Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂത്ത് കോൺഗ്രസ് പിന്മാറിയപ്പോൾ ബദലൊരുക്കി മാജിക്; യൂത്ത് കോൺഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന സെമിനാർ അതേ വേദിയിൽ തന്നെ നെഹ്‌റു യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ബാനറിൽ നടത്തും; കണ്ണൂരിൽ ജവഹർ ലൈബ്രറിയും; തരൂരിനെ തോൽപ്പിക്കാൻ കെസിക്കും ചെന്നിത്തലയ്ക്കും കഴിയുന്നില്ല; മലബാറിൽ 'രാഘവ തന്ത്രം' വിജയത്തിൽ; മുഖ്യമന്ത്രിയാകാൻ തരൂർ എത്തുമ്പോൾ

യൂത്ത് കോൺഗ്രസ് പിന്മാറിയപ്പോൾ ബദലൊരുക്കി മാജിക്; യൂത്ത് കോൺഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന സെമിനാർ അതേ വേദിയിൽ തന്നെ നെഹ്‌റു യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ബാനറിൽ നടത്തും; കണ്ണൂരിൽ ജവഹർ ലൈബ്രറിയും; തരൂരിനെ തോൽപ്പിക്കാൻ കെസിക്കും ചെന്നിത്തലയ്ക്കും കഴിയുന്നില്ല; മലബാറിൽ 'രാഘവ തന്ത്രം' വിജയത്തിൽ; മുഖ്യമന്ത്രിയാകാൻ തരൂർ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വീണ്ടും കേരളത്തിൽ 'ശശി തരൂർ' വിവാദം. സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ശശി തരൂർ നടത്തുന്ന ജില്ലാ പര്യടനങ്ങളിൽനിന്ന് കോൺഗ്രസ് ഘടകങ്ങൾ പിന്മാറുന്നു എന്നതാണ് വസ്തുത. കണ്ണൂർ ഡിസിസിയും യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുമാണ് തരൂരിനെ മുഖ്യാതിഥിയായി നിശ്ചയിച്ച പരിപാടികൾ മാറ്റിവച്ചത്. അതേസമയം, 2 പരിപാടികളും പാർട്ടിയുടെ പിന്തുണയില്ലാതെ സംഘടിപ്പിക്കാനാണു സംഘാടകരുടെ നീക്കം. ഇന്നു മുതൽ 4 ദിവസമാണ് കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ തരൂരിന്റെ പര്യടനം. എഐസിസി മുൻ ജനറൽ സെക്രട്ടറിയും സോണിയാ കുടുംബത്തിന്റെ വിശ്വസ്തനുമായ കെസി വേണുഗോപാലിന്റെ ഇടപെടലാണ് തരൂരിന്റെ പരിപാടികളെ പൊളിക്കുന്നത്. ഐ ഗ്രൂപ്പ് നേതാവായ രമേശ് ചെന്നിത്തലയും സജീവമായി രംഗത്തുണ്ടെന്നാണ് വിവരം. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ പോലും ഈ വിഷയത്തിൽ ഇടപെട്ടുവെന്നാണ് ഉയരുന്ന വിവാദം.

എന്നാൽ ഇതൊന്നും കൊണ്ട് ഫലമുണ്ടാകുന്നില്ല. യൂത്ത് കോൺഗ്രസ് പിന്മാറിയപ്പോൾ ബദലൊരുക്കി മാജിക് സാധ്യമാക്കി തരൂർ അനുകൂലികൾ. യൂത്ത് കോൺഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന സെമിനാർ അതേ വേദിയിൽ തന്നെ നെഹ്‌റു യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ബാനറിൽ നടത്തും. കണ്ണൂരിൽ ജവഹർ ലൈബ്രറിയും തരൂരിനായി വേദി തയ്യാറാക്കും. തരൂരിനെ തോൽപ്പിക്കാൻ കെസിക്കും ചെന്നിത്തലയ്ക്കും കഴിയുന്നില്ലെന്നതാണ് വസ്തുത. മലബാറിലെ പര്യടനത്തിന് ശേഷം തെക്കൻ കേരളത്തിലേക്കും തരൂർ കടക്കും. കോൺഗ്രസ് അണികൾക്കിടയിൽ തരംഗമായി മാറി ഭാവി മുഖ്യമന്ത്രി കസേരയ്ക്ക് അടുത്തെത്തുകയാണ് ലക്ഷ്യം. കോൺഗ്രസിനെ താഴെ തട്ടിൽ ഊർജ്ജമുള്ളതാക്കാനാണ് നീക്കം.

മുസ്ലിം ലീഗിന്റെ പിന്തുണയിലാണ് തരൂരിന്റെ മലബാറിലെ പരിപാടികൾ. തരൂരിനെ ഭാവി മുഖ്യമന്ത്രിയാക്കുന്ന തരത്തിലാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. എൻ എസ് എസും തരൂരിനൊപ്പമുണ്ട്. ക്രൈസ്തവ സംഘടനകളും തരൂരിനെ അംഗീകരിക്കാൻ തയ്യാറാണ്. ഇതെല്ലാം തരൂരിന്റെ ജനപ്രീതി ഉയർത്തുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തെ ഭീഷണിയായി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്ന കോൺഗ്രസ് നേതാക്കൾ കാണുന്നു. ഹൈക്കമാണ്ടിൽ അവർക്ക് സ്വാധീനവുമുണ്ട്. ഇതുപയോഗിച്ച് തരൂരിന്റെ പരിപാടികൾക്ക് പാരവയ്ക്കുകയാണ്. ഇതോടെ ബദലുമായി തരൂരും എത്തുന്നു. റദ്ദാക്കിയ പരിപാടികളെല്ലാം മറ്റൊരു രൂപത്തിൽ നടത്തും. അങ്ങനെ പുതിയ സംവിധാനം തന്നെ എല്ലാ ജില്ലകളിലും ഉണ്ടാക്കുകയാണ് തരൂർ.

'മതനിരപേക്ഷതയും സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളിയും' എന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഇന്നു നടത്താനിരുന്ന സെമിനാറിൽ തരൂരായിരുന്നു മുഖ്യാതിഥി. എന്നാൽ, പരിപാടി മാറ്റിവച്ചതായി യൂത്ത് കോൺഗ്രസ് അറിയിച്ചു. 23ന് കണ്ണൂർ ഡിസിസി നടത്തുന്ന സെമിനാറിലും തരൂർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നു. ഡിസിസിക്കു പകരം ഇതേ പരിപാടി കണ്ണൂർ ജവാഹർ ലൈബ്രറി സംഘടിപ്പിക്കുമെന്നാണ് പുതിയ അറിയിപ്പ്. യൂത്ത് കോൺഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന സെമിനാർ അതേ വേദിയിൽ തന്നെ നെഹ്‌റു യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ബാനറിൽ നടത്തും. അങ്ങനെ എതിർക്കുന്നവരെ വെല്ലുവിളിക്കുകയാണ് തരൂർ. കോഴിക്കോട്ടെ എംപി എകെ രാഘവനാണ് ഈ പരിപാടികളുടെ പിന്നിലെ ചാലക ശക്തി.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെ പരസ്യമായി പിന്തുണച്ച എം.കെ.രാഘവൻ മലബാറിലെ പര്യടനം ഏകോപിപ്പിക്കുന്നത്. അധ്യക്ഷ തിരഞ്ഞെടുപ്പിൽ തരൂരിന്റെ പത്രികയിൽ ഒപ്പിട്ട കോഴിക്കോട് ജില്ലയിലെ മുഴുവൻ നേതാക്കൾ പോലും പരസ്യമായി സഹകരിക്കുന്നില്ല. കോൺഗ്രസിലെ സ്വാധീനമുള്ള നേതാക്കളെ ഭയന്നാണ് ഇത്. തരൂരുമായി സഹകരിച്ചാൽ ഇനി പാർട്ടിയിൽ സ്ഥാനമാനം കിട്ടില്ലെന്നാണ് ഇവർക്ക് മുമ്പിൽ വയ്ക്കുന്ന ഭീഷണി. മലബാർ പര്യടനം ഡിസിസി നേതൃത്വത്തെ അറിയിച്ചില്ലെന്ന ആക്ഷേപം ചർച്ചയാക്കിയാണ് ഗൂഡ സംഘം ഇടപെടുന്നത്. അതിനിടെ തരൂരിന് വിലക്കൊന്നുമില്ലെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറയുന്നത്.

തരൂരിനു പിന്തുണയുമായി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥനും രംഗത്തെത്തി. സവർക്കർക്കെതിരെ രാഹുൽ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകൾ പാർട്ടിക്ക് ആവേശം നൽകുമ്പോൾ ഇവിടെ എന്തിനാണ് ഈ നടപടി എന്ന് ശബരീനാഥൻ ചോദിച്ചു. അതിനിടെ കോൺഗ്രസിൽ തനിക്ക് വിലക്ക് ഇല്ലെന്ന് ശശി തരൂർ പറയുന്നു. തനിക്ക് ആരെയും ഭയമില്ല. തന്നെയും ആരും ഭയപ്പെടേണ്ടതില്ല. പാർട്ടിയിൽ ശത്രുക്കളില്ല. പാർട്ടി പരിപാടികളിൽ വിലക്കുമില്ല. തരൂർ പറഞ്ഞു. യൂത്ത് കോൺഗ്രസിന്റെ പിന്മാറ്റത്തെപ്പറ്റി അവരോടു ചോദിക്കണം. യൂത്ത് കോൺഗ്രസിനു പകരം മറ്റു സംഘാടകരുണ്ട്. വടക്കൻ കേരളത്തിലെ പരിപാടികൾക്ക് അനാവശ്യ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നും തരൂർ പറഞ്ഞു. യൂത്ത് കോൺഗ്രസ് പരിപാടിയിൽ നിന്നു പിന്മാറിയത് സാങ്കേതികം മാത്രമാണെന്ന് എം.കെ.രാഘവൻ എംപി പറഞ്ഞു.

ഇന്നു രാവിലെ എട്ടിന് കോഴിക്കോട് എത്തുന്ന തരൂർ 9.30ന് എം ടി.വാസുദേവൻ നായരെ സന്ദർശിച്ചാണ് മലബാറിലെ പരിപാടികൾക്ക് തുടക്കമിടുന്നത്. ഇന്നലെ താമരശ്ശേരി രൂപതാ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തി. അടുത്ത ദിവസം കാന്തപുരം എ.പി.അബൂബക്കർ മുസല്യാരെ സന്ദർശിക്കുന്നുണ്ട്. 22ന് പാണക്കാട്ട് എത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായും പി.കെ.കുഞ്ഞാലിക്കുട്ടിയുമായും ചർച്ച നടത്തും. എൻഎസ്എസ് ആസ്ഥാനത്ത് ജനുവരിയിൽ നടക്കുന്ന മന്നം ജയന്തി ആഘോഷത്തിൽ മുഖ്യാതിഥി തരൂരാണ്.

കോഴിക്കോട്ട് തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് യൂത്ത് കോൺഗ്രസിന് ഉന്നത നേതാക്കൾ നിർദ്ദേശം നൽകിയിരുന്നു. അതേസമയം, ശശി തരൂരിനെതിരായ നടപടി ഒഴിവാക്കാമായിരുന്നെന്ന് കെ.എസ്.ശബരീനാഥൻപറഞ്ഞു. ആർഎസ്എസിനെ തുറന്നുകാട്ടുന്ന സെമിനാർ പാർട്ടിക്ക് ഗുണകരമാകുമായിരുന്നു. രാഹുൽ ഗാന്ധിയുടെ നിലപാടിന്റെ തുടർച്ചയാകുമായിരുന്നു സെമിനാർ. രാഹുൽ ഒരുവശത്ത് ആവേശം നൽകുമ്പോൾ ഇവിടെ എന്തിനാണ് നടപടി?. തരൂരിന് ഈ ലോകത്തിൽ വേദികൾ കിട്ടാൻ ദൗർലഭ്യമുണ്ടോയെന്നും ശബരിനാഥൻ ചോദിച്ചു.

യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും' എന്ന സംവാദ പരിപാടിയിൽ നിന്നും കെപിസിസി നേതൃത്വം ശശി തരൂർ എംപിയെ തടഞ്ഞു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെ കോൺഗ്രസ്സ് പ്രവർത്തകർ അവജ്ഞയോടെ തള്ളിക്കളയണമെന്നും സുധാകരൻ പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തരൂർ കോൺഗ്രസിന്റെ സമുന്നതനായ നേതാവാണെന്നും അദ്ദേഹത്തിന് കേരളത്തിലെവിടെയും രാഷ്ട്രീയ പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിൽ കെപിസിസി നേതൃത്വം തയ്യാറാണെന്നും സുധാകരൻ വ്യക്തമാക്കി. പലപ്പോഴും മാതൃസംഘടനയെ തിരുത്തിയും കലഹിച്ചും ചരിത്രത്തിൽ ഇടംപിടിച്ച യൂത്ത് കോൺഗ്രസ്സിനെ ഇത്തരത്തിൽ ഒരു പരിപാടിയിൽ നിന്ന് വിലക്കാൻ കെപിസിസി ശ്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP