Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹൈദരാബാദിൽ ഹാജരാകാൻ ആവശ്യപ്പെട്ടത് തുഷാർ വെള്ളാപ്പള്ളിക്ക് വൻ വെല്ലുവിളി; ഓപ്പറേഷൻ കമലയ്ക്ക് ശ്രമിച്ചവരോട് വിട്ടുവീഴ്‌ച്ചയില്ലാത്ത തെലുങ്കാന പൊലീസ് ബിഡിജെഎസ് നേതാവിനെ അഴിക്കുള്ളിലാക്കുമോ? കൂറുമാറാൻ 100 കോടി വാഗ്ദാനമെന്ന ആരോപണത്തിൽ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും; തടിയൂരാൻ വഴി തേടി തുഷാർ

ഹൈദരാബാദിൽ ഹാജരാകാൻ ആവശ്യപ്പെട്ടത് തുഷാർ വെള്ളാപ്പള്ളിക്ക് വൻ വെല്ലുവിളി; ഓപ്പറേഷൻ കമലയ്ക്ക് ശ്രമിച്ചവരോട് വിട്ടുവീഴ്‌ച്ചയില്ലാത്ത തെലുങ്കാന പൊലീസ് ബിഡിജെഎസ് നേതാവിനെ അഴിക്കുള്ളിലാക്കുമോ? കൂറുമാറാൻ 100 കോടി വാഗ്ദാനമെന്ന ആരോപണത്തിൽ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും; തടിയൂരാൻ വഴി തേടി തുഷാർ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: തെലങ്കാന എംഎൽഎമാരെ കൂറുമാറ്റിക്കാൻ ശ്രമിച്ചെന്ന കേസിൽ എൻഡിഎയുടെ കേരള കൺവീനറായ തുഷാർ വെള്ളാപ്പള്ളക്ക് മുന്നിൽ വൻ വെല്ലുവിളിയായി തെലുങ്കാന പൊലീസിന്റെ നീക്കം. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ഈ മാസം 21 ന് ഹൈദരാബാദിൽ ഹാജരാകാനാണ് തുഷാറിനോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇതാണ് തുഷാറിന് വെല്ലുവിളിയാകുന്ന കാര്യവും. സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചവരോട് യാതൊരു വിട്ടുവീഴ്‌ച്ചയുമില്ലാത്ത നിലപാടാണ് തെലുങ്കാന പൊലീസ് സ്വീകരിക്കുന്നത്. നിലവിൽ തെലുങ്കാന പൊലീസിന്റെ നീക്കത്തിൽ കരുതലോടെയാണ് തുഷാർ മുന്നോട്ടു നീങ്ങുന്നത്.

കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിലെ എസ്‌പി രമാ രാജേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘം ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ കാണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് നോട്ടീസ് നൽകിയത്. അന്വഷണ സംഘം എത്തിയപ്പോൾ തുഷാർ വെള്ളാപ്പള്ളി സ്ഥലത്തില്ലാത്തതിനാൽ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി. നാല് എംഎൽഎമാർക്ക് കൂറുമാറാൻ ഇടനിലക്കാർ 100 കോടി വാഗ്ദാനം നൽകിയെന്നാണ് ടിആർഎസ് മുഖ്യമന്ത്രിയുടെ ആരോപണം.

അഹമ്മദാബാദിലിരുന്ന് തുഷാറാണ് ഇടനിലക്കാരെ നിയന്ത്രിച്ചതെന്ന് തെലങ്കാന മുഖ്യമന്ത്രി കെസിആർ കഴിഞ്ഞ ദിവസമാണ് ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ, കോൾ റെക്കോർഡിങ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെ സി ആർ 'ഓപ്പറേഷൻ ലോട്ടസ് ആരോപണം നടത്തിയത്. രാമചന്ദ്ര ഭാരതിയുമായുള്ള ബന്ധമാണ് തുഷാറിനെ വിവാദത്തിലാക്കിയത്. ജഗ്ഗു സ്വാമി വഴിയാണ് തുഷാർ രാമചന്ദ്ര ഭാരതിയെ പരിചയപ്പെട്ടത്. ഇവരുമായി ചേർന്ന് ഓപ്പറേഷൻ കമലവുമായി രംഗത്തുവന്നെന്നാണ് ഉയരുന്ന ആരോപണം.

ഇതിനിടയിൽ സംഭവത്തിൽ അറസ്റ്റിലായ 3 ഇടനിലക്കാർ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവർ തുഷാറിനെ ബന്ധപ്പെട്ടതിന്റെ ഫോൺ വിവരങ്ങളും തെലങ്കാന മുഖ്യമന്ത്രി പുറത്തുവിട്ടിരുന്നു. കേസ് പരിഗണിക്കുമ്പോൾ ഈ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാണ് തെലങ്കാന സർക്കാരിന്റെ തീരുമാനം. മാത്രമല്ല ഈ തെളിവുകൾ തെലങ്കാന സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനും കൈമാറിയിട്ടുണ്ട്. കെസിആറിന്റെ ഈ ആരോപണം ബിജെപിയും തുഷാർ വെള്ളാപ്പള്ളിയും തള്ളിയിരുന്നു.

അതേസമയം തുഷാറിന്റെ സാമ്പത്തിക ഇടപെടുകൾ കൂടി തെലുങ്കാന പൊലീസ് അന്വേഷിക്കും. ഇതും തുഷാറിന് വെല്ലുവിളിയാണ്. കേസിൽ കൊച്ചിയിൽ പലയിടത്തുമായി പരിശോധനിലാണ് കുറച്ചു ദിവസമായി തെലുങ്കാന പൊലീസ്. കൊല്ലത്തെ വള്ളിക്കാവിലെ ആശ്രമത്തിൽ അടക്കം ഡോ. ജഗ്ഗു സ്വാമിയെ തേടി തെലുങ്കാന പൊലീസ് എത്തിയിരുന്നു. ജഗ്ഗു സ്വാമിയെ തേടി പൊലീസ് അന്വേഷണം നടത്താൻ കാരണം രാമചന്ദ്ര ഭാരതിയെന്ന സതീശ് ശർമ്മയെ അറസ്റ്റു ചെയ്തതാണ്. രാമചന്ദ്ര ഭാരതിയെ തുഷാർ വെള്ളാപ്പള്ളിക്ക് പരിചയപ്പെടുത്തി കൊടുത്തത് ജഗ്ഗു സ്വാമി ആയിരുന്നു. ഇതോടായാണ് ജഗ്ഗു സ്വാമിയെ തേടി തെലുങ്കാന പൊലീസ് എത്തുന്നത്.

മൂന്നു പേരെ സംഭവസ്ഥലത്ത് വെച്ച് തന്നെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിന്നതോടെയാണ കേരളത്തിലേക്ക് അന്വേഷണം എത്തിയത്. ഹരിയാനയിലെ ഫരീദാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന കാസർഗോഡ് സ്വദേശിയായ പുരോഹിതനാണ് സതീഷ് ശർമ്മ എന്ന രാമചന്ദ്രഭാരതി, കർണാടകയിലെ പുട്ടൂരിലെ സ്വാമി സിംഹയാജി, ഹൈദരാബാദിലെ വ്യവസായി നന്ദകുമാർ കോർ എന്നിവരാണ് അറസ്റ്റിലായത്. ക്രിമിനൽ ഗൂഢാലോചന, കൈക്കൂലി നൽകൽ, അഴിമതി വിരുദ്ധ നിയമം-1988 എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

രാമചന്ദ്ര ഭാരതിയുടെ വഴികൾ തേടുമ്പോഴാണ് കേസിലെ മലയാളി ബന്ധം പുറത്തുവരുന്നത്. കാസർകോട്ടുകാരനായ സതീഷ് ശർമ്മ രാമചന്ദ്ര ഭാരതിയെന്ന പേരിൽ സ്വാധീന ശക്തിയായി എത്തിയത് വിചിത്രമായ വഴികളിലൂടെയാണ്. നാട്ടിൽ അൽപ്പം ബഡായിക്കാരനായാണ് സതീശ് ശർമ്മ അറിയപ്പെട്ടത്. കാസർകോട്ടെ ക്ഷേത്രങ്ങളിൽ കീഴ്ശാന്തിക്കാരനായിരുന്നു സതീശ് ശർമ്മ. കന്നഡ ഭാഷയിലെ അറിവു കൊണ്ടാണ് ചില നേതാക്കളുമായി അദ്ദേഹം ബന്ധപ്പെട്ടത്. കർണാടകക്കാരനായ ബിജെപി നേതാവ് ബി എൽ സന്തോഷുമായും ശർമ്മ ബന്ധം സ്ഥാപിച്ചു.

കാസർകോട്ടു നിന്നും ഹരിയാനയിലെ ഫരീദാബാദിലേക്ക് സതീഷ് ശർമ്മ ചുവടുമാറ്റിയത് അവിടുത്തെ ക്ഷേത്രത്തിലെ പുരോഹിതനായാണ്. ഇതോടെ രാമചന്ദ്ര ഭാരതിയെന്ന പേരിലേക്ക് കൂടുതൽ അറിയപ്പെട്ടു തുടങ്ങി. അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിവേയാണ് ഡോ. ജഗ്ഗു സ്വാമിയുമായി പരിചയപ്പെടുന്നത്. തുടർന്ന് ഫരീദാബാദിൽ അമൃത ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി പണിതപ്പോൾ തനിക്ക് അതിൽ മുഖ്യപങ്കുണ്ടെന്ന വിധത്തിൽ ബഡായികളുമായി നടന്നു. പ്രധാനമന്ത്രി അടക്കമുള്ള ബിജെപി നേതാക്കളുമായി ബന്ധമുണ്ടെന്ന മേനി നടച്ചായിരുന്നു രാമചന്ദ്ര ഭാരതി നടന്നിരുന്നത്.

ഇതിനിടെ രാമചന്ദ്ര ഭാരതിയെ തുഷാർ പരിചയപ്പെടുന്നതും ഉന്നത ബന്ധങ്ങളുള്ള വ്യക്തി എന്ന നിലയിലായിരുന്നു. ഈ കൂട്ടുകെട്ടാണ് തെലുങ്കാനയിലെ ഓപ്പറേഷൻ കമലത്തിലേക്ക് എത്തിയതെന്നാണ് തെലുങ്കാന മുഖ്യമന്ത്രി ആരോപിക്കുന്നത്. ആരോപണത്തിന് പിന്നാലെ കർശന നടപടികളുമായി മുന്നോട്ടു പോയതോടെ രാമചന്ദ്ര ഭാരതി അഴിക്കുള്ളിലുമായി. രാമചന്ദ്രഭാരതിക്കൊപ്പം നന്ദ കുമാർ, സിംഹയാജി സ്വാമ്യത് എന്നിവർ റിമാൻഡിലാണ്. ബിജെപിക്കാരായ രാമചന്ദ്ര ഭാരതിയും നന്ദ കുമാറും ചേർന്ന് തനിക്ക് പാർട്ടി മാറി ബിജെപിയിലെത്താൻ 100 കോടി വാഗ്ദാനം ചെയ്തെന്ന് കാണിച്ച് ടി.ആർ.എസ് എംഎൽഎ പൈലറ്റ് രോഹിത് റെഡ്ഡിയാണ് പരാതി നൽകിയത്.

അതേസമയം തെലുങ്കാന പൊലീസ് കൊച്ചിയിൽ തുടരുകയാണ്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. തെലങ്കാന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അമൃതാ ആശുപത്രിയിൽ എത്തിയതത്. തുടർന്ന് കേരളാ പൊലീസിന്റെ സഹായത്തോടെ സ്വാമിയുടെ മുറി തുറന്ന് പരിശോധിച്ച് മൊബൈൽ ഫോണുകളും ചില രേഖകളും തെലങ്കാന പൊലീസ് സംഘം കണ്ടെടുത്തു. മലയാളിയും നൽഗൊണ്ട പൊലീസ് സൂപ്രണ്ടുമായ രമാ രാജേശ്വരി ഐ.പി.എസ്സിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അമൃത ആശുപത്രിയിൽ ഡോ.ജഗ്ഗു സ്വാമിയെ തേടിയെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP