൽ ജാവോ ഫെലിക്സിന്റെ ദുർബലമായ ഷോട്ട് ഗോൾകീപ്പർ സിഗി കൈയിലൊതുക്കി.

പന്ത് മിക്ക സമയവും കാലിൽ വെച്ചെങ്കിലും പോസ്റ്റിനുള്ളിലേക്ക് മുന്നേറാൻ പോർച്ചുഗീസ് മുന്നേറ്റനിരയെ ഘാന പ്രതിരോധം ശക്തമായി തടഞ്ഞു. അവസരങ്ങൾ സൃഷ്ടിക്കുന്നത് തടയുക എന്നതായിരുന്നു ഘാനയുടെ തന്ത്രം. ആദ്യ പകുതിയിൽ അവർ അത് ഫലപ്രദമായി നിറവേറ്റുകയും ചെയ്തു.

ജാവോ ഫെലിക്സും റൊണാൾഡോയും സിൽവയും ഫെർണാണ്ടസുമെല്ലാം അണിനിരന്ന മുന്നേറ്റനിരയെ ഭയക്കാതെ ഘാന അനായാസം പ്രതിരോധം ശക്തിപ്പെടുത്തി. വൈകാതെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ആദ്യ പകുതിയിൽ പോർച്ചുഗൽ ലക്ഷ്യത്തിലേക്ക് രണ്ട് ഷോട്ടുകൾ ഉതിർത്തപ്പോൾ ഘാനയ്ക്ക് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് പായിക്കാനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ പോർച്ചുഗലിനെ ഞെട്ടിച്ചുകൊണ്ട് ഘാന മികച്ചൊരു മുന്നേറ്റം നടത്തി. 55ാ-ാം മിനിറ്റിൽ ഘാനയുടെ കുഡൂസ് പന്തുമായി മുന്നേറിയെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി.



65-ാം മിനിറ്റിൽ സൂപ്പർ താരം റൊണാൾഡോയെ ബോക്സിൽ വെച്ച് വീഴ്‌ത്തിയതിന് പോർച്ചുഗലിന് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. ഘാനയുടെ സലിസുവാണ് റൊണാൾഡോയെ ബോക്സിൽ വീഴ്‌ത്തിയത്. കിക്കെടുത്ത സൂപ്പർ താരത്തിന് തെറ്റിയില്ല. പന്ത് അനായാസം വലയിലേക്ക് അടിച്ചുകയറ്റി റൊണാൾഡോ ചരിത്രം കുറിച്ചു. ലോകകപ്പിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരം എന്ന റെക്കോഡ് റൊണാൾഡോ സ്വന്തമാക്കി.

എന്നാൽ എട്ട് മിനിറ്റ് മാത്രമായിരുന്നു ഗോൾ ആഘോഷത്തിന് ആയുസ്. കുഡുസിന്റെ നിലംപറ്റെയുള്ള ക്രോസിൽ കാലുവച്ചാണ് അയൂ വലകുലുക്കിയത്. ഈ ഗോളോടെ ലോകകപ്പിൽ ഘാനയ്ക്ക് വേണ്ടി ഏറ്റവുമധികം ഗോളടിക്കുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡ് അയൂ സ്വന്തമാക്കി. സ്‌കോർ 1-1. എന്നാൽ 78-ാം മിനിറ്റിൽ പോർച്ചുഗൽ ലീഡ് തിരിച്ചുപിടിച്ചു. ബ്രൂണോ ഫെർണാണ്ടസ് നീട്ടി നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ ഫെലിക്സ് അനായാസം വലുകുലുക്കി. ഇതോടെ പോർച്ചുഗൽ ക്യാമ്പിൽ സന്തോഷം അണപൊട്ടി. അതുകൊണ്ടൊന്നും പോർച്ചുഗൽ ആക്രമണം അവസാനിച്ചില്ല.



80-ാം മിനിറ്റിൽ പോർച്ചുഗൽ വീണ്ടും വലകുലുക്കി. ഇത്തവണയും ബ്രൂണോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ നിന്നാണ് ഗോൾ പിറന്നത്. പകരക്കാരനായി വന്ന റാഫേൽ ലിയോയാണ് ടീമിനായി മൂന്നാം ഗോളടിച്ചത്. ഫെർണാണ്ടസ് ഇടതുവശത്തേക്ക് നീട്ടിനൽകിയ പാസ് മികച്ച ഫിനിഷിലൂടെ ലിയോ വലയിലെത്തിച്ചു. ഇതോടെ പോർച്ചുഗൽ വിജയമുറപ്പിച്ചു.

തിരിച്ചടിക്ക് കിണഞ്ഞ് ശ്രമിച്ച ഘാനയ്ക്ക് ഒരു ഗോൾകൂടി മടക്കാനായി. ബുകാരിയുടെ ഹെഡ്ഡറാണ് ഗോളിൽ അവസാനിച്ചത്. പിന്നീട് ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും നിറഞ്ഞാടിയപ്പോൾ ആരാധകരും ആവേശക്കൊടുമുടിയിലായി. ഒടുവിൽ പോർച്ചുഗലിന്റെ വിജയം ഉറപ്പിച്ച് ലോംഗ് വിസിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP