Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നലെ രാത്രി താമരശ്ശേരി രൂപതാ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്‌ച്ച; അത്താഴ വിരുന്നിലും രാഷ്ട്രീയ നീക്കങ്ങൾ; നാളെ കാന്തപുരം അബൂബക്കർ മുസ്ലിയാരെ കാണും; ലീഗ് നേതാക്കളുമായി പാണക്കാടുള്ള കൂടിക്കാഴ്‌ച്ചയോടെ തള്ളിപ്പറയുന്നവർ തിരുത്തേണ്ടി വരുമെന്ന് വിലയിരുത്തൽ; സൈഡ് ബെഞ്ചിൽ ഇരിക്കാതെ ഫോർവേഡായി തരൂർ കളിക്കുമ്പോൾ ഞെട്ടിവിറച്ച് കോൺഗ്രസ് നേതാക്കൾ

ഇന്നലെ രാത്രി താമരശ്ശേരി രൂപതാ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്‌ച്ച; അത്താഴ വിരുന്നിലും രാഷ്ട്രീയ നീക്കങ്ങൾ; നാളെ കാന്തപുരം അബൂബക്കർ മുസ്ലിയാരെ കാണും; ലീഗ് നേതാക്കളുമായി പാണക്കാടുള്ള കൂടിക്കാഴ്‌ച്ചയോടെ തള്ളിപ്പറയുന്നവർ തിരുത്തേണ്ടി വരുമെന്ന് വിലയിരുത്തൽ; സൈഡ് ബെഞ്ചിൽ ഇരിക്കാതെ ഫോർവേഡായി തരൂർ കളിക്കുമ്പോൾ ഞെട്ടിവിറച്ച് കോൺഗ്രസ് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഹൈക്കമാൻഡിന്റെ കാലു തിരുമ്മി നേതാവായ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്ന നീക്കമാണ് ശശി തരൂർ എം പി നടത്തുന്നത്. ഇതോടെ ആകെ അക്ഷമരായിരിക്കയാണ് സംസ്ഥാനത്തെ സ്ഥാനമോഹികളായ നേതാക്കൾ. അടുത്ത തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ മറിച്ച് യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാം എന്ന് കരുതിയിരിക്കുന്നവർക്കാണ് തരൂരിന്റെ നീക്കങ്ങൾ വലിയ തിരിച്ചടിയാകുന്നത്. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ തരൂരിനെ പിന്തുണക്കാതിരുന്നത് തെറ്റായി പോയി എന്ന് അവർ ഇപ്പോൾ കരുതുന്നുണ്ട്. തരൂരിനെ പിന്തുണച്ചിരുന്നെങ്കിൽ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ കേന്ദ്രീകരിച്ചേനേ.. എന്നാൽ, തനിക്ക് പണി തന്നവർക്ക് മറുപണി കൊടുക്കാനാണ് തരൂർ കളത്തിലിറങ്ങിയിരിക്കുന്നത്.

മലബാർ പര്യടനം തരൂർ നടത്തുന്നത് കൃത്യമായ രാഷ്ട്രയീ നീക്കത്തോടെയാണ്. ഈ നീക്കത്തെ പ്രതിരോധിക്കാൻ നേതാക്കൾക്ക് സാധിക്കുന്നില്ല താനും. ഇന്നലെ താമരശ്ശേരി രൂപതാ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലുമായി തരൂർ കൂടിക്കാഴ്ച നടത്തിയിരുന്നു. വൈകുന്നേരെ തരൂരിന്റെ അത്താഴവിരുന്ന് ബിഷപ്പ് ഹൗസിലായിരുന്നു. ഇവിടെയും രാഷ്ട്രീയം തന്നെയാണ് നിറഞ്ഞത്. മലബാർ രാഷ്ട്രയത്തിൽ താമരശ്ശേരി ബിഷപ്പ് ഹൗസിന് കാര്യമായ പ്രാധാന്യമുണ്ട് താനും. തരൂരിനെ പോലൊരു കറകളഞ്ഞ നേതാവിനെയാണ് സമുദായത്തിന് അപ്പുറത്തേക്ക് എല്ലാവരും അഗ്രഹിക്കുന്നത്. ഇത് വ്യക്തമാക്കാൻ കൂടിയാണ് തരൂർ താമരശ്ശേരി രൂപതാ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്‌ച്ച നടത്തിയത്.

പാർട്ടി അകറ്റി നിർത്തുമ്പോഴും മതനേതാക്കളെ കണ്ട് പിന്തുണ തേടുന്ന തരൂർ നയത്തെ പൂട്ടാൻ മുതിർന്ന നേതാക്കൾ വിചാരിച്ചിട്ട് നടക്കുന്നുമില്ല. അടുത്ത ദിവസം കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരെ സന്ദർശിക്കുന്നുണ്ട്. 22നു പാണക്കാട്ട് എത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായും പി.കെ.കുഞ്ഞാലിക്കുട്ടിയുമായും ചർച്ച നടത്തും. എൻഎസ്എസ് ആസ്ഥാനത്ത് ജനുവരിയിൽ നടക്കുന്ന മന്നം ജയന്തി ആഘോഷത്തിൽ മുഖ്യാതിഥി തരൂരാണ്. ഇതോടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ കൈവെച്ചിരുന്ന ഇടങ്ങളിലേക്കാണ് തരൂർ കയറി കളിച്ചിരിക്കുന്ന്.

തരൂർ പങ്കെടുക്കാനിരുന്ന യൂത്ത് കോൺഗ്രസ് പരിപാടി കോൺഗ്രസ് നേതൃത്വം ഇടപെട്ട് തടയുകയും ചെയ്തിരുന്നു. ശശി തരൂർ പങ്കെടുക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയോ, അതിനായി വേദി ഒരുക്കുകയോ ചെയ്താൽ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് ഭീഷണിയുള്ളതായാണ് വിവരം. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിവിധ പരിപാടികളിൽ തരൂർ പങ്കെടുക്കുന്നുണ്ട്. ഇതിനുപുറമെ ജില്ലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ച നടത്തും. നാല് ദിവസത്തെ പരിപാടിയാണ് നിശ്ചയിച്ചിരിക്കുന്നത്.

ദേശീയ, സംസ്ഥാന നേതൃത്വത്തിലെ പ്രബലരായ നേതാക്കളാണ് പരിപാടി തടയാൻ മുൻകൈയെടുത്തതെന്നാണ് തരൂർ ക്യാമ്പിന്റെ വിലയിരുത്തൽ. യൂത്ത് കോൺഗ്രസിനെ പരിപാടി നടത്തുന്നതിൽനിന്ന് നേതൃത്വം വിലക്കിയെങ്കിലും പരിപാടി അതേസമയത്ത് അതേഹാളിൽ ജവാഹർ യൂത്ത് ഫൗണ്ടേഷൻ നടത്തും. യൂത്ത് കോൺഗ്രസ് പ്രവർത്തകരുൾപ്പെടെ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. രാവിലെ എം ടി വാസുദേവൻ നായരുമായി കൂടിക്കാഴ്ച നടത്തിയ തരൂർ കശ്യപാശ്രമ മഠാതിപധി എം.ആർ. രാജേഷുമായും കൂടിക്കാഴ്ച നടത്തി.

മുമ്പെങ്ങുമില്ലാത്തതരത്തിലാണ് തരൂർ പ്രവർത്തനയിടമായ കേരളത്തിൽ പര്യടനം ആരംഭിച്ചിരിക്കുന്നത്. പാർട്ടിക്കുള്ളിൽ തന്നെ മുറുമുറുപ്പ് ഉയരുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെയാണ് തരൂരിന്റെ പര്യടനം. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് ജനകീയ ശ്രദ്ധ പിടിച്ചു പറ്റിയ ശേഷമാണ് തരൂരിന്റെ കേരളത്തിലേക്കുള്ള വരവ്. വരും കാലങ്ങളിൽ കോൺഗ്രസിന്റെ നേതൃത്വത്തിലേക്കുള്ള .
ചുവടുവെപ്പാണ് തരൂരിന്റേത് എന്ന തരത്തിലടക്കം ചർച്ചകളും ഉയർന്നു തുടങ്ങിയിട്ടുണ്ട്.

ഇന്നു രാവിലെ 9.30ന് എം ടി.വാസുദേവൻ നായരെ സന്ദർശിച്ചാണ് തരൂർ പരിപാടികൾക്ക് തുടക്കമിട്ടത്. ഇന്നു മുതൽ 4 ദിവസമാണ് കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ തരൂരിന്റെ പര്യടനം. ചിലർ സൈഡ് ബെഞ്ചിലിരിക്കാൻ ആവശ്യപ്പെട്ടു കഴിഞ്ഞെന്നും എന്നാൽ ഫോർവേഡായി കളിക്കാനാണ് താൽപര്യമെന്നും തരൂർ പ്രതികരിച്ചിരുന്നു. എല്ലാം ഒരു സ്പോർട്സ്മാൻ സ്പിരിറ്റിലെടുത്ത് മുന്നോട്ടു പോകാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി രംഗത്തെത്തി. തരൂരിന്റെ സന്ദർശനം എം.കെ.രാഘവൻ എംപി ജില്ലാ കമ്മിറ്റിയെ അറിയിച്ചിരുന്നുവെന്നും പര്യടനം വിഭാഗീയ പ്രവർത്തനമെന്ന വാർത്ത വന്നതിൽ ചിലർക്ക് ആശങ്കയുണ്ടെന്നും ഇതിന്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് പിന്മാറിയതെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. പര്യടനം ഡിസിസി നേതൃത്വത്തെ അറിയിച്ചില്ലെന്ന ആക്ഷേപത്തിലാണ് വിശദീകരണം. എന്നാൽ സംഘടനാ സംവിധാനം അനുസരിച്ചല്ല ശശി തരൂർ പര്യടനം നടത്തുന്നതെന്നും അതിനാലാണ് സെമിനാറിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്നുമായിരുന്നു യൂത്ത് കോൺഗ്രസിന്റെ വിശദീകരണം. ഒഴിവായത് ഡിസിസിയെ അറിയിച്ചതിനു ശേഷം മാത്രമാണെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷെഹീൻ മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടി സംസ്ഥാന നേതൃത്വം കണ്ണുരുട്ടിയതോടെ തരൂരിന്റെ പരിപാടികളിൽ നിന്ന് കോൺഗ്രസ് ഘടകങ്ങൾ പിന്മാറിയതോടെയാണ് വിവാദം ആളിക്കത്തിയത്. കണ്ണൂർ ഡിസിസിയും യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുമാണ് തരൂരിനെ മുഖ്യാതിഥിയായി നിശ്ചയിച്ച പരിപാടികൾ മാറ്റിവച്ചത്. അതേസമയം, 2 പരിപാടികളും പാർട്ടിയുടെ പിന്തുണയില്ലാതെ സംഘടിപ്പിക്കാനാണു സംഘാടകരുടെ നീക്കം.

മതനിരപേക്ഷതയും സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളിയും' എന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഇന്നു നടത്താനിരുന്ന സെമിനാറിൽ തരൂരായിരുന്നു മുഖ്യാതിഥി. എന്നാൽ, പരിപാടി മാറ്റിവച്ചതായി യൂത്ത് കോൺഗ്രസ് അറിയിക്കുകയായിരുന്നു. 23ന് കണ്ണൂർ ഡിസിസി നടത്തുന്ന സെമിനാറിലും തരൂർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നു. ഡിസിസിക്കു പകരം ഇതേ പരിപാടി കണ്ണൂർ ജവാഹർ ലൈബ്രറി സംഘടിപ്പിക്കുമെന്നാണ് പുതിയ അറിയിപ്പ്. യൂത്ത് കോൺഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന സെമിനാർ അതേ വേദിയിൽ തന്നെ നെഹ്‌റു യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ബാനറിൽ നടത്താനാണ് തീരുമാനം.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെ പരസ്യമായി പിന്തുണച്ച എം.കെ.രാഘവൻ എംപിയാണ് മലബാറിലെ പര്യടനം ഏകോപിപ്പിക്കുന്നത്. അധ്യക്ഷ തിരഞ്ഞെടുപ്പിൽ തരൂരിന്റെ പത്രികയിൽ ഒപ്പിട്ട കോഴിക്കോട് ജില്ലയിലെ മുഴുവൻ നേതാക്കളുടെയും പിന്തുണ പുതിയ നീക്കത്തിനില്ല. അതേസമയം, തരൂരിനു പിന്തുണയുമായി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥനും രംഗത്തെത്തി. സവർക്കർക്കെതിരെ രാഹുൽ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകൾ പാർട്ടിക്ക് ആവേശം നൽകുമ്പോൾ ഇവിടെ എന്തിനാണ് ഈ നടപടി എന്ന് ശബരീനാഥൻ ചോദിച്ചു.

അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ച തരൂരിനോട് ഹൈകമാൻഡിനും പ്രത്യേക മമതയില്ല. തെരഞ്ഞെടുപ്പിനുശേഷം നടന്ന പാർട്ടി പുനഃസംഘടനകളിലൊന്നിലും തരൂരിനെ പരിഗണിച്ചില്ല. ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽനിന്ന് മാറ്റിനിർത്തി. മലപ്പുറം, കണ്ണൂർ ജില്ലകളിലെല്ലാം തരൂരിനെ വെട്ടാനുള്ള ഒരുക്കങ്ങൾ തകൃതിയാണ്. മലപ്പുറം ഡി.സി.സിയിലെ സ്വീകരണം ഒഴിവാക്കി സന്ദർശനം മാത്രമാക്കിയതും കണ്ണൂർ ഡി.സി.സിയിലെ പരിപാടിയിൽനിന്ന് ഒഴിവാക്കിയതുമെല്ലാം നേതൃത്വത്തിന്റെ ഇടപെടൽമൂലമാണെന്നാണ് സൂചന. എന്നാൽ, പോഷക സംഘടനകളെ ഉപയോഗിച്ച് പരിപാടി മുടങ്ങാതിരിക്കാൻ തരൂർ ക്യാമ്പ് ശ്രമിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP