Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ലാത്തികൊണ്ട് കാൽ മുട്ടിനു താഴെ ഉരുട്ടി; സ്വകാര്യഭാഗങ്ങളിൽ മുളകരച്ച് തേച്ചു': നെടുങ്കണ്ടത്ത് രാജ് കുമാറിനെ കസ്റ്റഡിയിൽ എടുത്തത് അനധികൃതമെന്ന് അറിഞ്ഞിട്ടും മറച്ചുവച്ചു; കട്ടപ്പന മുൻ ഡി വൈ എസ് പി. പി.പി. ഷംസിനെ പ്രതിയാക്കി സിബിഐ കുറ്റപത്രം; സർക്കാർ സംരക്ഷിച്ച ഇടുക്കി മുൻ എസ്‌പി കെ ബി വേണുഗോപാലിന് എതിരെയും നടപടിക്ക് ശുപാർശ

'ലാത്തികൊണ്ട് കാൽ മുട്ടിനു താഴെ ഉരുട്ടി; സ്വകാര്യഭാഗങ്ങളിൽ മുളകരച്ച് തേച്ചു': നെടുങ്കണ്ടത്ത് രാജ് കുമാറിനെ കസ്റ്റഡിയിൽ എടുത്തത് അനധികൃതമെന്ന് അറിഞ്ഞിട്ടും മറച്ചുവച്ചു; കട്ടപ്പന മുൻ ഡി വൈ എസ് പി. പി.പി. ഷംസിനെ പ്രതിയാക്കി സിബിഐ കുറ്റപത്രം; സർക്കാർ സംരക്ഷിച്ച ഇടുക്കി മുൻ എസ്‌പി കെ ബി വേണുഗോപാലിന് എതിരെയും നടപടിക്ക് ശുപാർശ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ നടന്ന 'കളികൾ' സിബിഐ അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തിൽ ഓരോന്നായി പുറത്തുവരുന്നു. കട്ടപ്പന മുൻ ഡിവൈ.എസ്‌പി. പി.പി. ഷംസിനെ പ്രതിചേർത്ത് സി ബി ഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചുവെന്ന് മാത്രമല്ല, നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയതിന് ഇടുക്കി മുൻ എസ്‌പി. കെ.ബി. വേണുഗോപാലിനെതിരേ നടപടി വേണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്.

രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞിട്ടും ഡിവൈ.എസ്‌പി. പി.പി. ഷംസി മറച്ചുവച്ചു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഡിവൈ.എസ്‌പി.യെ കേസിൽ പത്താംപ്രതിയാക്കിയത്. രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടർമാർ അടക്കമുള്ളവർക്കെതിരേ വകുപ്പുതല നടപടി വേണമെന്നും സിബിഐ. ശുപാർശ ചെയ്തിട്ടുണ്ട്.

രാജ്കുമാറിനെ ചികിത്സിച്ച അഞ്ചുഡോക്ടർമാർ, പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് വിദഗ്ധൻ, പീരുമേട് ജയിൽ അധികൃതർ എന്നിവർക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്നാണ് സിബിഐ.യുടെ ശുപാർശ. രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ നേരത്തെ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി സിബിഐ. കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ നടത്തിയ രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഡിവൈ.എസ്‌പി.യെ കൂടി പ്രതിയാക്കി അനുബന്ധ കുറ്റപത്രവും സമർപ്പിച്ചത്.

മുൻ എസ്‌പി വേണുഗോപാലിനെ സംരക്ഷിച്ച് സർക്കാർ

അതേസമയം, സർക്കാരിന്റെ അതിവിശ്വസ്തനായിരുന്ന ഇടുക്കി മുൻ ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാലിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ഉന്നതർ ആദ്യം മുതലേ സ്വീകരിച്ചത്. കേസിൽ വേണുഗോപാലിനെതിരെ 2019 ൽ തന്നെ ഡിഐജിയുടെ റിപ്പോർട്ട് ഡിജിപിക്ക് കിട്ടിയിരുന്നു. ഈ റിപ്പോർട്ടിൽ ആരോപണ വിധേയരായ ഡിവൈഎസ് പിമാർക്കെതിരെ നടപടി എടുക്കുകയും ചെയ്തു. എന്നാൽ എസ് പിയെ വെറുതെ വിട്ടു. 2020 മേയിൽ വേണുഗോപാൽ വിരമിക്കുകയും ചെയ്തു. എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി.

ആനുകൂല്യങ്ങൾ എല്ലാം വാങ്ങാൻ വേണുഗോപാലിന് അവസരമൊരുക്കുകയായിരുന്നു സർക്കാർ. ആഭ്യന്തര വകുപ്പ് തലത്തിൽ നേരത്തെ നടത്തിയ അന്വേഷണത്തിൽ വേണുഗോപാലിനെതിരെ സംസ്ഥാന പൊലീസ് മേധാവി അച്ചടക്ക നടപടികൾക്ക് ശുപാർശ ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഭാഗത്തുനിന്ന് ഭരണപരമായ വീഴ്ചയുണ്ടായതായി ആഭ്യന്തരവകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. എന്നാൽ ആരോപണങ്ങൾ വേണുഗോപാൽ നിഷേധിച്ചു. ഈ സാഹചര്യത്തിൽ അടിയന്തര അന്വേഷണം നടത്തേണ്ടതായിരുന്നു. അങ്ങനെ അന്വേഷണം നടന്നാൽ വിരമിക്കൽ ആനൂകൂല്യങ്ങൾ തടഞ്ഞു വയ്‌ക്കേണ്ടി വരുമായിരുന്നു.

പെൻഷൻ ആനുകൂല്യമെല്ലാം വാങ്ങും വരെ അന്വേഷണം നടത്തിയില്ല. ഇതിനിടെ കേസ് അന്വേഷണത്തിന് സിബിഐ എത്തുകയും ചെയ്തു. കസ്റ്റഡി മരണത്തിൽ വേണുഗോപാലിന് നേരിട്ട് പങ്കുണ്ടെന്നാണ് ആരോപണം. ഇത് ഡിഐജി തല അന്വേഷണത്തിൽ വ്യക്തമാകുകയും ചെയ്തു. എല്ലാം സിഐയിലും എസ് ഐയിലും കെട്ടിവച്ച് രക്ഷപ്പെടാനായിരുന്നു വേണുഗോപാലിന്റെ നീക്കം. ഇതാണ് ഡിഐജിയുടെ റിപ്പോർട്ട് തുറന്നു കാട്ടിയതും. രണ്ട് ഡിവൈഎസ്‌പിമാർക്കെതിരേയും ആരോപണമുണ്ടായി. ഇവർക്കെതിരെ അന്വേഷണ റിപ്പോർട്ട് കിട്ടിയപ്പോൾ തന്നെ നടപടി എടുക്കുകയും ചെയ്തു.

സർക്കാരിന്റെ അതിവിശ്വസ്തനാണ് വേണുഗോപാൽ. അതുകൊണ്ടാണ് ആ സമയം നടപടി എടുക്കാതെ ഒത്തുകളിച്ചതെന്ന ആരോപണം ശക്തമാണ്. വിരമിച്ച ശേഷം വേണുഗോപാലിന് എതിരെ പേരിന് ഒരു അന്വേഷണത്തിന് ചീഫ് സെക്രട്ടറി ഉത്തരവിട്ടിരുന്നു.

സംഭവം നടക്കുമ്പോൾ ഇടുക്കി ജില്ലാ പൊലീസ് മേധാവിയായിരുന്നു കെ.ബി വേണുഗോപാൽ. ക്രൈംബ്രാഞ്ചും ഈ കേസ് അന്വേഷിച്ചിരുന്നു. വേണുഗോപാലിനെതിരെ ആരോപണം ശക്തമായതോടെ എസ്‌പിയെ ആസ്ഥാനത്തുനിന്നും ആഭ്യന്തരമന്ത്രാലയം മാറ്റിയിരുന്നു. 2019 ജൂൺ 12 മുതൽ 16 വരെയുള്ള കാലയളവിലാണ് രാജ്കുമാർ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നത്. രാജ്കുമാർ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവിക്ക് കൃത്യമായി അറിവുണ്ടായിരുന്നുവെന്ന് ഡി.ഐ.ജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

എന്നാൽ രാജ്കുമാർ കസ്റ്റഡിയിലായ വിവരം അറിയില്ലെന്നായിരുന്നു മുൻ എസ്‌പിയുടെ മറുപടി. സംഭവത്തെ തുടർന്ന് സസ്‌പെൻഷനിലായ അന്നത്തെ നെടുങ്കണ്ടം എസ്ഐ ഇക്കാര്യങ്ങൾ ജില്ലാ മേധാവിയെ സമയാസമയം അറിയിച്ചിരുന്നതായി കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഓരോദിവസവും ഇക്കാര്യം ടെലിഫോണിലൂടെയും വാട്‌സ് ആപ്പ് മുഖേനയും അറിയിച്ചിരുന്നതിനും തെളിവുകളുണ്ട്. കൂടാതെ സ്‌പെഷ്യൽ ബ്രാഞ്ചും ഇക്കാര്യങ്ങൾ എസ്‌പിയെ കൃത്യമായ ഇടവേളകളിൽ അറിയിച്ചിരുന്നുവെന്ന് ഡി.ഐ.ജി യുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത്തരത്തിലൊരു റിപ്പോർട്ടുണ്ടായിട്ടും അന്ന് ജില്ലാ പൊലീസ് മേധാവിക്കെതിരെ വകുപ്പു തല നടപടി എടുത്തില്ല.

അതിനിടെ, കെ ബി വേണുഗോപാലിന് 18 ലക്ഷം രൂപയുടെ അനധികൃത സ്വത്തുള്ളതായി വിജിലൻസ് കണ്ടെത്തിയിരുന്നു. വേണുഗോപാലിനെതിരെ കേസെടുത്ത വിജിലൻസ് അന്വേഷണസംഘം അദ്ദേഹത്തിന്റെ കൊച്ചിയിലെ വീട്ടിൽ പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. വേണുഗോപാലിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ വിജിലൻസ് മരവിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാട് രേഖകളും സ്വത്തുവിവരങ്ങളുടെ രേഖകളും വിജിലൻസ് സംഘം കസ്റ്റഡയിലെടുത്തിരുന്നു.വിജിലൻസ് സ്പെഷൽ സെൽ എറണാകുളം യൂനിറ്റിനാണ് കേസിന്റെ അന്വേഷണച്ചുമതല. 2006 മുതലുള്ള പത്തു വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്

അന്വേഷണം, സസ്‌പെൻഷൻ, സ്ഥലംമാറ്റം തുടങ്ങി ഉരുട്ടിക്കൊലകൾക്ക് സർക്കാർ നൽകുന്ന സ്ഥിരം ശിക്ഷാ രീതികൾ രാജ്കുമാറിന്റെ കാര്യത്തിലും സർക്കാർ ആദ്യം നടപ്പാക്കിയിരുന്നു. കേരളമാകെ വ്യാപകപ്രതിഷേധം ഉയർന്നതോടെയാണ് നിവർത്തിയില്ലാതെ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവിയുടെ പേരടക്കം കേസിൽ ഉൾപ്പെട്ടതോടെ അന്വേഷണം സിബിഐക്ക് വിടാൻ 2019 ഒക്ടോബറിൽ ഹൈക്കോടതി ഉത്തരവിട്ടു.

കേരള പൊലീസിന്റെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളാണ് ഓരോ ഉരുട്ടിക്കൊലയും. അതിൽ ഏറ്റവും ഒടുവിലത്തേതായിരുന്നു. ഇടുക്കി നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കൊലപാതകം. പണംതട്ടിപ്പ് കേസിൽ പീരുമേട് ജയിലിൽ റിമാൻഡിലായിരുന്ന വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാർ 2019 ജൂൺ 21നാണ് മരിച്ചത്. മരണം കാരണം പൊലീസിന്റെ ക്രൂരമായ മർദനമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നടക്കം വ്യക്തമായിരുന്നു. കുപ്രസിദ്ധമായ ഉരുട്ടൽ പൊലീസ് രാജ്കുമാറിന്റെ ശരീരത്തിലും നടത്തി. ലാത്തികൊണ്ട് കാൽ മുട്ടിനു താഴെ ഉരുട്ടി. കാലുകളിൽ കയറിനിന്നു. സ്വകാര്യഭാഗങ്ങളിൽ മുളകരച്ച് തേച്ചു. 32 മുറിവുകളാണ് രാജ്കുമാറിന്റെ ശരീരത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP