Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏഷ്യൻ കരുത്തിൽ വിറച്ച് പ്രഥമ ചാമ്പ്യന്മാരും; താരപ്പകിട്ടിൽ കുതിച്ച യുറുഗ്വായെ പിടിച്ചുകെട്ടി ദക്ഷിണ കൊറിയ; കൊറിയൻപടയ്ക്കു മുന്നിൽ ഉത്തരമില്ലാതെ സുവാരസും ന്യൂനസും കവാനിയും; അവസരങ്ങൾ പാഴാക്കുന്നതിൽ മത്സരിച്ച് ഇരുടീമുകളും; ഖത്തർ ലോകകപ്പിൽ വീണ്ടും ഗോൾ രഹിത സമനില

ഏഷ്യൻ കരുത്തിൽ വിറച്ച് പ്രഥമ ചാമ്പ്യന്മാരും; താരപ്പകിട്ടിൽ കുതിച്ച യുറുഗ്വായെ പിടിച്ചുകെട്ടി ദക്ഷിണ കൊറിയ; കൊറിയൻപടയ്ക്കു മുന്നിൽ ഉത്തരമില്ലാതെ സുവാരസും ന്യൂനസും കവാനിയും; അവസരങ്ങൾ പാഴാക്കുന്നതിൽ മത്സരിച്ച് ഇരുടീമുകളും; ഖത്തർ ലോകകപ്പിൽ വീണ്ടും ഗോൾ രഹിത സമനില

സ്പോർട്സ് ഡെസ്ക്

ദോഹ: ഖത്തർ ലോകകപ്പിൽ ഒരിക്കൽ കൂടി മുൻ ചാമ്പ്യന്മാരെ വിറപ്പിച്ച് ഏഷ്യൻ സംഘം. അൽജനൂബ് സ്റ്റേഡിയത്തിൽ അവസാന നിമിഷം വരെ ആവേശം വാനോളം ഉയർന്ന മത്സരത്തിൽ പ്രഥമ ലോകകപ്പ് ജേതാക്കളായ യുറുഗ്വായെ ദക്ഷിണ കൊറിയ സമനിലയിൽ പൂട്ടി. മത്സരത്തിന്റെ പലഘട്ടങ്ങളിലും ആധിപത്യം തുടർന്ന കൊറിയൻപടയ്ക്കു മുന്നിൽ സുവാരസും ന്യൂനസും കവാനിയും ഉത്തരമില്ലാതെ മടങ്ങി. ലാറ്റിനമേരിക്കൻ സംഘത്തിനു മുന്നിൽ ഒട്ടേറെ അവസരങ്ങൾ തുറന്നുകിട്ടിയിട്ടും ദക്ഷിണ കൊറിയയ്ക്കും ലക്ഷ്യം കാണാനായില്ല.

ദോഹയിൽ മറ്റൊരു ഏഷ്യൻ അട്ടിമറിയുണ്ടാകുമോ എന്ന് ആരാധകർ ഉറ്റുനോക്കിയ മത്സരത്തിൽ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു. പ്രതീക്ഷിച്ചതിലും മികച്ച മത്സരമാണ് ആരാധകർക്കായി യുറുഗ്വായ് - ദക്ഷിണ കൊറിയ താരങ്ങൾ സമ്മാനിച്ചത്. ആദ്യ പകുതി അവസാനിക്കുംവരെ ഇഞ്ചോടിഞ്ച് പോരാടിനിൽക്കുകയാണ് ഇരുടീമുകളും. പല ഘട്ടങ്ങളിലായി തുറന്നുവന്ന അവസരങ്ങൾ മുതലെടുക്കാൻ രണ്ടു ടീമുകൾക്കുമായില്ല.



ഗോൾരഹിതസമനിലയിലും വീറിനും വാശിക്കും ഒട്ടുമുണ്ടായില്ല കുറവ്. ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ അതിവേഗ നീക്കങ്ങളിൽ പന്തിൽ ആധിപത്യവും തുടക്കം മുതൽ കൊറിയക്കായിരുന്നു. അവരുടെ മിന്നൽവേഗത്തിനൊപ്പം പിടിക്കാൻ പ്രായം തളർത്തിയ ലൂയിസ് സുവാരസിനും കൂട്ടർക്കും കഴിഞ്ഞില്ല. സബ്സ്റ്റിറ്റിയൂഷനുകളിലൂടെ ചെറുപ്പവും വേഗവും തിരിച്ചുപിടിച്ചിട്ടും കിട്ടിയ അവസരങ്ങൾ പുറത്തേയ്‌ക്കോ ബാറിലേയ്‌ക്കോ അടിച്ച് പ്രഥമ ചാമ്പ്യന്മാർ നഷ്ടപ്പെടുത്തി.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ യുറുഗ്വായെ ഞെട്ടിച്ചുകൊണ്ട് ദക്ഷിണ കൊറിയയാണ് ആധിപത്യം പുലർത്തിയത്. സൺ ഹ്യുങ് മിന്നിന്റെ നേതൃത്വത്തിലുള്ള കൊറിയൻ മുന്നേറ്റനിര നിരന്തരം യുറുഗ്വായ് പ്രതിരോധത്തിന്റെ ബലം പരിശോധിച്ചു. ആദ്യ പത്തുമിനിറ്റിൽ യുറുഗ്വായ് ചിത്രത്തിൽപ്പോലുമില്ലായിരുന്നു. എന്നാൽ പതിയെ ടീം മത്സരത്തിലേക്ക് തിരിച്ചുവന്നു.



21-ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം മുതലാക്കാൻ യുറുഗ്വായ് സൂപ്പർതാരം ഡാർവിൻ ന്യൂനസിന് സാധിച്ചില്ല. പെല്ലിസ്ട്രിയുടെ അളന്നുമുറിച്ച ക്രോസ് കൃത്യമായി കാലിലൊതുക്കി വലകുലുക്കുന്നതിൽ ന്യൂനസ് പരാജയപ്പെട്ടു. 33-ാം മിനിറ്റിൽ ലഭിച്ച ഓപ്പൺ ചാൻസ് ഗോളാക്കി മാറ്റാൻ ദക്ഷിണകൊറിയയുടെ ഹവാങ്ങിന് സാധിച്ചില്ല. പിന്നാലെ 39-ാം മിനിറ്റിൽ ഹവാങ്ങിന്റെ തകർപ്പൻ ലോങ് റേഞ്ചർ യുറുഗ്വായ് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

കൊറിയ ആക്രമിച്ച് കളിച്ചപ്പോൾ കൗണ്ടർ അറ്റാക്കിലൂടെ ഗോളടിക്കാനാണ് യുറുഗ്വായ് ശ്രമിച്ചത്. 43-ാം മിനിറ്റിൽ യുറുഗ്വായ് പ്രതിരോധതാരം ഗോഡിന്റെ തകർപ്പൻ ഹെഡ്ഡർ കൊറിയൻ പോസ്റ്റിലിടിച്ച് തെറിച്ചു. വൈകാതെ ആദ്യപകുതി അവസാനിച്ചു.

ആവേശകരമായ ആദ്യ പകുതിക്കുശേഷം അൽപം മന്ദഗതിയിലാണ് രണ്ടാം പകുതി തുടങ്ങിയത്. 64-ാം മിനിറ്റിൽ സൂപ്പർ താരം ലൂയി സുവാരസിനെ യുറുഗ്വായ് പിൻവലിച്ചു. പകരമെത്തിയത് എഡിൻസൻ കവാനി. ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും നിറഞ്ഞുകളിക്കുന്ന കാഴ്ചയാണ് കണ്ടത്.



71-ാം മിനിറ്റിൽ കൊറിയയ്ക്കു മുന്നിൽ ഒരു അർധാവസരം തുറന്നുകിട്ടി. സൺ ഹിയൂങ് മിൻ തൊടുത്തുവിട്ട മികച്ചൊരു ക്രോസ്ഫീൽഡ് പാസിൽ മറുവശത്ത് ഹവാങ് യൂയി ജോയുടെ കാലിലെത്തും മുൻപ് സെർജിയോ റോഷറ്റ് ക്ലിയർ ചെയ്തുകളഞ്ഞു.

81-ാം മിനിറ്റിൽ യുറുഗ്വായ്ക്ക് വീണ്ടും അവസരം. ഡാർവിൻ ന്യൂനസിന്റെ കിടിലൻ ഷോട്ട് കൊറിയൻ ബാറിനെ ചുംബിച്ചാണ് കടന്നുപോയത്. 90-ാം മിനിറ്റിൽ വീണ്ടും യുറുഗ്വേയുടെ കിടിലൻ നീക്കം. വാൽവെർദെയുടെ തീയുണ്ട കണക്കെയുള്ള ലോങ് റേഞ്ചറും പക്ഷെ ബാറിനിടിച്ച് പുറത്തേക്ക് തെറിച്ചു.

തൊട്ടടുത്ത നിമിഷം സൺ ഹ്യൂങ് മിന്നിലൂടെ ദക്ഷിണ കൊറിയയുടെ പ്രത്യാക്രമണം. സണിന്റെ ലോങ് റേഞ്ചർ യുറുഗ്വായ് ഗോൾബാറിനെ ചുംബിച്ചു പറന്നു. അധിക സമയത്ത് അവസാന നിമിഷം ലഭിച്ച കോർണർ അവസരം മുതലെടുക്കാൻ യുറുഗ്വായ്ക്കായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP