Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല; വിവാദ പ്രസ്താവനകൾ ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകി; സാദിഖലി ശിഹാബ് തങ്ങളുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തി; യു.ഡി.എഫിന്റെ ഭാഗമായതുകൊണ്ട് ലീഗിന് ഒരു കുഴപ്പവും ഉണ്ടായിട്ടില്ലെന്ന് പി.എം.എ സലാം; കെ സുധാകാരന്റെ പ്രസ്താവനാ വിവാദം അവസാനിപ്പിച്ചു മുസ്ലിംലീഗും

കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല; വിവാദ പ്രസ്താവനകൾ ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകി; സാദിഖലി ശിഹാബ് തങ്ങളുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തി; യു.ഡി.എഫിന്റെ ഭാഗമായതുകൊണ്ട് ലീഗിന് ഒരു കുഴപ്പവും ഉണ്ടായിട്ടില്ലെന്ന് പി.എം.എ സലാം; കെ സുധാകാരന്റെ പ്രസ്താവനാ വിവാദം അവസാനിപ്പിച്ചു മുസ്ലിംലീഗും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കെപിസിസി അധ്യക്ഷന്റെ ആർഎസ്എസ് പ്രസ്താവനാ വിവാദം അവസാനിപ്പിച്ചു യുഡിഎഫും കോൺഗ്രസും ലീഗും. വിവാദ പ്രസ്താവനകൾ കോൺഗ്രസ് ഗൗരവമായാണ് കാണുന്നതെന്നും നേതാക്കളുടെ ഇടപെടലിൽ തൃപ്തിയുണ്ടെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കിയതോടെ വിവാദത്തിന് ഫുൾസ്റ്റോപ്പിടുകയാണ് മുന്നണി. സുധാകരന്റെ പരാമർശത്തിൽ സാദിഖലി ശിഹാബ് തങ്ങളുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയിരുന്നു. കെ.സുധാകരൻ തന്നെ ലീഗ് നേതാക്കളുമായി സംസാരിച്ചു. ഘടകകക്ഷികളുടെ വികാരം ഉൾക്കൊള്ളുമെന്ന് നേതാക്കൾ വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടി കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാവും. യു.ഡി.എഫിന്റെ ഭാഗമായതുകൊണ്ട് ലീഗിന് ഒരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർക്കെതിരായ ഓർഡിനൻസ് എതിർക്കുമെന്ന വി.ഡി സതീശന്റെ പ്രഖ്യാപനം ലീഗ് തീരുമാനമല്ല. അത് കോൺഗ്രസ് തീരുമാനമാണ്. ഓർഡിനൻസിൽ ലീഗ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. യു.ഡി.എഫിൽ ഈ വിഷയം ചർച്ച വന്നാൽ നിലപാട് അറിയിക്കും. യു.ഡി.എഫ് തീരുമാനമെടുത്തിട്ടില്ല. യു.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നും പി.എം.എ സലാം പറഞ്ഞു.

അതേസമയം കെ സുധാകനെതിരായ നീക്കങ്ങൾക്ക് എ, ഐ ഗ്രൂപ്പുകളും തടയിട്ടു. നാക്ക് പിഴയെന്ന് വിശദീകരിച്ചതോടെ പ്രശ്‌നം തീർന്നുവെന്ന് പറഞ്ഞ് രമേശ് ചെന്നിത്തല സുധാകരനെ പിന്തുണച്ചുതോടെയാണ് വിഷയം തീർന്നത്. അധ്യക്ഷ പദത്തിൽ രണ്ടാം ടേം ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് കെ സുധാകരന്റെ ആവർത്തിച്ചുള്ള വിവാദ പരാമാർശങ്ങളുണ്ടായത്. കെ. മുരളീധരനടക്കമുള്ള നേതാക്കളും തിരുത്തൽ ആവശ്യപ്പെട്ടു രംഗത്തുവന്നെങ്കിലും ചെന്നിത്തല സുധാകരനെ പിന്തുണച്ച് രംഗത്തുവന്നത്.

സുധാകരന്റെ ചികിത്സ കണക്കിലെടുത്ത് നാളെ ചേരാനിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം മാറ്റിവെച്ചു. ഇനി എന്ന് യോഗം ചേരുമെന്നതിൽ വ്യക്തതയില്ല. പ്രസിഡന്റിനെ ആർഎസ്എസ് അനുകൂല വിവാദം എങ്ങിനെ തീർക്കണമെന്നതിൽ പാർട്ടി നേതാക്കൾക്ക് വലിയ ആശയക്കുഴപ്പമായിരുന്നു. രാജി സന്നദ്ധതാ കത്ത് വിവാദത്തിന് പിന്നിൽ ആരെന്നാണ് ഇനി അറിയേണ്ടത്. സുധാകരൻ കത്തയച്ചിട്ടില്ലെന്ന് അദ്ദേഹം തന്നെ അറിയിച്ചിരുന്നു.

സുധാകരന്റെ പകരക്കാരൻ ആര് എന്നതും പ്രശ്‌നമാണ്. കെ.മുരളീധരന്റേയും ചെന്നിത്തലയുടേയും പേര് ഉയരുന്നുവെങ്കിലും സാമുദായിക സമവാക്യം വിലങ്ങുതടിയാണ്. കൊടിക്കുന്നിൽ സുരേഷിന്റെയും അടുർ പ്രകാശിന്റെയും പേരുകളും ചർച്ചയിലുണ്ടെങ്കിലും എല്ലാ ഗ്രൂപ്പുകളുടേയും പിന്തുണ ഇല്ലാത്തതാണ് തടസം. സുധാകരൻ തന്നെ പുകച്ചു പുറത്തു ചാടിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കൂടി വ്യക്തമാക്കിയിരുന്നു.

അതേസമയം സുധാകരനെ മാറ്റാൻ ധാരണവന്നാൽ വി ഡി സതീശനും പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടുരുക എളുപ്പമാകില്ല. എംഎൽഎമാരുടെ പിന്തുണയിൽ സതീശനെ മാറ്റാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണെന്നും സൂചനയുണ്ട്. ഇതോടെയാണ് സതീശനും തീരുമാനത്തിൽ അയഞ്ഞത്. ഹൈക്കമാണ്ടിനൊപ്പം ചേർന്നു നിൽക്കുന്ന കെസി വേണുഗോപാലിന് കേരളത്തിൽ ഇപ്പോൾ സ്ഥാനങ്ങളോട് താൽപ്പര്യമില്ല. സുധാകരനെ പിന്തുണയ്ക്കാനാണ് കെസിയുടേയും നിലവിലെ തീരുമാനം.

ഹൈക്കമാണ്ടിന് സ്ഥാനം ഒഴിയാൻ സന്നദ്ധമാണെന്ന കത്ത് സുധാകരൻ നൽകിയെന്ന വ്യാജ വാർത്തയ്ക്ക് പിന്നിലെ ഉറവിടം കണ്ടെത്താനും നേതൃത്വം ശ്രമിക്കും. കത്ത് നൽകിയെന്ന വാർത്ത പ്രചരിച്ചതിൽ സുധാകരൻ അസ്വസ്ഥനാണ്. ഈ സാഹചര്യത്തിലാണ് ഉന്നതാധികാര സമിതി യോഗം നീട്ടിവച്ചതും. സുധാകരനെ ഇനി കോൺഗ്രസ് നേതാക്കളാരും തള്ളി പറയില്ല. ആർഎസ്എസിനെ അനുകൂലിച്ച സുധാകരനെ ന്യായീകരിക്കുകയാണ് നേതാക്കൾ. ചെന്നിത്തല സുധാകരന് സംരക്ഷണ കവചംതീർത്ത് രംഗത്തെത്തി. ചെന്നിത്തല പ്രതികരിച്ചേതാടെ വി ഡി സതീശനും കഴിഞ്ഞ ദിവസത്തെ നിലപാട് മയപ്പെടുത്തി. സുധാകരൻ രാഹുലിന് കത്ത് നൽകിയെന്ന വാർത്തകളും ഇരുവരും നിക്ഷേധിച്ചു.

കെപിസിസിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. സുധാകരന് തന്നെ കെപിസിസി അധ്യക്ഷ പദം കൊടുക്കാനായിരുന്നു തീരുമാനം. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നാണ് തീരുമാനം എടുത്തത്. അധ്യക്ഷനായി മത്സരിക്കാൻ ഒരുങ്ങിയ ശരത് ചന്ദ്ര പ്രസാദിനെ പിൻവലിപ്പിച്ചതും ചെന്നിത്തലയാണ്. പുതിയ പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള അധികാരം കോൺഗ്രസ് അധ്യക്ഷന് കൈമാറി. എന്നാൽ പുതിയ പ്രസിഡന്റിൽ തീരുമാനം ഉണ്ടായില്ല. ഇതിനിടെയാണ് വിവാദങ്ങളുണ്ടാക്കി സുധാകരനെ മാറ്റാൻ ചിലർ നീക്കം നടത്തിയത്. ഇത് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നെടുത്ത തീരുമാനത്തെ അട്ടിമറിക്കാനാണെന്ന വാദം സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരന് പ്രതിരോധം തീർക്കാൻ ചെന്നിത്തല ഓടിയെത്തിയത്.

കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം മാറ്റിവെച്ചത് ആരോഗ്യപ്രശ്നങ്ങൾ കാരണം സുധാകരന് പങ്കെടുക്കാൻ കഴിയാത്തതുകൊണ്ടാണ് എന്നാണ് വിശദീകരണം. ഇതോടെ വിവാദ പ്രസ്താവനയിൽ പാർട്ടിയിലും മുന്നണിയിലും നിലനിൽക്കുന്ന പോര് രൂക്ഷമായതിനാലാണ് യോഗം മാറ്റാൻ കാരണമെന്ന വാദങ്ങളും പൊളിഞ്ഞു. അങ്ങനെ സമർത്ഥമായി തന്നെ കോൺഗ്രസിലെ എല്ലാ നേതാക്കളും ചേർന്ന് സുധാകരനെതിരായ നീക്കത്തിന് തടയിട്ടു. സുധാകരനെ മാറ്റാനാകില്ലെന്ന ചെന്നിത്തലയുടേയും ഉമ്മൻ ചാണ്ടിയുടേയും മനസ്സാണ് ഇതിന് കാരണം. കെസി വേണുഗോപാലും ഡൽഹിക്ക് പുറത്തൊരു താൽപ്പര്യം ഇപ്പോൾ മുന്നിൽ കാണുന്നില്ല. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയും തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയാവേശവും നഷ്ടമാകാതിരിക്കാൻ കൂടിയാണ് ഈ കരുതൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP