Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബുക്ക് ഷെൽഫുകൾക്കിടയിലും മേശവലിപ്പിലും കൈക്കൂലി പണം; അന്വേഷണ സംഘത്തെ കണ്ട് നോട്ടുകെട്ടുകൾ പുറത്തേക്ക് വലിച്ചെറിഞ്ഞു; സബ് രജിസ്ട്രാർ ഓഫീസുകളിലെ പരിശോധനയിൽ കണ്ടെടുത്തതിൽ വിദേശമദ്യവും; ആധാരം രജിസ്റ്റർ ചെയ്യുന്നതിലടക്കം വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ് സംഘം; ഏജന്റുമാരും പിടിയിൽ

ബുക്ക് ഷെൽഫുകൾക്കിടയിലും മേശവലിപ്പിലും കൈക്കൂലി പണം;  അന്വേഷണ സംഘത്തെ കണ്ട് നോട്ടുകെട്ടുകൾ പുറത്തേക്ക് വലിച്ചെറിഞ്ഞു;  സബ് രജിസ്ട്രാർ ഓഫീസുകളിലെ പരിശോധനയിൽ കണ്ടെടുത്തതിൽ വിദേശമദ്യവും; ആധാരം രജിസ്റ്റർ ചെയ്യുന്നതിലടക്കം വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ് സംഘം; ഏജന്റുമാരും പിടിയിൽ

ആർ പീയൂഷ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ ഓപറേഷൻ പഞ്ചികിരണിന്റെ ഭാഗമായി വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപകക്രമക്കേട് കണ്ടെത്തി. പണവും മദ്യക്കുപ്പിയുമടക്കം പരിശോധനയിൽ പിടിച്ചെടുത്തു. കൈക്കൂലി പണവുമായി ഏജന്റുമാർ വിജിലൻസ് പിടിയിലായി. വിവിധ ജില്ലകളിൽ നിന്നായി ഒന്നര ലക്ഷത്തോളം രൂപ പിടിച്ചെടുത്തു.

ചൊവ്വാഴ്ച 76 ഓഫീസുകളിലാണ് പരിശോധന നടത്തിയത്. മിന്നൽ പരിശോധനയിൽ തിരുവനന്തപുരം ജില്ലയിൽ -12, കൊല്ലം-10, മലപ്പുറം എറണാകുളം ഏഴ് വീതവും കോഴിക്കോട്-ആറ്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ - അഞ്ചു വീതവും, ഇടുക്കി - നാലും, തൃശൂർ, പാലക്കാട് - മൂന്നും, വയനാട്, കാസർഗോഡ് - രണ്ട് വീതവും ഓഫിസുകളാണ് മിന്നൽ പരിശോധന നടത്തിയത്. ബുക്ക് ഷെൽഫുകൾക്കിടയിലും മേശവലിപ്പിലും കൈക്കൂലി പണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മലപ്പുറം വേങ്ങര സബ് രജിസ്ട്രാർ ഓഫീസിൽ വൈകീട്ട് അഞ്ചോടെ കയറിവന്ന ഏജന്റിൽ നിന്നും 30,000 രൂപയും, കോഴിക്കോട് ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ ഏജന്റിൽനിന്ന് 2,1000 രൂപയും, കാസർകോഡ് സബ് രജിസ്ട്രാർ ഓഫീസിൽ രണ്ട് ഏജന്റിൽ നിന്നും 11,300 രൂപയും, വിജിലൻസ് പിടിച്ചെടുത്തു.

പല ഓഫിസുകളിലും റിക്കോർഡ് റൂമിൽനിന്നും തുക കണ്ടെത്തി. പത്തനംതിട്ട റാന്നി റെക്കോർഡ് റൂമിൽ നിന്നും നിന്നും ബുക്കുകൾക്കിടയിൽ ഒളിപ്പിച്ചനിലയിൽ 6,740 രൂപയും, എറണാകുളം മട്ടാഞ്ചേരി - 6240, ഒരു കുപ്പി വിദേശ മദ്യവും, ആലപ്പുഴ - 4,000, കോട്ടയം പാമ്പാടി - 3,650, പാലക്കാട് തൃത്താല-1,880, എറണാകുളം പെരുമ്പാവൂർ - 1,420, തൃശൂർ ജില്ലയിലെ മതിലകം -1,210, പത്തനംതിട്ട 1,300, പത്തനംതിട്ട കോന്നി - 1,000 രൂപയും കണ്ടെടുത്തി.

എറണാകുളം ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും നോട്ട്നിരോധനത്തിന് മുമ്പുള്ള 1,000 രൂപയുടെ ഒരു നോട്ടും അഞ്ഞൂറ് രൂപയുടെ രണ്ട് നോട്ടും റെക്കോർഡ് റൂമിലെ ബുക്കുകൾക്കിടയിൽ നിന്നും വിജിലൻസ് കണ്ടെടുത്തി. കോഴിക്കോട് ഫറൂക്ക് ഓഫീസറുടെ കൈവശം കണക്കിൽ പെടാത്ത 23,500 രൂപയും, ചാത്തമംഗലം സബ് രജിസ്ട്രാറുടെ കൈയിൽ നിന്നും കണക്കിൽപ്പെടാത്ത 5,060 രൂപയും അറ്റൻഡറുടെ കൈയിൽ നിന്നും 1,450 രൂപയും, എറണാകുളം പിറവം ഓഫീസിൽ നിന്നും 1640 രൂപയും , പത്തനംതിട്ട റാന്നി ഓഫീസിൽ തറയിലായി 2420 രൂപയും കണ്ടെത്തി.

ആലപ്പുഴ സബ് രജിസ്ട്രാർ വിജിലൻസ് ടീമിനെ കണ്ട് പുറത്തേക്ക് വലിച്ചെറിഞ്ഞ 1,000 രൂപയും, തുടർന്ന് ക്യാബിനിൽ പരിശോധന നടത്തിയപ്പോൾ ലഭിച്ച കണക്കിൽപ്പെടാത്ത 4,000 രൂപയും, മലപ്പുറം മേലാറ്റൂർ ഓഫീസിലെ ക്ലാർക്കിന്റെ മേശ വിരിപ്പിന്റെ അടിയിൽ നിന്നും 3210 രൂപയും ,എറണാകുളം ഇടപ്പള്ളി ഓഫീസറുടെ മേശ വിരിപ്പിൽ നിന്നും 2,765 രൂപയും, മലപ്പുറം ജില്ലയിലെ വേങ്ങര സബ് രജിസ്ട്രാർ ഓഫീസറുടെ മേശ വിരിപ്പിൽ നിന്നും 1,500 രൂപയും കണ്ടെത്തി.

പത്തനംതിട്ട ജില്ലയിലെ റാന്നി സബ് രജിസ്ട്രാറുടെ ക്യാമ്പിൽ നിന്നും 1,300 രൂപയും, ഓഫീസ് അറ്റൻഡറുടെ കൈയിൽ നിന്നും 1,120രൂപയും, ഏറ്റുമാനൂർ സബ് രജിസ്ട്രാറുടെ ക്യാബിനിൽ നിന്നും 1,000 രൂപയും, തിരുവനന്തപുരം മുരുക്കുംപുഴ ഓഫീസറുടെ കമ്പ്യൂട്ടർ കീപാഡിന്റെ അടിയിൽ നിന്നും 900 രൂപയും, പാലക്കാട് കുമാരനല്ലൂർ സബ് രജിസ്ട്രാറുടെ കൈവശത്തു നിന്നും 800 രൂപയും കണ്ടെത്തി.

ആലപ്പുഴ അമ്പലപ്പുഴ സബ് രജിസ്ട്രാർ വിജിലൻസ് ടീമിനെ കണ്ട് പുറത്തേക്ക് വലിച്ചെറിഞ്ഞ 700 രൂപയും, തിരുവനന്തപുരം കാഞ്ഞിരംകുളം സബ് രജിസ്ട്രാർ ഓഫീസിലെ വിശ്രമ മുറിയിൽ നിന്നും 470 രൂപയും, പത്തനംതിട്ട വെണ്ണിക്കുളം സബ് രജിസ്ട്രാർ ഓഫീസിലെ കമ്പ്യൂട്ടർ റൂമിന്റെ കീപാഡിന്റെ അടിയിൽ നിന്നും 600 രൂപയും,കോട്ടയം തെങ്ങണ സബ് രജിസ്ട്രാർ ഓഫീസറുടെ മേശ വിരിപ്പിൽ നിന്നും 300 രൂപയും, കൊല്ലം അഞ്ചൽ സബ് രജിസ്ട്രാർ ഓഫീസറുടെ കാബിനിലെ മേശ വിരിപ്പിന്റെ അടിയിൽ നിന്നും 105 രൂപയും വിജിലൻസ് പിടികൂടി.

വലിയ തോതിൽ കൈക്കൂലി ഇടപാട് നടക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തുകയായിരുന്നു.
ഗൂഗിൾ പേയുൾപ്പെടെ യു.പി.ഐ. വഴിയും ഓൺലൈനായും ഏജന്റുമാർ കൈക്കൂലി കൈപ്പറ്റിയശേഷം ഉദ്യോഗസ്ഥർക്ക് നൽകുന്നുണ്ടോയെന്ന് പരിശോധിക്കാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.

ആധാരം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ടും വ്യാപകക്രമക്കേട് കണ്ടെത്തി. സബ് രജിസ്ട്രാർ ഓഫീസിൽ പതിച്ച ആധാരങ്ങൾ കക്ഷിക്ക് നേരിട്ടുനൽകണമെന്ന നിയമം മറികടന്ന് ആധാരം എഴുത്തുകാർ മുഖേന കൈമാറുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലെ സബ് രജിസ്ട്രാർ ഓഫീസിൽ പവർ ഓഫ് അറ്റോർണിക്ക് വേണ്ടിയുള്ള അപേക്ഷയുടെ ഫീസായി 3,150രൂപ ഈടാക്കുന്നതിന് പകരം 525 രൂപ മാത്രം ഈടാക്കിയതായി വിജിലൻസ് കണ്ടെത്തി. വ്യാപക ക്രമക്കേടുകൾ സംസ്ഥാനസർക്കാരിനെ അറിയിക്കുമെന്ന് വിജിലൻസ് മേധാവി എ.ഡി.ജി.പി. മനോജ് എബ്രഹാം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP