Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ച് വർഷം മുമ്പ് ആയിരം പവൻ സ്ത്രീധനം നൽകി വിവാഹം; പിന്നാലെ പല ആവശ്യങ്ങൾ പറഞ്ഞ് മരുമകൻ പണം വാങ്ങി; എൻഫോഴ്‌സ്‌മെന്റിന്റെ പേരിൽ കബളിപ്പിച്ചത് 3.9 കോടി; മഹാരാഷ്ട്ര ടൂറിസം മന്ത്രിയുടെ പേരിൽ വ്യാജക്കത്തുണ്ടാക്കി തട്ടിയത് 47 കോടിയും; സോനം കപൂറിന്റെ പേരിലും തട്ടി 35 ലക്ഷം; മരുമകൻ 108 കോടി തട്ടിയെന്ന വ്യവസായിയുടെ പരാതിയുടെ വിശദാംശങ്ങൾ

അഞ്ച് വർഷം മുമ്പ് ആയിരം പവൻ സ്ത്രീധനം നൽകി വിവാഹം; പിന്നാലെ പല ആവശ്യങ്ങൾ പറഞ്ഞ് മരുമകൻ പണം വാങ്ങി; എൻഫോഴ്‌സ്‌മെന്റിന്റെ പേരിൽ കബളിപ്പിച്ചത് 3.9 കോടി; മഹാരാഷ്ട്ര ടൂറിസം മന്ത്രിയുടെ പേരിൽ വ്യാജക്കത്തുണ്ടാക്കി തട്ടിയത് 47 കോടിയും; സോനം കപൂറിന്റെ പേരിലും തട്ടി 35 ലക്ഷം; മരുമകൻ 108 കോടി തട്ടിയെന്ന വ്യവസായിയുടെ പരാതിയുടെ വിശദാംശങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: ആയിരം പവൻ സ്ത്രീധനം നൽകിയുള്ള വിവാഹം. കേൾക്കുമ്പോൾ തന്നെ ആരായാലും അത്ഭുതംകൂറും. മകളെ ആവശ്യത്തിൽ അധികം സ്വത്ത്് നൽകിയാണ് ആലുവ തൈനോത്തിൽ റോഡിൽ അബ്ദുൾ ലാഹിർ ഹസൻ എന്ന വ്യവസായി വിവാഹം ചെയ്ത് അയച്ചത്. എന്നാൽ അവിടെ മരുമകൻ സ്വീകരിച്ചതാകട്ടെ നനഞ്ഞിടം കുഴിക്കുക എന്ന ശൈലിയും. പലപ്പോഴായി വിവിധ ആവശ്യങ്ങളുടെ പേരിൽ തട്ടിയെടുത്തത് 108 കോടിയിൽ അധികം രൂപയും. ആലുവയിലെ വ്യവസായി മരുമകനെതിരെ ഉന്നയിക്കുന്ന പരാതിയുടെ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ എല്ലാവർക്കും ഞെട്ടലാണ്. അംബാനി കുടുംബത്തിലെ സ്വത്ത് തർക്കങ്ങൾ വായിച്ചറിവുള്ള മലയാളികൾക്ക് നമ്മുടെ നാട്ടിലും നൂറ് കോടി കവിഞ്ഞ തട്ടിപ്പു പരാതി പുതുമയുള്ള കാര്യമാണ്.

ഗൾഫിൽ സ്വന്തമായി വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ് ആലുവ തൈനോത്തിൽ റോഡിൽ അബ്ദുൾ ലാഹിർ ഹസൻ. വിദ്യാഭ്യാസ രംഗത്താണ് അദ്ദേഹം പണമിറക്കി വെന്നിക്കൊടി പാറിച്ചത്. ഇതോടെ നാട്ടിലെയും ബിസിനസുകളിൽ അദ്ദേഹം പണമിറക്കിയിരുന്നു. മകളുടെ വിവാഹം കഴിഞ്ഞതിന് ശേഷം മരുമകനെ വിശ്വസിച്ച് ബിസിനസിൽ ഇടപെടുവിച്ചതാണ് താൻ കബളിപ്പിക്കപ്പെടാൻ കാരണമെന്നാണ് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. വ്യവസായിയിൽ നിന്ന് മരുമകൻ 108 കോടിയിലധികം രൂപയും ആയിരം പവനും തട്ടിയെടുത്തെന്ന പരാതിയിൽ അന്വേഷണം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌പി. അടുത്ത ദിവസം അന്വേഷണം ആരംഭിക്കും. കാസർകോട് സ്വദേശിയായ മരുമകൻ മുഹമ്മദ് ഹാഫിസ് പല ഘട്ടങ്ങളായി തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തെന്നാണ് വ്യവസായി പരാതിയിൽ പയുന്നത്. പല പദ്ധതികളുടെ പേരിലാണ് പണം തട്ടിയത് എന്നാണ് ലാഹിർ ഹസൻ ആരോപിക്കുന്നത്. അബ്ദുൾ ലാഹിർ ഹസൻ എൻ.ആർ.ഐ. അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. അതുകൊണ്ട് പൊലീസിന് തെളിവ് ശേഖരണം എളുപ്പമാകുമെന്ന് കരുതുന്നു.

അഞ്ച് വർഷം മുമ്പാണ് അബ്ദുൾ ലാഹിർ ഹസൻ മകളെ ഹാഫിസിന് വിവാഹം ചെയ്ത് നൽകിയത്. പിന്നീട് പല പേരുകൾ പറഞ്ഞ് ഇയാൾ പണം തട്ടുകയാണ് എന്നാണ് പരാതി. തന്റെ കമ്പനിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടന്നുവെന്നു പറഞ്ഞ് പിഴയടയ്ക്കാനെന്ന മട്ടിൽ 3.9 കോടി രൂപ വാങ്ങിയാണ് തട്ടിപ്പിന്റെ തുടക്കം. ബെംഗളൂരുവിൽ കെട്ടിടം വാങ്ങാൻ പണം നൽകിയെങ്കിലും വ്യാജരേഖ നൽകി കബളിപ്പിച്ചു. ബോളിവുഡ് താരം സോനം കപൂറിനെന്ന പേരിൽ 35 ലക്ഷം രൂപയോളം ചെലവാക്കി വസ്ത്രം ഡിസൈൻ ചെയ്യിപ്പിച്ച് ബൊട്ടീക് ഉടമയായ തന്റെ ഭാര്യയെയും കബളിപ്പിച്ചു. സൽമാൻ ഖാനൊപ്പമുള്ള ചിത്രങ്ങൾ അടക്കം ഹാഫിസ് പോസ്റ്റു ചെയ്തിട്ടുണ്ട്.

ഹാഫിസും പിതാവ് ഷാഫിയും മാതാവ് ആയിഷയും പാർട്ണർമാരായ കുതിരോളി ബിൽഡേഴ്സിലേക്കും തട്ടിയെടുത്ത പണത്തിൽ ഏഴ് കോടിയോളം രൂപ എത്തി. വിവാഹത്തിനു നൽകിയ 1000 പവൻ സ്വർണവും വജ്രവുമടങ്ങുന്ന ആഭരണങ്ങൾ വിറ്റുവെന്നും തന്റെ മകന്റെ ഭാര്യയുടെ പേരിലുള്ള ഒന്നരക്കോടി രൂപയുടെ റെയ്ഞ്ച് റോവർ വാഹനം കൈവശപ്പെടുത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയിലെ ടൂറിസം മന്ത്രി മംഗൽ പ്രഭാത് ലോധക്കിന് എറണാകുളത്തുള്ള തന്റെ വാണിജ്യ കെട്ടിടം കച്ചവടമാക്കാമെന്ന പേരു പറഞ്ഞും കബളിപ്പിച്ചു. മന്ത്രിയുടെ വ്യാജക്കത്ത് ഉണ്ടാക്കി 47 കോടി രൂപയാണ് തട്ടിയെടുത്തത്. പല ഘട്ടത്തിലും പണം വാങ്ങുന്നതിനായി ഹാഫിസ് നൽകിയ ബിരുദ സർട്ടിഫിക്കറ്റും ഇയാൾ നൽകിയ രേഖകളുമെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. ഇതിനിടെ തന്റെ മകൾ ഭർത്താവിനെ ഉപേക്ഷിച്ച് ദുബായിലുള്ള തന്റെ അടുത്തേക്ക് പോന്നുവെന്നും അബ്ദുൾ ലാഹിർ ഹസൻ പരാതിയിൽ പറയുന്നു.

അക്ഷയ് തോമസ് വൈദ്യൻ എന്ന സുഹൃത്തുമായി ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നതെന്നാണ് പരാതിയിലുള്ളത്. കൊച്ചിയിൽ മീഡിയ ഏജൻസി നടത്തിയിരുന്ന ഇയാളുമായി ചേർന്ന് പുതിയ ബിസിനസ് പദ്ധതികൾ പ്രഖ്യാപിച്ച് ദേശീയ മാധ്യമങ്ങളിലടക്കം വാർത്തകൾ നൽകിയാണ് സംരംഭകരെ വിശ്വസിപ്പിച്ചിരുന്നത്. ആരംഭിക്കാത്ത പദ്ധതികളെ കുറിച്ച് ഫോബ്‌സ് മാസികയുടെ ഓൺലൈനിലടക്കം വാർത്തകൾ പ്രചരിപ്പിച്ചിരുന്നു.

തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടർന്ന് ലാഹിർ ഹസൻ നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ഹാഫിസിന്റെ ബിരുദ സർട്ടിഫിക്കറ്റും ഇയാൾ അയച്ചു നൽകിയിരുന്ന രേഖകളുമെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. മറ്റുള്ളവരുടെ പേരിൽ ഇയാൾ മൊബെൽ ചാറ്റുകളും കോളുകളും നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അബ്ദുൾ ലാഹിർ ഹസന്റെ മകൾ ഹാജിറ ഭർത്താവിന്റെ തട്ടിപ്പുകൾ മനസ്സിലാക്കിയതോടെ വിവാഹ മോചനത്തിന് കേസ് ഫയൽ ചെയ്തിരിക്കുകയാണ്. വിവാഹ സമ്മാനമായി നൽകിയ 1000 പവൻ സ്വർണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും ഒന്നേകാൽ കോടിയുടെ റേഞ്ച് റോവർ കാറും ഭർത്താവ് തട്ടിയെടുത്തെന്നും പരാതിയുണ്ട്.

മുഹമ്മദ് ഹാഫിസിനെതിരേ ആലുവ ഡിവൈ.എസ്‌പി.ക്ക് ഓഗസ്റ്റിൽ പരാതിയും തെളിവുകളും നൽകിയെങ്കിലും അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. പകരം പ്രതികൾക്ക് മുൻകൂർ ജാമ്യത്തിന് അവസരം ഒരുക്കുകയാണ് പൊലീസ് ചെയ്തതെന്നും പരാതിക്കാരൻ ആരോപിച്ചു. അന്വേഷണം എങ്ങുമെത്താതായതോടെ എ.ഡി.ജി.പി.ക്ക് പരാതി നൽകി. ഇതിനെ തുടർന്നാണ് കേസന്വേഷണം ആലുവ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. അതേസമയം ഭാര്യാ പിതാവിന്റെ ആരോപണത്തോട് മുഹമ്മദ് ഹാഫിസ് പ്രതികരിച്ചിട്ടില്ല. തന്റെ ഭാഗം വിശദീകരിച്ചു മുന്നോട്ടു വരാനും അദ്ദേഹം തയ്യാറായിട്ടില്ല..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP