Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാർട്ടി വിരുദ്ധ പ്രവർത്തനത്തിൽ നടപടിയില്ല; ചേരിപ്പോരുണ്ടാക്കിയ നേതാക്കളെ ഗെലോട്ട് സംരക്ഷിക്കുന്നു; രാജസ്ഥാനിലെ നേതൃചുമതല രാജിവച്ച് അജയ് മാക്കൻ; രാഹുലിനൊപ്പം തുടരുമെന്ന് പ്രതികരണം; ഭാരത് ജോഡോ യാത്രയെ വരവേൽക്കാനിരിക്കെ രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം

പാർട്ടി വിരുദ്ധ പ്രവർത്തനത്തിൽ  നടപടിയില്ല;  ചേരിപ്പോരുണ്ടാക്കിയ നേതാക്കളെ ഗെലോട്ട് സംരക്ഷിക്കുന്നു; രാജസ്ഥാനിലെ നേതൃചുമതല രാജിവച്ച് അജയ് മാക്കൻ; രാഹുലിനൊപ്പം തുടരുമെന്ന് പ്രതികരണം; ഭാരത് ജോഡോ യാത്രയെ വരവേൽക്കാനിരിക്കെ രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. അജയ് മാക്കൻ രാജസ്ഥാൻ കോൺഗ്രസിന്റെ നേതൃചുമതല രാജിവച്ചു. രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കളുടെ ഇടപെടലിലുണ്ടായ അതൃപ്തിയാണ് രാജിക്ക് കാരണം എന്ന് പറയപ്പെടുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ട് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് വേളയിൽ സ്വീകരിച്ച ചില നിലപാടുകളും, ചേരിപ്പോരുണ്ടാക്കിയ എംഎൽഎമാർക്കെതിരെ നടപടി സ്വീകരിക്കാത്തതുമാണ് അജയ് മാക്കന്റെ രാജിയിലേക്ക് നയിച്ചത്.

രാജസ്ഥാൻ കോൺഗ്രസിന്റെ സംഘടന ചുമതലയിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തെഴുതി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഡിസംബർ അഞ്ചിന് രാജസ്ഥാനിൽ പ്രവേശിക്കാനിരിക്കെയാണ് പ്രധാന സംഭവ വികാസം ഉണ്ടായിരിക്കുന്നത്.

രാജസ്ഥാൻ കോൺഗ്രസിലെ സംഘടന പ്രശ്നങ്ങൾ പരിഹരിക്കാനാകാത്തതും സെപ്റ്റംബർ 25 ന് നടന്ന നിയമസഭ കക്ഷി യോഗ ബഹിഷ്‌കരണവുമാണ് അജയ് മാക്കനെ രാജി സന്നദ്ധതയിലേക്ക് നയിച്ചത്. ഡിസംബർ 5ന് ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ പ്രവേശിക്കാൻ ഒരുങ്ങുന്നതിനാൽ എത്രയും വേഗം പുതിയ ജനറൽ സെക്രട്ടറി ചുമതലയേൽക്കേണ്ടത് അനിവാര്യമാണെന്നും അജയ് മാക്കൻ തന്റെ ഒരു പേജുള്ള കത്തിൽ പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.

ഖാർഗെ ചുമതലയേൽക്കുമ്പോൾ തന്നെ മറ്റ് ജനറൽ സെക്രട്ടറിമാർക്കൊപ്പം അജയ് മാക്കൻ രാജിവച്ചിരുന്നു. എന്നാൽ, രാജസ്ഥാൻ കോൺഗ്രസിന്റെ സംഘടനാ ചുമതലയിൽ അജയ് മാക്കാൻ തുടരുകയായിരുന്നു. സെപ്റ്റംബർ 25 ന് നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളാണ് രാജി നീക്കത്തിന് കാരണമെന്ന് അജയ് മാക്കൻ ചൂണ്ടിക്കാട്ടി. കോൺഗ്രസുമായുള്ള കുടുംബബന്ധം പോലും അദ്ദേഹം പരാമർശിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

രാഹുൽ ഗാന്ധിയോടൊപ്പം ഉണ്ടാകുമെന്ന് വ്യക്തമാക്കിയ അജയ് മാക്കാൻ ഡൽഹിയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങുമെന്നും കൂട്ടിച്ചേർത്തു. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ സച്ചിൻ പൈലറ്റ് മഹാരാഷ്ട്രയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന സമയത്താണ് രാജി വയ്ക്കുമെന്ന കത്ത് അജയ് മാക്കാൻ പാർട്ടി അദ്ധ്യക്ഷന് നൽകുന്നത്.

'കഴിഞ്ഞ മൂന്ന് തലമുറകളായി കോൺഗ്രസിന്റെ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട് നിൽക്കുന്ന കുടുംബ പാരമ്പര്യം എനിക്കുണ്ട്. 40 വർഷത്തിലേറെയായി കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരിക്കുന്ന ഞാൻ വാക്കുകൾക്ക് അതീതമായി വിശ്വസിക്കുന്ന രാഹുൽ ജിയുടെ കടുത്ത അനുയായിയായി തുടരും.'- അജയ് മാക്കൻ കത്തിൽ കുറിച്ചു.

അശോക് ഗെലോട്ടിനെതിരെയോ അദ്ദേഹത്തിന്റെ അനുയായികൾക്കെതിരെയോ ഇതുവരെ അച്ചടക്ക നടപടിയുണ്ടായിട്ടില്ല. ഇതാണ് അജയ് മാക്കന്റെ രാജിക്ക് കാരണമായി പറയുന്നത്. അശോക് ഗെലോട്ട് - സച്ചിൻ പൈലറ്റ് പക്ഷങ്ങൾ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായിരിക്കെയാണ് വിവാദങ്ങളിൽ പരിഹാരം തേടിയാണ് അജയ് മാക്കനെ നേതൃചുമതല ഏൽപ്പിച്ചത്. കോൺഗ്രസ് ഭരണത്തിലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നായ രാജസ്ഥാനിൽ അധികാരം നിലനിർത്താൻ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ഗെലോട്ട് അനുകൂലികൾക്കെതിരെ നടപടി സ്വീകരിക്കാതെ വന്നതോടെയാണ് രാജിക്ക് ഇടയാക്കിയത്.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സ്വീകരിച്ച നിലപാടിൽ അതൃപ്തനാണ് അജയ് മാക്കൻ. കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന വേളയിൽ നെഹ്രു കുടുംബത്തിന് താൽപ്പര്യം ഗെലോട്ട് മൽസരിക്കണം എന്നായിരുന്നു. അദ്ദേഹം ആദ്യം വിസമ്മതിക്കുകയും രാഹുൽ ഗാന്ധി തന്നെ പ്രസിഡന്റാകണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഒരാൾ രണ്ടു പദവി വഹിക്കരുത് എന്നാണ് കോൺഗ്രസിന്റെ തീരുമാനം. ഇതുപ്രകാരം ദേശീയ അധ്യക്ഷ പദവിയിലേക്ക് മൽസരിക്കുന്ന വ്യക്തി രാജസ്ഥാൻ മുഖ്യമന്ത്രി പദം ഒഴിയണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം അശോക് ഗെലോട്ട് വിസമ്മതിക്കുകയായിരുന്നു. ഇതാണ് അജയ് മാക്കനെ നിരാശപ്പെടുത്തിയത്.

മുഖ്യമന്ത്രി പദവിയും ദേശീയ അധ്യക്ഷ പദവിയും ഒരേ സമയം വഹിക്കാനുള്ള തന്ത്രമാണ് ഗെഹ്ലോട്ട് പയറ്റിയതത്രെ. വിഷയം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ നിന്ന് ഗെലോട്ടിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർ വിട്ടുനിൽക്കുകയും ചെയ്തു. മാത്രമല്ല, എംഎൽഎമാർ സമ്മർദ്ദ ശക്തികളെ പോലെ പെരുമാറുകയായിരുന്നു.

അശോക് ഗെലോട്ടിന് പകരം ആരാകണം മുഖ്യമന്ത്രി എന്ന് ചർച്ച ചെയ്യാനാണ് കോൺഗ്രസ് നേതൃത്വം യോഗം വിളിച്ചത്. ഗെലോട്ടിനെ പിന്തുണയ്ക്കുന്ന 90 എംഎൽഎമാർ യോഗത്തിൽ പങ്കെടുത്തില്ല. പകരം ഇവർ സ്പീക്കറെ കാണുകയായിരുന്നു. ഗെലോട്ടിനെ മാറ്റിയാൽ രാജി പ്രഖ്യാപിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ച എംഎൽഎമാർക്കെതിരെ നേതൃത്വം നടപടിയെടുക്കുമെന്നാണ് അജയ് മാക്കൻ കരുതിയത്. അതുണ്ടായില്ല. ഇങ്ങനെയാണെങ്കിൽ രാജസ്ഥാൻ കോൺഗ്രസിന്റെ ചുമതലയിൽ തുടരേണ്ടതില്ല എന്ന് അജയ് മാക്കൻ തീരുമാനിക്കുകയായിരുന്നു. ഇതാണ് രാജി പ്രഖ്യാപനത്തിന് കാരണമായി പറയപ്പെടുന്നത്.

സെപ്റ്റംബറിലെ വിവാദ സംഭവത്തിന് ശേഷം മൂന്ന് എംഎൽഎമാർക്കെതിരെ നടപടി വേണമെന്ന് അജയ് മാക്കൻ നേതൃത്വത്തിന് റിപ്പോർട്ട് നൽകിയിരുന്നു. മഹേഷ് ജോഷി, ധർമേന്ദ്ര റാത്തോഡ്, ശാന്തി ധരിവാൾ എന്നിവർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടത്. ഇവർ ഗെലോട്ടിന് അനുകലമായി പ്രത്യേക യോഗം വിളിക്കുകയായിരുന്നു. മുഖ്യമന്ത്രിയായി ഗെലോട്ട് മാത്രം മതിയെന്നും ഇവർ പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP