Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അമേരിക്കയിലെ കുട്ടികൾക്കിടയിലും കിറ്റക്സിനെ തരംഗമാക്കിയ പ്രതിഭ; വിശപ്പുരഹിത കേരളം പദ്ധതിയുടെയും ഹൈട്ടക്ക് സ്‌കൂളുകളുടെയും പിന്നിലെ ബുദ്ധികേന്ദ്രം; 2016ലെ പിണറായിയുടെ 'മെന്റർ' ഇപ്പോൾ കടുത്ത ശത്രു; 20 ട്വന്റി ഇപ്പോൾ കേരളത്തിലെ രണ്ടാമത്തെ വലിയ പാർട്ടി! സാബു എം ജേക്കബ് കേരളത്തിന്റെ പൊളിറ്റിക്കൽ ഗെയിംചെഞ്ചറോ?

അമേരിക്കയിലെ കുട്ടികൾക്കിടയിലും കിറ്റക്സിനെ തരംഗമാക്കിയ പ്രതിഭ; വിശപ്പുരഹിത കേരളം പദ്ധതിയുടെയും ഹൈട്ടക്ക് സ്‌കൂളുകളുടെയും പിന്നിലെ ബുദ്ധികേന്ദ്രം; 2016ലെ പിണറായിയുടെ 'മെന്റർ' ഇപ്പോൾ കടുത്ത ശത്രു; 20 ട്വന്റി ഇപ്പോൾ കേരളത്തിലെ രണ്ടാമത്തെ വലിയ പാർട്ടി! സാബു എം ജേക്കബ് കേരളത്തിന്റെ പൊളിറ്റിക്കൽ ഗെയിംചെഞ്ചറോ?

എം റിജു

പാർട്ടി അംഗങ്ങളുടെ എണ്ണം നോക്കിയാൽ, കേരളത്തിലെ രണ്ടാമത്തെ വലിയ പാർട്ടിയാണ് ട്വന്റി 20 എന്ന് പറഞ്ഞാൽ എത്രപേർ വിശ്വസിക്കും! പക്ഷേ സംഭവം സത്യമാണ്. അഭൂതപുർവമായ സ്വീകരണമാണ് ട്വന്റി 20യുടെ അംഗത്വ കാമ്പയിന് കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്വന്റി 20യുടെ ചീഫ് കോഡിനേറ്ററും കിറ്റകസ് ഗ്രൂപ്പ് എംഡിയുമായ സാബു എം ജേക്കബ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. ''സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും വാർഡ് തലം തൊട്ട് പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് ട്വന്റി 20. അംഗത്വ ക്യാംപെയ്ൻ ആരംഭിച്ചിട്ട് വെറും 42 ദിവസമേ ആയിട്ടുള്ളൂ. ഇന്ന് വരെ കേരളത്തിൽ ഞങ്ങൾ ഏതാണ്ട് ഏഴ് ലക്ഷം അംഗത്വം നേടിക്കഴിഞ്ഞു. സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലധികം അംഗങ്ങളുള്ള ഒരേയൊരു പാർട്ടി സിപിഐഎമ്മാണ്. കോൺഗ്രസിന് പോലും അഞ്ച് ലക്ഷം മെമ്പർഷിപ്പേ കേരളത്തിലുള്ളൂ. മാറ്റത്തിന് വേണ്ടി ജനങ്ങൾ എത്ര മാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് ഈ അക്കങ്ങൾ കാണിച്ചുതരുന്നു.''

ഈ വാക്കുകൾ ശരിയാണെന്നതിന് സോഷ്യൽ മീഡിയയിൽ ഓരോദിവസവും ട്വന്റി 20ക്ക് കിട്ടുന്ന വർധിച്ച പിന്തുണയും സാക്ഷ്യമാവുന്നു. ഒരു പാർട്ടിയിലെ അംഗങ്ങളുടെ വോട്ടല്ല അനുഭാവികളുടെ വോട്ട് എന്നത് വ്യക്തമാണ്. കേഡർ സ്വഭാവമില്ലാത്ത കോൺഗ്രസിനൊക്കെ അംഗങ്ങൾ കുറവും അനുഭാവികൾ അതിന്റെ എത്രയോ ഇരട്ടിയുമാണെന്നതാണ് വസ്തുത. കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിൽപോലും കേരളത്തിൽനിന്ന് എത്രപേർക്ക് വോട്ട് ഉണ്ടെന്നത് നമുക്ക് അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ ട്വന്റി 20യുടെ അംഗത്വത്തിലുള്ള വർധന വോട്ടിൽ പ്രതിഫലിക്കുമെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല. പക്ഷേ ഇതൊരു ഞെട്ടിക്കുന്ന മാറ്റമാണെന്ന് നിരീക്ഷിക്കാതെ വയ്യ.

തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ഡോ അലക്സാണ്ടർ ജോൺ ഇങ്ങനെ നിരീക്ഷിക്കുന്നു. ''സത്യത്തിൽ മറ്റൊരു ഗതിയുമില്ലാത്തതിനാൽ തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിൽ മുന്നണികളെ മാറിമാറി ചുമക്കാൻ വിധിക്കപ്പെട്ടവരാണ് കേരളീയർ. കേരളത്തിന്റെ ഒരു ജനസംഖ്യാപരമായ പ്രത്യേകതകൾ കൊണ്ട് ബിജെപിക്ക് ഇവിടെ അധികാരത്തിൽ എത്താൻ കഴിയില്ലെന്ന് വ്യക്തമാണ്. അപ്പോൾ പിന്നെയുള്ള ഒരു ബദൽ എന്ന നിലയിൽ ട്വന്റി 20- ആം ആദ്മി സഖ്യത്തിന് വളരാൻ കഴിയും. ശശി തരൂരിനെപ്പോലുള്ള ആളുകളെയും അവർ ഈ മുന്നണിയിൽ പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോൾ 7ലക്ഷത്തിൽ പരം അംഗങ്ങൾ ഉണ്ടായി എന്ന് പറയുന്നുതന്നെ ഞെട്ടിക്കുന്ന ഒരു മാറ്റമാണ്. സാബു എം ജേക്കബിനെപ്പോലെ ഒരാളെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി, ശക്തമായ കാമ്പയിൻ നടത്തിയാൽ കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറും''.

സോഷ്യൽ മീഡിയയിലെ ലിബറൽ ചിന്താഗതിയുള്ള ഒരുപാട് പേരും ഇതുപോലെ ചിന്തിക്കുന്നുണ്ട്. കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ ആവാൻ സാബു എം ജേക്കബിന് കഴിയുമോ എന്ന ചോദ്യമാണ് എവിടെയും ഉയരുന്നത്.


വ്യവസായിക്ക് രാഷ്ട്രീയക്കാരനാവാം, തിരിച്ചോ?

സന്യാസിക്ക് തെമ്മാടിയാവാം, പക്ഷേ ഒരു തെമ്മാടിക്ക് സന്യാസിയാവാൻ കഴിയില്ല എന്ന വാക്കുകൾ നാം കേട്ടിട്ടുണ്ട്. അതുപോലെ ഒരു കാര്യമാണ് ഇന്ത്യൻ എക്പ്രസിന്റെ അഭിമുഖത്തിനിടെ സാബു എം ജേക്കബ് പറഞ്ഞത്. '' എന്നെ സംബന്ധിച്ച് രാഷ്ട്രീയം എന്ന വാക്കിന്റെ അർത്ഥം വികസനം എന്നാണ്. ഒരു രാഷ്ട്രീയക്കാരന് ഒരിക്കലും വ്യവസായി ആവാൻ കഴിയില്ല, പക്ഷേ ഒരു വ്യവസായിക്ക് രാഷ്ട്രീയക്കാരൻ ആവാൻ കഴിയും. ഒരു നല്ല സംരഭകന അച്ചടക്കവും, ദീർഘവീക്ഷണവും ഒക്കെയുണ്ടാവും. ഇത് സമൂഹത്തിന് ഗുണം ചെയ്യും.''

ഇതുവരെ കൊച്ചിയിൽ ഒതുങ്ങിയ ട്വന്റി 20 സംസ്ഥാന വ്യാപകമായി കളത്തിലിറങ്ങാൻ നീക്കമുണ്ടെന്ന ശക്തമായ സൂചനകൾ പുറത്തുവന്നു കഴിഞ്ഞു. ഇതിന്റെ തുടക്കമെന്നോണമാണ് ഇന്ന് അദ്ദേഹം ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖം. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വലിയ ചർച്ചയായെങ്കിലും ട്വന്റി 20 പ്രകടനം നിരാശാജനകമായിരുന്നല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ സാബു എം ജേക്കബിന്റെ മറുപടി ഇങ്ങനെ, 'കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട് മണ്ഡലത്തിൽ മാത്രമാണ് മത്സരിച്ചതെങ്കിൽ ആ സീറ്റ് ഞങ്ങൾക്ക് എളുപ്പത്തിൽ വിജയിക്കാമായിരുന്നു. കൂടുതൽ സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഞങ്ങൾ എല്ലായിടത്തും തോറ്റു.

''ടി20 തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ യുഡിഎഫിന്റെ വോട്ടുകളാണ് കൊണ്ടുപോകുന്നതെന്നാണ് പൊതുവിലുള്ള വിശ്വാസം. പക്ഷെ, അത് സത്യമല്ല. സിപിഐഎമ്മിന്റേയും കോൺഗ്രസിന്റേയും പ്രവർത്തകരിൽ നിന്ന് ഞങ്ങൾക്ക് പിന്തുണ ലഭിക്കുന്നുണ്ട്,' സാബു എം ജേക്കബ് പ്രതികരിച്ചു. 'ടി20 ജനങ്ങൾക്ക് ഭക്ഷ്യ സാമഗ്രികളും മറ്റ് സൗജന്യങ്ങളും നൽകി കേരള സമൂഹത്തെ അരാഷ്ട്രീയവൽക്കരിക്കുകയാണെന്ന ആരോപണങ്ങൾ സാബു എം ജേക്കബ് തള്ളി. ''ഒരു സംസ്ഥാനമോ, രാജ്യമോ, ഭരിക്കുന്ന ഒരു പാർട്ടിയുടെ പ്രാഥമിക ഉത്തരവാദിത്തം ജനങ്ങളുടെ ക്ഷേമമാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതുകൊണ്ടാണ് അവർ ഞങ്ങളെ വിശ്വസിക്കുന്നത്. ചില ആളുകൾ അവരുടെ രാഷ്ട്രീയ ചായവ് മൂലം ഞങ്ങളുടെ സഹായങ്ങൾ നിരസിച്ചു. ഭക്ഷ്യാ സുരക്ഷാ കാർഡുകൾ പോലും വേണ്ടെന്ന് പറഞ്ഞവരുണ്ട്. ഞങ്ങൾക്ക് വോട്ട് ചെയ്തവരേയും ചെയ്യാത്തവരേയും ഞങ്ങൾ വേർതിരിച്ച് കാണാറില്ല,'- സാബു എം ജേക്കബ് വ്യക്തമാക്കി.

ഇപ്പോൾ ആം ആദ്മിയുമായി കൈകോർക്കുന്നതോടെ ആർക്കും അവഗണിക്കാൻ കഴിയാത്ത ശക്തിയായും അവർ വളർന്നു കഴിഞ്ഞു. നോക്കുക പത്താംക്ലാസും ഗുസ്തിയും മാത്രമുള്ള, ക്രിയേറ്റീവായി ഒരു കാര്യവും ചെയ്യാൻ കഴിയാത്ത, നമ്മുടെ പരമ്പരാഗത രാഷ്ട്രീയക്കാർക്കിടയിൽ സാബു എം ജേക്കബിന് ഒരുപാട് ചെയ്യാൻ കഴിയും. അതിന്റെ ഉദാഹരണമാണ് ലോക നിലവാരത്തിൽ എത്തിയ കിറ്റക്സ് ഗാർമെൻൻസും, കിഴക്കമ്പലം പഞ്ചായത്തും.

അമേരിക്കയിൽ തരംഗമായ കിറ്റക്സ്

''അമേരിക്കയിൽ ജനിക്കുന്ന ഒരു കുട്ടി പോലും കിറ്റക്സിന്റെ ഉടുപ്പിടാത്തതായി ഉണ്ടാകില്ല. കിറ്റക്സ് തുന്നുന്ന കുട്ടിയുടുപ്പുകൾ യുഎസിലെ 28,000 സ്റ്റോറുകളിൽ ലഭിക്കും. ന്യൂജെഴ്സിയിലെ മോണ്ട്വേലിലാണു കിറ്റക്സ് യുഎസ്എയുടെ ആസ്ഥാനം. ഡിസൈനർ സ്റ്റുഡിയോ ഉൾപ്പെടെ 9,000 ചതുരശ്ര അടി സമുച്ചയം. കിറ്റക്സ് യുഎസ്എയുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ വിദേശികളാണ്' - കിറ്റക്സ് ഗാർമെന്റ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സാബു ജേക്കബ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞതാണിത്. നോക്കുക, കിഴക്കമ്പലമെന്ന കൊച്ചു ഗ്രാമത്തിൽ പിറന്ന് യുഎസ് വരെ വളർന്നൊരു വലിയ സംരഭത്തെ ഇവിടെ നിന്ന് ഓടിക്കാനാണ് നമ്മുടെ സർക്കാർ ശ്രമിക്കുന്നത്!

തൊഴിലാളിയുടെ ഭാര്യയെ ഓടിച്ചിട്ട് ബലാത്സഗം ചെയ്ത്, വീടിന് തീയിടുന്ന ബാലൻ കെ നായരുടെയും ടി ജി രവിയുടെയും സിനിമകളിലെ മുതലാളിമാരെയാണ് മലയാളി പൊതുവെ ഒരു സംരംഭകന്റെ അക്കൗണ്ടിൽ പെടുത്താറുള്ളത്. എന്നാൽ ഒരുപാട് കഷ്ടപ്പെട്ടും വിയർപ്പൊഴുക്കിയുമാണ് സാബുവിനെപ്പോലുള്ളവർ ഈ നിലയിൽ എത്തുന്നത്.

തന്റെ കമ്പനിയുടെ വളർച്ചയെക്കുറിച്ച് മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ സാബു എം ജേക്കബ് ഇങ്ങനെ പറയുന്നു. ''1993 ലാണു കമ്പനി രജിസ്റ്റർ ചെയ്തത്. തിരുപ്പൂരിലും ബെംഗളൂരുവിലും ചൈനയിലുമൊക്കെയുള്ള ഗാർമെന്റ് ഫാക്ടറികൾ സന്ദർശിച്ചു ഗുണവും ദോഷവും മനസിലാക്കി. ഫാക്ടറി കമ്മിഷൻ ചെയ്തത് 1995 ൽ. പൂർണമായും ശീതീകരിച്ച ആദ്യ ഗാർമെന്റ് ഫാക്ടറി! വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാർക്കായി ഡോർമിറ്ററിയും നിർമ്മിച്ചു. എല്ലാ സൗകര്യങ്ങളുമുള്ള അത്തരമൊരു ഹോസ്റ്റലും ആദ്യ സംഭവം. പലരും പറഞ്ഞു: നല്ല ഫാക്ടറി. ചിലർ പറഞ്ഞു: 'അയാൾ എന്തൊരു വിഡ്ഢിയാണ്. തുണി വാങ്ങാൻ ആരു വരും കിഴക്കമ്പലത്തേക്ക്.' അങ്ങനെയൊരു കാര്യം ഞങ്ങളും ആലോചിച്ചിരുന്നില്ല. അഞ്ചു വർഷം വല്ലാതെ കഷ്ടപ്പെട്ടു. ഇടനിലക്കാർ വഴിയായിരുന്നു വിപണനം. അവർ ശരിക്കു ചൂഷണം ചെയ്തു.

2000ൽ യുഎസിൽനിന്നു നേരിട്ടൊരു ബയറെത്തി; വിഖ്യാതമായ ഗെർബർ ചിൽഡ്രൻസ് വെയർ. അവർ വന്നു. ഫാക്ടറിയും ഉൽപന്നങ്ങളും കണ്ടു തൃപ്തരായി. അങ്ങനെ, 5000 ഡോളറിന്റെ ഇടപാട്. നേരിട്ടുള്ള ആദ്യ വിദേശ ബിസിനസ്! അവരുടെ ബ്രാൻഡിൽ ഞങ്ങളുടെ ഉൽപന്നങ്ങൾ യുഎസ് വിപണിയിൽ. ആഗോള സാമ്പത്തികമാന്ദ്യ കാലം. ബിസിനസ് ഇടിയുന്ന കാലത്തു പക്ഷേ, കുഞ്ഞുടുപ്പുകളുടെ വിൽപന കൂടുകയാണു ചെയ്തത്. കാരണം ലളിതമായിരുന്നു. എത്ര സാമ്പത്തിക പ്രയാസമുണ്ടെങ്കിലും കുഞ്ഞുങ്ങളുടെ കാര്യത്തിൽ ആരും വിട്ടുവീഴ്ച ചെയ്യില്ല. 24 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്കു വേണ്ടി മാത്രമാണ് ഞങ്ങളുടെ ഉൽപന്നങ്ങൾ. പിന്നീട്, ആഗോള ഭീമന്മാരായ വാൾമാർട് വന്നു. 29 ഗാർമെന്റ് ഫാക്ടറികൾ സന്ദർശിച്ചെങ്കിലും അവർക്ക് ഇഷ്ടപ്പെട്ടതു കിറ്റക്സ് മാത്രം. ഞങ്ങളുടെ സൗകര്യങ്ങളും ഉൽപന്ന ഗുണനിലവാരവും തന്നെയായിരുന്നു കാരണം. ഒന്നു കൂടിയുണ്ട്, ഗെർബറുമായുള്ള ബിസിനസ് അയ്യായിരം ഡോളറിൽ നിന്ന് രണ്ടു കോടി ഡോളറിലേക്കു വളർന്നു!

യുഎസിലെ ഗുണനിലവാര മാനദണ്ഡങ്ങൾ അതീവ കർശനമാണ്. ഫാക്ടറിയിൽ വിവിധ ഏജൻസികളുടെ നിരന്തര പരിശോധനകളുണ്ടാകും. അവയിൽ പരാജയപ്പെട്ടാൽ കമ്പനി കരിമ്പട്ടികയിലാകും. കൊച്ചു കുഞ്ഞുങ്ങളുടെ ഉടുപ്പുകളാകുമ്പോൾ അങ്ങേയറ്റം ശ്രദ്ധ വേണം. ഒരു പോറൽ പോലും ഉണ്ടാകാത്ത വിധം മൃദുവായ തുണിയാകണം. അതേസമയം, ബലവുമുണ്ടാകണം. കുഞ്ഞുങ്ങൾ ഉടുപ്പു കടിക്കും. അതുകൊണ്ടു തന്നെ അപകടകരമായ രാസവസ്തുക്കളും നിറങ്ങളും പാടില്ല. കുഞ്ഞുങ്ങളുടെ ഉമിനീരുമായി കലർന്നാലും അപകടമില്ലാത്ത നിറങ്ങൾ മാത്രമേ ഉപയോഗിക്കൂ! ''- സാബു എം ജേക്കബ് പറയുന്നു.

നോക്കുക ഇതുപോലെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു കമ്പനിയെയാണ് മലിനീകരണത്തിന്റെ പേരിൽ നിരന്തരം റെയഡുകൾ നടത്തി നാം പൂട്ടിക്കാൻ ശ്രമിക്കുന്നത്. പ്രതിദിനം ആറു ലക്ഷം ഉടുപ്പുകളാണ് നിർമ്മിക്കുന്നത്. ഇപ്പോൾ അത് 15 ലക്ഷമായിട്ടുണ്ടെന്നാണ് കണക്ക്. ഈ രീതിയിൽ അമേരിക്കയിൽ വരെ വിജയിച്ച മനുഷ്യൻ കേരള രാഷ്ട്രീയത്തിലും ഇറങ്ങിയാൽ അത്ഭുദം ഉണ്ടാവുമെന്ന് ഉറപ്പല്ലേ. അതാണ് യുഡിഎഫും എൽഡിഫും അയാളെ ഒരുപോലെ ഭയക്കുന്നതും.

പാർട്ടിയുണ്ടാക്കിയത് രാഷ്ട്രീയക്കാർ മൂലം

വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ആളല്ല സാബു. പിതാവും അന്ന അലൂമിനിയം കമ്പനിയുടെ സ്ഥാപകനുമായ എം സി വർഗീസ്, കക്കൂസ്വരെ കഴുകിപ്പിക്കുന്ന ജോലികൾവരെ തന്നെക്കൊണ്ട് ചെയ്യിച്ചിരുന്നുവെന്നും, ഗ്രാസ് റൂട്ടിൽനിന്നാണ് താൻ ഉയർനനുവന്നതെന്നും അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

സാബു എം ജേക്കബ് ഒരിക്കൽ പറഞ്ഞു. ''ബിസിനസുകാരൻ എന്നാൽ എല്ലാ രാഷ്ട്രീയക്കാർക്കും കയറി നിരങ്ങാൻ ഉള്ള ആളാണെന്ന് പല പാർട്ടിക്കാരും കരുതുന്നു. അതിൽ കൊടിയുടെ നിറഭേദമില്ല. ഞങ്ങൾ നോട്ടടിച്ചുണ്ടാക്കുന്നവരാണെന്ന മട്ടിലാണ് അവർ പെരുമാറുക. പെട്ടെന്നൊരു ദിവസം നമ്മുടെ മുന്നിൽ വന്ന് ഡിമാന്റുകൾ വയ്ക്കും. ചോദിക്കുന്ന പൈസ കൊടുത്തില്ലെങ്കിൽ അധികാരം ഉപയോഗിച്ച് ഉപദ്രവിക്കുകയാണ് ഇവരുടെ രീതി.''1988 ൽ കമ്പനിയിൽ യൂണിയൻ ഉണ്ടാക്കാനുള്ള സമരം നടന്നു. പുറമേ നിന്നെത്തിയവരാണ് സമരം നടത്തുന്നത്. 585 ദിവസം നീണ്ടു നിന്നു. പല ജില്ലകളിൽ നിന്നും സമരം ചെയ്യാൻ ബസ്സുകളിൽ ആളുകൾ എത്തി. ഒടുവിൽ കോടതി ഇടപെട്ടു. ഒറ്റ ദിവസം കൊണ്ട് സമരം തീർന്നു.2001 ൽ അന്നത്തെ മന്ത്രിസഭ അധികാരത്തിൽ ഏറിയ ദിവസം. നുറ്റമ്പതോളം പേർ വന്ന് കമ്പനിക്കു നേരെ ബോംബ് എറിഞ്ഞ് വലിയ നാശനഷ്ടങ്ങളുണ്ടാക്കി.

കുറച്ചു വർഷം മുൻപ് പുതിയൊരു രാഷ്ട്രീയപ്പാർട്ടിക്കാർ വന്ന് അമ്പതു ലക്ഷം രൂപ സംഭാവന ചോദിച്ചു. അത്തരമൊരു സംഘടനയെക്കുറിച്ച് താൻ കേട്ടിട്ടു പോലുമില്ല. അമ്പതിനായിരം രൂപ കൊടുക്കാമെന്നു പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി തിരിച്ചു പോയി. അവരുടെയും ഉപദ്രവങ്ങളുണ്ടായി. തുടർന്നാണ് പിതാവിന് അവർ വെട്ടിയത്. നടുറോഡിൽ 70 വെട്ടാണ് വെട്ടിയത്''- സാബു എം ജേക്കബ് പറയുന്നു.

''നമ്മുടെ ബിസിനസ് വളരുന്നതിനൊപ്പം ഈ നാടും വളരണമെന്നായിരുന്നു അച്ഛന്റെ കാഴ്ചപ്പാട്. അതാണ് യഥാർഥ വികസനം എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. 2012 ൽ അച്ഛന്റെ മരണത്തോടെ ആ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ ശ്രമങ്ങൾ തുടങ്ങി. അച്ഛൻ വ്യക്തികളെ ആണ് സഹായിച്ചിരുന്നത്. ഞങ്ങൾ കിഴക്കമ്പലം എന്ന നാട്ടിലേക്ക് ആ സ്വപ്നത്തെ വലുതാക്കി. നാടിനു വേണ്ട കാര്യങ്ങളെക്കുറിച്ചറിയാൻ പഠനം നടത്തി. ആ റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു.

282 കുടുംബങ്ങൾ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അതിനുള്ളിൽ മനുഷ്യനും ആടും കോഴിയും ഒരുമിച്ചു കഴിയുന്ന കാഴ്ച. കുടിവെള്ളം ഇല്ലാത്ത, വൈദ്യുതിയില്ലാത്ത വീടുകൾ. പലരും പട്ടിണിയിൽ. ഇത് ഒന്നോ രണ്ടോ വർഷം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ലെന്ന് തിരിച്ചറിഞ്ഞു. 2020 ൽ ഒരു ഘട്ടം പൂർത്തിയാക്കാം എന്നു തീരുമാനിച്ചു. അങ്ങനെ ട്വന്റി 20 എന്നു പേരിട്ടു.

2013 മെയ്‌ 19ന് താൻ മീറ്റിങ് വിളിച്ചു. അവിടെക്കൂടിയ ആയിരത്തി അഞ്ഞൂറോളം നാട്ടുകാർക്കു മുന്നിൽ സ്വപ്നത്തെക്കുറിച്ചു പറഞ്ഞു. പലർക്കും അദ്ഭുതമായിരുന്നു. ജനങ്ങളുടെ സേവനത്തിനായി തുടങ്ങിയ സംഘടന രാഷ്ട്രീയപാർട്ടിയായി മാറിയതിന് പിന്നിലും രാഷ്ട്രീയ പാർട്ടികൾ തന്നെയാണ് കാരണവും. ജനങ്ങൾക്കു വേണ്ടി ഞങ്ങൾ ചെയ്തിരുന്ന പല കാര്യങ്ങളും അവർ മുടക്കാൻ തുടങ്ങി. കുടിവെള്ളപ്രശ്‌നം പരിഹരിക്കാനായിരുന്നു ആദ്യശ്രമം. ഓരോ വീട്ടിലേക്കും വെള്ളം എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. മൂന്നാമത്തെ കോളനിയിൽ വാട്ടർ ടാങ്ക് നിർമ്മിച്ചു തുടങ്ങിയപ്പോൾ 'അപകടം' മനസ്സിലാക്കി രാഷ്ട്രീയക്കാർ തടഞ്ഞു. ഇതിനെതിരെ ജനങ്ങൾ അണിനിരന്നു. പഞ്ചായത്ത് പിക്കറ്റ് ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ സ്റ്റോപ് മെമോ പിൻവലിക്കേണ്ടി വന്നു.- സാബു ജേക്കപ്പ് പറയുന്നു.

ക്യാപിറ്റലിസത്തിന്റെ അദ്ഭുദം

''പല വീടുകളിലും അടിസ്ഥാന സൗകര്യങ്ങൾ കുറവായിരുന്നു. ഇതു മനസ്സിലാക്കി 2014 ഓണക്കാലത്ത് ജനങ്ങൾക്കു വേണ്ടി ഒരു ഫെസ്റ്റ് സംഘടിപ്പിച്ചു. കട്ടിലും കിടക്കയും മിക്‌സിയും തേപ്പുപെട്ടിയും ഉൾപ്പടെയുള്ള സാധനങ്ങൾ പകുതിവിലയിൽ വാങ്ങാനുള്ള അവസരം. സ്ത്രീകൾ ആദ്യമേ അതിനു വേണ്ടി പണം എടുത്തു വയ്ക്കാൻ തുടങ്ങി. ഉദ്ഘാടന ദിവസം ഉത്സവപ്രതീതിയായിരുന്നു. ആയിരക്കണക്കിനു പേർ സ്റ്റാളിന്റെ അകത്തു നിൽക്കുമ്പോൾ പൊലീസും രാഷ്ട്രീയക്കാരുമെത്തി ഫെസ്റ്റ് നടത്താൻ അനുവാദമില്ലെന്നു വെളിപ്പെടുത്തി. പിന്നീട് 144 പ്രഖ്യാപിച്ചാണ് ഈ ശ്രമങ്ങളെ അടിച്ചമർത്തിയത്.

മഴപെയ്യുമ്പോൾ ചോർന്നൊലിക്കുന്ന ലക്ഷംവീടു കോളനിയിലെ ജനങ്ങൾക്ക് 72 ഗോഡ്‌സ് ഓൺ വില്ലകളുണ്ടാക്കി. ഇതിനു പുറമേ ആയിരത്തിനടുത്ത് വീടുകൾ നിർമ്മിച്ചു നൽകി. കിഴക്കമ്പലം പഞ്ചായത്തിലുള്ള എല്ലാവർക്കും എൺപതു ശതമാനം വരെ വിലക്കുറവിൽ പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങാനുള്ള ഭക്ഷ്യസുരക്ഷാമാർക്കറ്റ് ഉണ്ടാക്കി ഇതെല്ലാം ട്വന്റി ട്വന്റിയുടെ വിജയമായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല പഞ്ചായത്ത് കിഴക്കമ്പലം ആയി മാറിക്കഴിഞ്ഞിട്ടുണ്ട്. അഞ്ചുവർഷത്തിനുള്ളിൽ കിഴക്കമ്പലം പഞ്ചായത്തിലെ ക്രൈംറേറ്റ് 80 ശതമാനത്തോളം കുറവാണ്.''- സാബു പഴയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്.

പിന്നെ ട്വന്റി ട്വന്റി അധികാരത്തിലേറുമ്പോൾ, മൂക്കറ്റം കടത്തിൽ ഒരു വികസനവുമില്ലാതെ നട്ടം തിരിയുകയായിരുന്നു കിഴക്കമ്പലം പഞ്ചായത്ത്. ഇന്ന് അതിന് 13 കോടിയാണ് മിച്ചം. കേരളത്തിൽ എന്നല്ല ഇന്ത്യയിൽപ്പോലും ഭൂമിക്ക് എറ്റവും കൂടുതൽ വിലയുള്ളത് കിഴക്കമ്പലത്താണ്. ഗ്രാമങ്ങളിൽപോലും അഞ്ചുലക്ഷമാണ് സെന്റിന് വില. ഇപ്പോൾ ആരും ഭൂമി വിൽക്കുന്നില്ല. കിഴക്കമ്പലത്തേക്ക് കുടിയേറാൻ കാത്തിരിക്കയാണ് ആളുകൾ. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഉത്തര കൊറിയിൽ പോകാതെ അമേരിക്കയിലേക്ക് ആളുകൾ പോകുന്നതിന്റെ അതേ മനഃശാസ്ത്രം തന്നെ. ക്യാപിറ്റലിസം എന്ന അദ്ഭുദം. സോഷ്യൽ വെൽഫയർ എന്ന ആശ്വാസം. ആ കിഴക്കമ്പലം മോഡലാണ് ഇന്ന് കേരളത്തിലേക്ക് മൊത്ത വ്യാപിപ്പിക്കാൻ ശ്രമിക്കുന്നത്.

പിണറായിയുമായി വഴിപിരിയുന്നു

2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ തനിക്കും ഏറെ പ്രതീക്ഷകൾ ഉണ്ടായിരുന്നെന്ന് സാബു എം ജേക്കബ് പറയുന്നു. '' അക്കാലത്ത് പിണറായിയുമായി നല്ല ബന്ധം ആയിരുന്നു. സിപിഎം എന്ന പാർട്ടിക്കല്ല പിണറായി വിജയന് ഇവിടെ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് ഞാനടക്കം ഏവരും കരുതിയിരുന്നു. ഒന്നാം പിണറായി സർക്കാറിലെ പല ജനപ്രിയ പദ്ധതികളുടെയും ഇൻ പുട്ട് നൽകയിയത് ഞാൻ ആയിരുന്നു. വിശപ്പ്രഹിത കേരളം പദ്ധതി, ഹൈട്ടക്ക് ക്ലാസ് റൂമുകൾ എന്നിവ ഉദാഹരണം. അതുപോലെ സംസ്ഥാനത്തെ എല്ലാ പ്രെടോൾ പമ്പുകളിലും, ടോയ്ലറ്റുകളും റെസ്റ്റ് റൂമുകൾ ഉണ്ടാക്കുക എന്നതും എന്റെ തലയിൽ പിറന്നതാണ്. പിണറായി പോലും ഇത് നിഷേധിക്കില്ല.''- അത്രയും അത്മവിശ്വാസത്തോടെയാണ് സാബു എം ജേക്കബ് ന്യൂ ഇന്ത്യൻ എക്പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. നോക്കുക ഇത്രയും ഇൻ പുട്ട് നൽകാൻ കഴിയുന്ന ഒരു മനുഷ്യന്റെ തലച്ചോറ് നാം രാഷ്ട്രീയത്തിൽ തന്നെയല്ലേ ഉപയോഗിക്കേണ്ടത്. അല്ലാതെ അയാളെ, കുത്തകയെന്നും മുതലാളിയെന്നും പറഞ്ഞ് മാറ്റിനിർത്തുകയാണോ വേണ്ടത്.

അഭിമുഖത്തിൽ സാബു എം ജേക്കബ് ഇങ്ങനെ തുടരുന്നു. ''എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറഞ്ഞു. പിണറായി സർക്കാറിശന്റ ഭാഗത്തുനിന്ന് തുടർച്ചയായ ദുരിതങ്ങളാണ് ഞങ്ങൾക്ക് ഉണ്ടായത്. നിരന്തരമായ റെയ്ഡുകളും പരിശോധനകളും ഉണ്ടായി. മുഖ്യമന്ത്രിക്ക് ആ റെയ്ഡിൽ പങ്കൊന്നും ഇല്ലായിരുന്നു. പക്ഷേ അദ്ദേഹം മൗനം പാലിച്ചു. അത് തടയാൻ പിണറായിക്ക് കഴിയുമായിരുന്നു. പക്ഷേ അദ്ദേഹം അത് ചെയ്തില്ല. ഞങ്ങളുടെ നിക്ഷേപങ്ങൾ തെലുങ്കാനയിലേക്ക് മാറ്റാനുള്ള തീരുമാനം എടുക്കുന്നതിന് മുന്നോടിയായി ഞാൻ മുഖ്യമന്ത്രിക്ക് മെസേജ് അയച്ചു. കത്ത് എഴുതി. പക്ഷേ ഒരു മറുപടിയും ഉണ്ടായില്ല. തുടർന്നാണ് ഞങ്ങൾ കേരളം വിടാൻ തീരുമാനിച്ചത്. ഇനി കേരളത്തിൽ ഒരു പൈസയും നിക്ഷേപിക്കേണ്ട എന്നാണ് തീരുമാനം. മൂവായിരം കോടിയാണ് തെലങ്കാനയിൽ നിക്ഷേപിക്കുന്നത്. ഫെബ്രുവരിയിൽ ആദ്യ യൂണിറ്റ് വാറംഗലിൽ പ്രവർത്തനം തുടങ്ങും. ഹൈദരബാദിൽ സർക്കാർ അനുവദിച്ച 250 കോടി ഹെക്റ്ററിലാണ് അടുത്ത യൂണിറ്റ് വരുന്നത്''- സാബു എം ജേക്കബ് വ്യക്തമാക്കി.

പിണറായിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് സാബു എം ജേക്കബ് ഇങ്ങനെ മറുപടി നൽകുന്നു. ''ഞങ്ങളുടെ സൗഹൃദം വളരെ ആഴത്തിലുള്ളതായിരുന്നു. അദ്ദേഹത്തിന്റെ പാർട്ടിയും മന്ത്രിമാരും എന്റെ സംഘടനയെ ലക്ഷ്യമിട്ട് തുടങ്ങിയപ്പോൾ അദ്ദേഹത്തിന് അവരെ നിയന്ത്രിക്കാമായിരുന്നു. അദ്ദേഹം ഒരിക്കലും എന്നെ ബന്ധപ്പെടുകയോ സഹായിക്കാൻ ഇടപെടുകയോ ചെയ്തിട്ടില്ല. പിന്നെ ഞാൻ എന്തിന് അദ്ദേഹത്തെ ബന്ധപ്പെടണം.''

ഒരു കാര്യം വ്യക്തമാണ്. കൃത്യമായി രാഷ്ട്രീയം അറിഞ്ഞും കാര്യങ്ങൾ പഠിച്ചുമാണ് സാബു എം ജേക്കബ് ഈ പരിപാടിക്ക് ഇറങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനിയുള്ള കാലം നമ്മുടെ ഇടത് വലത് മുന്നണികൾക്ക് ഒരു വെല്ലുവിളി തന്നെയായിരിക്കും ഈ മനുഷ്യനും അയാളുടെ പാർട്ടിയും.

മുഖ്യമന്ത്രിയാവണമെന്ന്  കെജ്രിവാൾ

അതേസമയം ആം ആദ്മി പാർട്ടിയുമായി കൈകോർക്കുമെന്ന് തന്നെയാണ് സാബു വ്യക്തമാക്കുന്നത്. ആദ്യ കൂടിക്കാഴ്‌ച്ചയിൽ തന്നെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകേണ്ടത് താനാണെന്ന് പറഞ്ഞെന്നാണ് അഭിമുഖത്തിൽ സാബു ജേക്കബ് പറഞ്ഞു. 'ജനക്ഷേമ സഖ്യ'ത്തിന്റെ രൂപീകരണത്തിന് കാരണമായ യോഗത്തേക്കുറിച്ച് പ്രതികരിച്ചത്. 'തെലങ്കാനയിലെ ഒരു എംപിയാണ് ഞാൻ കെജ്രിവാളുമായി യോജിച്ച് പ്രവർത്തിക്കണമെന്ന് നിർദ്ദേശിച്ചത്. ഒരു പൊതുസുഹൃത്ത് ഡൽഹി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ചയൊരുക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിൽ രാജകീയ വരവേൽപാണ് കെജ്രിവാൾ നൽകിയത്. കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകേണ്ടയാളാണ് താനെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എനിക്ക് താൽപര്യമില്ലെന്ന് ഞാൻ മറുപടി നൽകി,' സാബു എം ജേക്കബ് പറഞ്ഞു.'കേരളത്തിലെ എഎപിയുമായി കെജ്രിവാളിന് ഒരു ബന്ധവുമില്ല. എഎപി സംസ്ഥാന നേതാവ് പി സി സിറിയക്കിനെ പോലും അദ്ദേഹത്തിന് അറിയുമായിരുന്നില്ല. ടി20 പരിപാടിക്ക് കെജ്രിവാളിനെ ക്ഷണിച്ചു. കേരള ഘടകത്തോട് ആലോചിക്കുക പോലും ചെയ്യാതെ പെട്ടെന്ന് തന്നെ അദ്ദേഹം വരാമെന്ന് സമ്മതിച്ചു. വികസനം കൊണ്ടുവരുമെങ്കിൽ ആരുമായും സഖ്യത്തിന് ടി20 തയ്യാറാണ്. എഎപി കേരള ഘടകത്തിൽ നേതൃപരമായ പ്രശ്‌നങ്ങളുണ്ട്. പാർട്ടി ഇവിടെ പുനഃസംഘടിപ്പിക്കപ്പെടുകയാണ്.

ആം ആദ്മി പാർട്ടിയുടെ കേരള നേതൃസ്ഥാനം ഏൽക്കാനാണ് കെജ്രിവാൾ ആവശ്യപ്പെട്ടത്. ആരുമായും ലയനത്തിന് ഇല്ലെന്നും പാർട്ടിയെന്ന നിലയിൽ ഒറ്റയ്ക്ക് നിൽക്കാനാണ് താൽപര്യമില്ലെന്നും കെജ്രിവാളിനോട് പറഞ്ഞു,'തനിക്ക് വിവിധ രാഷ്ട്രീയ പാർട്ടികൾ സ്ഥാനങ്ങൾ വെച്ചു നീട്ടിയെന്നും ടി20 നേതാവ് പ്രതികരിച്ചു. എനിക്ക് പണത്തോടോ അധികാരത്തോടോ ആർത്തിയില്ല. സ്ഥാനമോ അധികാരമോ വേണ്ടിയിരുന്നെങ്കിൽ എനിക്ക് എളുപ്പത്തിൽ ഒരു രാജ്യസഭാ നോമിനിയാകാൻ കഴിയുമായിരുന്നു. മന്ത്രിയാകാൻ വിവിധ പാർട്ടികളിൽ നിന്ന് ഓഫറുകൾ വന്നു. പക്ഷെ, ആരിൽ നിന്നും ഒരു ആനുകൂല്യവും സ്വീകരിക്കാൻ ഞാൻ തയ്യാറല്ല. പക്ഷെ, തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സാഹചര്യമുണ്ടായാൽ ഞാൻ അത് ചെയ്യും, സാബു വ്യക്തമാക്കി.'

''കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ എനിക്കൊരു താൽപര്യവുമില്ല. സാഹചര്യങ്ങളുടെ അനിവാര്യത കൊണ്ട് ഞാൻ മുഖ്യമന്ത്രിയായാൽ ഞാനെന്റെ സ്വന്തം കാർ ആകും ഉപയോഗിക്കുക. ഞാൻ പണം കൊടുത്ത് വാങ്ങിയ പെട്രോൾ ഉപയോഗിച്ചാകും ആ കാർ ഓടുക. എന്റെ ഡ്രൈവർ തന്നെ അത് ഓടിക്കും. ഞാൻ കുടുംബത്തോടൊപ്പം വിദേശയാത്ര നടത്തുന്നത് എന്റെ സ്വന്തം ചെലവിലായിരിക്കും. സർക്കാർ ചെലവിൽ ആയിരിക്കില്ല. കേരളത്തിന് നരകത്തിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ടി20യ്ക്ക് ഒരു അവസരം നൽകണം. തെരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ പ്രതിനിധികൾ വിദ്യാഭ്യാസമുള്ളവരാണ്. പണത്തിന് വേണ്ടി എനിക്ക് അധികാരം പിടിച്ചെടുക്കുകയോ പൊതുജനങ്ങളെ കൊള്ളയടിക്കേണ്ടതിന്റെയോ ആവശ്യമില്ല. ടി20 അധികാരത്തിലെത്തിയാൽ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ പത്ത് വർഷം കൊണ്ട് രക്ഷപ്പെടും,'- സാബു എം ജേക്കബ് പറയുന്നു.

വെറുതെ പറയുകമാത്രമല്ല, കഴിക്കമ്പലത്ത് ഈ മാതൃക പ്രവർത്തിച്ച് കാണിച്ചതന്നു സാബു എം ജേക്കബ്. അതുകൊണ്ടുതന്നെ അയാളെ നമുക്ക് തള്ളിക്കളയാൻ ആവില്ല. കോൺഗ്രസ് വിട്ട് ശശി തരൂർ വരെ ഭാവിയിൽ ആംആദ്മി- ടി 20 സഖ്യത്തിൽ എത്തുമെന്ന് പറയുന്നുണ്ട്. അങ്ങനെ ആയാൽ കേരളം ഞെട്ടുന്ന ഒരു രാഷ്ട്രീയ മാറ്റം ആയിരക്കും അത്.

വാൽക്കഷ്ണം: സാബു എം ജേക്കബിനെ ട്രോളുന്നവരുടെ പ്രൊഫൈൽ എടുത്തുനോക്കിയാൽ അറിയാം അവരിൽ ഏറെയും ഇടതുപക്ഷക്കാരാണ്. കല്ലുവെച്ച നുണകൾ ആണ് അവർ പ്രചരിപ്പിക്കുന്നത്. നേരത്തെ ഏഷ്യാനെറ്റ് ചർച്ചയിൽ നാസയുടെ ടെക്നോളജിയിൽ നിർമ്മിച്ച, ചൂടും തണുപ്പും ക്രമീകരിക്കാവുന്ന ജെട്ടി, ജോക്കി കമ്പനി കിറ്റക്സിൽ നിർമ്മിച്ചിരുന്നുവെന്ന് സാബു എം ജേക്കബ് പറഞ്ഞതും സൈബർ സഖാക്കൾ ട്രോൾ ആക്കിയിരുന്നു. പക്ഷേ ഇത് ശരിയായിരുന്നെന്ന് തെളിവുകൾ വന്നിട്ടും ആരും തിരുത്തിയിട്ടില്ല. തങ്ങളുടെ നേതാക്കളെപ്പോലെ ബഡായി പറയുന്നവരാണ് എല്ലാവരും എന്ന് സൈബർ സഖാക്കൾ കരുതരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP