Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാമറൂണിന്റെ തലസ്ഥാനമായ യോൺഡെയിൽ ജനനം; അമ്മയ്‌ക്കൊപ്പം ഫ്രാൻസിലേക്ക് ചേക്കേറിയത് തലവര മാറ്റി; സ്വിറ്റ് സ്വദേശിയുമായി അമ്മയുടെ പ്രണയം സ്വിറ്റ്സർലൻഡിലെത്തിച്ചു; പൗരത്വം ലഭിച്ചത് 2014ൽ; ജന്മനാടിനെതിരെ ദേശീയ ടീമിന് ജയം ഒരുക്കിയ ബ്രീൽ എംബോളോയുടെ കഥ

കാമറൂണിന്റെ തലസ്ഥാനമായ യോൺഡെയിൽ ജനനം; അമ്മയ്‌ക്കൊപ്പം ഫ്രാൻസിലേക്ക് ചേക്കേറിയത് തലവര മാറ്റി; സ്വിറ്റ് സ്വദേശിയുമായി അമ്മയുടെ പ്രണയം സ്വിറ്റ്സർലൻഡിലെത്തിച്ചു; പൗരത്വം ലഭിച്ചത് 2014ൽ; ജന്മനാടിനെതിരെ ദേശീയ ടീമിന് ജയം ഒരുക്കിയ ബ്രീൽ എംബോളോയുടെ കഥ

സ്പോർട്സ് ഡെസ്ക്

ദോഹ: മുൻ ചാമ്പ്യന്മാരെ അട്ടിമറിക്കുന്നതിൽ ഇതിനകം 'കുപ്രസിദ്ധി' നേടിയ ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്വിറ്റ്‌സർലൻഡിന് നിർണായക ജയം സമ്മാനിച്ചത് ഫ്രഞ്ച് ലീഗ് വൺ മൊണോക്കോ ക്ലബ് സ്‌ട്രൈക്കറും സ്വിസ് ആരാധകരുടെ ഇഷ്ട താരവുമായ ബ്രീൽ എംബോളോയായിരുന്നു. ദേശീയ ടീമിനായി തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോളടിക്കുന്ന താരം എന്ന നേട്ടവും മത്സരത്തിനിടെ എംബോളോ സ്വന്തമാക്കിയിരുന്നു.

ഫിഫ റാങ്കിങ്ങിൽ മുൻനിരക്കാരും പ്രതിരോധത്തിൽ 'കടുകട്ടി'ക്കാരുമായ സ്വിറ്റ്‌സർലൻഡിനെ ആദ്യ പകുതിയിൽ ഗോൾ രഹിത സമനിലയിൽ കുരുക്കിയ കാമറൂണിനെതിരെ നിർണായക ജയം നേടാൻ സഹായിച്ചത് എംബോളോയുടെ ഫിനിഷിങ് മികവായിരുന്നു.

മധ്യനിരയിൽനിന്നു ഗ്രനിറ്റ് ജാക്ക ഒരുക്കി നൽകിയ പന്തുമായി വലതു വിങ്ങിൽനിന്നു ബോക്‌സിനുള്ളിലേക്കു സെർദാർ ഷാക്കിറി അളന്നു മുറിച്ചു നീട്ടിയ പാസാണു ഗോളിൽ കലാശിച്ചത്. ബോക്‌സിനുള്ളിൽ മാർക്ക് ചെയ്യപ്പെടാതെനിന്ന എംബോളോ കാമറൂൺ ഗോളി ആന്ദ്രേ ഒനാനയെ നിഷ്പ്രഭനാക്കി പന്ത് അനായാസം വലയിലേക്കു തട്ടിയിടുകയായിരുന്നു ആദ്യ പകുതിയിൽ ഒരു ഗോൾ ഷോട്ട് പോലും ഉതിർക്കാനായില്ലെങ്കിലും രണ്ടാം പകുതിയിലെ കിടയറ്റ പ്രകടനമാണു സ്വിറ്റ്‌സർലൻഡിനെ ജയത്തിലെത്തിച്ചത്.

48-ാം മിനിറ്റിൽ കമന്റേറ്റർമാർ എംബോളോ എന്നുറക്കെ വിളിച്ചതോടെ സ്റ്റേഡിയമൊന്നടങ്കം ആവേശത്തിമിർപ്പിലേക്കുയർന്നു. ചുവപ്പും വെളുപ്പും നിറമുള്ള സ്വിറ്റ്സർലൻഡ് ദേശീയ കൊടികൾ സ്റ്റേഡിയമൊന്നടങ്കം പാറിക്കളിച്ചു.

കാമറൂണിനെതിരായ പോരാട്ടത്തിൽ നേടിയ ആ മനോഹര ഗോളിന് ശേഷം ബ്രീൽ എബോളോ ആകാശത്തേക്ക് കയ്യുയർത്തി നിശബ്ദനായി ഒരു നിമിഷം നിന്നു. സഹതാരങ്ങൾ ടീം ലീഡ് നേടിയതിൽ ആഘോഷം തുടരുമ്പോഴും എബോളോയുടെ മുഖത്ത് ഗോൾ നേടിയതിന്റെ സന്തോഷമുണ്ടായിരുന്നില്ല. പിറന്ന മണ്ണിനോടുള്ള അടങ്ങാത്ത സ്‌നേഹമായിരുന്നു അയാളുടെ മനസ്സ് നിറയെ.

രണ്ടാം പകുതിയാരംഭിച്ച് രണ്ട് മിനിറ്റിന് ശേഷമാണ് എംബോളോയുടെ ഗോൾ പിറന്നത്. ഗോളിന് ശേഷം സഹതാരങ്ങൾ മുഴുവൻ എംബോളോക്ക് ചുറ്റും ആഘോഷാരവങ്ങളിലായിരുന്നു. എന്നിട്ടും അയാൾ ചിരിച്ചില്ല. ആരവങ്ങൾക്കും ആഘോഷങ്ങൾക്കും പിറകെ പോകാതെ ബ്രീൽ എംബോളോ എന്ന 25 കാരൻ കൈകൾ രണ്ടുമുയർത്തി വികാരമില്ലാതെ നിൽക്കുകയായിരുന്നു. അതിനൊരു കാരണമുണ്ട്. എംബോളോയ്ക്ക് ജന്മം നൽകിയ നാടാണ് കാമറൂൺ.

1997 ഫെബ്രുവരി 14ന് കാമറൂണിന്റെ തലസ്ഥാനമായ യോൺഡെയിലാണ് എംബോളോയുടെ ജനനം. എംബോളോയുടെ ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ വേർപിരിഞ്ഞു. ഇതോടെ എംബോളോ അമ്മയുടെ തണലിലേക്കൊതുങ്ങി. ഉന്നത പഠനത്തിനായി അമ്മ ഫ്രാൻസിലേക്ക് ചേക്കേറിയപ്പോഴാണ് എംബോളോയുടെ തലവര മാറുന്നത്. അവിടെ വെച്ച് എംബോളോയുടെ അമ്മ ഒരു സ്വിറ്റ് സ്വദേശിയുമായി പ്രണയത്തിലായി. ഇതോടെ എംബോളോ സ്വന്തം നാടുവിട്ട് സ്വിറ്റ്സർലൻഡിലേക്ക് ചേക്കേറാൻ നിർബന്ധിതനായി. 2014 ഡിസംബർ 12 ന് എംബോളോയ്ക്ക് സ്വിറ്റ്സർലൻഡ് പൗരത്വം ലഭിച്ചു. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.



ബാല്യം മുതൽക്കേ ഫുട്ബോളിനെ പ്രണയിച്ച എംബോളോ എഫ് സി ബാസലിലൂടെയാണ് പ്രഫഷണൽ ഫുട്‌ബോളിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ബുണ്ടസ് ലീഗയിലെ മുൻനിര ക്ലബ്ബായ ഷാൽക്കേയിലേക്ക് ചേക്കേറി. 2019ൽ ബൊറൂസ്യ മോൺചെൻക്ലാഡ്ബാക്കിലേക്ക് കൂടുമാറിയ താരം മൂന്ന് വർഷം അവിടെ പന്തു തട്ടി. 2022ലാണ് മൊണോക്കോയിലേക്കുള്ള കൂടുമാറ്റം. ഈ സീസണിൽ മൊണോക്കോക്കായി 15 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടിയിട്ടുണ്ട്.

സ്വിറ്റ്സർലൻഡ് അണ്ടർ 16, 20, 21 ടീമുകളിൽ കളിച്ച എംബോളോ 2015 മുതൽ ദേശീയ സീനിയർ ടീമിലംഗമാണ്. ഇതുവരെ ടീമിനായി 61 തവണ കുപ്പായമണിഞ്ഞ എംബോളോ 12 ഗോളുകൾ അടിക്കുകയും ചെയ്തു. മികച്ച ഫോമിൽ കളിക്കുന്ന എംബോളോ തന്നെയാണ് സ്വിസ് മുന്നേറ്റനിരയുടെ തുറുപ്പുചീട്ട്.

 മത്സരത്തിന് മുമ്പ് പിറന്ന മണ്ണിനെതിരായ പോരാട്ടത്തെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് എംബോളോയുടെ മറുപടി ഇതായിരുന്നു.''ലോകകപ്പ് ഡ്രോക്ക് ശേഷം ആയിരം തവണ ഞാനീ ചോദ്യം കേട്ടിട്ടുണ്ട്. കാമറൂൺ ഞാൻ പിറന്ന മണ്ണാണ്. എന്റെ അച്ഛനും അമ്മയും കുടുംബവുമൊക്കെ അവിടെ നിന്നാണ്. അതിനാൽ ഈ മത്സരം എനിക്കും കുടുംബത്തിനും സ്‌പെഷലായിരിക്കും''- എംബോളോ പറഞ്ഞു, മാതൃരാജ്യം കാമറൂണായതുകൊണ്ടുതന്നെയാണ് താരം ഗോൾ ആഘോഷിക്കാതിരുന്നതും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP