Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രാദേശിക പിന്തുണ ലഭിക്കാതെ ഷാരീഖ് ദിവസങ്ങളോളം ആലുവയിൽ കഴിയില്ലെന്ന് വിലയിരുത്തൽ; പാലക്കാട് മുതൽ തിരുവനന്തപുരം വരെ മംഗളൂരുവിലെ തീവ്രവാദിക്ക് സൗഹൃദങ്ങളും അടുപ്പക്കാരും അനുയായികളും; കേരളത്തിൽ ഭീകരന് സഹായം നൽകിയത് പോപ്പുലർ ഫ്രണ്ടുകാരെന്നും സംശയം; സ്‌ഫോടക വസ്തു എത്തിച്ചതു കൊച്ചിയിൽ നിന്നോ?

പ്രാദേശിക പിന്തുണ ലഭിക്കാതെ ഷാരീഖ് ദിവസങ്ങളോളം ആലുവയിൽ കഴിയില്ലെന്ന് വിലയിരുത്തൽ; പാലക്കാട് മുതൽ തിരുവനന്തപുരം വരെ മംഗളൂരുവിലെ തീവ്രവാദിക്ക് സൗഹൃദങ്ങളും അടുപ്പക്കാരും അനുയായികളും; കേരളത്തിൽ ഭീകരന് സഹായം നൽകിയത് പോപ്പുലർ ഫ്രണ്ടുകാരെന്നും സംശയം; സ്‌ഫോടക വസ്തു എത്തിച്ചതു കൊച്ചിയിൽ നിന്നോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോയമ്പത്തൂർ, മംഗളൂരു സ്‌ഫോടനക്കേസുകളുടെ അന്വേഷണം കേരളത്തിലേക്കു വ്യാപിക്കുമ്പോൾ ചർച്ചയാകുന്നത് ആലുവയിലെ തീവ്രവാദ സാന്നിധ്യം. സ്‌ഫോടനത്തിന്റെ അണിയറ ഒരുക്കങ്ങൾ നടത്തിയെന്നു സംശയിക്കുന്ന വ്യക്തിയുടെ അടിക്കടിയുള്ള കേരള സന്ദർശനം കേരളത്തേയും ഞെട്ടിക്കുന്നു. കേന്ദ്ര ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അടിയന്തര യോഗം കൊച്ചിയിൽ നടക്കും. പോപ്പുലർ ഫ്രണ്ടിന്റെ സഹായത്തോടെയാണ് ഇയാൾ കൊച്ചിയിൽ തങ്ങിയതെന്ന സംശയം അന്വേഷകർക്കുണ്ട്.

കോയമ്പത്തൂർ, മംഗളൂരു എന്നിവിടങ്ങളിലേക്കു സ്‌ഫോടകവസ്തുക്കൾ എത്തിച്ചതു കേരളത്തിൽ നിന്നാണെന്നാണ് സൂചന. കോയമ്പത്തൂർ സ്‌ഫോടനത്തിനു പിന്നാലെ കഴിഞ്ഞ ശനിയാഴ്ചയാണു മംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന വ്യക്തിയുടെ കേരളത്തിലെ ബന്ധങ്ങൾ പാലക്കാട് മുതൽ തിരുവനന്തപുരം വരെ നീളുന്നു. തിരുവനന്തപുരം അതിർത്തിയിലൂടെയും ഇയാൾ ആലുവയിൽ എത്തിയെന്ന് സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിലേക്ക് അന്വേഷണം. കേരള പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) കേന്ദ്ര ഏജൻസികളെ സഹായിക്കുന്നുണ്ട്.

ആലുവ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി തീവ്രവാദ വിരുദ്ധ വിഭാഗം. കഴിഞ്ഞ മൂന്നു മാസത്തിനിടെ ആലുവയിലെ ലോഡ്ജുകളിൽ താമസിച്ചവരുടെ വിവരങ്ങൾ തീവ്രവാദ വിരുദ്ധ വിഭാഗം ശേഖരിക്കുന്നുണ്ട്. ഷാരിഖിനു കൂടുതൽ പേരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും എ.ടി.എസ് അന്വേഷിക്കുന്നുണ്ട്. മംഗളൂരു ഓട്ടോ സ്‌ഫോടന കേസ് പ്രതി മുഹമ്മദ് ഷാരീഖ് കഴിഞ്ഞ സെപ്റ്റംബറിൽ ആലുവയിൽ എത്തിയിരുന്നു എന്ന വിവരമാണ് കർണാടകയിലെ അന്വേഷണസംഘം കേരള പൊലീസിന് നൽകിയിരുന്നത്. തുടർന്ന് കേരള പൊലീസിന്റെ തീവ്രവാദ വിരുദ്ധവിഭാഗം മംഗളൂരുവിൽ എത്തി വിശദ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആലുവ കേന്ദ്രീകരിച്ചുള്ള അന്വേഷണം ശക്തമാക്കിയത്.

ആലുവയിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ചാണ് മുഖ്യപരിശോധന. കഴിഞ്ഞ മൂന്നു മാസത്തിനിടെ ലോഡ്ജുകളിൽ താമസിച്ച മുഴുവൻ പേരുടെയും വിവരങ്ങൾ തീവ്രവാദ വിരുദ്ധ വിഭാഗം ശേഖരിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ വിഭാഗത്തിന് പുറമേ സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. മുഹമ്മദ് ഷാരീഖ് വ്യാജപ്പേരിലാണ് ആലുവയിൽ താമസിച്ചതെന്ന സംശയവും അന്വേഷണസംഘങ്ങൾക്ക് ഉണ്ട്. അതിനാൽ ഇക്കാര്യത്തിലും വിശദമായ പരിശോധനകളാണ് നടക്കുന്നത്. പ്രാദേശികമായി പിന്തുണ ലഭിക്കാതെ മുഹമ്മദ് ഷാരീഖ് ദിവസങ്ങളോളം ആലുവയിൽ കഴിയില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘങ്ങൾ. ഈ സാഹചര്യത്തിലാണ് അന്വേഷണം കടുപ്പിക്കുന്നത്.

സമാനസ്വഭാവമുള്ള കേസുകളിൽ പ്രതികളായി സമീപകാലത്തു ജയിൽമോചിതരായവരുടെ പട്ടിക തയാറാക്കും. ഇവരുടെ വിദേശയാത്രകളും വിദേശ ഫോൺവിളികളും പരിശോധിക്കുന്നുണ്ട്. കേരളത്തിലെ ഏതെങ്കിലും പ്രത്യേക സംഘടനകളുമായി ബന്ധമുള്ളവരെ പറ്റിയാണ് അന്വേഷണം നടക്കുന്നതെന്നു പറയാൻ കഴിയില്ലെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. മുൻവിധികളില്ലാതെ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണു ചോദ്യം ചെയ്യൽ നടക്കുന്നതെന്നും അവർ പറഞ്ഞു. എന്നാൽ സംശയ നിഴലിലുള്ള പലരും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരോ നേതാക്കളോ ആയിരുന്നു.

മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖിന്റെ ശിവമൊഗ്ഗ തീർത്ഥഹള്ളിയിലെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തി. 15 പേരെ ചോദ്യം ചെയ്തു. ഷാരിഖിന്റെ സുഹൃത്ത് സയദ് അഹമ്മദിനെ മൈസൂരു മൊട്ടഹള്ളിയിൽനിന്നു കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇതെല്ലാം അന്വേഷണത്തിൽ നിർണ്ണായകമാണ്. ഷാരീഖിനെ നിയോഗിച്ചവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ശിവമോഗ സ്വദേശി അബ്ദുൾ മത്തീം താഹ, ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎസുകാരനായ അറാഫത്ത് അലി എന്നിവരാണ് സ്ഫോടനത്തിന്റെ സൂത്രധാരരെന്ന് പൊലീസ് പറഞ്ഞു.

വിവരം നൽകുന്നവർക്ക് എൻഐഎ അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളയാളാണ് താഹ. 2020 മുതൽ ഇരുവരുമായി ഷാരീഖിന് ബന്ധമുണ്ടായിരുന്നു. ഇവരുടെ നിർദ്ദേശപ്രകാരമാണ് ഇയാൾ മംഗളൂരുവിൽ തീവ്രവാദ അനുകൂല ചുവരെഴുത്തുകൾ നടത്തിയെന്നും പൊലീസ് പറഞ്ഞു. ഈ കേസിൽ ഷാരീഖിനെതിരെ യുഎപിഎ ചുമത്തിയിരുന്നു. കുക്കർ ബോംബ് കൃത്യമായി ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെട്ടതാണ് അബധത്തിൽ പൊട്ടിയതും സ്ഫോടനത്തിന്റെ ആഘാതം കുറച്ചതെന്നും -എഡിജിപി അലോക് കുമാർ പറഞ്ഞു. പൊള്ളലേറ്റ് ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ ചികിത്സയിലുള്ള ഷാരീഖിനെ സഹോദരിയും രണ്ടാനമ്മയും തിരിച്ചറിഞ്ഞു.

കോയമ്പത്തൂരിൽ കാർസ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമീഷ മുബിനും ഷാരീഖും ബംഗളൂരുവിൽവച്ച് സ്ഫോടന പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതായി പൊലീസിന് സൂചനയുണ്ട്. ശനിയാഴ്ച വൈകിട്ട് പമ്പ്വെല്ലിൽനിന്ന് ഓട്ടോറിക്ഷയിൽ കയറി നാഗൂരിയിൽ എത്തിയപ്പോഴാണ് സ്ഫോടനം ഉണ്ടായത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP