Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാർഷിക സർവകലാശാലകൾക്ക് യുജിസി ചട്ടം ബാധകമല്ല; സേർച്ച് കമ്മിറ്റിയിലേക്ക് യുജിസി പ്രതിനിധികളെ അയയ്ക്കാറുമില്ല; വിദേശ സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡി ഉള്ള ഏക അപേക്ഷകൻ താൻ മാത്രമായിരുന്നു; കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ മുൻ വിസി കെ.റിജി ജോൺ സുപ്രീം കോടതിയിൽ

കാർഷിക സർവകലാശാലകൾക്ക് യുജിസി ചട്ടം ബാധകമല്ല; സേർച്ച് കമ്മിറ്റിയിലേക്ക് യുജിസി പ്രതിനിധികളെ അയയ്ക്കാറുമില്ല; വിദേശ സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡി ഉള്ള ഏക അപേക്ഷകൻ താൻ മാത്രമായിരുന്നു; കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ മുൻ വിസി കെ.റിജി ജോൺ സുപ്രീം കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: കുഫോസ്( ഫിഷറീസ് സർവകലാശാല) വി സി നിയമനവുമായി ബന്ധപ്പെട്ട കേസിൽ കെ.റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. .യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചാണ് നിയമനം എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.കുഫോസ് വി സി നിയമനത്തിന് യുജിസി മാനദ്ധണ്ഡം ബാധകമല്ലെന്ന സർക്കാർ വാദം ഹൈക്കോടതി തള്ളുകയും ചെയ്തു. ഇതിനെതിരെ കെ. റിജി ജോൺ സുപ്രീംകോടതിയെ സമീപിച്ചു.

കാർഷിക സർവകലാശാലകൾക്ക് യുജിസി ചട്ടം ബാധകം അല്ലെന്ന വസ്തുത കണക്കിലെടുക്കാതെയാണ് ഹൈക്കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. നവംബർ 25 ന് ഹർജി സുപ്രീം കോടതി പരിഗണിച്ചേക്കും.2018-ലെ യുജിസി ചട്ടപ്രകാരം രൂപീകരിക്കാത്ത സെർച്ച് കമ്മിറ്റിയാണ് റിജി ജോണിനെ വൈസ് ചാൻസലർ ആയി നിയമിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. എന്നാൽ ഭരണഘടനയുടെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ട് പ്രകാരം കാർഷിക വിദ്യാഭ്യാസവും, ഗവേഷണവും സംസ്ഥാന ലിസ്റ്റിൽ പെട്ടവയാണ്. അതിനാൽ ഫിഷറീസ് സർവ്വകലാശാലക്ക് യുജിസി ചട്ടം ബാധകമല്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1998,2010, 2018 വർഷങ്ങളിലെ യുജിസി ചട്ടങ്ങളുടെ പരിധിയിൽനിന്ന് കാർഷിക സർവകലാശാലകളെ ഒഴിവാക്കിയിട്ടുണ്ടെന്നും റിജി ജോൺ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ വ്യക്തമക്കായിട്ടുണ്ട്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവയ്ക്കാൻ നിർദേശിച്ച പത്ത് വൈസ് ചാൻസലർമാരിൽ ഒരാളാണ് കെ. റിജി ജോൺ. യുജിസി. നിർദേശിക്കുന്ന സെലക്ഷൻ കമ്മിറ്റിയല്ല വൈസ് ചാൻസലറായി റിജി ജോണിനെ തിരഞ്ഞെടുത്തതെന്നും സെലക്ഷൻ കമ്മിറ്റി പാനലുകൾ ചാൻസലർക്ക് നൽകുന്നതിനു പകരം ഒറ്റപ്പേര് മാത്രമാണ് നൽകിയതെന്നുമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നത്.

സെർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി ഇല്ലാത്തതും നിയമനം റദ്ദാക്കുന്നതിന് കാരണമായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കാർഷിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റികളിലേക്ക് യുജിസി തങ്ങളുടെ വിദഗ്ധരെ അയക്കാറില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാലാണ് ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ചിലെ വിദഗ്ധരെ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. വിദേശ സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡി ഉള്ള ഏക അപേക്ഷകൻ താൻ മാത്രമായിരുന്നു. അതിനാലാണ് തന്റെ പേര് മാത്രം സെർച്ച് കമ്മിറ്റി ചാൻസലർക്ക് കൈമാറിയതെന്നും ഹർജിയിൽ പറയുന്നു. അഭിഭാഷക ആനി മാത്യു ആണ് ഹർജി ഫയൽ ചെയ്തത്.

യുജിസിയുടെ രണ്ട് മാനദണ്ഡങ്ങളുടെ ലംഘനം റിജി ജോണിന്റെ നിയമനത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയത്.യുജിസി നിർദേശിക്കുന്ന സെലക്ഷൻ കമ്മിറ്റിയല്ല വൈസ് ചാൻസലറായി റിജി ജോണിനെ തിരഞ്ഞെടുത്തത്, സെലക്ഷൻ കമ്മിറ്റി പാനലുകൾ ചാൻസലർക്ക് നൽകിയില്ല. ഒറ്റപ്പേരാണ് നൽകിയതെന്നുമാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്.

സാങ്കേതിക സർവകലാശാല വിസി നിയമനം, നിയമന തീയതി മുതൽ റദ്ദാക്കിയ സുപ്രീംകോടതി വിധിക്ക് ശേഷം, കുഫോസ് വി സി നിയമനത്തിൽ ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് സർക്കാരിനും നിർണായകമായിരുന്നു. എറണാകുളം സ്വദേശിയായ ഡോ. കെ.കെ. വിജയൻ, ഡോ. സദാശിവൻ എന്നിവരായിരുന്നു ഹർജിക്കാർ.

കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന വൈസ് ചാൻസലർ ആയി ഡോ. കെ റിജി ജോണിനെ നിയമിച്ചത് യു ജി സി ചട്ടപ്രകാരം അല്ലെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. .2021 ജനുവരി 23 നാണ് ഡോ. റിജി ജോണിനെ ഫിഷറീസ് സർവകലാശാല വി സിയായി നിയമിച്ച് ഗവർണർ ഉത്തരവിറക്കിയത്.

യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു സർവകലാശാലയിൽ പ്രൊഫസറായി പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ തമിഴ്‌നാട് ഫിഷറീസ് സർവകലാശാലയിൽ നിന്ന് കുഫോസിലേക്ക് ഡീൻ ആയി എത്തിയ ഡോ. റിജി പിഎച്ച്ഡി ചെയ്യാൻ പോയ മൂന്നു വർഷം കൂടി പ്രവൃത്തി പരിചയത്തിലുൾപ്പെടുത്തിയാണ് അപേക്ഷ നൽകിയതെന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു. സേർച്ച് കമ്മിറ്റി വിസി പദവിയിലേക്ക് ഒരാളുടെ പേര് മാത്രമാണ് ശുപാർശ ചെയ്തത്. മാത്രമല്ല സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് യോഗ്യതയില്ലാത്തവരുണ്ടായിരുന്നുവെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP