Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്നലെ അർജന്റീന.... ഇന്ന് ജർമ്മനി....; ഖത്തർ ലോകകപ്പിൽ വീണ്ടും വൻ അട്ടിമറി!; ഖലീഫ സ്റ്റേഡിയത്തിൽ ജർമ്മൻ പടയെ തരിപ്പണമാക്കി ജപ്പാൻ; ഐതിഹാസിക ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ആദ്യ പകുതിയിലെ പെനാൽറ്റിക്ക് രണ്ടാം പകുതിയിൽ കണക്കുതീർത്ത് റിറ്റ്‌സു ഡൊവാനും ടകൂമ അസാനോയും; ഖത്തറിൽ ഏഷ്യൻ ആഘോഷം

ഇന്നലെ അർജന്റീന.... ഇന്ന് ജർമ്മനി....; ഖത്തർ ലോകകപ്പിൽ വീണ്ടും വൻ അട്ടിമറി!; ഖലീഫ സ്റ്റേഡിയത്തിൽ ജർമ്മൻ പടയെ തരിപ്പണമാക്കി ജപ്പാൻ; ഐതിഹാസിക ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ആദ്യ പകുതിയിലെ പെനാൽറ്റിക്ക് രണ്ടാം പകുതിയിൽ കണക്കുതീർത്ത് റിറ്റ്‌സു ഡൊവാനും ടകൂമ അസാനോയും; ഖത്തറിൽ ഏഷ്യൻ ആഘോഷം

സ്പോർട്സ് ഡെസ്ക്

ദോഹ: ഇന്നലെ അർജന്റീന.... ഇന്ന് ജർമ്മനി....ഖത്തർ ലോകകപ്പിൽ 'കുഞ്ഞന്മാർക്ക് മുന്നിൽ' മുൻ ചാമ്പ്യന്മാർ മുട്ടുകുത്തുന്നത് തുടർക്കഥയാകുന്നു. ഏഷ്യൻ കരുത്തരായ ജപ്പാന്റെ മിന്നാലാക്രമണത്തിന് മുന്നിൽ 2-1ന് മുൻ ലോക ചാമ്പ്യന്മാരായ ജർമനിയാണ് ഒടുവിലായി അടിയറവുപറഞ്ഞത്. ആദ്യപകുതിയിൽ പ്രതിരോധത്തിലൂടെ ജർമ്മൻ മുന്നേറ്റത്തെ തടഞ്ഞിട്ട ജപ്പാൻ രണ്ടാം പകുതിയിലെ തുടരാക്രമണങ്ങളിലൂടെ ജർമ്മനിയെ വിറപ്പിച്ചാണ് ഖത്തർ ലോകകപ്പിൽ അട്ടിമറി ജയം നേടിയത്.

കഴിഞ്ഞ ലോകകപ്പിലെ മോശം പ്രകടനത്തിനു പകരം വീട്ടാനെത്തിയ ജർമനയെ, ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജപ്പാൻ അട്ടിമറിച്ചത്. ഖത്തർ ലോകകപ്പിൽ സൗദി അറേബ്യ അർജന്റീനയെ വീഴ്‌ത്തിയതിനു പിന്നാലെ, വമ്പൻ അട്ടിമറി. പകരക്കാരായി ഇറങ്ങിയ റിറ്റ്‌സു ഡൊവാൻ (75), ടകൂമ അസാനോ (83) എന്നിവരാണ് ജപ്പാനായി ഗോൾ നേടിയത്. ജർമനിയുടെ ഗോൾ ആദ്യ പകുതിയുടെ 33ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ഇകായ് ഗുണ്ടോകൻ നേടിയിരുന്നു.



ലോകകപ്പിൽ ആദ്യമായി പരസ്പരം ഏറ്റുമുട്ടിയ ജപ്പാനോടാണ് ജർമനിയുടെ ഞെട്ടുന്ന തോൽവി. അതും അർജന്റീനയെപ്പോലെ ആദ്യം ലീഡ് നേടിയശേഷം. അർജന്റീനയെ പോലെ ആദ്യം പെനാൽറ്റിയിലൂടെ ലീഡ് നേടിയത് ജർമനി. മുപ്പത്തിമൂന്നാം മിനിറ്റിൽ ഗുണ്ടോഗനിലൂടെ. എഴുപത്തിയഞ്ചാം മിനിറ്റിൽ ഡൊവാനാണ് ഒന്നാന്തരമൊരു ഗോളിലൂടെ ജർമനിയെ ഞെട്ടിച്ച് ജപ്പാനെ ഒപ്പമെത്തിച്ചത്. എട്ട് മിനിറ്റേ കാത്തുനിൽക്കേണ്ടിവന്നുള്ളൂ... അതിലും സുന്ദരമായ ഒരു ഗോൾ വലയിലാക്കി അസാനോ ജപ്പാന് അവിശ്വസനീയവും ആവേശോജ്വലവുമായ ജയം സമ്മാനിച്ചു.

ഇത് തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ജർമനി ആദ്യ മത്സരത്തിൽ തോൽക്കുന്നത്. കഴിഞ്ഞ തവണ റഷ്യയിൽ മെക്‌സിക്കോയോടായിരുന്നു ജർമനിയുടെ തോൽവി. മധ്യനിരയിൽ നിന്ന് ഉയലെടുത്ത എണ്ണിയാലൊടുങ്ങാത്ത നീക്കങ്ങൾ കൊണ്ട് അവർ ജപ്പാനെ നിരന്തരം ഭീഷണിപ്പെടുത്തി. എന്നാൽ, സൗദി അർജന്റീനയോട് ചെയ്തതുപോലെ ജപ്പാൻ അവർക്ക് മുന്നിൽ പ്രതിരോധത്തിന്റെ ഒന്നാന്തരം കോട്ടകെട്ടി. അതിൽ ചെറിയ വിള്ളലുണ്ടാകുമ്പോൾ ഗോളിന് വഴിമുടക്കി ഗോണ്ടയും നിന്നു. അതിവേഗ പ്രത്യാക്രമണമായിരുന്നു ജപ്പാന്റെ മറുതന്ത്രം. അതിൽ ജർമൻ പ്രതിരോധമതിൽ പലപ്പോഴും തകർന്ന് നിലംപരിശായി. ഇങ്ങനെ വന്ന രണ്ട നീക്കങ്ങളാണ് അവരുടെ അന്ത്യം കുറിച്ച ഗോളുകൾക്ക് വഴിയൊരുക്കിയതും.



മത്സരം തുടങ്ങിയപ്പോൾ തൊട്ട് ജപ്പാനും ജർമനിയും ആക്രമിച്ചാണ് കളിച്ചത്. എട്ടാം മിനിറ്റിൽ തകർപ്പൻ കൗണ്ടർ അറ്റാക്കിലൂടെ ജർമനിയെ ഞെട്ടിച്ചുകൊണ്ട് ജപ്പാൻ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് കൊടി ഉയർത്തി. ജർമൻ പ്രതിരോധത്തെ ഞെട്ടിച്ച മുന്നേറ്റമാണ് ജപ്പാൻ നടത്തിയത്. ആദ്യ പത്തുമിനിറ്റിൽ ഒരു ഷോട്ട് പോലും ഗോൾ പോസ്റ്റിലേക്ക് ഉതിർക്കാൻ ജർമനിക്ക് സാധിച്ചില്ല അത്രമേൽ ജർമൻ മുന്നേറ്റനിരയെ പിടിച്ചുകെട്ടാൻ ജപ്പാന് സാധിച്ചു.

17-ാം മിനിറ്റിൽ ജർമനിയുടെ ആന്റോണിയോ റൂഡിഗറുടെ മികച്ച ഹെഡ്ഡർ ജപ്പാൻ ഗോൾ പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 20-ാം മിനിറ്റിൽ ജോഷ്വാ കിമ്മിച്ചിന്റെ തകർപ്പൻ ലോങ് റേഞ്ചർ ജപ്പാൻ ഗോൾ കീപ്പർ ഗോണ്ട തട്ടിയകറ്റി. ജപ്പാൻ ബോക്സിലേക്ക് മുന്നേറാൻ ജർമൻ താരങ്ങൾ കിണഞ്ഞുപരിശ്രമിച്ചെങ്കിലും അതെല്ലാം പ്രതിരോധനിര വിഫലമാക്കി. ജർമനിയുടെ കരുത്ത് തിരിച്ചറിഞ്ഞ് അതിനനുസരിച്ച പ്രതിരോധമാണ് ജപ്പാൻ ഗ്രൗണ്ടിൽ തീർത്തത്.

33-ാം മിനിറ്റിൽ ജപ്പാൻ ഗോൾകീപ്പർ ഗോണ്ടയുടെ ഫൗളിനെത്തുടർന്ന് ജർമനിക്ക് പെനാൽറ്റി ലഭിച്ചു. ബോക്സിനകത്തുവെച്ച് ജർമനിയുടെ റൗമിനെ വീഴ്‌ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത സൂപ്പർതാരം ഇൽകൈ ഗുണ്ടോഗന് തെറ്റിയില്ല. ഗോണ്ടയെ അനായാസം കബിളിപ്പിച്ച് ഗുണ്ടോഗൻ ജർമൻ പടയുടെ ഈ ലോകകപ്പിലെ ആദ്യ ഗോൾ കുറിച്ചു. ഗോൾ നേടിയ ശേഷവും ജർമൻ ആക്രമണത്തിന്റെ മൂർച്ച കുറഞ്ഞില്ല. പക്ഷേ ജപ്പാൻ പ്രതിരോധം അവയെ സമർത്ഥമായി തന്നെ നേരിട്ടു. ഇൻജുറി ടൈമിൽ കൈ ഹാവെർട്സിലൂടെ ജർമനി വീണ്ടും വലകുലുക്കിയെങ്കിലും റഫറി വാറിന്റെ സഹായത്തോടെ ഓഫ് സൈഡ് വിളിച്ചു. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ജപ്പാൻ പ്രതിരോധതാരങ്ങളെ സമർത്ഥമായി വെട്ടിമാറ്റി ജർമൻ യുവഫുട്ബോളർ മുസിയാല പോസ്റ്റിലേക്ക് വെടിയുതിർത്തെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 60-ാം മിനിറ്റിൽ ഗോൾ സ്‌കോർ ഗുണ്ടോഗന്റെ മനോഹരമായ ഷോട്ട് ജപ്പാൻ പോസ്റ്റിലിടിച്ച് തെറിച്ചപ്പോൾ ജർമൻ പട അത് വിശ്വസിക്കാനാവാതെ തലയിൽ കൈവെച്ചുപോയി.

69-ാം മിനിറ്റിൽ തിരിച്ചടിക്കാനുള്ള സുവർണാസരം പകരക്കാരനായി വന്ന ജപ്പാന്റെ അസാനോ പാഴാക്കി. 70-ാം മിനിറ്റിൽ ജർമനിയുടെ ഗോൾ പോസ്റ്റിലേക്കുള്ള തുടർച്ചായ നാല് ഷോട്ടുകൾ രക്ഷപ്പെടുത്തിക്കൊണ്ട് ജപ്പാൻ ഗോൾകീപ്പർ ഗോണ്ടെ ഏവരെയും ഞെട്ടിച്ചു. പിന്നാലെ ജപ്പാന്റെ വക തകർപ്പൻ മുന്നേറ്റം. എൻഡോയുടെ മികച്ച ഷോട്ട് തകർപ്പൻ സേവിലൂടെ ജർമൻ നായകൻ എൻഡോ രക്ഷിച്ചെടുത്തു.

എന്നാൽ ജപ്പാന്റെ ആക്രമണം അവിടംകൊണ്ട് തീർന്നില്ല. 75-ാം മിനിറ്റിൽ ജർമൻ ആരാധകരുടെ ആർപ്പുവിളികളെ നിശബ്ദമാക്കിക്കൊണ്ട് ജപ്പാൻ സമനില ഗോളടിച്ചു. റിറ്റ്സു ഡൊവാനാണ് ജപ്പാൻ പടയ്ക്ക് വേണ്ടി ഗോളടിച്ചത്. മിനാമിനോയുടെ ഷോട്ട് ന്യൂയർ രക്ഷിച്ചെങ്കിലും പന്ത് നേരെയെത്തിയത് ഡൊവാന്റെ കാലുകളിലേക്ക്. അനായാസം പന്ത് വലയിലെത്തിച്ച് ഡൊവാൻ ജപ്പാന്റെ വീരപുരുഷനായി. ജർമനിയുടെ പേരുകേട്ട പ്രതിരോധതാരങ്ങളെ അമ്പരപ്പിച്ചാണ് ജപ്പാൻ ഗോളടിച്ചത്.



പക്ഷേ അവിടംകൊണ്ടൊന്നും ജപ്പാൻ പടയുടെ ഉശിര് താഴ്ന്നില്ല. 83-ാം മിനിറ്റിൽ വീണ്ടും ഗോളടിച്ചുകൊണ്ട് ജപ്പാൻ ജർമനിയെ വീണ്ടും ഞെട്ടിച്ചു. ഇത്തവണ പകരക്കാരനായി വന്ന തകുമ അസാനോയാണ് ജപ്പാന് വേണ്ടി വലകുലുക്കിയത്. ലോങ് ബോൾ സ്വീകരിച്ച് ബോക്സിലേക്ക് മുന്നേറിയ അസാനോ ന്യൂയറെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു. ജർമൻ ആരാധകർ കണ്ണീരിൽ മുങ്ങിയപ്പോൾ ജപ്പാൻ ക്യാമ്പിൽ ആഹ്ലാദത്തിന്റെ പരകോടി! അർജന്റീനയ്ക്ക് സംഭവിച്ചതുപോലെയൊരു വലിയ അട്ടിമറിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കാൻ ജപ്പാന് സാധിച്ചു. മത്സരത്തിന്റെ ഇൻജുറി ടൈമിൽ മികച്ച അവസരം ജർമനിക്ക് ലഭിച്ചിട്ടും അത് മുതലാക്കാനായില്ല. ജർമനിയുടെ തുടർ ആക്രമണങ്ങളെ കരുത്തോടെ പ്രതിരോധിച്ചു നിന്ന ജപ്പാൻ, സൗദി അറേബ്യയ്ക്കു ശേഷം ഈ ലോകകപ്പിലെ രണ്ടാം അട്ടിമറി സ്വന്തം പേരിൽ കുറിച്ചു. 2018 ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായി നാണംകെട്ട ജർമനിക്ക്, ഖത്തറിലും തുടക്കം നിരാശയോടെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP