Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാർട്ടി ആഭ്യന്തര സംഘർഷം വലിയ പ്രശ്നമായി മാറിയെന്നും മുതിർന്നവരെ മാറ്റിനിർത്തുകയും മുതിർന്ന നേതാക്കൾ പാർട്ടിയിൽ അപമാനിക്കപ്പെടുകയും ചെയ്യുന്നുവെന്നും തുറന്നടിച്ച് ഗായത്രി രഘുറാം; ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്ത് അണ്ണാമലൈ; തമിഴ്‌നാട് ബിജെപിയിലും ഭിന്നത രൂക്ഷം

പാർട്ടി ആഭ്യന്തര സംഘർഷം വലിയ പ്രശ്നമായി മാറിയെന്നും മുതിർന്നവരെ മാറ്റിനിർത്തുകയും മുതിർന്ന നേതാക്കൾ പാർട്ടിയിൽ അപമാനിക്കപ്പെടുകയും ചെയ്യുന്നുവെന്നും തുറന്നടിച്ച് ഗായത്രി രഘുറാം; ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്ത് അണ്ണാമലൈ; തമിഴ്‌നാട് ബിജെപിയിലും ഭിന്നത രൂക്ഷം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട് ബിജെപിയിലും ഭിന്നത. സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമെന്ന ചേരിയായി തിരിഞ്ഞാണു തർക്കം. പാർട്ടിക്ക് അപകീർത്തിയുണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിച്ചെന്നാരോപിച്ച് നടി ഗായത്രി രഘുറാമിനെ പാർട്ടി പദവിയിൽനിന്ന് ബിജെപി. സസ്‌പെൻഡ് ചെയ്തിരുന്നു. വിദേശ, ഇതര സംസ്ഥാന തമിഴ് വിഭാഗത്തിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്നാണ് സസ്‌പെൻഡ് ചെയ്തത്. ഒ.ബി.സി. വിഭാഗം സംസ്ഥാന പ്രസിഡന്റ് സൂര്യശിവ ന്യൂനപക്ഷ വിഭാഗം നേതാവ് ഡെയ്സിയെ അസഭ്യം പറഞ്ഞതിനെതിരെയും പാർട്ടി ബൗദ്ധികവിഭാഗം വൈസ് പ്രസിഡന്റ് സെൽവകുമാറിനെതിരെയും ട്വിറ്ററിലൂടെ പ്രതികരിച്ചതിനെത്തുടർന്നാണ് നടപടി. ഇതോടെയാണ് ഭിന്നത രൂക്ഷമായത്. തമിഴ്‌നാട്ടിൽ അണ്ണാമലൈ തരംഗമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി ഭിന്നതയും ചർച്ചയാകുന്നത്. കേന്ദ്ര നേതൃത്വം എല്ലാം നിരീക്ഷിക്കുന്നുണ്ട്.

ആഭ്യന്തര പ്രശ്‌നങ്ങൾ പുറത്തുവന്നു തുടങ്ങിയതോടെ സംസ്ഥാന കമ്മിറ്റിയുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ നേതാക്കൾ യൂട്യൂബ് ചാനലുകൾക്ക് അഭിമുഖം നൽകരുതെന്നു കാണിച്ച് പ്രസിഡന്റ് സർക്കുലർ ഇറക്കി. പാർട്ടിവിരുദ്ധ നടപടികളുടെ പേരിൽ ഗായത്രി രഘുറാമിനെ ആറു മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. സൂര്യശിവയെ അച്ചടക്ക സമിതിയുടെ റിപ്പോർട്ട് സമർപ്പിക്കുംവരെ പാർട്ടി പരിപാടികളിൽനിന്നു വിലക്കി. പാർട്ടി അംഗങ്ങൾ ഗായത്രി രഘുറാമുമായി യാതൊരു ബന്ധവും പുലർത്താൻ പാടില്ലെന്നും അണ്ണാമലൈയുടെ സർക്കുലറിലുണ്ട്. നിലവിൽ ഉത്തർപ്രദേശിലെ കാശിയിൽ നടക്കുന്ന തമിഴ് സംഗമം പരിപാടിക്കു പല നേതാക്കളും പോയിരുന്നെങ്കിലും ഗായത്രിയെ ക്ഷണിച്ചിരുന്നില്ല. ഇതിനു പിന്നാലെ, പാർട്ടി നേതൃത്വത്തിന് എതിരായി ഗായത്രി ട്വിറ്ററിൽ പോസ്റ്റിട്ടു. ചില യൂട്യൂബ് ചാനലുകളുടെ അഭിമുഖത്തിൽ പാർട്ടി നേതൃത്വത്തെ പരസ്യമായി വിമർശിച്ചു. ഇതോടെയാണ് പ്രശ്‌നം വഷളായത്.

തമിഴ്‌നാട് ബിജെപിയിലെ ആഭ്യന്തര സംഘർഷം വലിയ പ്രശ്നമായി മാറിയെന്നും മുതിർന്നവരെ മാറ്റിനിർത്തുകയും മുതിർന്ന നേതാക്കൾ പാർട്ടിയിൽ അപമാനിക്കപ്പെടുകയും ചെയ്യുന്നുവെന്നും ഗായത്രി തുറന്നടിച്ചു. ഇതിനുപിന്നാലെയാണ് നടിക്കെതിരെ നടപടിയെടുത്തത്. അച്ചടക്ക നടപടി അംഗീകരിക്കുന്നുവെന്നും സ്ഥാനമാനങ്ങൾ കണ്ടല്ല പാർട്ടിയിലെത്തിയതെന്നും ജനങ്ങളെ സേവിക്കുന്നതു തുടരുമെന്നും ഗായത്രി പറഞ്ഞു. ബിജെപി വനിതാ നേതാവിനോട് അശ്ലീലച്ചുവയോടെ സംസാരിച്ചതിന്റെ പേരിലാണു ന്യൂനപക്ഷ വിഭാഗം നേതാവ് തിരുച്ചി സൂര്യശിവയെ പാർട്ടി പരിപാടികളിൽനിന്നു വിലക്കിയത്. ബിജെപി വനിതാ അംഗം ഡെയ്സി ശരണും സൂര്യ ശിവയും തമ്മിലുള്ള ടെലിഫോൺ സംഭാഷണം നിലവിൽ തമിഴകത്ത് വൈറലാണ്. ഇതു സംബന്ധിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ അച്ചടക്ക നടപടി കമ്മിറ്റി ചെയർമാൻ കനകസഭാപതിയോട് അണ്ണാമലൈ നിർദ്ദേശിച്ചു.

റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണു സൂര്യശിവയ്ക്കു നൽകിയ നിർദ്ദേശം. ആരും ഇയാളെ പരിപാടിക്കു വിളിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഏതാനും മാസം മുൻപ് ഡിഎംകെ നേതൃത്വത്തെ ഞെട്ടിച്ച് ബിജെപി അംഗത്വം സ്വീകരിച്ച സൂര്യശിവ, ഡിഎംകെ എംപി തിരുച്ചി ശിവയുടെ മകനാണ്. പിതാവുമായി പിണങ്ങിയാണു സൂര്യ താമരക്കൂടാരം കയറിയതെന്നാണു ഡിഎംകെ അവകാശപ്പെട്ടിരുന്നത്. ഡെയ്സിയെ പിന്തുണച്ച് എത്തിയ ഗായത്രി, സൂര്യയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ടിരുന്നു. പാർട്ടി സംസ്ഥാനധ്യക്ഷൻ അണ്ണാമലൈയും ഗായത്രിയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് നടപടിക്ക് കാരണമെന്നും സൂചനയുണ്ട്.

നേരത്തേ കലാവിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഗായത്രിയെ ഈ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഏതാനും മാസം ചുമതല ഒന്നും നൽകിയില്ല. പിന്നീട് വിദേശ, ഇതരസംസ്ഥാന വിഭാഗത്തിന്റെ ചുമതല നൽകിയിട്ടും കാശി-രാമേശ്വരം സംഗമത്തിൽ ഗായത്രിക്ക് പങ്കാളിത്തം നൽകിയില്ല. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഗായത്രി നർത്തകികൂടിയാണ്. എട്ട് വർഷംമുമ്പാണ് ബിജെപി.യിൽ ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP