Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

29 പേരിൽ നിന്നായി സമാഹരിച്ചത് 15 കോടിയോളം; പറഞ്ഞ കാലാവധിക്കുള്ളിൽ പണി പൂർത്തിയാക്കിയില്ല; അഡ്വാൻസ് നൽകിയവരെ കബളിപ്പിക്കാൻ പച്ചക്കള്ളവും നിരത്തി; റെറ ഇടപെട്ടപ്പോൾ ഉരുണ്ടു കളി; പത്തനംതിട്ടയിലും പിടിസി ബിൽഡേഴ്സ് ഫ്‌ളാറ്റ് വിവാദത്തിൽ

29 പേരിൽ നിന്നായി സമാഹരിച്ചത് 15 കോടിയോളം; പറഞ്ഞ കാലാവധിക്കുള്ളിൽ പണി പൂർത്തിയാക്കിയില്ല; അഡ്വാൻസ് നൽകിയവരെ കബളിപ്പിക്കാൻ പച്ചക്കള്ളവും നിരത്തി; റെറ ഇടപെട്ടപ്പോൾ ഉരുണ്ടു കളി; പത്തനംതിട്ടയിലും പിടിസി ബിൽഡേഴ്സ് ഫ്‌ളാറ്റ് വിവാദത്തിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തിരുവനന്തപുരം ആക്കുളത്തിന് പിന്നാലെ പിടിസി ബിൽഡേഴ്സിന്റെ ഫ്ളാറ്റ് തട്ടിപ്പ് പത്തനംതിട്ടയിലും. ആക്കുളത്ത് നിയമം ലംഘിച്ച് ഫ്ളാറ്റ് പണിതതാണ് പ്രശ്നമെങ്കിൽ പത്തനംതിട്ടയിൽ പണം വാങ്ങിയിട്ട ഫളാറ്റ് തീർത്തു കൊടുക്കാത്തതാണ്. പത്തനംതിട്ട കാതോലിക്കറ്റ് കോളജിനോട് ചേർന്ന് 14 നിലകളിൽ തീർത്ത പിടിസി വെസ്റ്റേൺ ഗട്ട്സ് എന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ പേര് പറഞ്ഞ് 29 പേരിൽ നിന്നായി 15 കോടിയോളം രൂപ മാനേജിങ് പാർട്ണർ ബിജു ജേക്കബ് തട്ടിയെടുത്തുവെന്നാണ് പരാതി. പണം നഷ്ടമായവരിൽ ഏതാനും പേർ ചേർന്ന് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയിൽ (റെറ) പരാതി നൽകി. പണി തീർത്ത് ഫ്ളാറ്റ് കൈമാറാൻ റെറ സമയപരിധി നിശ്ചയിച്ചു നൽകി. എന്നാൽ, ഇതൊന്നും പാലിക്കാൻ പിടിസി ബിൽഡേഴ്സ് തയാറായിട്ടില്ല.

മാക്കാംകുന്ന് മുളയ്ക്കിലേത്ത് വീട്ടിൽ ജേക്കബ് മാത്യുവിന്റെ 57 സെന്റ് സ്ഥലത്താണ് ഫ്ളാറ്റ് നിർമ്മിച്ചിരിക്കുന്നത്. 2013 ലാണ് ഫ്ളാറ്റ് നിർമ്മാണം തുടങ്ങിയത്. പത്രങ്ങളിലും മറ്റും പരസ്യം കണ്ട് 32 പേർ ഫ്ളാറ്റ് വാങ്ങുന്നതിനായി സമീപിച്ചു. ഇതിൽ മൂന്നു പേർ പിന്നീട് പിന്മാറി. 29 പേർ പല ഗഡുക്കളായി അഡ്വാൻസ് നൽകി. 2016 ജൂലൈയിൽ നിർമ്മാണം പൂർത്തിയാക്കി ഫ്ളാറ്റ് കൈമാറുമെന്നായിരുന്നു അറിയിച്ചിരുന്നത്. 14 നില കെട്ടിടത്തിൽ 65 ഫ്ളാറ്റുകളാണ് ഉണ്ടായിരുന്നത്. നിർമ്മാണം പറഞ്ഞ സമയത്ത് പൂർത്തിയാക്കിയില്ല. കെ-റെറ രജിസ്ട്രേഷനോട് കൂടിയാണ് ഫ്ളാറ്റ് നിർമ്മാണമെന്ന് പിടിസി ബ്രോഷറിൽ പരസ്യം ചെയ്തിരുന്നു. എന്നാൽ, ഇത് വ്യാജവാഗ്ദാനമായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. അഡ്വാൻസ് കൊടുത്തവരിൽ മൂന്നു പേർ കെ-റെറയിൽ പരാതി നൽകിയപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. ബിൽഡർ പറഞ്ഞിരുന്ന പല വാഗ്ദാനങ്ങളും പൊള്ളയായിരുന്നു. കെ-റെറയുടെ സിറ്റിങ്ങിൽ പരാതിക്കാരുടെ ആരോപണങ്ങളെല്ലാം ബിൽഡർ നിഷേധിച്ചു.

ബിൽഡറുടെ വാദം പൂർണമായും കേട്ട കെ-റെറ അധികൃതർ അഡ്വാൻസ് നൽകിയവരുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. 2022 ജൂൺ ഒന്നിന് പണികൾ പൂർത്തിയാക്കി ഫ്ളാറ്റ് കൈമാറണമെന്ന് റെറ കഴിഞ്ഞ മാർച്ച് എട്ടിന് ഉത്തരവിട്ടു. അതിന് കഴിയാതെ വന്നാൽ അഡ്വാൻസ് നൽകിയവർക്ക് പലിശയിനത്തിൽ പ്രതിദിനം 5000 രൂപ വച്ച് പലിശ നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഉത്തരവിന് പുല്ലുവില കൽപ്പിച്ച പിടിസി ബിൽഡേഴ്സ് പറഞ്ഞ സമയത്ത് പണി പൂർത്തിയാക്കിയില്ല. വീണ്ടും കെ-റെറയെ സമീപിച്ച ബിൽഡർ പലിശ കൊടുക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. പണി പൂർത്തിയാക്കി ഉടൻ കൈമാറുമെന്നും അറിയിച്ചു. എന്നാൽ ഇതു വരെ പണി നടന്നിട്ടില്ല.

ബിൽഡിങ്ങിന്റെ പണി പൂർത്തിയായിട്ടുണ്ട്. ലിഫ്ടും സ്ഥാപിച്ചു. വൈദ്യുതി-വാട്ടർ കണക്ഷൻ ഇതുവരെ ആയിട്ടില്ല. ടോയ്ലറ്റ് ഉൾപ്പെടെ ഇന്റീരിയർ ജോലികൾ ഇനിയും പൂർത്തിയാകാനുണ്ട്. ഫ്ളാറ്റ് ഉടമകൾക്ക് പാർക്കിങിന് ഉൾപ്പെടെയുള്ള സ്ഥലമാണ് നൽകുന്നത്. പാർക്കിങ് ഏരിയയിൽ വെള്ളക്കെട്ടാണ്. ഒറ്റ മഴയ്ക്ക് പാർക്കിങ് ഏരിയ നിറയും. മഴക്കാലത്ത് ഇവിടെ നീരുറവ പൊടിഞ്ഞ് വെള്ളക്കെട്ടാകും. ഇതൊന്നും പരിഹരിക്കാനുള്ള സംവിധാനമില്ല.

സ്ഥലം ഉടമയായ ജേക്കബ് മാത്യുവിനെയും ബിൽഡർ കബളിപ്പിച്ചു. ഇതു സംബന്ധിച്ച് ജേക്കബ് മാത്യു ഹൈക്കോടതിയിൽ ഹർജി നൽകിയതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ബി. കെമാൽ പാഷയെ ആർബിട്രേറ്ററായി നിയമിച്ചിരുന്നു. ഒരു വർഷമായിരുന്നു കാലാവധി. പിന്നീട് ഇത് ആറു മാസത്തേക്ക് കൂടി നീട്ടി നൽകി. ഈ സമയ പരിധി കഴിഞ്ഞപ്പോൾ ആർബിട്രേറ്റർ ഒരു വിധി പുറപ്പെടുവിച്ചു. കാലാവധി കഴിഞ്ഞ വിധി അംഗീകരിക്കില്ലെന്ന് ജേക്കബ് മാത്യു പറയുന്നു. എന്നാൽ, സ്ഥലം ഉടമയായ ജേക്കബ് മാത്യുവിനെ ഫ്ളാറ്റ് നിൽക്കുന്നിടത്തേക്ക് പ്രവേശിക്കാൻ ബിൽഡറായ ബിജു ജേക്കബ് അനുവദിക്കുന്നില്ല.

ജേക്കബ് മാത്യുവിന്റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ അഡ്വാൻസ് കൊടുത്തവരുടെ അവസ്ഥ ഇതിലും ദയനീയമാകുമായിരുന്നു. 2013 ജൂൺ ഒമ്പതിനാണ് ഫ്ളാറ്റ് നിർമ്മാണത്തിന് തറക്കല്ലിട്ടത്. ബിൽഡറിന് അനുവദിച്ച സ്ഥലത്തിന് അനുയോജ്യമായ രീതിയിൽ അല്ല കെട്ടിടം ഡിസൈൻ ചെയ്തത്. ഇതു തന്നെയാണ് പിടിസി ആക്കുളത്തും നടത്തിയത്. എയർ പോർട്ടിന്റെ ആകാശദൂരത്തിന്റെ 20 കി.മീറ്ററിനുള്ളിലായതിനാൽ ആക്കുളം കായലിനോട് ചേർന്നുള്ള ബിൽഡിങ്സിന് പൊക്കം 49.25 മീറ്ററായി നിജപ്പെടുത്തിയിരുന്നു. എന്നാൽ, ഇത് അവഗണിച്ച് 90.54 മീറ്റർ ആണ് പിടിസി ബിൽഡിങ്സ് പണിതുയർത്തിയത്. എയർ പോർട്ട് അഥോറിറ്റിയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പണിതതിനാൽ ചെറുവയ്ക്കൽ വില്ലേജിലെ ഫ്ളാറ്റ് നിർമ്മാണം നിർത്തി വയ്ക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ മെമോ നൽകി. ഇത് ലംഘിച്ച് കൂറ്റൻ ഫ്ളാറ്റ് സമുച്ചയം പണിതുയർത്തുകയാണ് പിടിസി ചെയ്തത്. 16.3.2013 ൽ നിർമ്മാണ നിർത്തി വയ്ക്കാൻ നഗരസഭ നിർദ്ദേശം നൽകി. അതൊക്കെ കാറ്റിൽപ്പറത്തുകയാണ് ബിൽഡർ ചെയ്തത്.

സമാന രീതിയാണ് പത്തനംതിട്ടയിലും അരങ്ങേറിയത്. 57 സെന്റിൽ പണിയാവുന്ന ഡിസൈൻ അല്ലാത്തതിനാൽ ബിൽഡേഴ്സിന് സംയുക്ത സംരംഭമായി ഫ്ളാറ്റ് പണിയാൻ നഗരസഭ അനുമതി കൊടുത്തില്ല. പ്രതിസന്ധി മറികടക്കാൻ അതീവരഹസ്യമായി ലാൻഡ് ഓണറുടെ പേരിൽ വ്യാജരേഖ ചമയ്ക്കുകയാണ് ബിജു ജേക്കബ് ചെയ്തത്. വസ്തു ഉടമയായ ജേക്കബ് മാത്യുവിന്റെ പേരിൽ മാത്രമായി ബിൽഡിങ് പെർമിറ്റ് നേടി. ഇതിനായി ജേക്കബ് മാത്യുവിന്റെ ഒപ്പ് ഇയാൾ വ്യാജമായി ഇട്ടുവെന്നാണ് പരാതി. ജേക്കബ് മാത്യുവിന്റെ പേരിൽ ഫ്ളാറ്റ് സമുച്ചയത്തോട് ചേർന്ന് അഞ്ച് ഏക്കർ ഭൂമിയുള്ളതിനാൽ മുനിസിപ്പാലിറ്റി പെർമിറ്റ് നൽകുകയും ചെയ്തു. ഇതോടെ ബിൽഡർ കരാറുകാരന്റെ സ്ഥാനത്തായി മാറി. പണി തുടങ്ങി ഏറെ നാൾ കഴിയുമ്പോഴാണ് തന്റെ പേരിൽ ബിൽഡർ വ്യാജരേഖ ചമച്ച വിവരം ജേക്കബ് മാത്യു അറിയുന്നത്. പക്ഷേ, വെളുക്കാൻ തേച്ചത് പാണ്ടാകുന്നതാണ് പിന്നീട് കണ്ടത്. ബിൽഡർ കരാറുകാരനും സ്ഥലം ഉടമ ഫ്ളാറ്റ് സമുച്ചയത്തിന്റെ ഏക ഉടമയുമായി മാറി. ഒരു രേഖയിലും ഒപ്പു വയ്ക്കാനുള്ള അധികാരം ബിൽഡർക്ക് കിട്ടാതെ വരികയും ചെയ്തു.

65 ഫ്ളാറ്റുകളിൽ 13 എണ്ണം സ്ഥലം ഉടമയ്ക്ക് നൽകുമെന്നായിരുന്നു ഇവർ തമ്മിലുള്ള കരാർ. ഇതിന്റെ മുഴുവൻ പണിയും പൂർത്തീകരിച്ച് വേണം സ്ഥലം ഉടമയ്ക്ക് നൽകാനെന്നും കരാറിൽ ഉണ്ടായിരുന്നു. ഇതൊക്കെ പിന്നീട് ലംഘിക്കപ്പെട്ടു. ബിൽഡറും ഫ്ളാറ്റിന് അഡ്വാൻസ് നൽകിയവരുമായിട്ടുള്ള കരാറിൽ തെറ്റായ പെർമിറ്റ് നമ്പർ ആണ് കാണിച്ചിരുന്നത്. എന്ന് മാത്രമല്ല, ഈ കരാർ സ്ഥലം ഉടമ അറിയാതെയാണ് തയാറാക്കിയത്. പണി മുഴുവൻ തീരാതെ കരാറിൽ പറഞ്ഞ പ്രകാരം ഫ്ളാറ്റുകൾ ബിൽഡറുടെ പേരിൽ എഴുതി നൽകാൻ കഴിയില്ലെന്ന് സ്ഥലം ഉടമ ജേക്കബ് മാത്യു അറിയിച്ചു. പണി പകുതി പോലും ആകാത്ത സ്ഥിതിക്കാണ് ഇങ്ങനെ ഒരു നിലപാട് ജേക്കബ് മാത്യു സ്വീകരിച്ചത്. പണികൾ മുഴുവൻ തീർത്ത് കെട്ടിട നികുതിയും ക്രമീകരിച്ചു കഴിഞ്ഞാൽ താൻ നേരിട്ട് ഫ്ളാറ്റുകൾ അഡ്വാൻസ് നൽകിയവർക്ക് എഴുതി നൽകാമെന്നാണ് ജേക്കബ് മാത്യുവിന്റെ നിലപാട്. കെ-റെറ ഈ നിലപാടിന് അംഗീകാരവും നൽകി. നിലവിൽ ഇതു മാത്രമാണ് അഡ്വാൻസ് നൽകിയവർക്കുള്ള ഏക ആശ്വാസവും. എന്നാൽ, നിലവിലുള്ള അവസ്ഥയിൽ ഫ്ളാറ്റ് മുഴുവൻ കൈവശപ്പെടുത്താനുള്ള നീക്കമാണ് പിടിസി ബിൽഡർ നടത്തുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP