Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാൽപന്തുകളിയുടെ മഹോത്സവം; ലോകത്തെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി ഖത്തർ; അറബ് രാജ്യം ആതിഥ്യമരുളുന്നത് ചരിത്രത്തിൽ ആദ്യമായി; കളിയുടെ കൊടുങ്കാറ്റാവാൻ 32 ടീമുകൾ; എട്ട് വേദികളിലായി 64 മത്സരങ്ങൾ; ആദ്യ വിന്റർ ലോകകപ്പിന്റെ കലാശപ്പോരാട്ടം ഡിസംബർ 18ന്; കിരീടം യൂറോപ്പ് നിലനിർത്തുമോ,അതോ കടൽ കടക്കുമോ?; ജീവശ്വാസം ഏറ്റുവാങ്ങിയ കാൽപന്തിന് പിന്നാലെ ഇനി ലോകം

കാൽപന്തുകളിയുടെ മഹോത്സവം; ലോകത്തെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി ഖത്തർ; അറബ് രാജ്യം ആതിഥ്യമരുളുന്നത് ചരിത്രത്തിൽ ആദ്യമായി; കളിയുടെ കൊടുങ്കാറ്റാവാൻ 32 ടീമുകൾ; എട്ട് വേദികളിലായി 64 മത്സരങ്ങൾ; ആദ്യ വിന്റർ ലോകകപ്പിന്റെ കലാശപ്പോരാട്ടം ഡിസംബർ 18ന്; കിരീടം യൂറോപ്പ് നിലനിർത്തുമോ,അതോ കടൽ കടക്കുമോ?; ജീവശ്വാസം ഏറ്റുവാങ്ങിയ കാൽപന്തിന് പിന്നാലെ ഇനി ലോകം

സ്പോർട്സ് ഡെസ്ക്

നാലു വർഷത്തിൽ ഒരിക്കൽ വിരുന്നെത്തുന്ന ഫുട്ബോളിന്റെ മഹോത്സവത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ. ചരിത്രത്തിൽ ആദ്യമായി ഒരു അറബ് രാജ്യം ഫുട്ബോൾ ലോകകപ്പിന് ആതിഥ്യമരുള്ളുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ. 1930 മുതൽ 2018 വരെ നോക്കിയാൽ 21 ലോകകപ്പ് പോരാട്ടത്തിന് ആരാധകർ സാക്ഷ്യം വഹിച്ചു. ഇതുവരെ ലോകചാമ്പ്യന്മാരായത് എട്ട് രാജ്യങ്ങൾ മാത്രം.

റഷ്യയിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ ഓരോ ഘട്ടത്തിലും അതികായന്മാരുടെ പതനം കണ്ടു. ആദ്യ റൗണ്ടിൽ ജർമ്മനി, പ്രീക്വാർട്ടറിൽ അർജന്റീന, സ്പെയിൻ, ക്വാർട്ടറിൽ ബ്രസീൽ, സെമിയിൽ ഇംഗ്ലണ്ട്. അട്ടിമറികളുടെ തുടർച്ച എന്നാൽ ഫൈനലിൽ സംഭവിച്ചില്ല. പ്രവചനങ്ങളെ മറികടന്ന് മോസ്‌കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ ഫ്രാൻസ് ഒരിക്കൽ കൂടി കപ്പുയർത്തി. എന്നാൽ ആരാധകരുടെ മനസ്സ് കീഴടക്കിയാണ് ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യ റഷ്യൻ മണ്ണിൽ നിന്നും മടങ്ങിയത്.

റഷ്യ ഉറങ്ങാത്ത ആ 42 ദിനങ്ങൾ....ലോകത്തിലെ ഏറ്റവും വലിയ രാജ്യത്തെ പതിനൊന്ന് നഗരങ്ങളിലെ 12 വേദികളിലൂടെയുള്ള വിസ്മയ സഞ്ചാരത്തിന് ശേഷം ലോകത്തിന്റെ ജീവവായു നിറച്ച ആ കാൽപന്ത് ഖത്തറിൽ പ്രയാണത്തിന് തയ്യാറെടുക്കുകയാണ്. ഖത്തറിന്റെ കളിനിലങ്ങളിലൂടെ ഫുട്ബോളിന്റെ കൊടുങ്കാറ്റ് ഒരു മാന്ത്രിക കുതിരയെപ്പോലെ കുതിച്ചുപായാൻ.

ലോകത്തെ ഏറ്റവും വലിയ രാജ്യത്ത് പ്രയാണം പൂർത്തിയാക്കി ലോകകപ്പ് വിരുന്നെത്തുന്നത് അതിന് വേദിയാകുന്ന ഏറ്റവും ചെറിയ രാജ്യത്തേക്കാണ്. ഫിഫ ചരിത്രത്തിൽ ആദ്യമായി വിന്റർ ലോകകപ്പ്. അറബ് മേഖലയിലെ ആദ്യ ഫുട്ബോൾ ലോകകപ്പ്.....

റഷ്യയിൽ മത്സരത്തിനായി ടീമുകൾ ഒരു സ്റ്റേഡിയത്തിൽ നിന്നും മറ്റൊരു സ്റ്റേഡിയത്തിലേക്ക് മണിക്കൂറുകളോളം പറന്നാണ് എത്തിയതെങ്കിൽ ഖത്തറിൽ കൈയെത്തും ദൂരത്താണ് ഓരോ സ്റ്റേഡിയവും. ചുരുക്കിപ്പറഞ്ഞാൽ ലോകഭൂപടത്തിൽ മഷിയിട്ടു നോക്കിയാൽ മാത്രം കണ്ടെത്താവുന്ന ചെറിയ ഒരു രാജ്യമാണ് ലോകകപ്പിനെ വിളിച്ചുവരുത്തി ഇത്തവണ വിസ്മയം സൃഷ്ടിക്കുന്നത്.

ലോകകപ്പിന്റെ ഇരുപത്തിരണ്ടാം പതിപ്പിന് നവംബർ 20ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഖത്തർ - ഇക്വഡോർ മത്സരത്തോടെ തുടക്കമാകും. എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ഫുട്ബോളിന്റെ അടുത്ത ലോകാധിപരാകാനുള്ള കുതിപ്പിൽ അണി ചേരുക. ലോകഫുട്ബോളിലെ പ്രതാപികളായ ബ്രസിലും അർജന്റീനയും മുതൽ ആതിഥേയരായ ഖത്തർ വരെ. ഒരു പതിറ്റാണ്ടിലേറെയായി ഫുട്ബോളിലെ വ്യക്തിഗത പുരസ്‌കാരങ്ങളെല്ലാം പരസ്പരം കൈമാറുന്ന അർജന്റീനയുടെ ലയണൽ മെസ്സിയുടേയും പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോയുടേയും അവസാന ലോകകപ്പാകാം ഇത്. ലോക മൈതാനങ്ങളോട് വിടചൊല്ലാൻ ഒരുങ്ങുന്ന സൂപ്പർ താരങ്ങൾക്ക് വീരോചിതമായ യാത്രയയപ്പും താരോദയത്തിന് തയ്യാറെടുക്കുന്ന പുലരിനക്ഷത്രങ്ങൾക്ക് വരവേൽപ്പും നൽകാൻ ഖത്തർ ഒരുങ്ങിക്കഴിഞ്ഞു.



ലോകം ഖത്തറിലേക്ക്

ആര് ഈ ലോകകപ്പ് നേടും? ലോകം 32 രാജ്യങ്ങളിലേക്ക് ചുരുങ്ങിക്കഴിഞ്ഞു.... ആതിഥേയ രാജ്യമായ ഖത്തറിനെ കൂടാതെ, യൂറോപ്പിൽ നിന്ന് 13 രാജ്യങ്ങൾ, തെക്കേ അമേരിക്കയെയും ഏഷ്യയെയും പ്രതിനിധീകരിച്ച് നാല് ടീമുകൾ വീതം. ആഫ്രിക്കയിൽ നിന്ന് അഞ്ച് ടീമുകൾ. വടക്കേ അമേരിക്കയിൽ നിന്ന് മൂന്ന് ടീമുകളാണ് നേരിട്ട് യോഗ്യത നേടിയത്. ഓസ്ട്രേലിയയും (ഏഷ്യൻ മേഖലയുടെ ഭാഗമായി), കോസ്റ്റാറിക്കയും (വടക്കേ അമേരിക്ക) പ്ലേ ഓഫിലൂടെയും യോഗ്യത ഉറപ്പിച്ചു. ഇത്തവണയും കിരീടം യൂറോപ്പ് നിലനിർത്തുമോ, അതോ കടൽ കടക്കുമോ? ഡിസംബർ 18ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ ഏതു രാജ്യങ്ങളാകും ഏറ്റുമുട്ടുക? പ്രവചനങ്ങൾ നിറയുകയാണ്. പക്ഷെ അപരിചിതമായ ഭൂമിശാസ്ത്രം പേറുന്ന ഖത്തറിൽ പായുന്ന പുലികൾ ആരാകും?

32 ടീമുകൾ- ഗ്രൂപ്പ് മത്സരങ്ങൾ, സാധ്യത

ഗ്രൂപ്പ് എ
ആതിഥേയരായ ഖത്തറിനൊപ്പം ഇക്വഡോർ, സെനഗൽ, കരുത്തരായ നെതർലൻഡ്സ് എന്നീ ടീമുകളാണ് ഗ്രൂപ്പിൽ കൊമ്പുകോർക്കുന്നത്. കരുത്തരായ ബെൽജിയത്തിന് എതിരെ തകർപ്പൻ ജയത്തോടെ എത്തുന്ന നെതർലൻഡ്‌സ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി മുന്നേറാനാണ് സാധ്യത. യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ വമ്പന്മാരായ ഫ്രങ്കി ഡിയോംഗ്, വിർജിൽ വാൻഡൈക്ക്, മത്യാസ് ഡി ലൈറ്റ്, മെംഫിസ് ഡിപ്പേ തുടങ്ങിയവരിലാണ് നെതർലൻഡ്സിന്റെ പ്രതീക്ഷ. കഴിഞ്ഞ ലോകകപ്പിന് യോഗ്യത പോലും നേടാനാവാതെ പോയ ഡച്ചുപടയെ പിടിച്ചുയർത്തിയത് പരിശീലകൻ ലൂയി വാൻ ഗാളിന്റെ മടങ്ങിവരവാണ്.



നൈജീരിയയെ കീഴടക്കുകയും ജപ്പാൻ, മെക്‌സികോ ടീമുകളെ സമനിലയിൽ തളയ്ക്കുകയും ചെയ്ത ഇക്വഡോറിന് ഖത്തറിനെതിരെ മികച്ച പോരാട്ടം കാഴ്ചവയ്ക്കാനാകും. എന്നാൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് നേടിയ സെനഗൽ ഈ ലോകകപ്പിലും അട്ടിമറികൾക്ക് കോപ്പുകൂട്ടിയാണ് എത്തുന്നത്. സൂപ്പർതാരം സാദിയോ മാനേ പരിക്കിന്റെ പിടിയിലായത് ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗലിന് അപ്രതീക്ഷിത തിരിച്ചടിയാണ്. 2002 ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ മുന്നേറിയ ടീമാണ് സെനഗൽ. സാദിയോ മാനെയുടെ സാന്നിദ്ധ്യം തന്നെയാണ് ടീമിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച ഫിഫ റാങ്കിംഗിലാണ് സെനഗൽ ഇപ്പോഴുള്ളത്. കറുത്ത കുതിരകളാകാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ടീം. ഇക്വഡോർ - സെനഗൽ മത്സരം ഗ്രൂപ്പിൽ നിർണായകമാകും. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദുർബലരായ ആതിഥേയർ എന്നായിരുന്നു വേദി പ്രഖ്യാപിക്കുമ്പോൾ ഖത്തറിനു ലഭിച്ചത്. എന്നാൽ 12 വർഷം കൊണ്ട് 64 സ്ഥാനം മെച്ചപ്പെടുത്താൻ ഖത്തറിനായി.

ഗ്രൂപ്പ് ബി
വമ്പൻ താരനിരയുമായാണ് കരുത്തരായ ഇംഗ്ലണ്ട് ഫിഫ ലോകകപ്പിനൊത്തുന്നത്. ഗ്രൂപ്പ് ബിയിൽ ഇംഗ്ലീഷ് പടയ്‌ക്കൊപ്പം അയൽക്കാരായ വെയ്ൽസുണ്ട്. ഏഷ്യൻ പ്രതീക്ഷകളുമായെത്തുന്ന ഇറാനും ഒപ്പം അമേരിക്കയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. മരണഗ്രൂപ്പിൽ നിന്നും പ്രീക്വാർട്ടറിലേക്ക് മുന്നേറുന്ന ടീമുകൾ ഏതൊക്കെയാകും? കടലാസിൽ പുലികളായ ഇംഗ്ലണ്ടിന് സ്വപ്നങ്ങൾ ഏറെയാണ്. എന്നാൽ അവസാന ആറു കളികളിലെ ഫലം അത്ര ആശാവഹമല്ല. ഇത്തവണയും ആക്രമണത്തിന്റെ കുന്തമുന ഹാരി കെയ്‌നും റഹീം സ്റ്റെർലിങുമാണ്.

വിസ്മയങ്ങൾ കാഴ്ചവയ്ക്കാൻ ബുകായോ സാക, ഫിൽ ഫോഡൻ, ജൂഡ് ബെല്ലിങ്ഹാം എന്നി യുവതാരങ്ങൾ ഗാരെത് സൗത്ത്‌ഗേറ്റിന്റെ കൈവശമുണ്ട്. കടലാസിലെ കരുത്ത് കളിക്കളത്തിൽ പുറത്തെടുത്താൽ ഇംഗ്ലണ്ടിന് ഒന്നാമന്മാരായി പ്രീക്വാർട്ടർ ഉറപ്പിക്കാം. കഴിഞ്ഞ ലോകകപ്പിൽ സെമിയിലും യൂറോ കപ്പിൽ ഫൈനലിലും എത്തിച്ച ഗാരെത് സൗത്ഗേറ്റിന്റെ ശിക്ഷണത്തിലാണ് ഇംഗ്ലണ്ട് ഇത്തവണയും ഖത്തറിലെത്തുന്നത്.

ഗ്രൂപ്പ് ബിയിൽ ഓരോ കളിക്ക് പിന്നിലും ചരിത്രവൈരമുണ്ട്. 1966ന് ശേഷം ലോകകപ്പിനായി കാത്തിരിക്കുന്ന ഇംഗ്ലണ്ട് ഓരോ തവണയും ഇപ്പോഴില്ലെങ്കിൽ ഇനിയില്ല എന്ന വിശേഷണത്തോടെയാണ് വിശ്വപോരാട്ടത്തിന് എത്താറുള്ളത്. ഇത്തവണയും ഇതിന് മാറ്റമില്ല.



64 വർഷത്തെ ഇടവേളയ്ക്ക് ശേഷം. പ്ലേ ഓഫ് കടമ്പ കടന്നെത്തുന്ന വെയ്ൽസിന്റെ പ്രതീക്ഷ 108 കളിയിൽ 40 ഗോൾ നേടിയിട്ടുള്ള ക്യാപ്റ്റൻ ഗാരെത് ബെയ്ലിന്റെ ബൂട്ടുകളിൽ തന്നെ. ആരോൺ റാംസേയുടെ പരിചയസമ്പത്തും നിർണായകം. തുടർച്ചയായ മൂന്നാം ലോകകപ്പിനിറങ്ങുന്ന ഇറാന് ഗ്രൂപ്പ് ഘട്ടം മറികടക്കുക എന്നതുതന്നെയായിരിക്കും പ്രധാന വെല്ലുവിളി. കഴിഞ്ഞ പത്ത് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് യു എസിന്റെ വരവ്. ലോകകപ്പ് ക്വാളിഫയറിൽ പ്ലേ ഓഫ് കളിച്ചാണ് വെയ്ൽസ് യോഗ്യത നേടിയത്.

തുല്യശക്തികളായ ഇറാനും യുഎസ്എയും വെയ്ൽസും തമ്മിലാകാം രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടം. ഖത്തറിലെ സാഹചര്യങ്ങൾ സുപരിചിതമാണ് എന്നത് ഇറാന് മേൽക്കൈ നൽകുന്നു. എന്നാൽ ടീമിന്റെ കരുത്ത് പുറത്തെടുക്കാനായാൽ വെയ്ൽസും യുഎസ്എയും കടുത്ത വെല്ലുവിളി ഉയർത്തും.

ഗ്രൂപ്പ് സി

നിലവിലെ കോപ്പ അമേരിക്ക, ഫൈനലിസ്സിമ കിരീട ജേതാക്കളായ അർജന്റീനക്കെതിരെ സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നി ടീമുകളാണ് ഗ്രൂപ്പ് പോരിൽ നേർക്കുനേർ എത്തുന്നത്. കഴിഞ്ഞ മുപ്പത്തിയഞ്ച് മത്സരങ്ങളിൽ തോൽവിയറിയാതെ കുതിക്കുന്ന അർജന്റീനയാണ് ഫേവറിറ്റുകൾ. 37 മത്സരങ്ങളിൽ അപരാജിത കുതിപ്പ് നടത്തിയ ഇറ്റലിയുടെ റെക്കോർഡ് മെസിയും സംഘവും ലോകകപ്പ് പോരാട്ടത്തിനിടെ മറികടന്നേക്കാം. ഗ്രൂപ്പ് സിയെന്നാൽ മെസിയാണ്. അർജന്റീനയാണ്. വിശ്വ കിരീടത്തിനായുള്ള അർജന്റീനയുടെ പോരാട്ടം ഇവിടെ നിന്ന് തുടങ്ങുന്നു. ആദ്യം എതിരിടാനുള്ളത് ലെവൻഡോവ്‌സിക്കിയുടെ പോളണ്ടിനെയും മെക്‌സിക്കോയെയും സൗദി അറേബ്യയെയും.



കോപ അമേരിക്കയും, ഫൈനലിസിമ കിരീടവും നേടിയ അർജന്റീന കഴിഞ്ഞ 35 മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ല. ലിയോണൽ സ്‌കലോണിയെന്ന പരിശീലകന് കീഴിൽ ആരും പേടിക്കുന്ന സംഘമായി അർജന്റീന മാറിക്കഴിഞ്ഞു. മെസിക്ക് കൂട്ടായി എഞ്ചയ്ൽ ഡി മരിയയും, ലൗട്ടാറോ മാർട്ടിനസും, ഡിപോളും ,കുട്ടി റൊമേറോയും , എമി മാർട്ടിനസുമെത്തുമ്പോൾ ഗ്രൂപ്പ് ജേതാക്കളിൽ കുറഞ്ഞതൊന്നും നീലപ്പടക്ക് ചിന്തിക്കാനെ ആവില്ല.

റോബർട്ട് ലൊവൻഡോവ്‌സ്‌കിയെന്ന ഗോൾ മെഷീനിൽ മാത്രം ചുറ്റിത്തിരിയുന്ന ടീമല്ല പോളണ്ട്. അർക്കേഡിയിസ് മിലിച്ച്, പിയേറ്റക് തുടങ്ങിയ ലോകോത്തര സ്‌ട്രൈക്കർമാരും മിഡ് ഫീൽഡിൽ സെലൻസ്‌കിയും പ്രതിരോധത്തിൽ മാറ്റി ക്യാഷും പോളണ്ടിനെ ശക്തരാക്കുന്നു.

കിരീടം നേടാതെ ഏറ്റവും കൂടുതൽ ലോകകപ്പുകളിൽ കളിച്ചെന്ന റെക്കോർഡുള്ള മെക്‌സികോയാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. ലോകകപ്പുകളിലെ മിന്നും പ്രകടനങ്ങളിലൂടെ ശ്രദ്ധയേനായ ഗ്വില്ലെർമോ ഒച്ചോവയാണ് മെക്‌സിക്കൻ വല കാക്കുക. ഹിർവിങ് ലോസാനോ, ഹെക്ടർ ഹേരേര, തുടങ്ങി യൂറോപ്യൻ ലീഗുകളിൽ മികവു തെളിയിച്ച ഒരുപിടി താരങ്ങളും ടീമിലുണ്ട്. കാൽപന്തിന്റെ വിശ്വവേദിയിൽ ചില ജയങ്ങളൊഴിച്ചാൽ എടുത്തുപറയാൻ ഒന്നുമില്ല സൗദി അറേബ്യക്ക്. പക്ഷെ ഇത്തവണ അയൽ രാജ്യത്ത് നടക്കുന്ന ലോകകപ്പിന് സ്വന്തം കാണികൾ രാജ്യത്തിന്റെ മുന്നേറ്റത്തിനായി ആവേശം പകരും.

ഗ്രൂപ്പ് ഡി
നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് ഓസ്ട്രേലിയ, ഡെന്മാർക്ക്, ടൂണീഷ്യ എന്നിവരാണ് എതിരാളികൾ. ലോകകപ്പിലെ ചാമ്പ്യൻ ശാപം ഇത്തവണ ഫ്രാൻസിനെ വേട്ടയാടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിൽ ചാമ്പ്യന്മാരാകുന്ന ടീം തുടർച്ചയായി അടുത്ത ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതാണ് ഈ ചോദ്യം ഉയരാൻ കാരണം. 98ൽ ബ്രസീലിനെ സ്വന്തം മണ്ണിൽ വെച്ച് തകർത്ത് കിരീടം നേടിയ ഫ്രാൻസ് കൊറിയൻ ലോകകപ്പിൽ ഒരു ജയം പോലും നേടാനാകാതെ പുറത്തായി. 2002ൽ ചാമ്പ്യന്മാരായ ബ്രസീൽ മാത്രമാണ് ചാമ്പ്യൻ ശാപത്തിൽ നിന്നും രക്ഷപ്പെട്ടത്. 2006 ലോകകപ്പിൽ ബ്രസീൽ സംഘം ക്വാർട്ടർ ഫൈനലിലാണ് വീണത്.



എന്നാൽ 2006ലെ ചാമ്പ്യന്മാരായ ഇറ്റലി ആഫ്രിക്കൻ ലോകകപ്പിൽ പ്രീക്വാർട്ടറിലെത്തിയില്ല. 2010ൽ ആദ്യമായി ലോകകപ്പ് ഉയർത്തിയ സ്‌പെയ്ൻ 2014ൽ ബ്രസീലിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ നാട്ടിലേക്ക് മടങ്ങി. ആ ലോകകപ്പിൽ കിരീടം ഉയർത്തിയ ജർമനി 2018ൽ റഷ്യയിൽ പ്രാഥമിക റൗണ്ടിൽ വീണു. ഇനി ഈ ശാപം ഫ്രാൻസിന്റെ മുകളിലാണോ അല്ലയോ എന്ന് ഖത്തറിൽ ഗ്രൂപ്പ് ഘട്ടം കഴിയുമ്പോൾ അറിയാം. താരങ്ങളുടെ പരുക്കാണ് ടീമിനെ അലട്ടുന്നത്.

ഡെന്മാർക്കിനോടും ക്രൊയേഷ്യയോടും തോറ്റാണ് നിലവിലെ ചാമ്പ്യന്മാർ ഖത്തറിലെക്ക് എത്തുന്നത്. എംബാപെയുടെ തൻപ്രമാണിത്തം ആരാധകരിൽ പോലും അമർഷം ഉണ്ടാക്കുന്നുണ്ട്. എൻഗോളോ കാന്റെ, ബെൻസെമ, ഗോൾകീപ്പർ ലോറിസ്, പോഗ്‌ബെ എന്നിവരുടെ പരുക്കും ഫ്രാൻസിന് വെല്ലുവിളിയാണ്.

2002ൽ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനാണ് ഫുട്‌ബോൾ ലോകം സാക്ഷ്യം വഹിച്ചത്. ദുർബലർ എന്ന് കരുതിയ സെനഗൽ ചാമ്പ്യന്മാരായെത്തിയ ഫ്രാൻസിനെ അട്ടിമറിച്ചു. ഇത്തവണ ആ ദൗത്യം തുനീസിയ ഏറ്റെടുക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അന്ന് സമനിലയിൽ തളച്ച യുറഗ്വായെങ്കിൽ ഇത്തവണ അതേ സ്ഥാനത്ത് ഓസ്‌ട്രേലിയ. അന്ന് നിർണായക മത്സരത്തിൽ കീഴടക്കിയ ഡെന്മാർക്ക് ഇത്തവണയും ഫ്രാൻസിന് മുന്നിലുണ്ട്. ക്രിസ്റ്റ്യൻ എറിക്‌സന്റെ ഡെന്മാർക്കിനെതിരായ മത്സരം ഫ്രാൻസിന് കടുത്ത വെല്ലുവിളിയാകും. ഓസ്‌ട്രേലിയയും തുനീസിയയും ഫ്രാൻസിന് മുന്നിൽ വഴിമുടക്കുമോ, ചാമ്പ്യൻശാപം മറികടക്കാൻ ഇത്തവണ ഫ്രാൻസിന് കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ലോകകപ്പ് ക്വാളിഫയറിൽ മൂന്നാമതെത്തിയ ഓസ്ട്രേലിയ പ്ലേ ഓഫ് കളിച്ചാണ് ലോകകപ്പിനെത്തുന്നത്. ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന് വിലയിരുത്തപ്പെടുന്ന ടീം ഡെന്മാർ്ക്കാണ്. കഴിഞ്ഞ യൂറോകപ്പിലെ പ്രകടനം ടീമിന് ആത്മവിശ്വാസം പകരുന്നു. ആഫ്രിക്കൻ ക്വാളിഫയറിൽ ഗ്രൂപ്പ് ജേതാക്കളായണ് തുനീസിയയുടെ വരവ്. പ്രതിരോധമാണ് ടീമിന്റെ കരുത്ത്.

ഗ്രൂപ്പ് ഇ
മുൻലോകചാമ്പ്യന്മാരായ ജർമനിയും സ്‌പെയിനും ഒരു ഗ്രൂപ്പിൽ. ഒപ്പം താരതമ്യേന ദുർബലരായ ജപ്പാനും കോസ്റ്ററീക്കയും. എന്നാൽ അട്ടിമറികൾ പ്രതീക്ഷിക്കപ്പെടുന്ന ഗ്രൂപ്പ് ഇ-യിലെ ഓരോ പോരാട്ടവും നിർണായകമാകും. ഇതുവരെ കളിച്ച 19 ലോകകപ്പുകളിൽ 13-ലും സെമിയിലെത്തിയ ജർമനിയുടെ കരുത്ത് ആർക്കും തള്ളിക്കളയാനാവില്ല. ക്യാപ്റ്റൻ തോമസ് മുള്ളറും സെർജി നാബ്രിയും ലിറോയ് സാനെയും അടങ്ങുന്ന ബയേൺ മ്യൂണിച്ചിന്റെ മുന്നേറ്റനിര തന്നെയാണ് ജർമനിയുടെ എൻജിൻ. മധ്യനിരയിൽ ജോഷ്വാ കിമ്മിച്ചും കായ് ഹാവെർട്ടും എൽകായ് ഗുണ്ടോഗനും ജൂലിയൻ ഡ്രാക്സ്ലറും കൂടിയെത്തുമ്പോൾ കരുത്തേറും.



യുവശക്തിയുടെ കരുത്തിലാണ് സ്‌പെയ്ൻ വിശ്വാസം അർപ്പിക്കുന്നത്. അൻസു ഫാത്തിയും ബ്രയാൻ ഗില്ലും ഈ ലോകകപ്പിന്റെ താരങ്ങളാക്കാൻ എത്തുന്നവരാണ്. അൽവാരോ മൊറാട്ടയും ഫെറാൻ ടോറസും അടങ്ങുന്ന ആക്രമണനിര ശക്തമാണ്. സെർജിയോ ബുസ്‌ക്വറ്റ്‌സും കോക്കെയും അടങ്ങുന്ന മധ്യനിര. ഒപ്പം ഗാവിയും പെഡ്രിയും. പ്രതിരോധത്തിൽ ജോർഡി ആൽബയും ഡാനി കർവജാലും. കിരീടപോരാട്ടത്തിൽ സ്‌പെയിന് കുതിക്കാൻ വേണ്ടതെല്ലാമുണ്ട്.

ഏഷ്യൻ മണ്ണിൽ നടക്കുന്ന ലോകകപ്പിൽ ഒരു കൈ നോക്കാനാണ് ജപ്പാന്റെ വരവ്. മുന്നേറ്റനിരയിൽ യുകാ ഒസാക്കോയും ടാക്കുമ അസാനോയും. ഒപ്പം വിദേശലീഗുകളിൽ കളിക്കുന്ന ക്യോജോ ഫുറുഹാഷിയും ഡൈസൻ മെയ്ഡയും പോലുള്ള താരങ്ങളും ടീമിന് കരുത്താകും. മധ്യനിരയിൽ ഗാക്കു ഷിബസാക്കിയും ജെൻകി ഹറാഗുച്ചിയും പോലെയുള്ള താരങ്ങൾ മിന്നിത്തെളിഞ്ഞാൽ ജപ്പാന് അട്ടിമറികളോടെ പ്രീക്വാർട്ടറിലേക്ക് മുന്നേറാം.

നഷ്ടപ്പെടാൻ ഒന്നുമില്ലാതെയാണ് കോസ്റ്ററീക്ക ഖത്തറിലെത്തുന്നത്. യോഗ്യതാറൗണ്ടിൽ അമേരിക്കയടക്കമുള്ള ടീമുകളെ തോൽപ്പിച്ചു. ജോയൽ കാംപെല്ലാണ് മുന്നേറ്റനിരയുടെ കുന്തമുന. മധ്യനിരയിൽ ക്യാപ്റ്റൻ ബ്രയാൻ റൂയിസും സെൽസോ ബൊർജെസും.

ഗ്രൂപ്പ് എഫ്
ബെൽജിയം, ക്രൊയേഷ്യ, കാനഡ, മൊറോക്കോ എന്നീ ടീമുകളാണ് ഗ്രൂപ്പ് എഫിൽ ഉള്ളത്. 2018 ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും മൂന്നാം സ്ഥാനക്കാരായ ബെൽജിയവും ആദ്യ റൗണ്ടിൽ തന്നെ മുഖാമുഖം വരുന്നു. 2022 ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് എഫിന്റെ ഏറ്റവും വലിയ പ്രത്യേകതയാണിത്. കിരീട സാധ്യത കൽപ്പിക്കുന്ന ബെൽജിയവും ക്രൊയേഷ്യയും കൊമ്പുകോർക്കുമ്പോൾ പ്രാഥമിക ഘട്ടം തന്നെ തീപാറും. ഒപ്പം മൊറോക്കോയും കാനഡയുമുണ്ട് ഗ്രൂപ്പിൽ.

2014ൽ ക്വാർട്ടർ ഫൈനൽ കളിച്ചു, 2018-ൽ സെമിഫൈനൽ കളിച്ചു. അങ്ങനെ നോക്കിയാൽ ഖത്തറിൽ ഫൈനൽ കളിക്കേണ്ടവരാണ് ബെൽജിയം. ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാർ. സൂപ്പർസ്റ്റാറുകളുടെ കൂടാരമായ ബെൽജിയം, പ്രതിഭകളുടെ മികവ് തുടർക്കഥയാക്കിയാൽ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും



കഴിഞ്ഞ തവണ കൈവിട്ട കിരീടം ഖത്തറിൽ തിരിച്ചുപിടിക്കാനെത്തുന്ന ക്രൊയേഷ്യയുടെ പ്രതീക്ഷകൾ മോഡ്രിച്ചിൽതന്നെയാണ്. ചെൽസിയുടെ മാറ്റിയോ കൊവാസിച്ചും അറ്റ്‌ലാന്റയുടെ മരിയോ പസാലിക്കും ഇന്റർമിലാന്റെ മാർസലോ ബ്രൊസോവിച്ചും മോഡ്രിച്ചിനൊപ്പം ചേരുന്നതോടെ ക്രൊയേഷ്യയുടെ പ്രതീക്ഷകൾക്ക് കരുത്തേറുന്നു.

1986ലെ ലോകകപ്പിൽ മൊറോക്കോ പ്രീ ക്വാർട്ടറിലെത്തുമ്പോൾ അവർ ലോകകപ്പിന്റെ രണ്ടാം റൗണ്ടിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായിരുന്നു. ഇത്തവണ അട്ടിമറികളുമായി മൊറോക്കോ ഞെട്ടിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കാനഡ ഇതിനുമുമ്പ് കളിച്ചത് 1986-ലാണ്. നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത കാനഡ പൊരുതാനുറച്ചാണ് ഇറങ്ങുന്നത്.

ഗ്രൂപ്പ് ജി
കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പാരമ്യത്തിലാണ് ബ്രസീൽ. ബെറ്റിങ് ചാർട്ടുകളിലും ആരാധകരുടെ മനസ്സിലും നമ്പർ വൺ റേറ്റിങ്ങിൽ. ബ്രസീലിനെ തടയാൻ പ്രാഥമികറൗണ്ടിൽ ഇറങ്ങുന്നത് സ്വിറ്റസർലൻഡും സെർബിയയും കാമറൂണുമാണ്. ശക്തമായ അറ്റാക്കിങ് നിരയാണ് ടിറ്റെയുടെ വജ്രായുധം.

നായകനായ നെയ്മർ, മുന്നേറ്റനിരയിൽ ഗബ്രിയേൽ ജെസ്യൂസും വിനീഷ്യസ് ജൂനിയറും റാഫിനയും റിച്ചാർലിസണും ആന്റണിയും. കാസെമിറോയും ഫ്രെഡും ലൂക്കാസ് പക്വേറ്റയും ഫാബിന്യോയും അണിനിരക്കുന്ന മധ്യനിര. പ്രതിരോധത്തിൽ തിയാഗോ സിൽവയും മാർക്വിന്യോസും ഡാനിലോക്കുമൊപ്പം ഡാനി ആൽവ്‌സും. അഞ്ചുവട്ടം ലോകചാമ്പ്യന്മാരായ ബ്രസീൽ പ്രതീക്ഷ നിറവേറ്റിയാൽ ഗ്രൂപ്പിൽനിന്ന് ഒന്നാമതായി പ്രീക്വാർട്ടറിലേക്കു കടന്നേക്കും.



രണ്ടാം സ്ഥാനത്തിനായി സ്വിറ്റ്‌സർലൻഡ്, സെർബിയ, ആഫ്രിക്കൻ കരുത്തുമായെത്തുന്ന കാമറൂൺ എന്നിവർ തമ്മിലാകാം പോരാട്ടം നടക്കുക. സ്വീഡനെയും നോർവെയേയും തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സെർബിയ എത്തുന്നത്. ചെക്കിനെയും സ്‌പെയിനെയും പോർച്ചുഗലിനെയും തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് സ്വിസ് ഇറങ്ങുന്നത്. ഏതു ടീമിനെതിരേയും അദ്ഭുതം സൃഷ്ടിക്കാൻ കഴിവുള്ളവരാണ് കാമറൂൺ

ഗ്രൂപ്പ് എച്ച്

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും സൺ ഹ്യൂങ് മിനിന്റെ ദക്ഷിണ കൊറിയയും. പിന്നെ ഒരു വ്യാഴവട്ടം മുൻപുള്ള ഒരു അടിക്കു പകരം വീട്ടാൻ യുറഗ്വായെ കാത്ത് മരണഗ്രൂപ്പിൽ ഘാനയും. 2010 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ യുറഗ്വായ് താരം ലൂയി സ്വാരെസിന്റെ കൈ കൊണ്ടുള്ള ഗോൾലൈൻ സേവ് ആണ് ഘാനക്കാരുടെ മനസ്സിൽ നെരിപ്പോടു പോലെ എരിയുന്നത്. അന്നത്തെ 'പിഴവിന്' സ്വാരെസിനോട് പകരം ചോദിക്കാനാണ് ഘാനയുടെ യുവനിര എത്തുന്നത്.

പറങ്കിപ്പടയ്ക്കു വീര്യം പകരാൻ ഇറങ്ങുന്ന മുപ്പത്തിയേഴുകാരനായ റൊണാൾഡോയ്ക്ക് കിരീട നേട്ടത്തോടെ മികച്ച യാത്ര അയപ്പ് നൽകുക എന്നതാണ് ബെർണാഡോ സിൽവയ്ക്കും ബ്രൂണോ ഫെർണാണ്ടസിനും ജോവ ഫെലിക്‌സിനുമെല്ലാം മുന്നിലുള്ള ലക്ഷ്യം. ക്ലബ് ഫുട്‌ബോളിൽ ഒന്നിച്ചു കളിക്കുന്ന ഒട്ടേറെപ്പേരുണ്ട് പോർച്ചുഗൽ നിരയിൽ. എന്നാൽ ലിവർപൂൾ ഫോർവേഡ് ഡിയേഗോ ജോട്ട പരുക്കേറ്റു പുറത്തായത് വലിയ തിരിച്ചടിയാണ്.



ലോകപ്പിൽ മിനിമം ഗ്യാരന്റിയുള്ള ടീമാണ് യുറഗ്വായ്. 1930,1950കളിലെ കിരീടനേട്ടം ആവർത്തിക്കാനായില്ലെങ്കിലും പിന്നീട് രണ്ടു തവണ നാലാം സ്ഥാനം നേടി. വെറ്ററൻ താരങ്ങളായ ലൂയി സ്വാരെസ്, എഡിൻസൻ കവാനി എന്നിവർക്കൊപ്പം മികച്ച യുവതാരങ്ങളും ഇത്തവണ യുറഗ്വായ്‌ക്കൊപ്പമുണ്ട്.

തുടർച്ചയായ പത്താം ലോകകപ്പിനാണ് ദക്ഷിണ കൊറിയ വരുന്നത്. ഇക്കാര്യത്തിൽ ബ്രസീൽ, ജർമനി, അർജന്റീന, സ്‌പെയിൻ ടീമുകൾ മാത്രമേ മുന്നിലുള്ളൂ. പക്ഷേ 10 ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടം കടന്നത് രണ്ടു വട്ടം മാത്രം. 2002ൽ ആതിഥേയരായ ലോകകപ്പിൽ നാലാം സ്ഥാനത്തെത്തിയതാണ് മികച്ച നേട്ടം.

ഖത്തർ ലോകകപ്പിനെത്തിയ ടീമുകളിൽ ഫിഫ റാങ്കിങ്ങിൽ അവസാന സ്ഥാനത്താണ് ഘാന. ആഫ്രിക്കൻ യോഗ്യതാ റൗണ്ട് പ്ലേഓഫിൽ നൈജീരിയയെ മറികടന്നാണ് ഘാന ലോകകപ്പിനു ടിക്കറ്റെടുത്തത്. യുറഗ്വായോടുള്ള പ്രതികാരം എന്നതിനപ്പുറം ഗ്രൂപ്പിൽ നിന്നു മുന്നോട്ടു പോകാൻ ഘാന അത്യധ്വാനം ചെയ്യേണ്ടി വരും.

ഖത്തറിലെ വിസ്മയച്ചെപ്പ്

ആയിരത്തൊന്നു രാവുകളിലെ അത്ഭുതകഥകളിലൂടെയും സിന്ദ്ബാദിന്റെ യാത്രകളിലൂടെയും ലോകത്തെ ത്രസിപ്പിച്ച അറേബ്യൻ മരുഭൂമിയിലേക്ക് ആദ്യമായി ഫിഫ ലോക കപ്പെത്തുമ്പോൾ ഒട്ടനവധി മായക്കാഴ്ചകളാണ് ആതിഥേയരായ ഖത്തർ ഒരുക്കിക്കൊണ്ടിരിക്കുന്നത്. കടൽത്തീരത്ത് നിർമ്മിച്ച മനോഹരമായ ഡിമൗണ്ടബിൾ (പൊളിച്ചുമാറ്റി മറ്റൊരിടത്ത് പുനഃസ്ഥാപിക്കാവുന്ന) സ്റ്റേഡിയം മുതൽ കടലിൽ താമസിച്ച് മത്സരങ്ങൾ കാണാനുള്ള അവസരം വരെയുള്ള, മുമ്പെങ്ങും കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത പലതുമാണ് ഖത്തറിലേക്കെത്തുന്ന ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്.

ഫിഫയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അവിസ്മരണീയ അനുഭവമായിരിക്കും ഖത്തർ 2022 എന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. അറേബ്യൻ പെനിൻസുലയിൽ ഒരു മുനമ്പ് പോലെ തള്ളി നിൽക്കുന്ന കൊച്ചുരാജ്യത്ത് ഫുട്ബോൾ ആവേശം വാനോളമുയർന്നിട്ടുണ്ട്. ഖത്തറിലെ ഏതു വഴിയിലൂടെ സഞ്ചരിച്ചാലും ഫിഫ ലോകകപ്പിനെ വരവേല്ക്കാനുള്ള തയ്യാറെടുപ്പുകളാണ് കാണാനാവുന്നത്. തികഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റോടെ ഒരു ജനത മുഴുവൻ ലോകത്തെയും ഓരേ വികാരത്തോടെ താളത്തോടെ തങ്ങളുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുകയാണ്.

ലോകകപ്പ് ഫുട്‌ബോളിനെ വരവേൽക്കാൻ വിസ്മയച്ചെപ്പ് തുറക്കാനൊരുങ്ങുകയാണ് ഖത്തർ. കാണാകാഴ്ചകളുടെ അവിസ്മരണീയ അനുഭവങ്ങൾ ഒരുക്കിയാണ് ഫുട്ബോൾ ആരാധകർക്കായി ഖത്തർ ഒരുങ്ങിയിരിക്കുന്നത്. സ്റ്റേഡിയങ്ങൾ മാത്രമല്ല അനുബന്ധസൗകര്യങ്ങളും നിർമ്മിതികളും 92 വർഷത്തെ ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ചതാകുമെന്നാണ് റിപ്പോർട്ട്.
ഫൈനൽ നടക്കുന്ന ലുസൈൽ ഒഴികെ എല്ലാ സ്റ്റേഡിയങ്ങളും തുറന്നു.

മധ്യ ദോഹയിൽനിന്ന് 15 കിലോമീറ്റർ വടക്കുള്ള ലൂസെയ്ൽ നഗരത്തിൽ അറേബ്യൻ വാസ്തു പാരമ്പര്യത്തിന്റെ വിസ്മയവും സൗന്ദര്യവും സമന്വയിച്ച നിർമ്മിതിയാണ് ലൂസെയ്ൽ സ്റ്റേഡിയം. നവീകരിച്ച റോഡുകൾ, ദോഹ മെട്രോ, ട്രാം എന്നിവയുമായി സ്റ്റേഡിയത്തെ ബന്ധിപ്പിച്ചിട്ടുണ്ട്. സ്റ്റേഡിയങ്ങളുടെ നിർമ്മാണം, അനുബന്ധ പശ്ചാത്തല വികസനം എന്നിവയ്ക്കായി നാലരലക്ഷം കോടിയിലേറെ രൂപ ഖത്തർ ഇതുവരെ ചെലവഴിച്ചു. ഇതിൽ ഏറ്റവും വലിയ നിക്ഷേപം നടത്തിയത് ലൂസെയ്ൽ നഗരത്തിൽ--300 ദശലക്ഷം ഡോളർ. ദോഹയുടെ തെക്കൻതീരത്ത് 38,000 ചതുരശ്ര കിലോമീറ്ററിൽ നിർമ്മിച്ച ലൂസെയ്ൽ നഗരം ആഡംബരമെന്ന വിശേഷണത്തിന് അപ്പുറമാണ്.

എട്ട് സ്റ്റേഡിയങ്ങൾ, എട്ട് അത്ഭുതങ്ങൾ

ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും 'അടുപ്പമേറിയ' സ്റ്റേഡിയങ്ങളാണ് ഖത്തറിൽ ഒരുങ്ങിയിരിക്കുന്നത്. സ്റ്റേഡിയങ്ങൾ തമ്മിലുള്ള ദൂരം വളരെ കുറവായതിനാൽ കളിക്കാർക്കും കാണികൾക്കും ടൂർണമെന്റിൽ ഉടനീളം യാത്രദൈർഘ്യം കുറയുമെന്ന് സാരം. ഒരു മത്സരത്തിന് ശേഷം അടുത്ത മത്സരത്തിനായി ദൈർഘ്യമേറിയ വിമാന യാത്രകൾ വേണ്ടിവരില്ല. ബസും മെട്രോ ട്രെയിനും തന്നെ ധാരാളം. സ്റ്റേഡിയങ്ങൾ തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം 75 കിലോമീറ്ററാണ്.

ദോഹ നഗരത്തോട് ചേർന്നാണ് അഞ്ച് സ്റ്റേഡിയങ്ങൾ. ആരാധകർക്ക് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ദിവസം തന്നെ ഒന്നിലധികം മത്സരങ്ങൾ കാണാനാകും. ലോകകപ്പിനായി ഖത്തർ നിർമ്മിച്ച എട്ട് സ്റ്റേഡിയങ്ങളിൽ ഏഴെണ്ണവും പുതിയവയാണ്. 12 വർഷത്തെ തയ്യാറെടുപ്പിലൂടെ ഖത്തറിന്റെ വാസ്തുവിദ്യാരംഗത്തെ അമൂല്യ സൃഷ്ടികളായി മാറിയ എട്ട് സ്റ്റേഡിയങ്ങളാണ് ലോകകപ്പിന് വേദിയാകുന്നത്. എട്ട് സ്റ്റേഡിയങ്ങളിലായി ആകെ 3, 80,000 സീറ്റുകളാണ് ഉള്ളത്. സ്റ്റേഡിയത്തിന്റെ ആസൂത്രണത്തിലും നിർമ്മാണത്തിലും മലയാളികളുടെ സാന്നിദ്ധ്യം ഏറെയുണ്ടായിരുന്നു. എല്ലാ സ്റ്റേഡിയങ്ങളും അത്യാധുനിക സൗകര്യങ്ങളുള്ളതും വാസ്തുവിദ്യയുടെ അനന്ത സാധ്യതകൾ ദൃശ്യമാക്കുന്നതുമാണ്.

അൽ ബൈത്ത് സ്റ്റേഡിയം

പടുകൂറ്റൻ തമ്പിന്റെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന അൽ ബൈത്ത് സ്റ്റേഡിയം പൗരാണിക കാലത്തെ അറേബ്യൻ നാടോടികളുടെ ജീവിതത്തെ പ്രതിനിധീകരിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് അറേബ്യൻ മരുഭൂമിയിൽ ആടുകളേയും ഒട്ടകങ്ങളേയും മെയ്‌ച്ചിരുന്ന ബെഡോയിൻ എന്ന നാടോടി സംഘം മണൽ കാറ്റിൽ നിന്നും ചൂടിൽ നിന്നും രക്ഷനേടാനായി മണൽപരപ്പിൽ പ്രത്യേക ആകൃതിയിൽ ഒരു ടെന്റ് നിർമ്മിച്ചു. ബൈത്ത് അൽ ഷാർ ടെന്റുകൾ. അവർ നിർമ്മിച്ച ടെന്റിന്റെ ആകൃതിയിലാണ് വർഷങ്ങൾക്കിപ്പുറം ലോകകപ്പിന്റെ പ്രധാന സ്റ്റേഡിയങ്ങളിൽ ഒന്നായ അൽ ബൈത്ത് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്.



ദാർ അൽ ഹൻദസയുടേതാണ് ഡിസൈൻ. പരമ്പരാഗത അറേബ്യൻ ശൈലിയായ സദു എന്ന ചിത്ര തുന്നൽ കൊണ്ടുള്ള അലങ്കാരങ്ങളാണ് ഇന്റീരിയറിന്റെ പ്രത്യേകത. ഉള്ളിലേക്ക് മടക്കാനും മുകളിലേക്ക് നിവർത്താനും കഴിയുന്ന മേൽക്കൂര. പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടി 98 മുറികൾ.

ടെന്റിനു പുറത്ത് സജ്ജീകരിച്ച അതിമനോഹരമായ ഉദ്യാനം വിനോദസഞ്ചാരികൾക്ക് ഏറെ ആകർഷണീയമാണ്. 60,000 പേർക്ക് ഇരിക്കാവുന്ന ഈ സ്റ്റേഡിയത്തിലാണ് ഖത്തർ 2022ന്റെ കിക്കോഫ് നടക്കുന്നത്. ഉദ്ഘാടന മത്സരത്തിനു പുറമെ സെമിഫൈനൽ, ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കും സ്റ്റേഡിയം വേദിയാകും. സെൻട്രൽ ദോഹയിൽ നിന്നും 35 കിലോമീറ്റർ അകലെ അൽ ഖോറിലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. ലോകകപ്പിന് ശേഷം സീറ്റുകളുടെ എണ്ണം പകുതിയായി കുറയും. സിനിമ തിയേറ്ററുകളും വിനോദ, ഷോപ്പിങ് കേന്ദ്രങ്ങളും കായിക സൗകര്യങ്ങളും എല്ലാമുള്ള അൽ ഖോറിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി കേന്ദ്രമായി മാറും.

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം

1976ൽ ഗൾഫ് കപ്പിന് ആതിഥ്യം വഹിക്കാൻ വേണ്ടി നിർമ്മിച്ച സ്റ്റേഡിയം. 2006ലെ ഏഷ്യൻ ഗെയിംസോടു കൂടിയാണ് ലോക കായിക ഭൂപടത്തിൽ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം ഇടംപിടിച്ചത്. ലോകത്തിലെ ആദ്യ ശീതീകരിച്ച ഓപ്പണർ എയർ സ്റ്റേഡിയം. പൂർണമായും എൽഇഡി ലൈറ്റുകൾ ഉപയോഗിക്കുന്ന പ്രഥമ ലോകകപ്പ് സ്റ്റേഡിയം. ലോകകപ്പിനായി നിർമ്മിച്ചവയിൽ നവീകരിച്ച് ഉപയോഗിക്കാവുന്ന ഏക സ്റ്റേഡിയം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകൾ. ഭൂമിശാസ്ത്രപരമായി മറ്റ് ഏഴ് സ്റ്റേഡിയങ്ങളുടേയും നടുവിലായാണ് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്.



ഖത്തറിലെ ആദ്യത്തെ മൾട്ടിപർപ്പസ് സ്റ്റേഡിയമാണിത്. ലോക അത്ലറ്റിക് ചാംമ്പ്യൻഷിപ്പ്, ഏഷ്യ കപ്പ് ഫുട്ബോൾ, 2006ലെ ഏഷ്യൻ ഗെയിംസ് തുടങ്ങിയ പല പ്രമുഖ മത്സരങ്ങൾക്കും നേരത്തെ ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്. 2017ൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ആദ്യത്തെ ലോകകപ്പ് സ്റ്റേഡിയമായി പ്രഖ്യാപിച്ചു. 40,000 കാണികളെ ഉൾക്കൊള്ളാനുള്ള സൗകര്യവും ഉഷ്ണക്കാലത്ത് ശീതീകരണ സംവിധാനത്തിലൂടെ മത്സരങ്ങൾ നടത്താനുള്ള സംവിധാനവും ഇവിടെയുണ്ട്. ലോകകപ്പ് ഗ്രൂപ്പ മത്സരങ്ങൾക്കു പുറമെ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്ന ലൂസേഴ്സ് ഫൈനലും ഈ സ്റ്റേഡിയത്തിൽ നടക്കും. സെൻട്രൽ ദോഹയുടെ അഞ്ച് കിലോമീറ്റർ പടിഞ്ഞാറായി അസ്പയർ സോണിലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്.

അഹമ്മദ് ബിൻ അലി സ്റ്റേഡിയം

മരുഭൂമിയിലെ പല സമവാക്യങ്ങളും കൂട്ടിച്ചേർത്ത് ഡിസൈൻ ചെയ്ത അതിമനോഹര നിർമ്മിതിയാണ് ഈ ലോകകപ്പ് വേദി. മരുഭൂമിയുടെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന മണൽകൂനകളുടെ ആകൃതിയിലാണ് നിർമ്മാണം. മരുഭൂമിയിലേക്കുള്ള പ്രവേശന കവാടംകൂടിയായ ഖത്തറിലെ പ്രധാന ചരിത്രനഗരമായ അൽ റയാന്റെ പ്രാദേശികമായ സംസ്‌കാരവും നഗര സവിശേഷതകളും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്നതിനാൽ ഖത്തറിന്റെ കണ്ണാടി എന്നു വിളിപ്പേര്. ഒറ്റ നോട്ടത്തിൽ ആരെയും ആഘർഷിക്കുന്ന തിളക്കമാർന്ന മുഖമാണ് സ്റ്റേഡിയത്തിന്റേത്.



മരുഭൂമിയുടെ സൗന്ദര്യവും സസ്യജാലങ്ങളും മൃഗങ്ങളും മനുഷ്യജീവിതവുമെല്ലാം പ്രതിഫലിക്കുന്ന തരത്തിലാണ് ഡെന്മാർക്കിലെ എൻജിനീയറിങ് കമ്പനിയായ രാംബോൾ ഈ സ്റ്റേഡിയ സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണത്തിൽ ഇന്ത്യൻ കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോയ്ക്ക് പങ്കാളിത്തമുണ്ട്. സ്റ്റേഡിയത്തിൽ 40,000 പേർക്കു കളി കാണാൻ സൗകര്യമുണ്ട്. സെൻട്രൽ ദോഹയിൽ നിന്നും 20 കിലോമീറ്റർ പടിഞ്ഞാറായി അൽ റയ്യാനിലെ ഉം അൽ അഫെയിലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. ഗ്രൂപ്പ് മത്സരങ്ങൾ, പ്രീക്വാർട്ടർ മത്സരങ്ങൾ ഇവിടെ നടക്കും.

അൽജനൂബ് സ്റ്റേഡിയം

ആഴക്കടലിൽ പ്രകൃതി ക്ഷോഭങ്ങളോട് പൊരുതി ജയിച്ച നാവികരുടേയും കച്ചവടക്കാരുടേയും ഓർമ്മകൾ പുതുക്കിക്കൊണ്ടാണ് അൽ ജനൂബ് സ്റ്റേഡിയം ഖത്തർ ലോകത്തിന് സമ്മാനിച്ചിരിക്കുന്നത്. പായിക്കപ്പലിന്റെയും ഷെല്ലിന്റെയും ആകൃതിയിലാണ് അൽ ജനൂബ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. നാൽപതിനായിരം ആളുകൾക്ക് സീറ്റിങ് കപ്പാസിറ്റിയുള്ള അൽ ജനൂബ് സ്റ്റേഡിയത്തിൽ ഏഴ് മത്സരങ്ങളാണ് ഇക്കുറി നടക്കുന്നത്.

ലോക പ്രശസ്ത ആർക്കിടെക്ടായ സാഹ ഹദീതാണ് സ്റ്റേഡിയം നിർമ്മാണത്തിന് നേതൃത്വം നൽകിയത്. നേരത്തേ സുസ്ഥിര രൂപകൽപന, പരിസ്ഥിതി സൗഹൃദ നിർമ്മാണ രീതികൾ എന്നിവയിലെ മികവിന് ജി.എസ്.എ.എസ് സർട്ടിഫിക്കറ്റുകൾ നേടിയിരുന്നു. ഗ്ലോബൽ സസ്റ്റയ്നബിലിറ്റിയുടെ മൂന്ന് അംഗീകാരങ്ങളും നേടുന്ന ആദ്യ ലോകകപ്പ് വേദിയെന്ന റെക്കോഡും അൽ ജനൂബിന് സ്വന്തമാണ്.



മത്സ്യബന്ധന മേഖലയായ വക്റയിൽ നിർമ്മിച്ച അൽ ജനൂബ് സ്റ്റേഡിയത്തിൽ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും മത്സരങ്ങൾ നടത്തുന്നതിനുള്ള കൂളിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. അടയ്ക്കാനും തുറയ്ക്കാനും കഴിയുന്ന മേൽക്കൂരയുള്ളതിനാൽ ഏതു കാലാവസ്ഥയിലും ഇവിടെ മത്സരങ്ങൾ സംഘടിപ്പിക്കാം.

ദൗ എന്നു വിളിക്കുന്ന പരമ്പരാഗത അറേബ്യൻ പത്തേമാരിയുടെ ആകൃതിയിൽ നിർമ്മിച്ച മനോഹര സ്റ്റേഡിയം 2019 മെയ്‌ 16നാണു രാജ്യത്തിനു സമർപ്പിച്ചത്. മത്സ്യബന്ധനവും മുത്തുവാരലുമായി ഇഴകിച്ചേർന്ന വക്രയിലെ ജനങ്ങളുടെ പരമ്പരാഗത സംസ്‌കാരവുമായി ബന്ധപ്പെടുത്തിയാണ് സ്റ്റേഡിയത്തിനു പത്തേമാരിയുടെ രൂപം നല്കിയത്. പ്രാഥമിക റൗണ്ടിലും രണ്ടാം റൗണ്ടിലുമായി നടക്കുന്ന ഏഴു മത്സരങ്ങൾക്കു സ്റ്റേഡിയം വേദിയാകും.

എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയം

ജ്യോമട്രിക്കൽ പാറ്റേൺ അടിസ്ഥാനമാക്കി രത്നത്തിന്റെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ സ്റ്റേഡിയത്തിന്റെ നിറം സൂര്യന്റെ ചലനത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. 40,000 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയം 2020 ജൂണിണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനായി ഖത്തർ ഫുട്ബോൾ അസോസിയേഷനു കൈമാറിയത്. ഫിഫ വേൾഡ് ക്ലബ്ബ് 2021 ചാമ്പ്യൻഷിപ്പിലെ ഫൈനലുൾപ്പെടെ അഞ്ചു മത്സരങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.



ഡയമണ്ടുകൾ ചേർത്തുവെച്ചൊരു പടുകൂറ്റൻ സ്റ്റേഡിയമാണിത്. സൂര്യന്റെ ചലനത്തിനനുസരിച്ച് വ്യത്യസ്ത നിറങ്ങൾ സമ്മാനിക്കുന്ന അത്ഭുത സൃഷ്ടി. മരുഭൂമിയിലെ ഡയമണ്ട് എന്നറിയപ്പെടുന്ന ഈ സ്റ്റേഡിയം ദോഹക്ക് പുറത്ത് ഗ്രീൻ സ്പേസിൽ നിരവധി ഖത്തറി സർവ്വകലാശാലകൾക്ക് മധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്. മോഡേൺ ആർക്കിടെക്ചറും ഇസ്ലാമിക വാസ്തുവിദ്യയും സമന്വയിപ്പിച്ചാണ് ഈ സ്റ്റേഡിയം രൂപകൽപന ചെയ്തത്. ലോകകപ്പ് ക്വാർട്ടർഫൈനൽ ഉൾപ്പെടെ എട്ടു മത്സരങ്ങൾക്ക് ഈ രത്നക്കൂടാരം വേദിയാകും

അൽ തുമാമ സ്റ്റേഡിയം

ഖത്തറിന്റെ സാംസ്കാരിക തനിമ നിറച്ച് സാങ്കേതിക വിദ്യകൾ കോർത്തിണക്കിയാണ് ലോകകപ്പിനായുള്ള അൽ തുമാമ സ്റ്റേഡിയം ഖത്തർ ഒരുക്കിയിരിക്കുന്നത്. അറബ് രാജ്യങ്ങളിലെ പുരുഷന്മാർ ധരിക്കുന്ന പരമ്പരാഗത തലപ്പാവായ ഗഹ്ഫിയയുടെ മാതൃകയിലാണ് സ്റ്റേഡിയം പണികഴിപ്പിച്ചിരിക്കുന്നത്. എൻജിനിയറിങ് വിസ്മയം എന്ന നിലയിലാണ് അൽ തുമാമ സ്റ്റേഡിയം ലോകശ്രദ്ധ നേടിയത്.

അൽ താമാമ എന്ന മരത്തിന്റെ പേരാണ് സ്റ്റേഡിയത്തിന് നൽകിയിരിക്കുന്നത്.സൗരോർജം ഉപയോഗിച്ചുള്ള ശീതീകരണ സംവിധാനം ആദ്യം പരീക്ഷിച്ചത് ഇവിടത്തെ മിനി സ്റ്റേഡിയത്തിലായിരുന്നു.



ഖത്തരി ആർക്കിടെക്ട് ഇബ്രാംഹിം എം ജെയ്ദയാണ് ഈ സ്റ്റേഡിയം രൂപകല്പന ചെയ്തിരിക്കുന്നത്. കുലീനതയുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായ ഗഹ്ഫിയ തൊപ്പിയൂടെ രൂപത്തിലുള്ള തുമാമ സ്റ്റേഡിയത്തിന് ആർക്കിടെക്ചറൽ റിവ്യൂ ഫ്യൂച്ചർ പ്രോജക്ട് അവാർഡ് ലഭിച്ചിട്ടുണ്ട്. 40,000 ഇരിപ്പിടങ്ങളുള്ള ഈ സ്റ്റേഡിയത്തിൽ ക്വാർട്ടർ, സെമിഫൈനൽ ഉൾപ്പെടെ 14 മത്സരങ്ങൾ നടക്കും.

2017 ൽ ആരംഭിച്ച സ്റ്റേഡിയം നിർമ്മാണം 4 വർഷം കൊണ്ട് ഖത്തർ പൂർത്തിയാക്കി. കൃതൃമ ശീതികരണ സംവിധാനവും കളിക്കാഴ്ചക്കൊപ്പം രാജ്യത്തിന്റെ പാരമ്പര്യം പ്രകടമാക്കുന്ന നിർമ്മാണ ഭംഗിയും ഈ സ്റ്റേഡിയത്തിന്റെ പ്രത്യേകതകളാണ്. 2022 ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ ഉൾപ്പെടെയുള്ള കളികളാണ് ഇവിടെ നടക്കുക.

ലുസെയ്ൽ സ്റ്റേഡിയം

ലോകകപ്പ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുതിയ നഗരമായ ലുസെയ്ലിലാണ് 2022 ലോകകപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയം നിലകൊള്ളുന്നത്. അറേബ്യൻ വാസ്തുശില്പ കലയുടെ സൗന്ദര്യം തുളുമ്പിനിൽക്കുന്ന അതിമനോഹരമായ കാഴ്ചയാണ് 80,000 ഇരിപ്പിടങ്ങളുള്ള ലുസെയ്ൽ സ്റ്റേഡിയം. അറേബ്യൻ കരകൗശലവൈദഗ്ധ്യത്തിന്റെ സുവർണകാലത്തെ ഓർമപ്പെടുത്തുന്ന ഇവിടെയാണ് ഫിഫ 2022വിന്റെ കലാശപ്പോരാട്ടം അരങ്ങേറുന്നത്. ഫൈനൽ ഉൾപ്പെടെ 10 മത്സരങ്ങളാണ് ഓവൽ ആകൃതിയിലുള്ള പാത്രത്തെപ്പോലെ ചിത്രപ്പണികളോടുകൂടി തീർത്ത ഈ സ്റ്റേഡിയത്തിൽ നിശ്ചയിച്ചിട്ടുള്ളത്.



ഫനാർ വിളക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ നിഴലും വെളിച്ചവും ഇഴ ചേർന്നുള്ളതാണ് ഡിസൈൻ. അറബ് ഇസ്ലാമിക ലോകത്തെ കലയുടേയും കരകൗശലത്തിന്റെയും സുവർണ കാലഘട്ടത്തിന്റെ സവിശേഷതകളായ പാത്രങ്ങളിലും മറ്റുമുള്ള സങ്കീർണ്ണമായ അലങ്കാര രൂപങ്ങളാൽ മുഖപ്പൂ സവിശേഷമാണ്. ഫോസ്റ്റർ പ്ലസ് പാർട്ണേഴ്സാണ് ഡിസൈനർ.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ലുസെയ്ൽ സ്റ്റേഡിയം. ദോഹയിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് ഈ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. മത്സരം കഴിയുന്നതോടു കൂടി 200,000 ആളുകൾ താമസിക്കുന്ന 33 ബില്യൺ പൗണ്ടിന്റെ പുതിയ നഗരത്തിന്റെ കേന്ദ്രമായി ലുസെയ്ൽ മാറും. ഷോപ്പുകളും കഫേകളും ആശുപത്രിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾക്കൊള്ളുന്ന കേന്ദ്രം. ഏറ്റവും മുകളിലത്തെ ഒഴികെയുള്ള ഇവിടുത്തെ സീറ്റുകൾ നീക്കം ചെയ്യുകയും ശേഷിക്കുന്ന മുകളിലത്തെ ഇരിപ്പിടങ്ങൾ പുതിയ വീടുകൾക്കുള്ള ഔട്ട്ഡോർ ടെറസുകളുടെ ഭാഗമാകും

സ്റ്റേഡിയം 974

ഫിഫ ലോകകപ്പ് അരങ്ങേറുന്ന ഖത്തറിലെ വലിയ അത്ഭുതങ്ങളിൽ ഒന്നാണ് ഈ സ്റ്റേഡിയം. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി കളികഴിയുമ്പോൾ പൊളിച്ചുമാറ്റി മറ്റൊരിടത്ത് പുനഃസ്ഥാപിക്കാവുന്ന ഡിമൗണ്ടബിൾ സ്റ്റേഡിയം ഒരുക്കിയിരിക്കുകയാണ് ഖത്തർ. ഷിപ്പിങ് കണ്ടെയ്നറുകൾ ഉപയോഗിച്ച് തുറമുഖത്തെ കടൽത്തീരത്തോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന 'സ്റ്റേഡിയം 974' അറേബ്യൻ ഗൾഫിലെ തുറമുഖ പട്ടണമായ ദോഹയുടെ ചരിത്രപരമായ സവിശേഷതകളെ പ്രതിനിധീകരിക്കുന്നു. 13 ലോകകപ്പ് മത്സരങ്ങൾക്കു വേദിയാകുന്ന ഈ സ്റ്റേഡിയം രാജ്യത്തിന്റെ ടെലിഫോൺ കോഡായ 974ലാണ് അറിയപ്പെടുന്നത്.



ദോഹ മുനിസിപ്പാലിറ്റായിലെ റാസ് ബൂ അബുദ് വ്യാവസായിക മേഖലയിൽ നാലര ലക്ഷം ചതുരശ്ര മീറ്ററിലായാണ് ഈ സ്റ്റേഡിയം പണിതുയർത്തിയത്. 2017ൽ തുടങ്ങിയ നിർമ്മിതി 2021ൽ പൂർത്തിയായി. ലോകകപ്പിന്റെ പ്രീ ക്വാർട്ടറ് ഉൾപ്പടെയുള്ള 7 മത്സരങ്ങലാണ് ഈ സ്റ്റേഡിയത്തിൽ നടക്കുക. പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള നിർമ്മാണത്തിന് ഗ്ലോബൽ സസ്റ്റെയിനെബിലിറ്റി അസ്സെസ്സ്മെന്റ് സിസ്റ്റം റെയിറ്റിങ്ങിൽ ഫോർ സ്റ്റാർ ബഹുമതി സ്റ്റേഡിയത്തെ തേടിയെത്തി. ലോകകപ്പിന് ശേഷം സ്റ്റേഡിയം നിന്നിടത്ത് പബ്ലിക് പാർക്കുകളും റീട്ടെയിൽ വാണിജ്യ കേന്ദ്രങ്ങളും തുടങ്ങും.

സ്റ്റേഡിയത്തിൽ പുകയിലയ്ക്കും ഇ-സിഗരറ്റിനും ചുവപ്പ് കാർഡ്!

പുകയില രഹിത ലോകകപ്പ് ഉറപ്പാക്കാൻ മത്സരങ്ങൾ നടക്കുന്ന 8 സ്റ്റേഡിയങ്ങൾക്കുള്ളിലും പുകയിലയ്ക്കും ഇ-സിഗരറ്റുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യകരവും സുരക്ഷിതവുമായ ഫിഫ ലോകകപ്പ് യാഥാർഥ്യമാക്കാനാണ് സ്റ്റേഡിയങ്ങളിലുൾപ്പടെ പുകയില, പുകവലി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

പൊതുജനാരോഗ്യമന്ത്രാലയം, സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഫിഫ, ലോകാരോഗ്യ സംഘടന എന്നിവ ഉൾപ്പെടുന്ന സ്പോർട്സ് ഫോർ ഹെൽത്ത് പങ്കാളിത്തമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുകവലി രഹിത അന്തരീക്ഷത്തിൽ കാണികൾക്ക് ലോകകപ്പ് മത്സരങ്ങൾ കാണാനാകുമെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 8 ലോകകപ്പ് സ്റ്റേഡിയങ്ങളിലും പുകയിലയും ഇ-സിഗരറ്റും നിരോധിക്കുന്നത്.

ഖത്തർ ലോകകപ്പ് വേളയിൽ പുകയില സംബന്ധിച്ച ഫിഫ നയം നടപ്പാക്കുന്നതിനാൽ ഫിഫ വൊളന്റിയർമാരെയും സുരക്ഷാജീവനക്കാരെയും സഹായിക്കുന്നതിനായി 80 പുകയില പരിശോധനാ ഇൻസ്പെക്ടർമാരുൾപ്പെട്ട ടീമിനെയാണ് ഖത്തർ നിയോഗിക്കുന്നത്.

ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി വിഷ്വൽ, ഓഡിയോ ആശയവിനിമയ സംവിധാനങ്ങളും തയാറാക്കിയിട്ടുണ്ട്. പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുന്നവർക്ക് ഡിജിറ്റൽ കൗൺസലിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ലോകാരോഗ്യസംഘടന വെർച്വൽ ഹെൽത്ത് വർക്കർ സംവിധാനവും തയാറാക്കിയിട്ടുണ്ട്.

അറേബ്യൻ നാട്ടിലെ പ്രഥമ ഫുട്ബോൾ ലോകകപ്പ്, ചരിത്രത്തിന്റെ ഭാഗമാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങൾ ഖത്തർ അമീർ തമീം ബിൻ ഹമദിന്റെ ഭരണകൂടം പൂർത്തിയാക്കിക്കഴിഞ്ഞു. ലോകകപ്പ് കിക്കോഫിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഖത്തറിന്റെ തെരുവുകളിൽ ആരാധകരുടെ ആവേശപ്രകടനങ്ങൾ മഴവിൽ അഴക് വിരിയിക്കുന്നു.

ദോഹ കോർണിഷിലും സൂഖ് വാഖിഫിലും നിറയെ മെസ്സിയും നെയ്മറും ക്രിസ്റ്റ്യാനോയുമാണ്. അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടിയുള്ള മുദ്രാവാക്യങ്ങളും. വിവിധ ജേഴ്സികൾ ധരിച്ച ഫുട്ബോൾ പ്രേമികളെക്കൊണ്ട് തെരുവ് മഴവില്ലഴകായി. ആരാധകരുടെ പ്രകടനങ്ങൾ സജീവമാവുകയാണ്. താരങ്ങളുടെ മുഖചിത്രങ്ങളും കട്ടൗട്ടുകളുമായാണ് വിവിധ രാജ്യങ്ങളുടെ ആരാധകർ പൊതുയിടങ്ങൾ കൈയടക്കുന്നത്. മിക്ക പ്രകടനങ്ങൾക്കും നേതൃത്വം നൽകുന്നതും പങ്കെടുക്കുന്നതിലേറെയും മലയാളികളാണ്. പോർച്ചുഗൽ, സ്‌പെയിൻ, ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുടെ ആരാധകരും ഖത്തറിലെ തെരുവിൽ ജാഥകളുമായുണ്ട്. ഖത്തറിന്റെ കൊടിപിടിച്ച് ഖത്തറിന് 'ജയ്' വിളിക്കാനും ആരാധകർക്ക് മടിയില്ല. ലോകകപ്പ് കാണുന്നതിനായി ദോഹയിലേക്ക് കാണികളുടെ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ കളി കാണാനെത്തുന്നവരെക്കൊണ്ട് ദോഹയിലിറങ്ങും.

ഫുട്ബോൾ ലോകകപ്പ് ജേതാക്കൾക്ക് സമ്മാനിക്കാനുള്ള ട്രോഫി ഖത്തർ ഏറ്റുവാങ്ങിക്കഴിഞ്ഞു. ലോകകപ്പിന് യോഗ്യത നേടിയ 32 രാജ്യങ്ങളിലും പര്യടനം നടത്തിയാണ് 20 മില്യൺ ഡോളർ മൂല്യമുള്ള ട്രോഫി വേദിയിലേക്കെത്തിയത്. ഇറ്റലി ലോകകപ്പിന് യോഗ്യത നേടിയിട്ടില്ലെങ്കിലും ഖത്തറിലെ ഒരു ഇറ്റാലിയൻ കുടുംബം ട്രോഫിയെ വരവേൽക്കാനെത്തിയിരുന്നു. 1971-ൽ ഇറ്റലിയിലെ മിലാൻ സ്വദേശിയായ കലാകാരൻ സിൽവിയോ ഗസ്സാനിഗയാണ് ഇന്ന് കാണുന്ന രൂപത്തിലുള്ള കിരീടം രൂപപ്പെടുത്തിയത്. മൂന്ന് തവണ കിരീടം നേടിയ ബ്രസീലിന് പഴയ കിരീടമായ യൂൾസ് റിമെ ട്രോഫി നിലനിർത്താൻ അനുമതി നൽകിയശേഷമാണ് പുതിയ കിരീടം നിർമ്മിച്ചത്. ഫിഫയുടെ മൂന്നാം പ്രസിഡന്റിനോടുള്ള ബഹുമാനാർഥമായിരുന്നു യൂൾസ് റിമെ ട്രോഫി എന്ന പേര് നൽകിയത്.

കാലത്തിനൊപ്പം, മാറ്റങ്ങളുടെ വഴിയെ ലോകകപ്പ്

ഓരോ ലോകകപ്പിലും ഫിഫ നിർണായക മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്. സ്റ്റേഡിയത്തിന്റെ നിർമ്മിതി മുതൽ കളിക്കുന്ന പന്തിൽ വരെയുണ്ട് ഇത്തരം പരിഷ്‌കാരങ്ങൾ. റഷ്യയിൽ വാർത്തയായത് വാർ ആയിരുന്നു. വീഡിയോ അസിസ്റ്റഡ് റഫറിയിങ് മത്സരത്തിന്റെ ഗതിയെ കൂടുതൽ മെച്ചപ്പെടുത്തി എന്നാണ് ഫിഫയുടെ വിലയിരുത്തൽ. ഇക്കുറി അതിനെ കൂടുതൽ നന്നാക്കാൻ ഒരു സംഗതിയാണ് ഫിഫ അവതരിപ്പിക്കുന്നത്. എസ്എഒടി അഥവാ സെമി ഓട്ടോമേറ്റഡ് ഓഫ് സൈഡ് ടെക്നോളജി/ ട്രാക്കിങ് സിസ്റ്റം ആണ് അത്. ഓഫ്സൈഡ് എന്ന തലവേദനക്കുള്ള ഒറ്റമൂലിയാണ് എസ്എഒടിയെന്ന് ഫിഫ അവകാശപ്പെടുന്നു.

ഓഫ്സൈഡ് വിവാദങ്ങൾക്ക് അവസാനമില്ലാതായതോടെയാണ് ഫിഫ ഇത്തവണ നിർമ്മിതബുദ്ധിയെ കൂട്ടുപിടിച്ചിരിക്കുന്നത്. മൈതാനത്തിന് ഇരുവശത്തുമായി സ്ഥാപിക്കുന്ന 12 ക്യാമറകളും പന്തിലെ സെൻസറും ഉപയോഗിച്ച് കളിക്കാരുടെയും പന്തിന്റെയും ചലനം മനസ്സിലാക്കി ഓഫ് സൈഡാണോയെന്ന് നിർമ്മിത ബുദ്ധിവഴി കണ്ടെത്തുന്ന സാങ്കേതിക വിദ്യയാണിത്. അവ ട്രാക്ക് ചെയ്യുക കളിക്കാരന്റെ ശരീരത്തിലെ 29 പോയിന്റാണ്. ഓഫ്സൈഡ് ആയാൽ വിവരം ഉടൻ വീഡിയോ അസിസ്റ്റന്റ് റഫറിക്ക് ലഭിക്കും. അവിടെ നിന്ന് മൈതാനത്തെ സാക്ഷാൽ റഫറികളിലേക്ക്. തീരുമാനത്തിന് വേണ്ടത് പരമാവധി 25 സെക്കന്റ്. അറബ് കപ്പിലും ക്ലബ് ലോകകപ്പിലും പരീക്ഷണം കഴിഞ്ഞിട്ടാണ് എസ്എഒടി ഖത്തറിൽ എത്തുന്നത്. വിഎആർ വഴി ഓഫ്സൈഡ് നിർണയത്തിന് ശരാശര 70 സെക്കന്റ് വേണ്ടിയിരുന്നിടത്ത് എസ്എഒടിക്ക് 20-25 സെക്കന്റ് മതിയാകും.

കാഴ്ചാ പരിമിതി ഉള്ളവർക്ക് തുണയായി ബോണിക്കിൾ എത്തുന്നുണ്ട് ഖത്തറിൽ. കളിയുടെ വിവരങ്ങൾ ആവേശം ചോരാതെ കൃത്യമായി ബ്രെയിൽ ലിപിയിലേക്ക് രൂപമാറ്റം ചെയ്തെത്തുന്ന സംവിധാനമാണ് അത്. ഈ സാങ്കേതിക വിദ്യ കളിയുടെ തത്സമയ ഡിജിറ്റൽ ദൃശ്യങ്ങൾ ബ്രെയ്ലി ലിപിയിലേക്ക് മൊഴിമാറ്റും. കാഴ്ചപരിമിതിയുള്ളവർക്ക് മത്സരം ആസ്വദിക്കാൻ ലോകകപ്പിൽ ഇങ്ങനെയൊരു സംവിധാനം ഒരുക്കുന്നത് ആദ്യമായിട്ടാണ്.

കാലാവസ്ഥാപ്രകാരം ഖത്തറിലേത് ശീതകാല ലോകകപ്പ് ആണ്. പക്ഷേ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തറിലെ തണുപ്പും ചൂടായി തോന്നാം. മത്സരങ്ങൾക്ക് വേദിയാകുന്ന ഏഴ് സ്റ്റേഡിയങ്ങളിൽ അഡ്വാ ൻസ്ഡ് കൂളിങ് ടെക് തയ്യാറായിക്കഴിഞ്ഞു. അഡ്വാൻസ് കൂളിങ് ടെക് എന്ന അത്യാധുനിക എസി സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയങ്ങൾക്ക് സമീപം സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ നിന്നും പൈപ്പ് വഴി തണുത്ത വെള്ളമെത്തിച്ച ശേഷം വീടുകളിൽ ഉപയോഗിക്കുന്ന കൂളർ പോലെ തണുത്ത കാറ്റ് പുറത്തേക്ക് വിടുന്നതാണ് പദ്ധതി.

തീരത്തോട് ചേർന്നുള്ള 974 സ്റ്റേഡിയത്തിൽ മാത്രമാണ് സ്പെഷ്യൽ ശീതീകരണസംവിധാനം ഇല്ലാത്തത്. കാരണം നിർമ്മാണരീതി കൊണ്ട് തന്നെ 974 വെരി വെരി കൂൾ ആണ്. പഴയ ഷിപ്പിങ് കണ്ടെയ്നറുകൾ പുനരുപയോഗിച്ചാണ് സ്റ്റേഡിയം നിർമ്മിച്ചിട്ടുള്ളത്. ഉപയോഗം കഴിഞ്ഞാൽ പൊളിച്ചു മാറ്റാം, പുനരുപയോഗിക്കാം. മത്സരങ്ങൾ കഴിഞ്ഞാൽ ആ പ്രദേശം റെസ്റ്റോറന്റുകളും പാർക്കുകളും ഒക്കെ ആയി മാറ്റാനാണ് ആലോചന. ഇവിടെ നടക്കുന്നത് ഏഴ് മത്സരങ്ങളാണ്. നാൽപതിനായിരം കാണികൾക്ക് ഇരിക്കാം.

ഇതാദ്യമായാണ് പുനരുപയോഗിക്കാവുന്ന, എടുത്തുമാറ്റാവുന്ന ഒരു സ്റ്റേഡിയം ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്നത്. വെള്ളത്തിന്റെ ഉപയോഗം കുറവ് മതി, കാർബർ വികിരണം കുറവാണ് ഇത്യാദി പ്രത്യേകതകൾ വേറെയും. 974 കണ്ടെയ്നറുകൾ ഉപയോഗിച്ച് നിർമ്മിച്ചതു കൊണ്ടാണ് സ്റ്റേഡിയത്തിന് ആ പേര്. മാത്രമല്ല ഖത്തറിന്റെ അന്താരാഷ്ട്ര ടെലിഫോൺ കോഡും അതാണ്.

ഓരോ കളിക്കാർക്കും അവരുടെ പ്രകടനം സ്വയം മെച്ചപ്പെടുത്താനുള്ള ഫിഫ പ്ലെയർ ആപ്പും ഈ ലോകകപ്പിൽ ഒരുക്കിയിട്ടുണ്ട്. ഫിഫയും കളിക്കാരുടെ യൂണിയനായ ഫിഫ്പ്രോയും ചേർന്നാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഓരോ താരത്തിനും താൻ നടത്തിയ നീക്കങ്ങളുടെ വീഡിയോയും ചിത്രങ്ങളും ആപ്പിൽ ഫുട്ടേജായി ലഭ്യമാകും. കളിക്കാർ ഓടിയ ദൂരം പാസുകളുടെയും ക്രോസുകളുടേയും സേവുകളുടേയും എണ്ണം കൃത്യത തുടങ്ങി എല്ലാ കാര്യങ്ങളും ഇതിൽ ലഭ്യമാകും.

സാങ്കേതികമല്ലാത്ത ഒരു പുതുമകൂടിയുണ്ട് ഇത്തവണ. ഇതാദ്യമായി പുരുഷന്മാരുടെ ലോകകപ്പിൽ റഫറിയിങ്ങിന് സ്ത്രീകളും എത്തുന്നുണ്ട്. മൂന്ന് പ്രധാന റഫറിമാർ ആയി എത്തുന്നത് സ്റ്റെഫാനി ഫ്രപ്പാർട്ട് (ഫ്രാൻസ്), സലിമ മുകൻസംഗ (റുവാണ്ട), യോഷിമി യമഷിത (ജപ്പാൻ). പിന്നെ മൂന്ന് അസിസ്റ്റന്റുമാരും. ജൂനിയർ ലോകകപ്പ്, ലോകകപ്പ് യോഗ്യത മത്സരങ്ങൾ, യൂറോപ്യൻ ലീഗ് തുടങ്ങിയ ടൂർണമെന്റുകളിൽ വനിതകൾ മത്സരം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും പുരുഷ സീനിയർ ലോകകപ്പിൽ ആദ്യമായാണ്.

വഴിയിൽ വീണുപോയവർ!

നാല് വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന ലോകകപ്പ് ഫുട്‌ബോളിൽ കളിക്കുകയെന്നത് ഏതൊരു താരത്തിന്റേയും സ്വപ്നമാണ്. ഖത്തർ ലോകകപ്പിന് അരങ്ങുണരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രമുഖ താരങ്ങളെല്ലാം അറേബ്യൻ നഗരത്തിലെത്തി കഴിഞ്ഞു. ആരാധകർക്ക് ആവേശം പകർന്ന് മെസിയും ക്രിസ്റ്റ്യാനോയും നെയ്മറും എംബാപ്പെയുമൊക്കെയുണ്ടെങ്കിലും ക്ലബ് ഫുട് ബോളിലെ ഗ്ലാമർ താരങ്ങളിൽ പലരും ഖത്തറിൽ പന്തുതട്ടില്ല എന്നത് ഫുട്‌ബോൾ ആരാധകർക്ക് നിരാശ പകരുന്നുണ്ട്. തങ്ങളുടെ ടീമിന് യോഗ്യത നേടാനാകാത്തതാണ് പല പ്രമുഖർക്കും തിരിച്ചടിയായതെങ്കിൽ, യോഗ്യത നേടിയ ടീമുകളിൽ ചിലർ പരിക്കുമൂലം പുറത്താണ്. യോഗ്യതനേടാനാവാതെ പോയ പ്രമുഖതാരങ്ങളെ ഉൾപ്പെടുത്തിയാൽ ഒരു ലോകോത്തര ടീമിനെ തന്നെ കെട്ടിപ്പടുക്കാം എന്നതാണ് സത്യം.

യൂറോപ്പിൽ നിന്ന് യോഗ്യത ലഭിക്കാതെ പോയ പ്രമുഖ ടീം ഇറ്റലിയാണ്. നാല് തവണ ചാമ്പ്യന്മാരായ അസൂരികൾ ഇത്തവണ പുറത്തിരുന്ന് കളി കാണണം. ഇറ്റാലിയൻ താരം ജിയാൻലൂജി ഡോണാരുമ്മയെ പോലൊരു ലോകോത്തര ഗോൾകീപ്പർ ഇല്ലാത്തത് ഖത്തറിൽ ആരാധകർക്ക് വലിയ നിരാശ സമ്മാനിക്കും. പി.എസ്.ജി താരം ലോകത്തിലെ ഒന്നാം നമ്പർ ഗോൾ കീപ്പറായാണ് അറിയപ്പെടുന്നത്. ഇതോടൊപ്പം ഇറ്റലിയുടെ ചെൽസിതാരം ജോർജീന്യോ, പി എസ് ജി യുടെ മാർക്കോ വരാട്ടി, പ്രതിരോധ നിരയിലെ ബൊനൂച്ചി, ചില്ലെനി എന്നിവരും ഖത്തറിന്റെ നഷ്ടമാണ്.

റിപ്പബ്ലിക് ഓഫ് അയർലൻഡ് റൈറ്റ് ബാക്ക് മാറ്റ് ഡോഹെർട്ടി, സ്‌കോട്ട്‌ലൻഡ് ലെഫ്റ്റ് ബാക്ക് ആൻഡി റോബർട്ട്‌സൺ എന്നിവരും പ്രീമിയർ ലീഗിലെ മികച്ച താരങ്ങളാണ്. ഇന്റർ മിലന്റെ സ്ലോവാക്യൻ ഡിഫൻഡർ മിലൻ സ്‌ക്രീനിയർ, റയൽ മാഡ്രിഡിന്റെ ഓസ്ട്രിയൻ താരം ഡേവിഡ് അലബഖത്തർ ലോക്കപ്പിന്റെ നഷ്ടങ്ങളാണ്. മധ്യനിരയിലേക്ക് വരുമ്പോൾ, നൈജീരിയൻ താരം വിൽഫ്രഡ് എൻഡിഡിയുണ്ട്.നൈജീരിയ ലോകകപ്പിന് യോഗ്യത നേടാത്തതോടെ ലെസ്റ്റർ സിറ്റി താരത്തിന് ലോകകപ്പിൽ കളിക്കാനുള്ള അവസരം നഷ്ടമായി. ആഴ്സണലിന്റെ ക്യാപ്റ്റനായ നോർവീജിയൻ താരം മാർട്ടിൻ ഒഡെഗാഡും ലോകകപ്പിലെ പ്രധാന നഷ്ടങ്ങളിൽ മുൻപന്തിയിലാണ്.

ആഫ്രിക്കയിൽ നിന്ന് ലോകകപ്പിന് യോഗ്യത നേടുന്നതിൽ ഈജിപ്ത് പരാജയപ്പെട്ടതോടെ ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലായെ ഖത്തറിൽ കാണാൻ ആരാധകർക്ക് കഴിയില്ല. മറ്റൊരു ലിവർപൂൾ താരമായ കൊളംബിയൻ വിങ്ങർ ലൂയിസ് ഡയസും ലോകകപ്പിൽ ഇല്ല. മാഞ്ചസ്റ്റർ സിറ്റിക്കായി ഗോളടിച്ച് കൂട്ടി റെക്കോർഡിടുന്ന നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലാൻഡും പുറത്തിരുന്ന് കളി കാണുന്നവരുടെ കൂട്ടത്തിലാവും.

നോർവെയുടെ മാർട്ടിൻ ഒഡെഗാർഡ്, കൊളംബിയയുടെ ഹാമിഷ് റോഡ്രിഗസ്, റഡമൽ ഫൽക്കാവോ, ചിലിയുടെ അലക്സിസ് സാഞ്ചസ്, അർതുറോ വിദാൽ, തുടങ്ങിയവരും ഈ ലോകകപ്പിന്റെ നഷ്ടമാണ്. ഇവരുടെ ടീമുകൾ ലോകകപ്പിന് യോഗ്യത നേടിയില്ല.

ഇതിന് പുറമെ പരിക്കേറ്റ് പുറത്ത് പോയ ഫ്രാൻസിന്റെ കിംബെംബ, എൻ കോളോ കാന്റെ, പോൾ പോഗ്ബ, ജർമനിയുടെ ഫോർവേഡ് തിമോ വെർണർ, അർജന്റീനയുടെ ലൊസെൻസോ , ഇംഗ്ലണ്ടിന്റെ റീൽസ് ജെയിംസ്, ചിൽ വെൽ, സ്‌പെയിൻ സംഘത്തിൽ ഇടം പിടിക്കാതെ പോയ പ്രതിരോധ താരം സെർജിയോ റാമോസ് തുടങ്ങി പട്ടിക നീളുകയാണ്

മുഹമ്മദ് സല: ഈജിപ്തിന്റെ ഐക്കണും അഡിഡാസിന്റെ ഗ്ലോബൽ അത് ലറ്റുമായ മുഹമ്മദ് സല ആണ് ഖത്തർ ലോകകപ്പിന്റെ ഏറ്റവും ശ്രദ്ധേയമായ അസാന്നിധ്യം. യോഗ്യതാ റൗണ്ടിൽ സെനഗലുമായുള്ള പെനൽറ്റി ഷൂട്ടൗട്ടിൽ 3 - 1 നു പരാജയപ്പെട്ടതോടെ ഈജിപ്തിന് ഫിഫ 2022 ലോകകപ്പിനുള്ള ടിക്കറ്റ് ലഭിച്ചില്ല. അതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ലിവർപൂളിന്റെ ചെങ്കുപ്പായത്തിൽ ആരാധകരെ ത്രസിപ്പിക്കുന്ന മുഹമ്മദ് സലയുടെ മാസ്മരിക പ്രകടനം ഖത്തറിന് നഷ്ടമായി. 2018ലെ ലോകകപ്പിൽ പരിക്കുമൂലം സലായ്ക്ക് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇരുപത്തിയൊൻപതുകാരന് ഇനിയൊരു ലോകകപ്പിന് സാധ്യതയുണ്ടോ എന്ന് കണ്ടറിയണം.

എർലിങ് ഹാളണ്ട്: യൂറോപ്യൻ ലോകകപ്പ് യോഗ്യതാ റൗണ്ട് കടക്കാൻ നോർവെയ്ക്ക് സാധിക്കാതെ വന്നതോടെയാണ് എർലിങ് ഹാളണ്ടിനെ ഖത്തറിലെത്തുന്ന ആരാധകർക്ക് നഷ്ടമായത്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോപ് സ്‌കോറർ ആണ്. മാഞ്ചസ്റ്റർ സിറ്റി എഫ് സിക്കായി 13 മത്സരങ്ങളിൽ 18 ഗോളും മൂന്ന് അസിസ്റ്റും ഹാളണ്ട് ഇതിനോടകം നടത്തി. ഫിഫ ലോകകപ്പ് ചരിത്രത്തിൽ നോർവെ ആകെ മൂന്ന് തവണ മാത്രമാണ് യോഗ്യത നേടിയത്. 1938, 1994, 1998 ലോകകപ്പുകളിൽ ആയിരുന്നു അത്. 1994 ലോകകപ്പിൽ കളിച്ച നോർവെ ടീമിൽ എർലിങ് ഹാളണ്ടിന്റെ പിതാവ് ആൽഫീ ഹാളണ്ടും ഉണ്ടായിരുന്നു. നോർവെയ്ക്ക് യോഗ്യതാ റൗണ്ടിൽ നെതർലൻഡ്സിനും തുർക്കിക്കും പിന്നിൽ മൂ്ന്നാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു.

തിമൊ വെർണർ: പരിക്കിനെ തുടർന്ന് ഖത്തർ ലോകകപ്പ് നഷ്ടപ്പെടുന്ന പ്രമുഖ താരങ്ങളിൽ ഒരാളാണ് ജർമനിയുടെ സ്ട്രൈക്കർ തിമൊ വെർണർ. 2022 - 2023 സീസണിൽ ആർ ബി ലൈപ്സിഗിനായി അഞ്ച് ഗോൾ നേടുകയും അഞ്ച് അസിസ്റ്റ് നടത്തുകയും ചെയ്ത് മികച്ച ഫോമിൽ ആയിരുന്നു തിമൊ വെർണർ. ഹൻസി ഫ്ളിക്കിന്റെ ലോകകപ്പ് പദ്ധതയിലെ നിർണായക സ്ഥാനത്തുണ്ടായിരുന്ന തിമൊ വെർണർ, ലിഗ് മെന്റ് ഇഞ്ച്വറിയിലൂടെ ടീമിനു പുറത്തായി.

എൻഗൊളൊ കാന്റെ: 2018 ഫിഫ ലോകകപ്പ് ജേതാവായ ഫ്രഞ്ച് ടീമിൽ മധ്യനിര സൂപ്പർ താരമായ എൻഗോളൊ കാന്റെയുടെ അസാന്നിധ്യവും ശ്രദ്ധേയം. ഫ്രാൻസിനെ ലോകകപ്പിൽ എത്തിച്ചതിലും ചെൽസിയെ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിൽ എത്തിച്ചതിലും എൻഗൊളൊ കാന്റെ യുടെ സംഭാവന വലുതായിരുന്നു. ഫ്രഞ്ച് ടീമിലെ ഏറ്റവും നിർണായക സാന്നിധ്യമായ എൻഗൊളൊ കാന്റെ പരിക്കിനെ തുടർന്ന് വിശ്രമത്തിലായതിനാൽ ലോകകപ്പ് ടീമിൽ ഉൾപ്പെട്ടില്ല. എൻഗൊളൊ കാന്റെയുടെ സഹതാരമായ പോൾ പോഗ്ബയും പരിക്കിനെ തുടർന്ന് ഫ്രഞ്ച് ടീമിൽ ഇല്ല എന്നതും ശ്രദ്ധേയം.

ഡിയേഗൊ ജോട്ട: പരിക്കിന്റെ പിടിയിലായി ലോകകപ്പ് ടീമിനു പുറത്തായ മറ്റൊരു താരമാണ് പോർച്ചുഗലിന്റെ ഡിയേഗൊ ജോട്ട പോർച്ചുഗലിനായി 29 മത്സരങ്ങളിൽ 10 ഗോൾ നേടിയ ഡിയേഗൊ ജോട്ടയുടെ അസാന്നിധ്യം ടീമിനും ആരാധകർക്കും തിരിച്ചടിയാണ്. ക്രിസ്റ്റിയാനൊ റൊണാൾഡോ, ബെർണാഡൊ സിൽവ, ബ്രൂണോ ഫെർണാണ്ടസ് എന്നിവർക്ക് ഒപ്പം ഡിയേഗൊ ജോട്ടയും പോർച്ചുഗൽ ആക്രമണം നയിക്കാൻ ഖത്തറിൽ എത്തേണ്ടതായിരുന്നു.

സ്ലാറ്റൻ ഇബ്രാഹിമോവിച്ച്: സ്വീഡന് ഖത്തർ ലോകകപ്പിന് യോഗ്യത നേടിക്കൊടുക്കാൻ വിരമിക്കൽ തീരുമാനം മാറ്റിവച്ച് കളത്തിലേക്കു തിരിച്ചിറങ്ങിയതാണ് ഇബ്രാഹിമോവിച്ച്. പക്ഷെ യോഗ്യത റൗണ്ടിൽ സ്പെയിന് പിന്നിൽ രണ്ടാം സ്ഥാനക്കാരാകാനെ കഴിഞ്ഞുള്ളു. പ്ലേ ഓഫിലൂടെ കടക്കാമെന്ന മോഹവും പൊലിഞ്ഞു. പ്ലേ ഓഫിൽ ചെക്ക് റിപ്പബ്ലിക്കിനെ മറികടന്നെങ്കിലും ഫൈനലിൽ പോളണ്ടിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ മുട്ടുമടക്കി. ലോകകപ്പോടെ വിരമിക്കാമെന്ന മോഹം ബാക്കിയാക്കിയാണ് നാൽപതുകാരനായ ഇബ്രാഹിമോവിച്ച് പടിയിറങ്ങുന്നത്.

ഡേവിഡ് അലബ: 1998നു ശേഷം ലോകകപ്പിനു യോഗ്യത നേടാൻ ഓസ്ട്രിയയ്ക്ക് കഴിഞ്ഞിട്ടില്ല. ഇത്തവണയും സ്ഥിതി വ്യത്യസ്തമാവില്ല. ഓസ്ട്രിയ പുറത്തുനിൽക്കുമ്പോൾ അവരുടെ പ്രതിരോധത്തിൽ തിളങ്ങുന്ന ഡേവിഡ് അലബയും ഗാലറിക്ക് പുറത്താണ്. ലോകകപ്പ് യോഗതയ്ക്കുള്ള പ്ലേ ഓഫ് സെമിയിൽ വെയ്ൽസിന് മുന്നിലാണ് ഓസ്ട്രിയ മുട്ടുകുത്തിയത്.

പിയെ എമറിക് ഓബമെയാങ്: ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണലിന്റെ സൂപ്പർതാരമായ പിയറി എമറിക്ക് ഓബമയാങ് ഇപ്പോൾ ചെൽസിയുടെ മുന്നേറ്റനിരയിലാണ്. ക്ലബ്ബ് ഫുട്ബോളിൽ കത്തിക്കയറുമ്പോഴും ഓബമെയാങിനെ ഖത്തറിൽ കാണാനാവില്ല. ഓബ നായകനായ ഗാബൺ ടീമിന് ആഫ്രിക്കൻ യോഗ്യത റൗണ്ടിൽ രണ്ടാം റൗണ്ട് വരെ എത്താനെ കഴിഞ്ഞുള്ളു. മുപ്പത്തിമൂന്നുകാരനായ ഓബ രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചുകഴിഞ്ഞു.

പ്രമുഖ താരങ്ങളുടെ അസാന്നിദ്ധ്യത്തേക്കാൾ ഉപരി ആരാധകരെ ഇത്തവണ കൂടുതൽ വേദനിപ്പിക്കുന്നത് നാല് തവണ ചാമ്പ്യന്മാരായ ഇറ്റലി ഖത്തലിൽ എത്തില്ല എന്നതാണ്. റഷ്യൻ ലോകകപ്പിൽ എന്നപോലെ ഖത്തറിലും കാണാനാവില്ല. ലോകകപ്പിന് യോഗ്യത നേടാൻ അസൂറിപ്പടയ്ക്കായില്ല. പ്ലേ ഓഫ് സെമിയിൽ നോർത്ത് മാസിഡോണിയയോട് 1 - 0 പൂജ്യത്തിന് തോൽവി വഴങ്ങിയതാണ് അസൂറിപ്പടയ്ക്ക് തിരിച്ചടിയായത്.

വരുന്നു... യുവനിര

വരുന്ന പതിറ്റാണ്ടിലെ ലോകഫുട്ബോളിന്റെ ഭാവിയും ഭാഗധേയവും നിർണയിക്കുന്ന യുവതാരങ്ങളെ രേഖപ്പെടുത്തുന്ന വേദികൂടിയാണ് ഓരോ ലോകകപ്പും. കൗമാരപ്രായത്തിൽ തന്നെ രാജ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി ലോകശ്രദ്ധയാകർഷിച്ച താരങ്ങളാണ് ഇതിഹാസങ്ങളായി പിന്നീട് ചരിത്രം രേഖപ്പെടുത്തിയത്. ഫുട്‌ബോൾ ലോകത്ത് സ്വന്തം പേര് എഴുതിച്ചേർക്കാൻ ഖത്തറിന്റെ മണ്ണിൽ പന്ത് തട്ടാനിറങ്ങുന്ന യുവനിര.

2010ൽ ജർമ്മനിയുടെ തോമസ് മുള്ളറെയും 2014ൽ കൊളംബിയയുടെ ഹാമിഷ് റോഡ്രിഗസിനെയും 2018ൽ മെക്സിക്കോയുടെ ഹിർവിങ് ലൊസാനോയെയുമെല്ലാം ആരാധകർ നെഞ്ചോട് ചേർത്തത് അങ്ങനയൊയിരുന്നു. ഇവരുടെ പിൻഗാമികളായി ഖത്തർ ലോകകപ്പിലെ താരോദയം ആരായിരിക്കും. എല്ലാ ലോകകപ്പുകളിലെയും പോലെതന്നെ ഇത്തവണയും പ്രതീക്ഷ നൽകുന്ന യുവതാരങ്ങളുടെ നിരതന്നെ ഇത്തവണ ഉണ്ട്.

സ്പെയിനിന്റെ പെദ്രി, അൻസു ഫാറ്റി, ഗാവി, ബ്രസീലിന്റെ വിനീസ്യൂസ്, ആന്തണി, ഇംഗ്ലണ്ടിന്റെ ഫിൽ ഫോഡൻ, ജൂഡ്ബെല്ലിങ്ങാം, ഫ്രാൻസിന്റെ ഓറിലിയൻ ചൗവാമെനി, എഡ്വാർഡോ കമവിംഗ, ജർമനിയുടെ ജമാൽ മുസിയാല എന്നിവരാണ് ഇക്കൂട്ടത്തിൽ പ്രമുഖർ. കാനഡയുടെ അൽഫോൻസോ ഡേവിഡ്, ഇംഗ്ലണ്ടിന്റെ ജെയ്ഡൻ സാഞ്ചോ, ബുകായോ സാക്ക, നെതർലൻഡ്സിന്റെ റയൻ ഗ്രാവൻബെർച്ച്, അർജന്റീനയുടെ ജൂലിയൻ അൽവാരസ് തുടങ്ങിയ യുവതാരങ്ങളും ലോകഫുട്ബോളിന്റെ നെറുകയിലേക്ക് കുതിക്കാൻ ഒരുങ്ങുന്നവരാണ്.



അൻസു ഫാറ്റി

പതിനേഴാം വയസ്സിലാണ് സ്പെയിനിന്റെ ദേശീയ ടീമിൽ അൻസു ഫാറ്റി അരങ്ങേറിയതെങ്കിലും ഇതുവരെ നാല് രാജ്യാന്തര മത്സരങ്ങളിൽ മാത്രമാണ് ബൂട്ടണിയാൻ കഴിഞ്ഞത്. പരിക്കായിരുന്നു പ്രധാന വില്ലൻ. എന്നാൽ ഖത്തറിൽ സ്പെയിന്റെ മുന്നേറ്റത്തിന് കോ്ച്ച് ലൂയിസ് എന്റിക്വെ കരുതി വച്ചിരിക്കുന്ന വജ്രായുധമാണ് അൻസു ഫാറ്റി.

ലയണൽ മെസ്സിയുടെ പിൻഗാമിയായി വിശേഷിക്കപ്പെടുന്ന അൻസു ഫാറ്റി മെസ്സിയെപ്പോലെ ബാഴ്‌സലോണയുടെ അക്കാദമിയിൽ നിന്ന് വളർന്നുവന്ന താരമാണ്. 2019-ലാണ് ബാഴ്‌സയ്ക്ക് വേണ്ടി അരങ്ങേറിയത്. 34 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും നേടുകയും ചെയ്തിരുന്നു.

മെസ്സി ടീം വിട്ടശേഷം വിശ്വവിഖ്യാതമായ ബാഴ്‌സയുടെ പത്താം നമ്പർ ജഴ്‌സി അണിയാൻ ഫാറ്റിക്കാണ് ഭാഗ്യം ലഭിച്ചത്. കാൽമുട്ടിലെ പരിക്കുമൂലം ഒരു വർഷത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന ഫാറ്റി ഈ സീസണിലാണ് കളിക്കാനിറങ്ങിയത്. സ്പെയിനിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ബൂട്ടണിഞ്ഞ മുൻ നായകൻ സെർജിയോ റാമോസിനെ തഴഞ്ഞപ്പോൾ അൻസു ഫാറ്റിയിൽ കോച്ച് ലൂയിസ് എന്റിക്വെ വിശ്വാസം അർപ്പിക്കുകയായിരുന്നു. പരിക്കുമൂലം കഴിഞ്ഞ രണ്ട് സീസണിലും ബാഴ്സക്കായി കാര്യാമായ മത്സരങ്ങളിലൊന്നും കളിക്കാൻ കഴിയാതിരുന്ന 20കാരനായ ഫാറ്റി ടീമിലെത്തുമോ എന്ന് സംശയമുണ്ടായിരുന്നു. യുവതാരത്തിന്റെ മികവാണ് സ്പാനിഷ് പരിശീലകന്റെ മനസ്സിനെ ഒപ്പം നിർത്തിയത്.

ജമാൽ മുസിയാല

ജർമനിയുടെ ഭാവി താരമെന്ന സൂചനകൾ 19കാരനായ ജമാൽ മുസിയാല ഇതിനകം നൽകിക്കഴിഞ്ഞു. ഈ സീസണിൽ ബയേണിനായി ആദ്യ 9 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളും നാല് അസിസ്റ്റും നേടിയാണ് താരം ഖത്തറിലേക്ക് എത്തുന്നത്. ജർമ്മനിയുടെ മുൻ നായകൻ ലോതർ മത്തേയൂസ് അർജന്റീന നായകൻ ലയണൽ മെസ്സിയുമായാണ് ജമാൽ മുസിയാലയെ താരതമ്യം ചെയ്യുന്നത്.
19 വയസിൽ കളി മനസിലാക്കുന്നതിൽ താരത്തിനുള്ള കഴിവും അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള മികവുമാണ് ജമാൽ മുസിയാലയിലേക്ക് ഫുട്‌ബോൾ ലോകത്തിന്റെ ശ്രദ്ധ എത്തിക്കുന്നത്. നല്ല വേഗം മനോഹരമായ ഡ്രിബ്ലിങ്, നിർണായകമായ പാസുകൾ. ഗോളടി മികവ് തുടങ്ങി ഒരു സൂപ്പർ താരത്തിന് വേണ്ടതൊക്കെയും മുസിയാലയ്ക്ക് സ്വന്തം. അണ്ടർ 20 വരെ ഇംഗ്ലണ്ടിനായി ബൂട്ടണിഞ്ഞ താരം ദേശീയ ടീമായി ജന്മനാടിനെ സ്വീകരിക്കുകയായിരുന്നു.

ഫിൽ ഫോഡൻ

2020 നവംബർ 18ന് ഐസ്ലാൻഡിനെതിരെ നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിലായിരുന്നു ഫിൽ ഫോഡൻ തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ കണ്ടെത്തിയത്. ഇന്ന് ഇംഗ്ലീഷ് മധ്യനിരയിൽ നിർണായക സാന്നിധ്യം. 2020 മുതൽ സീനിയർ ടീമിനായി കളിക്കുന്ന താരം 16 മത്സരങ്ങളിൽ നിന്നായി രണ്ട് ഗോളും നേടിയിട്ടുണ്ട്. താരനിബിഡമായ ഇംഗ്ലണ്ട് നിരയിൽ ആദ്യ ഇലവനിൽ ഫോഡനെ ഉൾപ്പെടുത്താൻ കോച്ച് ഗാരെത് സൗത്ഗേറ്റ് തീരുമാനം എടുത്തേക്കാം.

പകുതി തിരിഞ്ഞ് പിൻകാലു കൊണ്ട് പന്ത് സ്വീകരിക്കുന്ന ഹാഫ് ടേൺ ശൈലിയാണ് ഫോഡന്റേത്. ഇത് അടുത്ത നീക്കത്തിന് ഒരുങ്ങാൻ താരത്തെ പ്രാപ്തനാക്കുന്നു. ഇടത് കാലുകൊണ്ടുള്ള മികച്ച ഫുട്വർക്കിനും ഷോട്ടുകൾക്കും പുറമെ പ്രതിരോധ താരങ്ങളിൽ നിന്ന് പിൻവലിയാനുള്ള കഴിവും മറ്റ് താരങ്ങളിൽ നിന്ന് ഫോഡനെ വ്യത്യസ്തനാക്കുന്നു.

2017ൽ ഫിഫ അണ്ടർ-17 ലോകകപ്പിൽ ഗോൾഡൻ ബോൾ നേടിയതിനു പിന്നാലെയാണ് ഫോഡൻ ശ്രദ്ധ നേടുന്നത്. അതേ വർഷം മാഞ്ചസ്റ്റർ സിറ്റിക്കായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ബിബിസി യങ് സ്പോർട്സ് പേഴ്‌സണാലിറ്റി ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

ഓറിലിയെൻ ചൗവാമെനി

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഫ്രാൻസിന്റെ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച ഓറിലിയെൻ ചൗവാമെനി ഇപ്പോൾ ടീമിലെ അവിഭാജ്യ ഘടകമാണ്. പ്രതിരോധത്തിലെ മികവും ഭാവനസമ്പന്നതയുമാണ് താരത്തെ കരുത്തനാക്കുന്നത്. ഖത്തറിൽ നിലവിലെ ചാമ്പ്യന്മാരുടെ മധ്യനിരയിൽ നിർണായക താരമായി ചൗവാമെനി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊണാക്കോയിൽ നിന്ന് ഓറിലിയെൻ ചൗവാമെനിയെ സ്വന്തമാക്കാനാണ് റയൽ മാഡ്രിഡ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആദ്യം ഇറങ്ങിയത്. പിഎസ്ജി, ലിവർപൂൾ, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നീ ക്ലബുകളെ മറികടന്നാണ് 22കാരനായ ഡിഫൻസീപ് മിഡ് ഫീൽഡറെ റയൽ ടീമിലെത്തിച്ചത്. 2018 -19 സീസണിൽ ഫ്രഞ്ച് ലീഗിലെ ബോർഡോവിലായിരുന്നു അരങ്ങേറ്റം.



ആന്തണി

2014 ലോകകപ്പിന് ശേഷം ബ്രസീൽ ആരാധകരുടെ പ്രതീക്ഷയെല്ലാം നെയ്മർ എന്ന സൂപ്പർ താരത്തിന്റെ മുകളിലാണ്. ഖത്തറിലും നെയ്മർ തന്നെയായിരിക്കും ബ്രസീലിന്റെ കുന്തമുന. എന്നാൽ മികച്ച പിന്തുണ നൽകാൻ ഇത്തവണ ആന്തണി ഒപ്പമുണ്ടായിരിക്കും. അയാക്സിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ ആന്തണിയാണ് ഫുട്ബോൾ ലോകത്തെ ശ്രദ്ധേയനായ ബ്രസീലിയൻ താരം. നെയ്മറിനൊപ്പം ആക്രമണത്തിൽ നിർണായകമാകാൻ 22 കാരനായ ആന്തണിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.

ഡ്രീബ്ലിങ്, വേഗത, ഗോൾ കണ്ടെത്താനുള്ള മികവ് എന്നിവയാണ് ആന്തണിയുടെ പോസിറ്റീവ്സ്. യുണൈറ്റഡിലേക്ക് പൊന്നുവിലയ്ക്ക് എത്തിയതോടെയാണ് ലൈംലൈറ്റിലേക്ക് ആന്തണി വന്നത്. എന്നാൽ സാവോ പോളോയിലെ ദുരിത ജീവിതത്തെ അതിജീവിച്ചതിന്റെ കരുത്തുണ്ടതിന്. പ്രതിഭ ധാരളിത്തമുള്ള ബ്രസീലിയൻ നിരയിൽ ആദ്യഇലവനിൽ ആന്തണി ഇടംനേടുമോ എന്നതിൽ വ്യക്തതയില്ല. മുന്നേറ്റനിരയിലെ പതിവുകാർ നിറം മങ്ങിയാൽ ആന്തണിയിലേക്ക് കോച്ച് ടിറ്റെയുടെ ശ്രദ്ധയെത്തും.

പെദ്രി

യൂറോ കപ്പ് ഫുട്ബോൾ ചരിത്രത്തിൽ സ്പെയിൻ ദേശീയ ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ താരമായി സ്വീഡനെതിരെ അരങ്ങേറ്റം കുറിച്ച പെദ്രി ഗോൺസാലസ് ആന്ദ്രെ ഇനിയേസ്റ്റയേക്കാൾ മികച്ച താരം ആകുമെന്നായിരുന്നു പ്രവചനം. ഇത് സാധൂകരിക്കുന്ന പ്രകടനമാണ് യുവതാരത്തിൽ നിന്നും ആരാധകർ കാണുന്നത്. പതിനേഴാം വയസിൽ തന്നെ ബാഴ്‌സയ്ക്കായി മികവ് കാണിച്ച താരം ഇന്ന് ക്ലബിന്റെ പ്രധാന കളിക്കാരിലൊരാളാണ്. ആദ്യ സീസണിൽ തന്നെ 37 കളികളിൽ താരം ഇറങ്ങിയിരുന്നു. അടുത്ത സീസണിൽ പരിക്ക് വില്ലനായെങ്കിൽ ഇക്കുറി കരുത്തുറ്റ പ്രകടനമാണ് ലാ ലിഗയിൽ പുറത്തെടുത്തത്. സാങ്കേതിക മികവാണ് പെദ്രിയുടെ കൈമുതൽ. യൂറോ 2020ൽ സ്‌പെയിനിന്റെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിരമായി പെദ്രി സ്ഥാനം പിടിച്ചിരുന്നു. കഴിഞ്ഞ വർഷം നടന്ന ഒളിംപിക്‌സിലും സ്‌പെയ്‌നിനായി പെദ്രി ബൂട്ടണിഞ്ഞു. മനോഹര പാസുകളിലൂടെ കളി നിയന്ത്രിച്ച് പെദ്രി ഖത്തർ ലോകകപ്പിലെ മികച്ച യുവതാരമാവും എന്ന വിലയിരുത്തലുകൾ ശക്തമാണ്.



ഗാവി

സ്‌പെയ്‌നിന്റെ മിഡ്ഫീൽഡർ ജനറലായിരുന്ന സാവി ഫെർണാണ്ടസ് വിടവാങ്ങിയ ശേഷം സെൻട്രൽ മിഡ്ഫീൽഡിലെ വിടവ് നികത്തിയത് ഗാവിയുടെ വരവോടെയാണ്. പന്ത് കൈവശം കിട്ടുന്നതിനാൽ ഗാവിയുടെ ഭാഗത്ത് നിന്ന് വരുന്ന പ്രസ്സിങ് ഗെയിം ആണ് ശ്രദ്ധേയം. പതിനേഴാം വയസിൽ തന്നെ ശ്രദ്ധേയനായി മാറിയ ഗാവി നേഷൻസ് ലീഗിൽ സ്‌പെയ്‌നിന് വേണ്ടി ഏറ്റവും കൂടുതൽ സമയം ഗ്രൗണ്ടിൽ കളിച്ച രണ്ടാമത്തെ താരമാണ്. അളന്നുമുറിച്ച പാസുകളും ബുദ്ധികൂർമ്മതയും ഗോളൊരുക്കവുമെല്ലാമായി സാവിക്ക് സമാനമായ താരമായി ഗാവി മാറുകയാണ്. ക്ലബ്ബ് അരങ്ങേറ്റത്തിന് പിന്നാലെ ആറാഴ്ചകൾക്ക് ഒള്ളിൽ ഗാവി ദേശീയ ടീമിൽ ഇടംകണ്ടെത്തി. സ്പെയിനിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ രാജ്യാന്തര താരമായി ഗാവി മാറിയിരുന്നു. സ്‌പെയ്‌നിന്റെ ഗോൾഡൻ കിഡ് എന്ന വിശേഷം സ്വന്തമാക്കിയ ഗാവിക്ക് ഖത്തറിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായേക്കും.

ജൂഡ് ബെല്ലിങ്ങാം

യൂറോ കപ്പിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം, 2021 - 22 സീസണിൽ ജർമ്മൻ ബുന്ദസ് ലീഗയിലെ മികച്ച പുതുമുഖ താരം എന്നീ വിശേഷണങ്ങളോടെയാണ് രാജ്യാന്തര ഫുട്ബോളിലേക്ക് ജൂഡ് ബെല്ലിങ്ങാം വരവറിയിച്ചത്. പ്രായം 19 ആണെങ്കിലും മധ്യനിരയിൽ പരിചയസമ്പത്ത് നിറഞ്ഞ താരത്തെ പോലെയാണ് ഇംഗ്ലണ്ട് താരത്തിന്റെ കളി. ഒപ്പം മൂന്നോ നാലോ ഡിഫൻഡർമാരെ വെട്ടിച്ച് മുന്നേറി സ്‌കോർ ചെയ്യാനും താരത്തിനാകും. യൂറോപ്യൻ ക്ലബുകളിൽ പലതും ജൂഡ് ബെല്ലിങ്ങാമിനെ നോട്ടമിട്ട് കഴിഞ്ഞു. നാല് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളാണ് ബെല്ലിങ്ങാം നേടിക്കഴിഞ്ഞത്. ഡൈനാമിക് മിഡ്ഫീൽഡറായ ബെല്ലിങ്ങാമിനെ ഏത് പ്രതിരോധ നിരയിലും തുളച്ച് കയറാനാവും.

വിനീസ്യൂസ്

2022ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ തോൽപ്പിച്ച് റയൽ കിരീടം ചൂടിയപ്പോൾ വിജയ ഗോൾ വന്നത് ഈ ബ്രസീലിയൻ വിങ്ങറിൽ നിന്നാണ്. ചാമ്പ്യൻസ് ലീഗ് ജേതാവ് എന്ന പരിവേഷത്തോടെയാണ് വിനീസ്യൂസ് ലോകകപ്പിൽ പന്തുതട്ടാനെത്തുന്നത്. അതിവേഗവും സ്ഫോടനാത്മകമായ കുതിപ്പും കൈമുതലായുള്ള വിനീസ്യൂസ് മുൻനിരയിൽ ഏതു റോളും ഏറ്റെടുക്കും. ലോകത്തിലെ ഏറ്റവും യുവ താരങ്ങളിൽ ഒരാൾ എന്ന പേര് സ്വന്തമാക്കിയാണ് വിനീസ്യൂസിന്റെ മുന്നേറ്റം. ദേശീയ ടീമിൽ മിന്നുന്ന പ്രകടനം ഇത്തവണ ലോകകപ്പിൽ കാണാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

എഡ്വേർഡോ കമവിംഗ

2018 ഫൈനലിൽ ഗോൾ നേടിയ സെൻട്രൽ മിഡ്ഫീൽഡർമാരായ പോൾ പോഗ്ബയും സഹതാരം എൻ ഗോലോ കാന്റെയും പരുക്കുമൂലം പുറത്തായതോടെ ലോകകപ്പ് ആദ്യ ഇലവനിൽ മധ്യനിരയിൽ എഡ്വേർഡോ കമവിംഗ ഇടം ഉറപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. 2019 ൽ ഫ്രഞ്ച് പൗരത്വം ലഭിച്ച എഡ്വേർഡോ കമവിംഗയ്ക്ക് ഫ്രാൻസിന്റെ ദേശീയ ടീമിലേക്ക് വഴി തുറന്നത് മിഡ്ഫീൽഡർ പോൾ പോഗ്ബെ കോവിഡ് ബാധിച്ച് പുറത്തായതോടെയാണ്. അംഗോളൻ വംശജനായ കമവിംഗ ശ്രദ്ധേയനായത് 2021ൽ റയൽ മാഡ്രിഡിന് വേണ്ടി അരങ്ങേറ്റ മത്സരത്തിൽ ഗോളടിച്ചതോടെയാണ്.

അൽഫോൻസോ ഡാവിസ്

കാനഡ ലോകകപ്പിന് എത്തുമ്പോൾ പ്രതീക്ഷ നൽകുന്ന താരമാണ് അൽഫോൻസോ ഡാവിസ്. ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ ബയേണിനൊപ്പം നിന്ന് അൽഫോൻസോ മുത്തമിട്ടപ്പോൾ ഈ നേട്ടത്തിലേക്ക് എത്തുന്ന ആദ്യ താരമായി അൽഫോൻസോ. 36 വർഷത്തിന് ശേഷം ആദ്യമായി കാനഡ ലോകകപ്പിന് യോഗ്യത നേടിയപ്പോൾ യോഗ്യതാ മത്സരങ്ങൾ നിർണായകമായിരുന്നു താരത്തിന്റെ പ്രകടനം. ബെൽജിയം, ക്രൊയേഷ്യ, മൊറാക്കോ എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് കാനഡയ്ക്ക് പ്രീക്വാർട്ടറിലേക്ക് എത്തണമെങ്കിൽ അൽഫോൻസോയുടെ പ്രകടനം നിർണായകമാവും.

റോഡ്രിഗോ

ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം. 18ാം വയസിലായിരുന്നു ഈ നേട്ടം. 2022ലേക്ക് എത്തുമ്പോൾ റയൽ മാഡ്രിഡിന്റെ പ്രധാന താരമായി ബ്രസീൽ താരം മാറി കഴിഞ്ഞു. ചെൽസിക്കെതിരെ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ എക്‌സ്ട്രാ ടൈമിൽ വന്ന റോഡ്രിഗോയുടെ ഗോൾ ആരാധകർക്ക് മറക്കാനാവില്ല. കഴിവും വേഗയതുമുള്ള വിങ്ങർ ഖത്തറിൽ ബ്രസീലിനായി ഗോൾ വല കുലുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലോകകപ്പ് - നൂറ്റാണ്ടിന്റെ ചരിത്രം

വീണ്ടുമൊരു ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഫുട്‌ബോൾ ലോകം. ഒരു നൂറ്റാണ്ടിനോട് അടുക്കുന്ന ആഗോള ഫുട്‌ബോൾ മാമാങ്കത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അറബ് രാജ്യം ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് വിരുന്നെത്തുന്നത്. 2022 നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. 2018 ലെ റഷ്യൻ ലോകകപ്പിന് ശേഷം മഹാമാരിയും യുദ്ധങ്ങളും അധിനിവേശങ്ങളും ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ പിന്നിട്ടാണ് ലോക ഫുട്‌ബോൾ മാമാങ്കത്തിന് ഖത്തറിൽ അരങ്ങുണരുന്നത്.

ഒരു കാൽപന്തിന് പിന്നാലെ ലോകം ഒന്നാകെ ചുറ്റിത്തിരിയുന്ന, ആവേശത്തിന്റെ നാളുകളാണ് ഓരോ ലോകകപ്പും. പതിമൂന്ന് രാജ്യങ്ങൾ പങ്കെടുത്ത 1930ൽ യുറുഗ്വായിൽ അരങ്ങേറിയ പ്രഥമ ലോകകപ്പിൽ നിന്നും ഇരുപത്തിരണ്ടാമത് ഖത്തർ ലോകകപ്പിൽ എത്തിനിൽക്കുമ്പോൾ 32 രാജ്യങ്ങളാണ് ഇത്തവണ മത്സരത്തിന് ഇറങ്ങുന്നത്. മുപ്പത്തിരണ്ട് പക്ഷത്ത് നിൽക്കുന്ന ആരാധക സംഘം ഡിസംബർ 18 ന് ഫൈനൽ മത്സരം ആകുമ്പോൾ രണ്ട് പക്ഷങ്ങൾ മാത്രമായി ചുരുങ്ങും. ജീവവായു ഏറ്റുവാങ്ങിയ ആ കാൽപന്തിനോട് ലോകത്തിന് അത്രയ്ക്ക് പ്രണയം തന്നെയാണ്.

യുറഗ്വയ് ആതിഥ്യമരുളിയ പ്രഥമ ലോകകപ്പിന്റെ കിക്കോഫ് ജൂലൈ 13ന് ആയിരുന്നു. 1930ൽ. ജനപ്രീതിയിൽ ഒളിമ്പിക്സിനെപ്പോലും പിന്നിലാക്കുന്ന ഫുട്ബോൾ രാജ്യാന്തര മേളയ്ക്ക് 90 വയസ് തികഞ്ഞതാകട്ടെ റഷ്യൻ ലോകകപ്പ് ഫൈനലിന്റെ രണ്ടുനാൾ മുമ്പും. 94 വയസ്സിൽ എത്തിനിൽക്കുമ്പോഴും ഫുട്‌ബോൾ ലോകകപ്പിന്റെ ചരിത്രത്തിന് നിറയൗവനമാണ്.

ആദ്യ ലോകകപ്പ്

യൂറോപ്പാകെ സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞു നിൽക്കുമ്പോഴാണ് 1930ൽ യുറഗ്വയിൽ ആദ്യലോകകപ്പ് നടക്കുന്നത്. യുറഗ്വയിലെത്താൻ അന്ന് കപ്പലിൽ അറ്റ്‌ലാന്റിക് സമുദ്രം കുറുകേ കടക്കണമായിരുന്നു. അത് പക്ഷേ ചിലവേറിയതും സാഹസികത നിറഞ്ഞതുമായിരുന്നു. ഒപ്പം രണ്ടുമാസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ തങ്ങളുടെ താരങ്ങളെ വിട്ടു കൊടുക്കാൻ പ്രൊഫഷണൽ ക്ലബ്ബുകളും മടിച്ചു.

അതിനാൽ മൽസരം തുടങ്ങാൻ രണ്ടു മാസം മാത്രം അവശേഷിക്കുമ്പോഴും ആരൊക്കെയാകും ലോകകപ്പിൽ പങ്കെടുക്കുക എന്നതിനെക്കുറിച്ച് ധാരണയൊന്നും ഉണ്ടായിരുന്നില്ല. ഒടുവിൽ ബെൽജിയം, ഫ്രാൻസ്, യുഗോസ്ലാവിയ, റുമാനിയ എന്നിവർ സന്നദ്ധത അറിയിച്ചു. ലാറ്റിനമേരിക്കയിൽ നിന്ന് എട്ടു രാജ്യങ്ങൾ കൂടിയായതോടെ ടീമുകളുടെ എണ്ണം പതിമ്മൂന്നായി.

ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മൽസരം. ചിലി, മെക്‌സിക്കോ, ഫ്രാൻസ്, അർജ്ജന്റീന എന്നിവരായിരുന്നു ആദ്യ ഗൂപ്പിൽ. ഓരോ ടീമുകളും പരസ്പരം ഏറ്റുമുട്ടും. ഗ്രൂപ്പിൽ ഒന്നാമതു വരുന്ന ടീം സെമിയിലെത്തും. ഇതായിരുന്നു രീതി. 1930ജൂലൈ പതിമ്മൂന്നിന് യുറഗ്വയുടെ തലസ്ഥാനമായ മോണ്ടിവിഡിയോവിലെ പോസിറ്റോവ് സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന മൽസരം.



ആദ്യമൽസരം ഫ്രാൻസും മെക്‌സിക്കോയും തമ്മിലായിരുന്നു. മൽസരത്തിൽ ഫ്രാൻസ് 4-1ന് ജയിച്ചു. ഇതായിരുന്നു ലോകകപ്പിന്റെ ചരിത്രത്തിലെ ആദ്യമൽസരവും. അർജ്ജന്റീന, യുഗോസ്ലാവിയ, യുറഗ്വയ്, അമേരിക്ക എന്നീ രാജ്യങ്ങൾ ഗ്രൂപ്പു ചാമ്പ്യന്മാരായി സെമിയിൽ പ്രവേശിച്ചു. യുറഗ്വയും അർജ്ജന്റീനയും ഫൈനലിലും എത്തി.

ജൂലൈ മുപ്പതിനായിരുന്നു ഫൈനൽ. ആരുടെ പന്തുകൊണ്ടു കളിക്കുമെന്നൊരു തർക്കം അതിനിടയിൽ ഉടലെടുത്തു. കൗതുകകരമായിരുന്നു തർക്കം. ഒടുവിൽ ആദ്യ പകുതിയിൽ അർജ്ജന്റീനയുടേയും രണ്ടാം പകുതിയിൽ യുറഗ്വയുടെയും പന്തു കൊണ്ട് കളിക്കാൻ തീരുമാനമായി.

അങ്ങനെ മത്സരത്തിൽ യുറഗ്വയ് 4-2ന് ജയിച്ചു. ആദ്യ ലോകകപ്പും നേടി. യുറഗ്വയുടെ നായകൻ ജോസ് നസാസി ഫിഫാ പ്രസിഡന്റ് യുൾറിമേയിൽ നിന്ന് കിരീടം ഏറ്റുവാങ്ങി. രണ്ടാം സ്ഥാനത്തിന് പുറമേ മറ്റൊരു നേട്ടം കൂടി അർജ്ജന്റീനയ്ക്കുണ്ടായി. അവരുടെ സ്‌ട്രൈക്കർ ഗില്ലാർമോ സ്‌റ്റൈബൽ ടോപ് സ്‌കോററായി. എട്ടു ഗോളാണ് അദ്ദേഹം നേടിയത്. അങ്ങനെ ലോകകപ്പിന്റെ ചരിത്രത്തിലെ ആദ്യ ടോപ്‌സ്‌കോറർ സ്ഥാനം അർജ്ജന്റീനക്കാരൻ നേടി.

ഫുട്ബോളിന്റെ ഒരു ലോകമേള എന്ന ആശയത്തിന് രാജ്യാന്തര ഫുട്ബോളിലെ പരമാധികാര നിയന്ത്രണസമിതിയായ ഫിഫയോളം പഴക്കമുണ്ട്. ഫുട്ബോളിൽ ലോക ചാമ്പ്യൻഷിപ്പ് നടത്തണമെന്ന നിർദ്ദേശം ആദ്യമായി കേട്ടത് 1905 ലാണെങ്കിലും പിന്നെ പൊങ്ങിവന്നത് 1914ൽ ആണ്. എന്നാൽ ഒന്നാം ലോക മഹായുദ്ധം പ്രതീക്ഷകളെല്ലാം തെറ്റിച്ചു. അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്റെ മൂന്നാമത്തെ പ്രസിഡണ്ടായ ഫ്രഞ്ചുകാരൻ യൂൾറിമെയുടെതായിരുന്നു ലോകകപ്പിന്റെ ആശയം. അന്നത്തെ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഹെന്റിഡിലോനി പിന്തുണയ്ക്കുകയും ചെയ്തു.

1928 മെയ് 26ന് ആംസ്റ്റർഡാമിൽ ചേർന്ന ഫിഫ യോഗം 1930ൽ പ്രഥമ ലോകകപ്പ് നടത്താൻ തീരുമാനിച്ചു. വിജയികൾക്ക് അന്നത്തെ ഫിഫ അധ്യക്ഷനായ യൂൾറിമെയുടെ പേരിൽ കപ്പ് സമ്മാനിക്കാൻ ഫ്രാൻസ് തയ്യാറായി. ആദ്യ ലോകകപ്പ് വേദിക്കായി ഇറ്റലിയും ഹോളണ്ടുമടക്കം ആറ് രാജ്യങ്ങൾ രംഗത്തുവന്നെങ്കിലും നറുക്ക് വീണത് യുറഗ്വയ്ക്കായിരുന്നു. 1930ൽ യുറഗ്വയ് തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ നൂറാംവാർഷികം ആഘോഷിക്കുകയായിരുന്നു. അതുപോല 1924, 28 വർഷങ്ങളിലെ ഒളിമ്പിക് ചാമ്പ്യന്മാരും അവരായിരുന്നു. ഇതു കൂടാതെ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ചെലവും ലാഭവീതവുമല്ലൊം നൽകാൻ സമ്മതിച്ചതും ആദ്യ ലോകകപ്പിന്റെ ആതിഥേയരായി യുറഗ്വയ് തെരഞ്ഞെടുക്കാൻ സംഘാടകരായ ഫിഫയെ പ്രേരിപ്പിച്ചു.

160 ലക്ഷം ഡോളർ ചെലവിൽ യുറഗ്വായ് ലക്ഷംപേർക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയം മോൺടിവിഡിയോയിൽ നിർമ്മിച്ചു. എന്നാൽ ആദ്യലോകകപ്പിന് പന്തുരളാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ പല ടീമുകളും പിന്മാറുകയുണ്ടായി. ഒടുവിൽ 16നു പകരം 13 ടീമുകളുമായാണ് പ്രഥമ ലോകകപ്പ് അരങ്ങേറിയത്.

യുദ്ധം മുടക്കിയ ലോകകപ്പ്

1942- നാലാം ലോകകപ്പ് അരങ്ങേറേണ്ട കാലത്ത് ലോകം രണ്ടാം ലോക മഹായുദ്ധത്തെ അഭിമുഖീകരിച്ച് തുടങ്ങിയിരുന്നു. ബ്രസീൽ ആതിഥേയത്വം വഹിക്കേണ്ട ലോകകപ്പ് പക്ഷേ യുദ്ധം പ്രതിസന്ധിയിലാക്കി. 1938ൽ നടന്ന ഫ്രാൻസ് ലോകകപ്പിന് ശേഷം രണ്ട് ലോകകപ്പുകൾ യുദ്ധം മൂലം മുടങ്ങുകയായിരുന്നു. 1950 ൽ ലോകകപ്പ് മത്സരം പുനഃരാരംഭിക്കുമ്പോൾ ബ്രസീൽ തന്നെ വേദിയായി തെരഞ്ഞെടുക്കുകയായിരുന്നു. കാരണം നാലാം ലോകകപ്പിനായി ഒരുങ്ങിയ ബ്രസീൽ വലിയ മുന്നൊരുക്കങ്ങളായിരുന്നു നടത്തിയിരുന്നത്. ഇതുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബ്രസീലിനെ വേദിയാക്കി പരമാവധി മത്സരങ്ങൾ നടത്തുക മാത്രമായിരുന്നു ഫിഫയ്ക്ക് മുന്നിലുണ്ടായിരുന്ന പോംവഴി.

1950 ലെ ലോകകപ്പിന് പന്തുരുളുന്ന കാലത്ത് രണ്ടാം ലോകമഹായുദ്ധം ലോകക്രമം തന്നെ മാറ്റിയെഴുതി. യുദ്ധം യൂറോപിനെ തകർത്തെറിഞ്ഞിരുന്നു. യുദ്ധത്തിൽ പരാജയപ്പെട്ട പക്ഷത്തുണ്ടായിരുന്ന ജർമനിയെയും ജപ്പാനെയും ടൂർണമെന്റിൽ പങ്കെടുക്കാൻ പോലും അനുവദിച്ചില്ല. ഇറ്റലിയും പരാജിതരുടെ സംഘത്തിലായിരുന്നെങ്കിലും മത്സരിക്കാൻ സാധിച്ചു. 1949 ൽ ഇറ്റലിയിലെ മുൻനിര ക്ലബായ യൂറിനോയുടെ ടീം മുഴുവൻ ഒരു വിമാനാപകടത്തിൽ ഇല്ലാതായതിന്റെ അനുകമ്പയായിരുന്നു ഇറ്റലിക്ക് ലഭിച്ചത്.



1978ലെ ലോകകപ്പ് അർജന്റീനയിൽ നടത്തുന്നതിനെതിരെയും ലോകമെമ്പാടും വൻ പ്രതിഷേധമുയർന്നു. സൈനികഭരണത്തിൻ കീഴിലായിരുന്നു അന്ന് അർജന്റീന എന്നതായിരുന്നു പ്രതിഷേധത്തിന് അടിസ്ഥാനം.

ഏറ്റവും ഒടുവിൽ ഉയർന്നുവന്ന പ്രതിസന്ധി റഷ്യ യുക്രൈൻ യുദ്ധമാണ്. യുക്രൈൻ സൈനിക നീക്കം ഇല്ലാതാക്കിയത് റഷ്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ കൂടിയാണ്. റഷ്യൻ നിലപാടുകൾളുടെ ഫലമായി ഏർപ്പെടുത്തിയ വിലക്കാണ് 2018ലെ ആതിഥേയരെ പുറത്തിറക്കിയത്.

പന്തുകൾ കഥപറയുന്നു

1930 മുതൽ തന്നെ ലോകകപ്പ് ഫുട്ബോളിലെ പന്തുകൾ ശ്രദ്ധ നേടിയിരുന്നു. അന്ന് പ്രത്യേകിച്ച ഒരു പന്തില്ലായിരുന്നു. അവരവർ കളിക്കുന്ന പന്തുകളുമായാണ് ടീമുകളെല്ലാം ലോകകപ്പിന് എത്തിയത്. ഓരോ മത്സരങ്ങൾക്കും ഓരോ പന്ത് എന്ന രീതി. അന്നത്തെ ഫൈനൽ മത്സരത്തിൽ പക്ഷേ അപ്രതീക്ഷിതമായ ഒരു പ്രതിസന്ധി രൂപപ്പെട്ടു. കളിക്ക് തങ്ങളുടെ പന്ത് ഉപയോഗിക്കണമെന്ന് യുറഗ്വയും അർജന്റീനയും വാശിപിടിച്ചു. ഒടുവിൽ ആദ്യ പകുതിയിൽ അർജന്റീനയുടെ പന്തും രണ്ടാം പകുതിയിൽ യുറഗ്വയുടെ പന്തുമായി കളിക്കാൻ തീരുമാനിച്ച് പ്രശ്നം പരിഹരിച്ചു.

1966 ൽ ആണ് ലോകകപ്പിന് പ്രത്യേകം പന്ത് എന്ന ക്രമം നിലവിൽ വന്നത്. പിന്നീട് ഓറഞ്ച് (ഇംഗ്ലണ്ട് 1966), ടെൽസ്റ്റർ ഡർലാസ്റ്റ് (പശ്ചിമ ജർമ്മനി 1974), അസ്റ്റെക (മെക്‌സിക്കോ 1986), ഫീവർനോവ(കൊറിയ/ജപ്പാൻ 2002), ടീംജീസ്റ്റ് (ജർമനി 2006), ജബുലാനി (സൗത്താഫ്രിക്ക 2010), ബ്രസൂക്ക (ബ്രസീൽ 2014), ടെൽസ്റ്റാർ -18 (റഷ്യ-2018) എന്നിവയായിരുന്നു പന്തുകൾ,. അൽ റിഹ എന്ന പന്തായിരിക്കും ഖത്തറിൽ ഉപയോഗിക്കുന്നത്.

വിട്ടൊഴിയാതെ വിവാദം

ലോകകപ്പിന്റെ ചരിത്രത്തോളം തന്നെ വിവാദങ്ങൾക്കും പഴക്കമുണ്ട്. പ്രഥമ ലോകകപ്പ് മുതൽ തന്നെ വിവാദങ്ങളും കൂടെ ഉണ്ടായിരുന്നു. 1986ലെ ലോകകപ്പ് മറോഡണയുടെ പ്രകടനം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ ടൂർണമെന്റായി മാറി. കിരീടം അർജന്റീന സ്വന്തമാക്കുകയും ചെയ്തു. മറഡോണ തന്നെ 'ദൈവത്തിന്റെ കൈ' എന്ന് പിന്നീട് വിശേഷിപ്പിച്ച ആ വിവാദ പിറന്നത് ആ വർഷമായിരുന്നു.

ഇംഗ്ലണ്ടുമായുള്ള മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആറു മിനിറ്റു പിന്നിട്ടപ്പോഴായിരുന്നു വിഖ്യാതമായആ ഗോൾ പിറന്നത്. പെനൽറ്റി ബോക്‌സിനു പുറത്ത് വച്ച് ഉയർന്നെത്തിയ പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ച ഇംഗ്ലണ്ടിന്റെ സ്റ്റീവ് ഹോഡ്ജിനെ മറികടക്കാൻ മറഡോണയുടെ ഇടംകൈയുകൊണ്ട് തട്ടി വലയിലേക്കെത്തിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ കളിക്കാർ ഹാൻഡ്ബോൾ എന്നു പറഞ്ഞ് വളഞ്ഞെങ്കിലും ടുണീസിയക്കാരൻ റഫറി അലി ബെന്നസീർ ഗോൾ അനുവദിക്കുകയായിരുന്നു.

കണ്ണീരുണങ്ങാത്ത കാൽപന്തുചരിത്രം

ലോകകപ്പ് എന്നത് കണ്ണീരുണങ്ങാത്ത ചില ഓർമ്മകളുടെ സാക്ഷ്യപ്പെടുത്തൽ കൂടിയാണ്. നേടിയവരുടേത് മാത്രമല്ല, തോൽവികൾ സമ്മാനിച്ച നിരാശയിലേക്കും മരണത്തിലേക്കും മാഞ്ഞുപോയവരുടെ പേരുകൾ കൂടി ഓരോ ലോകകപ്പും ഓർമ്മപ്പെടുത്തുന്നു. 90 മിനിറ്റ് മൈതാനത്ത് നക്ഷത്രക്കൂട്ടങ്ങളായി പാറിനടന്നവർ പിന്നീട് ശിഥിലമായ ജീവിതത്തിലേക്ക് തിരിച്ചുനടക്കേണ്ടുന്നവരായി മാറിയ ചരിത്രം. സാമ്രാജ്യവും ഒപ്പം നിന്ന ആരാധകരും രാജ്യം തന്നെയും നഷ്ടമായേക്കാവുന്ന യുദ്ധക്കളത്തിലെ പോരാളികളായി മാറിയവർ.

വലിയ പ്രതീക്ഷയോടെ എത്തി കിരീടം കൺമുന്നിൽ നഷ്ടമായ ചില ടീമുകൾക്ക് നേരിട്ടുന്ന തിരിച്ചടികൾ ദുരന്തം എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ടെങ്കിലും ആന്ദ്രേ എസ്‌കോബാർ എന്ന കൊളംബിൻ താരത്തെ മറക്കാൻ ഫുട്‌ബോൾ ചരിത്രത്തിനാവില്ല. 27 വർഷങ്ങൾക്ക് മുമ്പായിരുന്നു ആ സംഭവം. അമരിക്കൻ ഐക്യനാടുകളിൽ നടന്ന 1994 ലെ ലോകകപ്പ് ടൂർണമെന്റ്. ജൂൺ 22 ന് നടന്ന പ്രാഥമിക റൗണ്ടിലെ രണ്ടാം മത്സരത്തിന് ഇറങ്ങിയതായരുന്നു കൊളംബിയ. അക്കുറി ലോകകപ്പ് വരെ നേടിയേക്കാമെന്ന പ്രവചനങ്ങളിൽ പ്രതീക്ഷയർപ്പിച്ച ടീമുകളിൽ ഒന്നായിരുന്നു കൊളംബിയ. എന്നാൽ പ്രതീക്ഷകൾക്ക് വിരുദ്ധമായി ആദ്യമത്സരത്തിൽ കൊളംബിയ റുമാനിയയോട് പരാജയം ഏറ്റുവാങ്ങി. ഇതോടെ രണ്ടാം മത്സരം നിർണായകമായി. ആതിഥേയരും പൊതുവെ ദുർബലരുമായ അമേരിക്കയായിരുന്നു എതിരാളികൾ.



ഒരു ലക്ഷത്തോളം കാണികൾ അണിനിരന്ന മത്സരത്തിലേക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ആയിരുന്നു വാൾഡറാമ നയിച്ച കൊളംബിയ ഇറങ്ങിയത്. എന്നാൽ കാര്യങ്ങൾ കൈവിട്ട് പോയത് ആദ്യ പകുതിയുടെ 34ാം മിനിറ്റിലായിരുന്നു. അമേരിക്കയുടെ ഒരു ആക്രമണ നീക്കം തട്ടിയകറ്റാൻ ശ്രമിക്കുന്നതിനിടെ കൊളംബിയയുടെ സുപ്പർതാരവും ഡീപ് ഡിഫന്ററുമായിരുന്ന ആന്ദ്ര എസ്‌കോബാറാന്റെ കാലിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് നീങ്ങി. ഗോളി ഓസ്‌കാർ കൊർഡോസെക്ക് പ്രതിരോധിക്കാൻ കഴിയും മുൻപ് പന്ത് ഗോൾവല ചലിപ്പിച്ചിരുന്നു. ആരും പ്രതീക്ഷിക്കാത്ത സമയത്തുകൊളംബിയയുടെ പോസ്റ്റിൽ ഒരു സെൽഫ് ഗോൾ!

വലതുഭാഗത്ത് നിന്ന് വന്ന ക്രോസ് ഇടങ്കാലനായ എസ്‌കോബാർ വലത് കാൽകൊണ്ട് ക്ലിയർ ചെയ്യാൻ ശ്രമിച്ചതായിരുന്നു തിരിച്ചടിയായത്. 52ാം മിനിറ്റിൽ അമേരിക്ക ലീഡുയർത്തി. കൊളംബിയ ആശ്വാസ ഗോൾ നേടിയെങ്കിലും മത്സരം 2-1ന് കൈവിട്ട് പോയി. കൊംബിയയ്ക്ക് ടൂർണമെന്റിൽ നിന്ന് പുറത്തേക്കുള്ള വഴിയും തെളിഞ്ഞു. പിന്നീട് നടന്ന മത്സരം ജയിച്ചെങ്കിലും മുൻ പരാജയങ്ങൾ തിരിച്ചടിയായി.



പരാജയം കായിക രംഗത്തെ അവസാന വാക്കല്ലെന്നിരിക്കെ തന്നെ കൊളംബയയിലെ മയക്കുമരുന്ന മാഫിയക്ക് പൊറുക്കാവാത്തതായിരുന്നു ആ തിരിച്ചടി. അതിവ് അവരിട്ട വില എസ്‌കോബാറിന്റെ ജീവനായിരുന്നു. തോൽവിക്ക് നേരിട്ട ഒരാഴ്ച തികയും മുമ്പേ മയക്കുമരുന്ന് മാഫിയ എസ്‌കോയുടെ ജീവനെടുത്തു.



1994 ജൂലായ് 2 ന് ആയിരുന്നു ആ ദാരുണ സംഭവം. കൊളംബിയൻ നഗരമായ മെഡിലനിൽ ഒരു നിശാ ക്ലബിൽ വച്ചുണ്ടായ തർക്കത്തിനിടെ ആയിരുന്നു എസ്‌കോബാറിന് നേരെ അക്രമികൾ വെടിയുതിർത്തത്. സെൽഫ് ഗോളടിച്ച് നാടിന് നാണക്കേടുണ്ടാക്കി എന്നാക്ഷേപിച്ചായിരുന്നു തർക്കം. 38 കാലിബർ പിസ്റ്റൾ കൊണ്ട ആറ് തവണയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഓരോ വെടിക്ക് ശേഷവും കൊലപാതകി 'ഗോൾ...ഗോൾ' എന്ന് നിലവിളിച്ചതായാണ് റിപ്പോർട്ട്. എസ്‌കോബാറിനെ മരണത്തിന് വിട്ട് അവർ ടൊയോട്ട പിക്കപ്പ് ട്രക്കിൽ സ്ഥലം വിട്ടു. എസ്‌കോബാറിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും 45 മിനിറ്റിന് ശേഷം മരിച്ചു.

തലകുനിച്ച് ബാജിയോ

ഏറ്റവും കൂടുതൽ കാണികൾ കണ്ട ലോകകപ്പ് എന്ന ഖ്യാതി 94 ടൂർണമെന്റിന് അവകാശപ്പെട്ടതാണ് (മൊത്തം 3,587,538 കാണികൾ. ശരാശരി ഒരു മത്സരത്തിൽ 69,000 കാണികൾ). ബൾഗേറിയയ്‌ക്കെതിരായ മത്സരത്തിന് തൊട്ടുമുൻപ് ഉത്തേജകമരുന്ന് ('നാസ്തിനോൾ') ഉപയോഗിച്ചതിന് മറഡോണ പിടിക്കപ്പെട്ടത് ലോകകപ്പിന് നാണക്കേടായി. അതിലടങ്ങിയിരിക്കുന്ന 'എഫെഡ്രിൻ' എന്ന വസ്തു നിരോധനപട്ടികയിൽ ഉൾപ്പെട്ടതായിരുന്നു. അമേരിക്കയ്‌ക്കെതിരായ മത്സരത്തിൽ 'സെൽഫ് ഗോൾ' അടിച്ചതിന്റെ പേരിൽ കൊളംബിയൻ സ്‌ട്രൈക്കർ ആന്ദ്രെ എസ്‌കോബാർ ഒരാഴ്ചയ്ക്കുശേഷം സ്വന്തം നാട്ടിൽ വെടിയേറ്റു മരിച്ചത് ടൂർണമെന്റിന്റെ നൊമ്പരമായി.

ഇറ്റലിയും ബ്രസീലും ഫൈനലിൽ. കാൽനൂറ്റാണ്ടിനുശേഷമുള്ള ബ്രസീലിന്റെ ആദ്യ ഫൈനലായിരുന്നു അത്. പെലെ അടക്കമുള്ള മഹാരഥന്മാർ ഇല്ലാത്ത ആദ്യ ഫൈനൽ. ഷൂട്ടൗട്ടിലൂടെ ലോകജേതാക്കളെ നിർണിയിച്ച ആദ്യ ലോകകപ്പ്. ബ്രസീൽ നിരയിൽ റൊമാരിയോ, ബ്രാങ്കോ, ദുംഗ എന്നിവർ പന്ത് വലയിലെത്തിച്ചപ്പോൾ മാർസിയോ സാന്റോസിന് മാത്രം പതറി. മറുഭാഗത്ത് ബറേസി ആദ്യ അവസരം തന്നെ തുലച്ചു. അൽബർട്ടിനിയും ഇവാനിയും പന്ത് നെറ്റിലെത്തിച്ചു. നാലാം കിക്കെടുത്ത മസാരൊയ്ക്കും പിഴച്ചു. ആദ്യ നാലു കിക്കുകൾ അവസാനിച്ചപ്പോൾ ബ്രസീൽ 3 - 2ന് മുന്നിൽ.


ഇറ്റലിയുടെ അവസാന അവസരം ബാജിയോയ്ക്ക്. പരുക്കേറ്റ കാലുമായി ബാജിയോ കിക്കിനായി കുതിച്ചു. ടൂർണമെന്റിലുടനീളം അഞ്ചു ഗോളുകൾ നേടിയ ബാജിയോയിൽ ഇറ്റലി പൂർണമായിവിശ്വസിച്ചു. എന്നാൽ ലോകഫുട്ബോളിനെ ഞെട്ടിച്ചുകൊണ്ട് ബാജിയോ തൊടുത്ത പന്ത് അവരുടെ ലോകകപ്പ് മോഹങ്ങൾക്കൊപ്പം ബാറിനു പുറത്തുകൂടി പറന്നു. ബ്രസീലിന് 3 - 2ന്റെ ജയം, ഒപ്പം ലോകകപ്പും. ജേതാക്കൾക്കുള്ള ട്രോഫി ബ്രസീൽ ക്യാപ്റ്റൻ ദുംഗ ഏറ്റുവാങ്ങി.

മറക്കാനാവില്ല കണ്ണീരണിഞ്ഞ മാരക്കാനയെ

1950 ലോകകപ്പ് ബ്രസീലിന്റെ മണ്ണിലേക്ക് വിരുന്നെത്തിയതോടെയാണ് ഫുട്‌ബോൾ പ്രേമികളുടെ നാടായ റിയോ ഡി ജനീറോയിൽപ്രശസ്തമായ മാരക്കാന സ്റ്റേഡിയം ഉയർന്നത്. ഏതാണ്ട് 2000 പണിക്കാർ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അധ്വാനിച്ചാണ് ലക്ഷ്യം കണ്ടത്. 1950 ജൂൺ 16ന് മൈതാനം ലോക ഫുട്ബോളിനുമുന്നിൽ തുറക്കപ്പെട്ടു. ശക്തമായ ടീമുമായി ബ്രസീലും അണിഞ്ഞൊരുങ്ങി. മാരക്കാനയിൽ അരങ്ങേറിയ കലാശപ്പോരാട്ടത്തിൽ യുറഗ്വായും ആതിഥേയരായ ബ്രസീലും നേർക്കുനേർ ഏറ്റുമുട്ടി.

സെമി ഫൈനലോ, ഫൈനലോ ഇല്ലാതെ ഫൈനൽ റൗണ്ടിൽ പരസ്പരം മത്സരിച്ച് കൂടുതൽ പോയിന്റുകൾ നേടുന്ന ടീമിന് ട്രോഫി നൽകാനായിരുന്നു തീരുമാനം.ഫൈനൽ റൗണ്ടിലെത്തിയ ബ്രസീൽ ആദ്യ രണ്ടു മത്സരങ്ങളിൽ വലിയ മാർജിനിലാണ് ജയിച്ചു വന്നത്. 7-1 ന് സ്വീഡനെയും, 6-1 ന് സ്പെയിനിനേയും തകർത്ത ആത്മ വിശ്വാസത്തിലായിരുന്നു ബ്രസീൽ. സ്പെയിനോട് സമനിലയും (2 - 2), സ്വീഡനോട് (3 - 2) ജയവുമായിരുന്നു യുറഗ്വായുടെ കൈമുതൽ. അവസാന മത്സരത്തിനു മുമ്പ് ബ്രസീൽ ഒരു പോയിന്റ് മുന്നിലായിരുന്നു.

ഒരു സമനിലവഴങ്ങിയാൽ പോലും യൂൾ റിമെ കപ്പിന് അവകാശിയാകാൻ ബ്രസീലിനു കഴിയുമായിരുന്നു. ട്രാക്ക്‌റെക്കോർഡും ടീമിന്റെ ഒത്തിണക്കവും എല്ലാം ബ്രസീലിന് അനുകൂലഘടകമായിരുന്നു. ബ്രസീലിന്റെ വിജയത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. അഡ്‌മിൽ, ജയർ, ചീക്കോ, സിസഞ്ഞോ, ഫ്രിയാക്ക് എന്നിവരായിരുന്നു ടീമിന്റെ കരുത്ത്. ബ്രസീലിനായി ഒരു വിജയഗാനവും തയ്യാറാക്കപ്പെട്ടിരുന്നു.

ഒന്നാം പകുതി ഗോൾ രഹിത സമനിലയായിരുന്നു. രണ്ടാം പകുതിയുടെ രണ്ടാം മിനിട്ടിൽ ബ്രസീലിന്റെ ഫിയാക്ക യുറഗ്വയ് ഗോൾവലയം ചലിപ്പിച്ചു. അക്രമണത്തിൽ നിന്നു പൈന്തിരായാതിരുന്ന ബ്രസീൽ ടീമിലെ ബിഗോഡയുടെ പിഴവുകൊണ്ട് ലഭിച്ച പന്തുമായി ഗിഗ്ഗിയ നൽകിയ പാസിൽ നിന്ന് ഒരു ഹെഡറിലൂടെ സ്‌കിഫിയാനോവ് യുറഗ്വായുടെ ഗോൾ മടക്കി. കളി അവസാനിക്കാൻ പതിനൊന്നുമിനിട്ടു മാത്രം ബാക്കിയുള്ളപ്പോൾ ഗിഗ്ഗിയ വീണ്ടും പന്തുമായി മുന്നേറി ബ്രസീൽ ഗോൾകീപ്പർ മൊയ്തർ ബർബോസയെ മറികടന്ന് ഗോൾവലയം ചലിപ്പിച്ചു. ലീഡ് നേടിയ യുറഗ്വായ് ടീം ഒന്നടക്കം പ്രതിരോധത്തിലേക്കു വലിഞ്ഞ് കോട്ട തീർത്തു. അവസാന വിസിൽ മുഴക്കത്തെ തുടർന്ന് മാർക്കാനയിൽ നിശ്ശബ്ദത തളം കെട്ടി. രണ്ടു ലക്ഷത്തോളം പേർ അന്നു മാരക്കാനയുടെ പടവുകളിലും പുറത്തുമിരുന്ന് കരഞ്ഞു. പ്രശസ്ത എഴുത്തുകാരനായ നെൽസൺ റോഡ്രിഗ്സ് ഈ തോൽവിയെ വിശേഷിപ്പിച്ചതു ബ്രസീലിന്റെ ഹിരോഷിമ എന്നാണ്.



ഈ മത്സരത്തിനുശേഷം ദുരന്ത കളിയിലെ വെള്ള ജഴ്സി ബ്രസീൽ ഉപേക്ഷിച്ചു മഞ്ഞ കുപ്പായത്തിലേക്കുമാറി. ഒരു ഡിസൈനിങ്ങ് മത്സരത്തിനു ശേഷം തെരഞ്ഞെടുക്കപ്പെട്ടത് ആൽദിർ ഗാർഷ്യ ഷലി എന്ന പത്തൊമ്പതുകാരൻ ഡിസൈൻ ചെയ്ത മഞ്ഞ കുപ്പായമായിരുന്നു. ഇന്നും നേരിയ മാറ്റങ്ങളോടെ ആ മഞ്ഞ കുപ്പായമാണ് ബ്രസീൽ ജഴ്സി.

1989 മാരക്കാനയിൽ കോപ അമേരിക്കൻ ഫൈനലിൽ ബ്രസീൽ യുറുഗ്വായെ തോൽപ്പിച്ചെങ്കിലും അത് 1950 ലെ തോൽവിയുടെ വേദന കുറയ്ക്കാൻ പര്യാപ്തമായിരുന്നില്ല. മാറക്കാന പിന്നീട് പലപ്പോഴും ആഹ്ലാദം കൊണ്ടു വന്നു. പല നല്ല ചരിത്രനിമിഷങ്ങൾക്കും സാക്ഷിയായി. 1969 നവംബർ 19 ന് കറുത്ത മുത്ത് പേലെയുടെ ആയിരാമത്തെ ഗോളിന് സാക്ഷ്യം വഹിച്ചതു മാരക്കാന സ്റ്റേഡിയമായിരുന്നു. എന്നാലും ബ്രസീലിന് മാരക്കാനയെ മറക്കാനാവില്ല. എല്ലാമെല്ലാമായ പെലെയെയും ഗാരിഞ്ചയെയുമൊക്കെ വളർത്തി വലുതാക്കിയതും മാരക്കാനയാണ്.

സിദാന്റെ ഇടി, സ്വാരസിന്റെ കടി...

2006ലെ ലോകകപ്പ് ഫൈനലിൽ ഫ്രഞ്ച് നായകൻ സിനദ്ദിൻ സിദാൻ കളി തീരാൻ പതിനഞ്ച് മിനിറ്റ് ബാക്കി നിൽക്കെ ഇറ്റലിയുടെ സെൻട്രൽ ഡിഫൻഡർ മാർക്കോ മറ്റരാസിയെ തലകൊണ്ട് ഇടിച്ചിട്ടത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു. ഫ്രാൻസും ഇറ്റലിയും ഓരോ ഗോൾ അടിച്ച് മത്സരം 1 -1 എന്ന സ്‌കോറിൽ നിൽക്കുമ്പോഴായിരുന്നു മറ്റെരാസിയുടെ പ്രകോപനത്തിൽ സിദ്ദാൻ തല കൊണ്ടു മറുപടി പറഞ്ഞത്. അധിക സമയത്തെ പത്തൊൻപതാം മിനിറ്റിൽ സിദാൻ അപമാനകരമായ രീതിയിൽ മൈതാനത്തിന് പുറത്തേക്ക് പോയി. ഇടികൊണ്ട മറ്റെരാസി നിലത്തുവീണു. ഇരുവർക്കും ഇടയിൽ സംഭവിച്ചതെന്തെന്ന് റഫറി ഹൊസാരിയോ എലിസോണ്ടോ കണ്ടിരുന്നില്ല. രണ്ട് മിനിറ്റോളം നീണ്ട അനിശ്ചിതത്വം. പിടിക്കപ്പെട്ടാൽ പുറത്തുപോകേണ്ടി വരുമെന്ന് സിദാന് അറിയാമായിരുന്നു. ഫിഫ്ത്ത് ഒഫീഷ്യലിനോട് സംസാരിച്ച് ഫൗൾ ഉറപ്പുവരുത്തി റഫറി ഹൊസാരിയോ സിദാന് നേരെ ചുവപ്പുകാർഡ് ഉയർത്തി. രണ്ടാം കിരീടം സ്വപ്നം കണ്ട സിദാന് തലതാഴ്‌ത്തി മൈതാനം വിടേണ്ടി വന്നു. നിശ്ചിത സമയത്ത് മത്സരം സമനിലയിൽ കലാശിക്കുകയും പിന്നീട് ഷൂട്ടൗട്ടിലൂടെ ഇറ്റലി കിരീടം സ്വന്തമാക്കുകയും ചെയ്തു. കിരീടം പോലും വേണ്ടെന്ന് വച്ച് പ്രതികരിക്കാൻ സിദാനെ പ്രകോപിപ്പിച്ചത് എന്തായിരുന്നു എന്ന് ഒരു വർഷത്തിന് ശേഷമാണ് മറ്റെരാസി വെളിപ്പെടുത്തിയത്. ''എനിക്ക് അഭിസാരികയോട് താൽപര്യമാണ്.നിന്റെ സഹോദരി'' എന്നാണ് താൻ പറഞ്ഞതെന്ന് മറ്റെരാസി തുറന്നു പറഞ്ഞു. അതുവരെ സിദാനോട് ഉണ്ടായ അമർഷം ആരാധകർ മറക്കാൻ തയ്യാറായത് ആ വെളിപ്പെടുത്തലായിരുന്നു.



2014 ലോകകപ്പിൽ യുറഗ്വായ് സൂപ്പർ താരം ലൂയി സ്വാരെസ് ഇറ്റലിയുടെ ജോർജിയോ ചെല്ലിനിയെ കടിച്ചതും സമാനമായ വിവാദം ഉയർത്തിയിരുന്നു. പ്രാഥമിക ഘട്ടത്തിലെ യുറഗ്വായുടെ അവസാന മത്സരത്തിന്റെ 79 ആം മിനിറ്റിൽ ഗോൾ രഹിതമായി മത്സരം പുരോഗമിക്കവെയായിരുന്നു വിവാദ സംഭവം. ക്യാമറകൾ ആ ദൃശ്യം ഒപ്പിയെടുത്തു. ചില്ലിനിയെ താൻ മനഃപൂർവം കടിച്ചതല്ലെന്നും വീഴ്ചയിൽ യാഥൃശ്ചികമായി സംഭവിച്ചതാണെന്നും പറഞ്ഞ് സ്വാരെസ് നടപടിയിൽ നിന്നും തലയൂരാൻ നോക്കി. ഓട്ടത്തിനിടയിൽ നിയന്ത്രണം വിട്ട താൻ ചില്ലിനിയുടെ ചുമലിലേക്ക് വീണതാണെന്നും അതിനിടയിൽ തന്റെ മുഖം ഇടിച്ച് പല്ല് വേദനിച്ചതായും സ്വാരെസ് പറഞ്ഞു. എന്നാൽ അത് വിലപ്പോയില്ല. ഒൻപത് മത്സരങ്ങളിൽ വിലക്ക് നൽകിയ ഫിഫ വൻ തുക പിഴ ഇടുകയും ചെയ്തു.

ഷൂമാക്കറുടെ ഇടി

1982ലെ ലോകകപ്പ് സെമിയിൽ ജർമ്മനിയും ഫ്രാൻസും ഏറ്റുമുട്ടുന്നു. മത്സരം പുരോഗമിക്കവെ ജർമ്മൻ ഗോളി ടോണി ഷൂമാക്കർ കൈമുട്ടുകൊണ്ട് ഫ്രഞ്ച് താരം പാട്രിക് ബാറ്റിസ്റ്റനെ ഇടിച്ചുവീഴ്‌ത്തി. ബാറ്റിസ്റ്റന്റെ മൂന്ന് പല്ലുകൾ മൈതാനത്ത് തെറിച്ചുവീണു. ഷൂമാക്കർ മത്സരത്തിന് ശേഷം പറഞ്ഞത് വിവാദമായി. അയാളുടെ മൂന്ന് പല്ലുകൾക്ക് ഞാൻ നഷ്ടപരിഹാരം നൽകാം എന്നായിരുന്നു ഷൂമാക്കറുടെ പ്രതികരണം.

കാണികളുടെ എണ്ണത്തിൽ ലോക റെക്കോർഡ്

ബ്രസീലിൽ നടന്ന 1950 ലെ ലോകകപ്പ് മൽസരത്തിൽ സാധാരണ രീതിയിലുള്ള ഫൈനൽ നടന്നിരുന്നില്ല. സ്പെയിൻ, സ്വീഡൻ, യുറഗ്വേയ്, ബ്രസീൽ എന്നീ ടീമുകളാണ് അവസാന ലീഗിൽ മാറ്റുരച്ചത്. റിയോ ഡി ജനീറോയിലെ മരക്കാന സ്റ്റേഡിയത്തിൽ ബ്രസീലും യുറഗ്വായും തമ്മിലാണ് ഫൈനൽ നടന്നത്. ഈ മൽസരത്തിൽ വിജയിച്ചത് യുറഗ്വായ് ആണ്.

173,850 കാണികളാണ് ഈ മത്സരം കാണാനെത്തിയത്. ഒരു ലോകകപ്പ് മത്സരത്തിലെ ഏറ്റവും കൂടുതൽ കാണികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഈ മത്സരം ഗിന്നസ് റെക്കോർഡിലും ഇടം നേടി. അനൗദ്യോഗിക കണക്കു പ്രകാരം ഏകദേശം 200,000 പേർ ഈ മൽസരം കാണാനെത്തിയിരുന്നു. 1930-ൽ മോണ്ടിവിഡിയോയിൽ നടന്ന റൊമാനിയ-പെറു മത്സരമാണ് ഏറ്റവും കുറവ് കാണികൾ പങ്കെടുത്ത ലോകകപ്പ് മത്സരം. 300 പേർ മാത്രമാണ് ഈ മൽസരം കാണാൻ ഉണ്ടായിരുന്നത്.

ഇന്ത്യയുടെ പിന്മാറ്റം

ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ബർമ (ഇപ്പോഴത്തെ മ്യാന്മർ) എന്നീ രാജ്യങ്ങൾ 1950 ലോകകപ്പിൽ നിന്ന് പിന്മാറിയിരുന്നു. അതിനു പിന്നാലെ ഇന്ത്യക്ക് ലോകകപ്പ് ഫുട്‌ബോളിൽ മൽസരിക്കാനുള്ള ക്ഷണം ലഭിച്ചു. എന്നാൽ, ടീം സെലക്ഷൻ, പരിശീലനം എന്നിവ സംബന്ധിച്ച് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനിൽ അഭിപ്രായവ്യത്യാസമുണ്ടായി. ഇന്ത്യ ആ ക്ഷണം നിരാകരിക്കുകയാണ് ചെയ്തത്. 1950 ലെ ബ്രസീൽ ലോകകപ്പിൽ കളിക്കാൻ ക്ഷണം ലഭിച്ച ഒരേയൊരു ഏഷ്യൻ ടീമായിരുന്നു ഇന്ത്യ. നഗ്‌ന പാദരായി കളിക്കാൻ അനുവദിക്കാത്തതാണ് ഇന്ത്യ പിന്മാറാൻ പ്രധാന കാരണം എന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇന്നാൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തതയോ ഔദ്യോഗിക സ്ഥിരീകരണമോ ഉണ്ടായിട്ടില്ല.

ബ്രസീൽ ഇല്ലാതെ എന്ത് ലോകകപ്പ്?

എല്ലാ തവണയും ഫിഫ ലോകകപ്പിൽ (വരാനിരിക്കുന്ന ലോകകപ്പ് ഉൾപ്പെടെ) പങ്കെടുത്ത ഏക ടീമാണ് ബ്രസീൽ. തൊട്ടടുത്ത സ്ഥാനം ജർമനിക്കാണ് (20 ലോകകപ്പ് മൽസരങ്ങൾ). ഇറ്റലി (18), അർജന്റീന (18), മെക്‌സിക്കോ (17) എന്നീ രാജ്യങ്ങളാണ് തൊട്ടു പിന്നിൽ.

ബ്രസീൽ അഞ്ച് തവണ റെക്കോർഡ് ലോകകപ്പ് നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഫൈനൽ മത്സരങ്ങൾ കളിച്ച രാജ്യം ജർമനിയാണ്. എട്ടു ലോലകപ്പ് ഫുട്‌ബോൾ ഫൈനലാണ് ജർമൻ ടീം കളിച്ചിട്ടുള്ളത്. ബ്രസീലാകട്ടെ, ഏഴും.

കിഴക്കൻ ജർമനിയും പടിഞ്ഞാറൻ ജർമനിയും

1974 ലെ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് പടിഞ്ഞാറൻ ജർമനിയാണ്. യാദൃശ്ചികമെന്നു പറയട്ടെ, കിഴക്കൻ ജർമനി ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടിയ ഏക പതിപ്പും ഇതുതന്നെയായിരുന്നു. രണ്ട് ടീമുകളും ഗ്രൂപ്പ് 2 ൽ ഇടംപിടിച്ചു. ഇരു ടീമുകളും ഏറ്റുമുട്ടിയ മൽസരത്തിൽ കിഴക്കൻ ജർമനി 1-0 ന് പടിഞ്ഞാറൻ ജർമനിയെ പരാജയപ്പെടുത്തി.

കിരീടം മോഷ്ടിച്ചു, ഒടുവിൽ കണ്ടെത്തൽ

ഏറ്റവും കൂടുതൽ കാലം ഫിഫ പ്രസിഡന്റായിരുന്നയാൾ എന്ന റെക്കോർഡ് ജൂൾസ് റിമെറ്റിനാണ്. 1921 മുതൽ 1954 വരെ യാണ് അദ്ദേഹം ഫിഫയുടെ തലപ്പത്തിരുന്നത്. ലോകകപ്പ് മൽസരങ്ങൾ നടത്താനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. 1946 ലെ ലോകകപ്പ് ട്രോഫി ജൂൾസ് റിമെറ്റ് ട്രോഫി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു.

1966ലെ ലോകകപ്പ് ഇംഗ്ലണ്ടിലാണ് നടന്നത്. 1966 മാർച്ച് 20 ന് വെസ്റ്റ്മിൻസ്റ്ററിലെ മെത്തഡിസ്റ്റ് സെൻട്രൽ ഹാളിൽ നിന്ന് ട്രോഫി മോഷ്ടിക്കപ്പെട്ടു. 15,000 പൗണ്ട് മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു ഫോൺ കോളും കുറിപ്പും പിന്നാലെ വന്നു. പൊലീസ് ഇത് ട്രാക്ക് ചെയ്ത് എഡ്വേർഡ് ബെച്ച്ലി എന്നയാളെ അറസ്റ്റ് ചെയ്തു. പക്ഷേ ട്രോഫി കണ്ടെത്താൻ കഴിഞ്ഞില്ല.

ഒരിക്കൽ നോർവുഡിലെ ഡേവിഡ് കോർബറ്റ് എന്നയാൾ തന്റെ വളർത്തുനായക്കൊപ്പം പുറത്തിറങ്ങിയപ്പോഴാണ് യാദൃച്ഛികമായി കിരീടം കണ്ടെത്തിയത്. അയൽവാസിയുടെ കാറിനുള്ളിലെ പത്രത്തിൽ പൊതിഞ്ഞ ഒരു വസ്തുവിലേക്കു തന്നെ നോക്കി നിൽക്കുകയായിരുന്നു നായ. കോർബറ്റ് നോക്കിയപ്പോൾ ഒരു സ്ത്രീ തലയിൽ ഒരു പാത്രം പിടിച്ചിരിക്കുന്നതാണ് കണ്ടെത്. ജർമനി, യുറഗ്വയ്, ബ്രസീൽ എന്നിങ്ങനെ എഴുതിയിട്ടുമുണ്ടായിരുന്നു. അത് ലോകകപ്പ് ട്രോഫിയാണെന്ന് കോർബറ്റ് തിരിച്ചറിഞ്ഞു. പൊലീസ് കോർബെറ്റിനെ ചോദ്യം ചെയ്തു. ഒടുവിൽ അദ്ദേഹത്തിന് 3,000 പൗണ്ട് പാരിതോഷികനമായി ലഭിച്ചു. പെട്ടെന്ന് അയാൾ സെലിബ്രിറ്റിയായി മാറുകയും ചെയ്തു. 'ദി സ്‌പൈ വിത്ത് എ കോൾഡ് നോസ്' എന്ന സിനിമയിലും കോർബറ്റ് അഭിനയിച്ചു.

1970-ൽ ബ്രസീൽ ലോകകപ്പ് നേടി. 1958-ലും 1962-ലും വിജയം ആവർത്തിച്ച ബ്രസീൽ, ജൂൾസ് റിമെറ്റ് ട്രോഫിയുടെ സ്ഥിരം ഉടമകളായി. തുടർന്നുള്ള പതിപ്പുകൾക്കായി ഒരു പുതിയ ട്രോഫി കമ്മീഷൻ ചെയ്തു.

ഭൂകമ്പം 'നൽകിയ' ലോകകപ്പ്

1962 ലെ ടൂർണമെന്റിന് മുൻപ് പ്രധാനപ്പെട്ട ഒരു സംഭവം നടന്നു. മത്സരത്തിന് രണ്ട് വർഷം മുമ്പ് ചിലിയെ വൻ ഭൂകമ്പങ്ങൾ ബാധിച്ചിരുന്നു. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം അവർക്ക് പല തവണ നഷ്ടപ്പെട്ടിരുന്നു. ഞങ്ങൾക്ക് ഒന്നുമില്ല, അതിനാൽ ലോകകപ്പ് നടത്താനെങ്കിലും അനുവദിക്കണം എന്നാണ് ചിലിയൻ ഫുട്‌ബോൾ ഫെഡറേഷന്റെ പ്രസിഡന്റ് കാർലോസ് ഡിറ്റ്‌ബോൺ പറഞ്ഞത്. അങ്ങനെ അർജന്റീനയെ പിന്തള്ളി, ചിലിക്ക് ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭിച്ചു.

ലോകകപ്പിൽ 'അതിഥിയായി' നായ

ചിലിയിലെ ലോകകപ്പ് മത്സരത്തിനിടെ രസകരമായ സംഭവങ്ങളും ഉണ്ടായി. ബ്രസീലും ഇംഗ്ലണ്ടും തമ്മിലുള്ള ക്വാർട്ടർ ഫൈനലിനിടെ ഒരു നായ ഗ്രൗണ്ടിലേക്ക് ഓടിയെത്തി. ഇംഗ്ലണ്ട് താരം ജിമ്മി ഗ്രീവ്‌സ് അതിനെ എടുത്തു കൊണ്ടുപോയത് കാണികൾ വൻ കരഘോഷത്തോടെയാണ് ഈ വരവേറ്റത്.

ബ്രസീലാണ് അത്തവണ കിരീടം ചൂടിയത്. ബ്രസീൽ താരം ഗാരിഞ്ച രണ്ട് ഗോളുകൾ നേടി. ബ്രസീൽ ടീം നായയെ തങ്ങൾക്കൊപ്പം കൂട്ടി. അതിന്റെ ഉടമസ്ഥാവകാശം ഗാരിഞ്ചക്കാണ് ലഭിച്ചത്. അദ്ദേഹം അതിന് ബികാംപിയോനാറ്റോ (ബൈ) എന്ന് പേരിട്ടു.

ലോകകപ്പ് വീട്ടിലേക്ക് മടങ്ങുന്നു

ക്രിസ്തുവർഷം മുതൽ പ്രചാരത്തിലുണ്ടായിരുന്ന ചൈനീസ് കായിക വിനോദമായ കുജുവിനോട് ഫുട്‌ബോളിന് ബന്ധമുണ്ടെങ്കിലും എട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ദ്വീപുകളിലാണ് ആദ്യമായി ഫുട്‌ബോൾ പന്തുരുണ്ടു തുടങ്ങിയത്. അതുകൊണ്ടു തന്നെ ഫുട്ബോളിന്റെ വീടെന്ന വിശേഷണം ബ്രിട്ടനു നൽകുന്നതിൽ തെറ്റില്ല. പക്ഷേ ആദ്യത്തെ ഏഴ് ലോകകപ്പുകൾ യുറഗ്വേയ്, ഇറ്റലി, ഫ്രാൻസ്, ബ്രസീൽ, സ്വിറ്റ്‌സർലൻഡ്, സ്വീഡൻ, ചിലി എന്നിവിടങ്ങളിലായാണ് നടന്നത്. എട്ടാം പതിപ്പിന് ആതിഥേയത്വം വഹിച്ചത് ബ്രിട്ടനാണ്.

ഈസ്റ്റ് ഇൻഡീസ് - ഇന്തോനേഷ്യ

1934 ലെയും, 1938 ലെയും ലോകകപ്പുകൾ നോക്കൗട്ട് ഫോർമാറ്റിലാണ് കളിച്ചത്. പിന്നീടുള്ള മത്സരത്തിൽ, ഹംഗറി ആദ്യ റൗണ്ടിൽ ഡച്ച് ഈസ്റ്റ് ഇൻഡീസിനെ (ഇപ്പോളത്തെ ഇന്തോനേഷ്യ) 6-0 ന് പരാജയപ്പെടുത്തി. ഇന്തോനേഷ്യ പിന്നീടൊരു ഫുട്‌ബോൾ ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല, ലോകകപ്പിൽ ഏറ്റവും കുറവ് പ്രാതിനിധ്യം അറിയിച്ച ടീമായും അവർ മാറി.

ചെലവേറിയ സമ്മാനങ്ങൾ

1990- ലാണ് യു.എ.ഇ ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയത്. ഗോൾ നേടുന്ന താരങ്ങൾക്ക് പ്രധാനമന്ത്രി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഒരോ റോൾസ് റോയ്സ് വാഗ്ദാനം ചെയ്തിരുന്നു. 24 ടീമുകൾ മാറ്റുരച്ച ആ വർഷത്തെ ലോകകപ്പിൽ യു.എ.ഇ 24-ാം സ്ഥാനത്തായിരുന്നു. കളിച്ച മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ടു. പക്ഷേ ഗോൾ നേടിയ ഖലീൽ ഇസ്മായിൽ മുബാറക്ക്, അലി താനി ജുമ എന്നീ യു.എ.ഇ താരങ്ങൾക്ക് റോൾസ് റോയ്സ് സമ്മാനമായി ലഭിച്ചു.

ഗോൾ റെക്കോർഡ്

2001-ൽ കോഫ്സ് ഹാർബറിൽ, അടുത്ത വർഷത്തെ ലോകകപ്പിനുള്ള യോഗ്യതാ ഇതേ മൽസരത്തിൽ ഓസ്ട്രേലിയ 31-0ന് അമേരിക്കൻ ടീമീനെ തോൽപിച്ചു. ഓസ്ട്രേലിയയുടെ ആർച്ചി തോംസണിന്റെ 13 ഗോളുകൾ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിലെ ലോക റെക്കോർഡായി ഇന്നും തുടരുന്നു.

ഭൂട്ടാന്റെ വിജയം

ജർമനിയെ 2-0ന് തോൽപ്പിച്ച് ബ്രസീലാണ് 2002 ലോകകപ്പ് നേടിയത്. ഫിഫ റാങ്കിങ് പ്രകാരം ഏറ്റവും താഴ്ന്ന റാങ്കിലുള്ള രണ്ട് ടീമുകളായ ഭൂട്ടാനും മോണ്ട്‌സെറാറ്റും തിംഫുവിലും ഏറ്റുമുട്ടിയിരുന്നു. ഫിഫ നടത്തിയ ഈ മൽസരത്തിൽ 4-0ന് ജയിച്ചത് ഭൂട്ടാൻ ആണ്. ഫുട്‌ബോളിൽ ഭൂട്ടാന്റെ ആദ്യ വിജയമായിരുന്നു അത്. ദ അദർ ഫൈനൽ (ഠവല ഛവേലൃ എശിമഹ) എന്ന അവാർഡ് നേടിയ ഡോക്യുമെന്ററിക്ക് ആധാരവും ഭൂട്ടാൻ-മോണ്ട്‌സെറാറ്റ് മൽസരം ആയിരുന്നു.

വിജയികളും റണ്ണറപ്പുകളും

1930



ആതിഥേയ രാജ്യം: യുറഗ്വായ് , ജേതാക്കൾ: യുറഗ്വായ് റണ്ണറപ്പ്: അർജന്റീന, പതിമൂന്ന് ടീമുകൾ പങ്കെടുത്തു, 18 ഗോളുമായി അർജന്റീന ഗോൾവേട്ടയിൽ മുന്നിലെത്തി. യോഗ്യത റൗണ്ട് മത്സരങ്ങൾ ഇല്ലാതിരുന്ന ഒരേയൊരു ലോകകപ്പായിരുന്നു ഇത്. മെക്‌സികോയും ഫ്രാൻസും തമ്മിലുള്ള ആദ്യ മത്സരത്തിൽ ഫ്രാൻസിന്റെ ലൂസിയൻ ലോറന്റ് നേടിയ ഗോൾ ലോകകപ്പിലെ ആദ്യ ഗോളായി ചരിത്രത്തിൽ ഇടംപിടിച്ചു. ലോകകപ്പ് ചരിത്രത്തിലെ ഹാട്രിക് പിറന്നത് പരാഗ്വായ്‌ക്കെതിരെ അമേരിക്കയുടെ ബെർട്ട് പാറ്റനോഡ് പേരിൽ കുറിച്ചു.

1934



ആതിഥേയ രാജ്യം: ഇറ്റലി ജേതാക്കൾ: ഇറ്റലി, റണ്ണറപ്പ്: ചെക്കസ്ലോവാക്യ, പതിനാറ് ടീമുകൾ ലോകകപ്പിൽ മാറ്റുരച്ചു. ആകെ 70 ഗോളുകൾ പിറന്നു. 12 ഗോൾ നേടി ഇറ്റലി മുന്നിലെത്തി. യൂറോപ്പ് വേദിയൊരുക്കിയ ആദ്യ ലോകകപ്പായിരുന്നു ഇത്. യോഗ്യത റൗണ്ട് മത്സരങ്ങൾ നടത്തിയാണ് ടീമുകളെ നിർണയിച്ചത്.നിലവിലെ ലോകജേതാക്കൾ പങ്കെടുക്കാതിരുന്ന ലോകകപ്പ് കൂടിയാണിത്. ആതിഥേയർ യോഗ്യത റൗണ്ട് മത്സരിച്ച ആദ്യ ലോകകപ്പ് കൂടിയാണ് ഇറ്റലിയിൽ നടന്നത്. ആഫ്രിക്കയിൽ നിന്നുള്ള പ്രതിനിധിയായി ഈജിപ്ത് പങ്കെടുത്തു. ലോകകപ്പ് ജേതാക്കളായ ഇറ്റലിക്ക് വേണ്ടി കിരീടം ഏറ്റുവാങ്ങിയ ഗിയാൻപെറോ കോമ്പി ലോകകപ്പ് ഏറ്റുവാങ്ങുന്ന ആദ്യ ഗോൾകീപ്പർ നായകനായി.

1938



ആതിഥേയ രാജ്യം: ഫ്രാൻസ്, ജേതാക്കൾ: ഇറ്റലി, റണ്ണറപ്പ്: ഹംഗറി ആകെ 84 ഗോളുകൾ ലോകകപ്പിൽ പിറന്നു. 15 ഗോളുകളുമായി ഗോൾവേട്ടയിൽ ഹംഗറി മുന്നിലെത്തി. തുടർച്ചയായി രണ്ട് തവണ കിരീടം നേടിയ ആദ്യ ടീമെന്ന ബഹുമതി ഇറ്റലി സ്വന്തമാക്കി. പിന്നീട് ഈ നേട്ടം ബ്രസീൽ 1958ലും 1962 ലും പേരിൽ കുറിച്ചു. ലോകകപ്പ് കളിക്കുന്ന പ്രഥമ ഏഷ്യൻ രാജ്യമെന്ന പദവി ഡച്ച് ഈസ്റ്റ് ഇൻഡീസ് (ഇന്നത്തെ ഇന്തൊനീഷ്യ) നേടി. ലോകകപ്പിൽ ഒരൊറ്റ മത്സരം മാത്രം കളിച്ച രാജ്യം എന്ന ബഹുമതിയും ഇന്തൊനീഷ്യക്കുള്ളതാണ്.

1942, 1948:

രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് ലോകകപ്പ് നടന്നില്ല

1950



ആതിഥേയ രാജ്യം: ബ്രസീൽ ജേതാക്കൾ: ഉറുഗ്വായ്, റണ്ണറപ്പ്: ബ്രസീൽ 88 ഗോളുകൾ പിറന്ന ലോകകപ്പിൽ 22 ഗോളുകളുമായി ആതിഥേയരായ ബ്രസീൽ മുന്നിലെത്തി. ലോകകപ്പ് ജേതാക്കൾക്ക് നൽകുന്ന കിരീടത്തിന് പുതിയ പേരിട്ട ശേഷമുള്ള ലോകകപ്പായിരുന്നു ഇത്. യൂൾറിമെകപ്പ് എന്നായിരുന്നു ലോകകപ്പിന്റെ പേര്.

1954



ആതിഥേയ രാജ്യം: സ്വിറ്റ്സർലന്റ്, ജേതാക്കൾ: പശ്ചിമ ജർമനി, റണ്ണറപ്പ്: ഹംഗറി. പതിനാറ് ടീമുകളാണ് ഇത്തവണയും പങ്കെടുത്തത്. ആകെ 140 ഗോളുകൾ ലോകകപ്പിൽ പിറന്നു. 27 ഗോളുമായി ഹംഗറി വീണ്ടും മുന്നിലെത്തി. രണ്ടാം ലോകമഹായുദ്ധത്തിൽ സ്വിറ്റ്‌സർലൻഡ് സ്വീകരിച്ച നിഷ്പക്ഷ നിലപാടാണ് വേദി അനുവദിക്കാൻ കാരണം. ലോകകപ്പ് സുവനീർ ആദ്യമായി വിറ്റഴിച്ചത് ഈ ലോകകപ്പിലാണ്. ഒരു ടൂർണമെന്റിലാണ് കളിക്കാർ ആദ്യമായി ജഴ്‌സി നമ്പർ ഉപയോഗിച്ച് തുടങ്ങിയത്.

1958

ആതിഥേയ രാജ്യം: സ്വീഡൻ ജേതാക്കൾ: ബ്രസീൽ, റണ്ണറപ്പ്: സ്വീഡൻ ആകെ പങ്കെടുത്തത് പതിനാറ് ടീമുകൾ. ആകെ 126 ഗോൾ. 23 ഗോളുമായി ഫ്രാൻസ് മുന്നിലെത്തി. പെലെയുടെ അരങ്ങേറ്റം കണ്ട ലോകകപ്പിൽ കിരീടം ഉയർത്തിയത് ബ്രസീലായിരുന്നു. സ്വന്തം വൻകരയ്ക്ക് പുറത്ത് ആദ്യമായി ലോകകപ്പ് ഉയർത്തിയ ടീം എന്ന ഖ്യാതി ബ്രസീലിന് സ്വന്തം. ടൂർണമെന്റിൽ ഉടനീളം പതിമൂന്ന് ഗോൾ നേടിയ ഫ്രാൻസിന്റെ ജസ്റ്റ് ഫൊണ്ടേയ്ൻ ചരിത്ര താളുകളിൽ ഇടംപിടിച്ചു. ലോകകപ്പ് ഫൈനൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം. ഗോൾ നേടിയ പ്രായം കുറഞ്ഞ താരം. ഫൈനലിൽ ഗോൾ നേടിയ പ്രായം കുറഞ്ഞ താരം എന്നിങ്ങനെ ബഹുമതികൾ ഒട്ടേറെ അരങ്ങേറ്റ ലോകകപ്പിൽ പെലെ പേരിൽ കുറിച്ചു.

1962



ആതിഥേയ രാജ്യം: ചിലി, ജേതാക്കൾ: ബ്രസീൽ, റണ്ണറപ്പ്: ചെക്കസ്ലോവാക്യ പതിനാറ് ടീമുകൾ പങ്കെടുത്തു. ആകെ 89 ഗോളുകൾ പിറന്ന ലോകകപ്പിൽ ബ്രസീൽ പതിനാല് ഗോളുമായി മുന്നിലെത്തി. 1960 ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട ചിലിക്ക് ആശ്വാസത്തിന്റെ സമ്മാനമായിരുന്നു ലോകകപ്പ് വേദി. കോർണർ കിക്കിൽ നിന്ന് പന്ത് നേരിട്ട് വലയിലേക്ക് പതിക്കുന്ന ഒളിംപിക്‌സ് ഗോൾ പിറന്ന ഏക ലോകകപ്പായിരുന്നു ഇത്. സോവിയറ്റ് യൂണിയനെതിരെ കൊളംബിയയുടെ മാർക്കസ് കോൾ എടുത്ത കിക്ക് ഗോളായി.

1966

ആതിഥേയ രാജ്യം: ഇംഗ്ലണ്ട്, ജേതാക്കൾ: ഇംഗ്ലണ്ട്, റണ്ണറപ്പ്: പശ്ചിമ ജർമനി. പങ്കെടുത്തത് പതിനാറ് ടീമുകൾ. ആകെ പിറന്നത് 89 ഗോളുകൾ. 17 ഗോളുമായി പോർച്ചുഗൽ മുന്നിലെത്തി. ഇംഗ്ലണ്ട് വേദിയൊരുക്കിയ ആദ്യ ലോകകപ്പ്. ഇംഗ്ലണ്ടിന്റെ ഒരേയൊരു കിരീടനേട്ടവും സ്വന്തം മണ്ണിൽ. ക്വാർട്ടർ ഫൈനലിൽ കടക്കുന്ന ആദ്യ ഏ്ഷ്യൻ രാജ്യമായി ഉത്തര കൊറിയ മാറി. ഫൈനലിൽ ജെഫ് ഫേഴ്സ്റ്റിന്റെ ഹാട്രിക് ഇന്നും ചരിത്ര പുസ്തകത്തിലുണ്ട്. ഡോപ്പിങ് നിയന്ത്രണം ആദ്യമായി ഏർപ്പെടുത്തിയ ലോകകപ്പായിരുന്നു ഇത്. കളിക്കാർ അന്യരാജ്യത്തിനായി കളിക്കുന്നതിനും നിയന്ത്രണം വന്നു. ലോകകപ്പിന് ആദ്യമായി ഒരു ഭാഗ്യചിഹ്നം ഉണ്ടായതും ഈ ലോകകപ്പിലായിരുന്നു.

1970

ആതിഥേയ രാജ്യം: മെക്സിക്കോ, ജേതാക്കൾ: ബ്രസീൽ, റണ്ണറപ്പ്: ഇറ്റലി പങ്കെടുത്തത് 16 ടീമുകൾ. ആകെ 95 ഗോളുകൾ പിറന്ന ലോകകപ്പിൽ ഗോൾവേട്ടയിൽ മുന്നിലെത്തിയത് 19 ഗോളുമായി ബ്രസീൽ. മൂന്ന് തവണ ജേതാക്കളായതിനാൽ യൂൾറിമെ കപ്പ് എന്നന്നേക്കുമായി ബ്രസീലിന് സ്വന്തമായി. പെലെയുടെ അവസാന ലോകകപ്പിൽ കിരീട നേട്ടത്തോടെ ഇതിഹാസ താരത്തിന് യാത്രയയപ്പ് നൽകാൻ ബ്രസീലിന് സാധിച്ചു. ടെലിവിഷനിലൂടെ കളറിൽ സംപ്രേഷണം ചെയ്ത ആദ്യ ലോകകപ്പ് കൂടിയായിരുന്നു ഇത്. മാരിയോ സഗാലോ പരിശീലിപ്പിച്ച ബ്രസീൽ കിരീടത്തിൽ മുത്തമിട്ടപ്പോൾ ഒരു ചരിത്രനേട്ടം കൂടി പിറന്നു. കളിക്കാരൻ ന്നെ നിലയിലും പരിശീലകനായും ലോകകപ്പ് നേടുന്ന ആദ്യ വ്യക്തിയായി സഗാലോ.

1974

ആതിഥേയ രാജ്യം: ജർമനി, ജതാക്കൾ: ജർമനി, റണ്ണറപ്പ്: നെതർലന്റ്സ് പതിനാറ് ടീമുകൾ പങ്കെടുത്ത ലോകകപ്പിൽ പിറന്നത് 97 ഗോളുകൾ. 16 ഗോളുമായി പോളണ്ട് മുന്നിലെത്തി. ഇപ്പോൾ സമ്മാനിക്കുന്ന ഫിഫ ലോകകപ്പ് ട്രോഫി ഈ ലോകകപ്പിലാണ് അനാവരണം ചെയ്തത്. ഓഷ്യാനയിലെ വൻകരയിൽ നിന്നും പ്രതിനിധിയായി ഓസ്‌ട്രേലിയ ലോകകപ്പിനെത്തി. ഫൈനലിലിന്റെ ആദ്യ പകുതിയിൽ പെനൽറ്റിയിലൂടെ ഹോളണ്ടിന്റെ നീസ്‌കെൻസ് നേടിയ ഗോൾ ലോകകപ്പ് ഫൈനലിലെ ആദ്യ പെനാൽറ്റി ഗോളായി.

1978

ആതിഥേയ രാജ്യം: അർജന്റീന, ജേതാക്കൾ: അർജന്റീന, റണ്ണറപ്പ്: നെതർലന്റ്സ്. ആകെ 102 ഗോളുകളാണ് ഈ ലോകകപ്പിൽ പിറന്നത്. പതിനഞ്ച് ഗോൾ വീതം നേടി അർജന്റീനയും ഹോളണ്ടും മുന്നിലെത്തി. അർജന്റീന വേദിയായ ആദ്യ ലോകകപ്പ് കൂടിയായിരുന്നു ഇത്. പ്രാഥമിക റൗണ്ടിലെ പെറു - അർജന്റീന പോരാട്ടം ഒത്തുകളിയുടെ നിഴലിൽ നടന്നത് ടൂർണമെന്റിന് നാണക്കേടായി മാറി. ലോകകപ്പിന് ആതിഥ്യമരുളാനുള്ള അർജന്റീനയുടെ മോഹം പലതവണ ഫിഫ നിരസിച്ചിരുന്നു. ആദ്യമായി അത്തരമൊരു അവസരം കൈവന്നപ്പോൾ സ്വ്ന്തം മണ്ണിൽ കിരീടം ഉയർത്താൻ അർജന്റീനയ്ക്കായി.

1982

ആതിഥേയ രാജ്യം: സ്പെയിൻ, ജേതാക്കൾ: ഇറ്റലി, റണ്ണറപ്പ്: പശ്ചിമ ജർമനി ആകെ 24 ടീമുകളാണ് ഈ ലോകകപ്പിൽ പോരാട്ടത്തിന് ഇറങ്ങിയത്. 148 ഗോളുകൾ ഈ ലോകകപ്പിൽ പിറന്നു. 16 ഗോളുകൾ നേടി ഫ്രാൻസ് മുന്നിലെത്തി. മറഡോണയുടെ ലോകകപ്പ് അരങ്ങേറ്റത്തിന് സ്‌പെയ്ൻ വേദിയായി. എല്ലാ വൻകരകളിൽ നിന്നും പ്രാതിനിധ്യമുണ്ടായ ആദ്യ ലോകകപ്പ് കൂടിയാണിത്. ലോകകപ്പ് ജേതാവായ ഏറ്റവും കൂടുതൽ പ്രായമുള്ള താരമായി ഇറ്റലിയുടെ നായകൻ ദിനോ സോഫായി മാറി. 40 വയസ്സും 133 ദിവസവുമായിരുന്നു ചരിത്ര നേട്ടത്തിന്റെ ദിനത്തിൽ അദ്ദേഹത്തിന്റെ പ്രായം. കൂടുതൽ ഗോൾ നേടുന്ന താരത്തിനഉള്ള ഗോൾഡൻഷൂ മികച്ച കളിക്കാരനുള്ള ഫിഫയുടെ ഗോൾഡൻ ബോൾ പുരസ്‌കാരങ്ങൾ ഫിഫ ഏർപ്പെടുത്തിയതും ഈ ലോകകപ്പിലായിരുന്നു.

1986

ആതിഥേയ രാജ്യം: മെക്സിക്കോ, ജേതാക്കൾ: അർജന്റീന, റണ്ണറപ്പ്: പശ്ചിമ ജർമനി പങ്കെടുത്തത് 24 ടീമുകൾ. ആകെ 132 ഗോളുകളിൽ 14 ഗോളുമായി അർജന്റീന മുന്നെലെത്തി. മറഡോണയുടെ സ്വന്തം ലോകകപ്പായാണ് ചരിത്രം രേഖപ്പെടുത്തിയത്. രണ്ട് തവണ ലോകകപ്പിന് വേദിയൊരുക്കി മെക്‌സിക്കോ ചരിത്രത്തിൽ ഇടംപിടിച്ചു. ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ രണ്ട് ഗോളും ചരിത്രമായി. ആദ്യ ഗോൾ ദൈവത്തിന്റെ ഗോൾ എന്ന പേരിൽ കുപ്രസിദ്ധി നേടിയപ്പോൾ രണ്ടാമത്തെ ഗോൾ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ഗോളുകളിൽ ഒന്നായി മാറി.

1990

ആതിഥേയ രാജ്യം: ഇറ്റലി, ജേതാക്കൾ: പശ്ചിമ ജർമനി, റണ്ണറപ്പ്: അർജന്റീന പങ്കെടുത്തത് 24 ടീമുകൾ. ആകെ 115 ഗോളുകൾ പിറന്നു. പശ്ചിമ ജർമ്മനി 15 ഗോളുമായി മുന്നിലെത്തി. അയർലൻഡ് കോസ്റ്ററിക്ക, യുഎഇ എന്നി രാജ്യങ്ങൾ അരങ്ങേറ്റം കുറിച്ചു. ഫൈനലിൽ ചുവപ്പുകാർഡ് പുറത്തെടുത്ത ആദ്യ ലോകകപ്പ്. ക്വാർട്ടർ ഫൈനലിൽ കടന്ന കാമറൂൺ ആ നേട്ടം കൈവരിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി.

1994

ആതിഥേയ രാജ്യം: അമേരിക്ക, ജേതാക്കൾ: ബ്രസീൽ, റണ്ണറപ്പ്: ഇറ്റലി 24 ടീമുകൾ പങ്കെടുത്ത ലോകകപ്പിൽ 141 ഗോളുകൾ പിറന്നു. സ്വീഡൻ ഗോൾവേട്ടയിൽ മുന്നിലെത്തി. ബ്രസീലിന്റെ റൊമാരിയോ ഗോൾഡൻ ബോൾ ജേതാവായി. യു എസ് വേദിയായ ആദ്യ ലോകകപ്പ. പ്രാഥമിക ഘട്ടത്തിൽ ജയിക്കുന്ന ടീമുകളുടെ പോയിന്റ് മൂന്നായി ഉയർത്തി. ബൾഗേറിക്ക് എതിരായ മത്സരത്തിന് തൊട്ടുമുമ്പ് ഉത്തേജക ഉപയോഗത്തിന് മറഡോണ പിടിക്കപ്പെട്ടു. ഷൂട്ടൗട്ടിൽ ലോകജേതാക്കളെ നിർണയിച്ച ആദ്യ ലോകകപ്പ് കൂടിയാണ് 1994ലേത്.

1998

ആതിഥേയ രാജ്യം: ഫ്രാൻസ്, ജേതാക്കൾ: ഫ്രാൻസ്, റണ്ണറപ്പ്: ബ്രസീൽ. ഇത്തവണ 32 ടീമുകളായിരുന്നു ലോകകപ്പിൽ പങ്കെടുത്തത്. 171 ഗോളുകൾ പിറന്ന ലോകകപ്പിൽ ചാമ്പ്യന്മാരായ ഫ്രാൻസ് തന്നെയാണ് ഗോൾവേട്ടയിൽ മുന്നിലെത്തിയത്. 15 ഗോളുകൾ. ഗോൾഡൻ ബോൾ റൊണാൾഡോ സ്വന്തമാക്കി. ചരിത്രത്തിലാദ്യമായി ഓരോ ടീമും പ്രാഥമിക ഗ്രൂപ്പ് മത്സരം ഓരോന്നും വെവ്വേറെ വേദികളിൽ കളിക്കുന്ന രീതിയിലാണ് ടൂർണമെന്റ് നടന്നത്. ദക്ഷിണാഫ്രിക്ക, ക്രൊയേഷ്യ, ജമൈക്ക, ജപ്പാൻ എന്നീ ടീമുകൾ ഫ്രാൻസ് ലോകകപ്പിൽ അരങ്ങേറി. സ്വന്തം മണ്ണിൽ നടന്ന ലോകകപ്പിൽ ഫ്രാൻസ് ആദ്യമായ ജേതാക്കളായി മാറി

2002

ആതിഥേയ രാജ്യം: ദക്ഷിണ കൊറിയ/ജപ്പാൻ, ജേതാക്കൾ: ബ്രസീൽ, റണ്ണറപ്പ്: ജർമനി മുപ്പത്തിരണ്ട് ടീമുകൾ പങ്കെടുത്ത ലോകകപ്പിൽ ബ്രസീൽ 18 ഗോളുമായി മുന്നിലെത്തി. ആകെ 161 ഗോളുകളാണ് ലോകകപ്പിൽ പിറന്നത്. റൊണാൾഡോ എട്ട് ഗോളുമായി മികച്ച സ്‌കോററായി. ഒളിവർ കാൻ ഗോൾഡൻ ബോൾ സ്വന്തമാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ലോകകപ്പിന് ഏഷ്യ ആതിഥ്യമരുളി. രണ്ട് രാജ്യങ്ങൾ സംയുക്തമായി വേദിയ ഒരുക്കിയ ആദ്യ ലോകകപ്പ് കൂടിയാണിത്. ദക്ഷിണ കൊറിയ ലോകകപ്പ് സെമിയിൽ കടക്കുന്ന ആദ്യ ഏഷ്യൻ രാജ്യമായി മാറി.

2006

ആതിഥേയ രാജ്യം: ജർമനി, ജേതാക്കൾ: ഇറ്റലി, റണ്ണറപ്പ്: ഫ്രാൻസ്. 147 ഗോളുകൾ പിറന്നതിൽ 14 ഗോളുകൾ നേടി ജർമ്മനി മുന്നിലെത്തി. സിറോസ്ലാവ് ക്ലോസെ അഞ്ച് ഗോളുമായി മികച്ച സ്‌കോററായി. സിനദിൻ സിദാനായിരുന്നു ഗോൾഡൻ ബോൾ സ്വന്തമാക്കിയത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ആദ്യ ഗോളും അവസാന ഗോളും ഡിഫൻഡർ നേടിയതും പുതുമയായി. കോസ്റ്ററിക്കയ്ക്ക് എതിരെ ജർമ്മനിയുടെ ഫില്പ് ലാം ആദ്യ ഗോൾ നേടിയപ്പോൾ അവസാന ഗോൾ ഫ്രാൻസിനെതിരെ ഇറ്റിലുടെ മാർക്കോ മറ്റെരാസിയുടേതായിരുന്നു.

2010

ആതിഥേയ രാജ്യം: ദക്ഷിണാഫ്രിക്ക, ജേതാക്കൾ: സ്പെയിൻ, റണ്ണറപ്പ്: നെതർലന്റ്സ്. ആകെ 145 ഗോളുകൾ. അതിൽ 16 ഗോളുകൾ ജർമ്മനിയുടെ വക. ആഫ്രിക്കൻ വൻകര ആദ്യമായി ആതിഥ്യം വഹിച്ച ലോകകപ്പ്. സ്‌പെയിനിന്റെ ആദ്യ കിരീടം. ലോകകപ്പ് ചരിത്രത്തിൽ രണ്ടാം റൗണ്ടിൽ കടക്കാത്ത ആദ്യ ആതിഥേയരായി ദക്ഷിണാഫ്രിക്ക.

2014

ആതിഥേയ രാജ്യം: ബ്രസീൽ, ജേതാക്കൾ: ജർമനി, റണ്ണറപ്പ്: അർജന്റീന. ആകെ 171 ഗോളുകൾ. ജർമ്മനി 18 ഗോളുമായി മുന്നിലെത്തി. ഗോൾഡൻ ബോൾ ലയണൽ മെസി സ്വന്തമാക്കി. ഗോൾഡൻ ടെക്‌നോളജി വാനിഷിങ് സ്േ്രപ തുടങ്ങിയവ പരീക്ഷിച്ച ലോകകപ്പ്. ജർമ്മനി ലോകകപ്പിൽ നൂറ് മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ ടീമായി. തൊട്ടുപിന്നാലെ ബ്രസീലും നൂറ് മത്സരം കളിച്ചു.

2018

ആതിഥേയ രാജ്യം: റഷ്യ, ജേതാക്കൾ: ഫ്രാൻസ്, റണ്ണറപ്പ്: ക്രൊയേഷ്യ. ആകെ 169 ഗോളുകൾ. 16 ഗോളുമായി ബൽജിയം മുന്നിലെത്തി. കിഴക്കൻ യൂറോപ്പ് വേദിയൊരുക്കിയ ആദ്യ ലോകകപ്പ്. ഐസ് ലൻഡും പാനമയും അരങ്ങേറ്റം നടത്തി. വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം പരീക്ഷിക്കപ്പെട്ടു. ലോകകപ്പ് ഫൈനലിലെ ആദ്യ സെൽഫ് ഗോൾ ക്രൊയേഷ്യയുടെ മാരിയോ മാൻസുകിച്ചിന്റെ കാലിൽ നിന്നും വീണതും റഷ്യയിൽ കണ്ടു.

ലോകകപ്പ് ഫിക്‌സചർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP