Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഉടൻ തിരിച്ചുവരാനാകും; ആരാധകരുടെ പ്രാർത്ഥനകൾക്ക് നന്ദി; സൗദിയുടെ ഐതിഹാസിക വിജയത്തിൽ എല്ലാവർക്കും അഭിനന്ദനം'; ആശുപത്രിക്കിടക്കയിൽ നിന്ന് സൗദി ഡിഫൻഡർ യാസർ അൽ സഹ്റാനിയുടെ സന്ദേശം; ദേശീയ ആഘോഷത്തിനിടയിലും പ്രാർത്ഥനയോടെ സൗദി ആരാധകർ

'ഉടൻ തിരിച്ചുവരാനാകും; ആരാധകരുടെ പ്രാർത്ഥനകൾക്ക് നന്ദി; സൗദിയുടെ ഐതിഹാസിക വിജയത്തിൽ എല്ലാവർക്കും അഭിനന്ദനം'; ആശുപത്രിക്കിടക്കയിൽ നിന്ന് സൗദി ഡിഫൻഡർ യാസർ അൽ സഹ്റാനിയുടെ സന്ദേശം; ദേശീയ ആഘോഷത്തിനിടയിലും പ്രാർത്ഥനയോടെ സൗദി ആരാധകർ

സ്പോർട്സ് ഡെസ്ക്

ദോഹ: ലോകകപ്പിൽ അർജന്റീനയ്ക്ക് എതിരായ ഐതിഹാസിക വിജയത്തിന്റെ ആഘോഷങ്ങൾക്കിടെ ആരാധകർക്ക് ആഹ്ലാദം പകർന്ന് പരുക്കേറ്റ സൗദി അറേബ്യൻ ഡിഫൻഡർ യാസർ അൽ സഹ്റാനിയുടെ സന്ദേശം. മത്സരത്തിൽ പ്രതിരോധ ശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരവെയാണ് ആരാധകർക്ക് താരം സന്ദേശമയച്ചത്. ആരാധകരുടെ പ്രാർത്ഥനകൾക്ക് നന്ദിയുണ്ടെന്നും എല്ലാവർക്കും ആരോഗ്യം നൽകട്ടെയെന്നും സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ഉടൻ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു.


ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ അർജന്റീനക്കെതിരെ ഇറങ്ങിയപ്പോഴാണ് താരത്തിന് പരിക്കേറ്റത്. അർജന്റീനയ്‌ക്കെതിരെ ടീം ചരിത്ര വിജയത്തിന്റെ നേടുന്നതിന്റെ അവസാന ഘട്ടത്തിൽ സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസിന്റെ കാൽമുട്ടിൽ ഇടിച്ചതിനെ തുടർന്ന് അൽ സഹ്‌റാനിക്ക് താടിയെല്ലിന് തകർച്ചയും ആന്തരിക രക്തസ്രാവവും ഉണ്ടാകുകയായിരുന്നു. താരത്തിന്റെ താടിയെല്ലിന് പൊട്ടലുണ്ട്. കൂടാതെ, ഇടത് മുഖത്തെ എല്ലും ഒടിഞ്ഞു.

തുടർന്ന് ദോഹയിലെ ആശുപത്രിയിൽ താരത്തെ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഇപ്പോൾ റിയാദിലെ നാഷണൽ ഗാർഡ് ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. ഇവിടെ വെച്ച് ചികിത്സാ നടപടികൾ കൈകൊള്ളുമെന്നാണ് സൗദി അധികൃതർ ട്വിറ്ററിൽ അറിയിച്ചിരിക്കുന്നത്.

അൽ ഒവെസുമായി കൂട്ടിയിടിച്ച് സഹ്‌റാനി വീണപ്പോൾ സ്റ്റേഡിയമാകെ നിശബ്ദമായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ ഗുരുതരമായ പരിക്കാണെന്നുള്ള കാര്യം വ്യക്തമായിരുന്നു. തുടർന്ന് സ്‌കാനിംഗിനായി സഹ്റാനിയെ അടിയന്തിരമായി ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നു. ആന്തരിക രക്തസ്രാവം നിർത്താൻ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. താരത്തെ ചികിത്സയ്ക്കായി ജർമനിയിലേക്ക് സ്വകാര്യ വിമാനത്തിൽ കൊണ്ടുപോകാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉടൻ ഉത്തരവിട്ടതായി ഗൾഫ് ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു.

മുൻ ലോക ചാമ്പ്യന്മാരും ഖത്തർ ലോകകപ്പ് ഫേവറിറ്റുകളിൽ ഒന്നുമായ അർജന്റീനയ്‌ക്കെതിരെയുള്ള വിജയം സൗദി ആഘോഷിക്കുകയാണ്. അർജന്റീനയെ തോൽപ്പിച്ചതിന്റെ ആഹ്ലാദസൂചകമായി സൗദിയിൽ ഇന്ന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ലോക ഫുട്ബോളിലെ കരുത്തന്മാരായ അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി സൗദി ടീം നേടിയ അട്ടിമറി വിജയത്തിൽ ആവേശത്തിലാണ് രാജ്യത്തെ ഫുട്‌ബോൾ ആരാധകർ.

എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊകൊണ്ട് ലയണൽ മെസ്സിയുടെ നേതൃത്വത്തിലെത്തിയ അർജന്റീനയുടെ വമ്പൻ താരനിരയെ സൗദി അറേബ്യ അട്ടിമറിക്കുകയായിരുന്നു. ആദ്യ പകുതിയിൽ മെസ്സിയുടെ പെനാൽട്ടി ഗോളിൽ മുന്നിട്ടു നിന്നിരുന്ന അർജന്റീനയെ രണ്ടാം പകുതിയിൽ സൗദി നിഷ്പ്രഭമാക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ 48-ാം മിനിറ്റിലാണ് അർജന്റീനയെ വിറപ്പിച്ച് സൗദി താരം സാലിഹ് അൽ ശെഹ്രിയുടെ ഗോൾ പിറന്നത്. 53-ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാം ഗോളും അടിച്ചു. ഇതോടെ മത്സരത്തിൽ സൗദി ഒരു ഗോളിന്റെ ലീഡ് നേടി (2 -1). തുടർന്ന് അർജന്റീനയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു സൗദി പുറത്തെടുത്തത്. അധികസമയം വരെ മത്സരം മുറുകിയിട്ടും അർജന്റീനയ്ക്ക് ലീഡ് തിരിച്ചുപിടിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP