Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ സുധാകരൻ കറകളഞ്ഞ മതേതരവാദി; ഇക്കാര്യത്തിൽ ബിജെപിയുടെയോ സിപിഎമ്മിന്റെയോ സർട്ടിഫിക്കറ്റ് ആവശ്യമില്ല; ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ ഒരു വാചകത്തിലുണ്ടായ നാക്കുപിഴയാണ് വിവാദമായത്; കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും രാജിസന്നദ്ധത അറിയിച്ചെന്നത് തെറ്റായ വാർത്ത; സുധാകരനെ പിന്തുണച്ച് ചെന്നിത്തല

കെ സുധാകരൻ കറകളഞ്ഞ മതേതരവാദി; ഇക്കാര്യത്തിൽ ബിജെപിയുടെയോ സിപിഎമ്മിന്റെയോ സർട്ടിഫിക്കറ്റ് ആവശ്യമില്ല; ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ ഒരു വാചകത്തിലുണ്ടായ നാക്കുപിഴയാണ് വിവാദമായത്; കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും രാജിസന്നദ്ധത അറിയിച്ചെന്നത് തെറ്റായ വാർത്ത; സുധാകരനെ പിന്തുണച്ച് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ വിവാദത്തിലായ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പിന്തുണച്ച് രമേശ് ചെന്നിത്തല. കറ കളഞ്ഞ മതേതരവാദിയാണ് സുധാകരനെന്നും ഇക്കാര്യത്തിൽ ബിജെപിയുടെയോ സിപിഎമ്മിന്റെയോ സർട്ടിഫിക്കറ്റ് സുധാകരന് വേണ്ടെന്നും ചെന്നിത്തല തുറന്നടിച്ചു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും അദ്ദേഹം രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്നും ചെന്നിത്തല വിശദീകരിച്ചു.

'കോൺഗ്രസിന്റെ അടിസ്ഥാന നയം മതേതരത്വമാണ്. അതിൽ നിന്നും സുധാകരൻ വ്യതിചലിച്ചിട്ടില്ല. കറ തീർന്ന മതേതരവാദിയായാണ് സുധാകരൻ ഇതുവരെയും കോൺഗ്രസിൽ പ്രവർത്തിച്ചതും നിലപാടുകൾ സ്വീകരിച്ചതും. ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ ഒരു വാചകത്തിലുണ്ടായ നാക്കുപിഴയാണിവിടെ വിവാദമായത്. പിഴവുണ്ടായെന്ന കാര്യം ഏറ്റുപറയുമ്പോൾ പിന്നെ വിവാദം ആവശ്യമില്ല. മാധ്യമങ്ങൾ കുത്തി ചോദിക്കുമ്പോൾ അദ്ദേഹം ക്ഷുഭിതനായി കാണാം. പ്രസ്താവനയിൽ ചില ആശങ്കകളുണ്ട്. അക്കാര്യം സംസാരിക്കുന്നുണ്ട്. വിഷയത്തിൽ മുസ്ലിം ലീഗിന്റെ ആശങ്കയിൽ തെറ്റുപറയാനാകില്ല. ഇക്കാര്യം ചർച്ച ചെയ്യും. താനും പ്രതിപക്ഷ നേതാവും പറയുന്നത് ഒരേ കാര്യമാണെന്നും ചെന്നിത്തല വിശദീകരിച്ചു.

സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിസന്നദ്ധത അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരം വാർത്തകൾ തെറ്റാണെന്നും ചെന്നിത്തല വിശദീകരിച്ചു. ഇക്കാര്യം സുധാകരൻ തന്നെ നിഷേധിക്കും. സുധാകരനുമായി താൻ സംസാരിച്ചിരുന്നുവെന്നും ചെന്നിത്തല അറിയിച്ചു. കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാൻ സന്നദ്ധത അറിയിച്ച് കെ സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചതായുള്ള റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാൻ തയ്യാറാകുന്നതെന്നാണ് കത്തിൽ സൂചിപ്പിച്ചിരിക്കുന്നതെന്നാണ് വാർത്ത. എന്നാൽ, ഈ വാദങ്ങളെല്ലാം പൊലീസ് തള്ളുകയാണ്.

ജവഹർലാൽ നെഹ്‌റു വർഗീയതയോട് സന്ധി ചെയ്തുവെന്ന സുധാകരന്റെ പ്രസ്താവന ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്നലെ പ്രതികരിച്ചിരുന്നു. കണ്ണൂരിലെ നവോത്ഥാന സദസിൽവച്ചായിരുന്നു കെ സുധാകരന്റെ വിവാദ പ്രസ്താവന. ആർ എസ് എസ് നേതാവായ ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിക്കൊണ്ട് നെഹ്‌റു വർഗീയ ഫാസിസത്തോട് സന്ധിചെയ്യാൻ തയ്യാറായെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാമെന്ന് പറഞ്ഞ് താനാർക്കും കത്തെഴുതിയിട്ടില്ലെന്ന് കെ സുധാകരനും വ്യക്തമാക്കി. കെപിസിസിയിൽ നിന്നും സ്ഥാനമൊഴിയാമെന്ന് കാട്ടി രാഹുൽ ഗാന്ധിക്ക് കത്തെഴുതിയെന്ന വാർത്ത വ്യാജമാണെന്നാണ് കെ സുധാകരൻ പറയുന്നത്. തന്നെ സമ്മർദ്ദത്തിലാക്കി കെപിസിസിയിൽ നിന്നൊഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സുധാകരൻ പറയുന്നു. അതിനിടെ നാളെ ചേരാനിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി മാറ്റി വച്ചിട്ടുണ്ട്. താൻ കെപിസിസി അധ്യക്ഷനായി തുടരുമെന്ന് തന്നെയാണ് സുധാകരൻ പറയുന്നത്. തന്റെ ആരോഗ്യം ചർച്ചയാക്കുന്നതിന് പിന്നിൽ ഗ്രൂപ്പ് മാനേജർമാരാണെന്നും സുധാകരൻ വിലയിരുത്തുന്നു. കേരളത്തിലെ കോൺഗ്രസിൽ വീണ്ടും തർക്കം മൂർച്ഛിക്കുന്നതിന്റെ സൂചനയാണ് പുതിയ സംഭവ വികാസങ്ങൾ.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ സന്നദ്ധതയറിയിച്ച് കെ സുധാകരൻ, രാഹുൽ ഗാന്ധിക്ക് കത്തയച്ചുവെന്നാണ് വാർത്ത. ഇതാണ് സുധാകരന്റെ വിശ്വസ്തർ നിഷേധിക്കുന്നത്. ഇത്തരൊരു കത്തില്ലെന്നും ഇത് സുധാകരനെ കുടുക്കിലാക്കാനുള്ള നീക്കമാണെന്നും സുധാകരന്റെ അടുത്ത സുഹൃത്തുക്കൾ മറുനാടനോട് പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത് എന്നും കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനിൽ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും സുധാകരൻ കത്തിൽ കുറ്റപ്പെടുത്തുന്നുണ്ടെന്നും റിപ്പോർട്ടുകളെത്തി. ഇതാണ് സുധാകരന്റെ വിശ്വസ്തർ നിഷേധിക്കുന്നത്.

താൻ സ്ഥാനമൊഴിഞ്ഞാൽ പകരം ചെറുപ്പക്കാർക്ക് പദവി നൽകണമെന്ന് സുധാകരൻ കത്തിൽ ആവശ്യപ്പെട്ടതായും വാർത്തകളെത്തി. എന്നാൽ ഇതെല്ലാം ഗ്രൂപ്പ് തന്ത്രങ്ങളാണെന്ന് സുധാകരൻ അനുകൂലികൾ പറയുന്നു. സുധാകരനെകതിരെ കോൺഗ്രസിൽ പടയൊരുക്കം ശക്തമായിരുന്നു. ആർഎസ്എസ് അനുകൂല പ്രസ്താവനകൾ നടത്തിതാണ് ശക്തമായ പ്രതിഷേധത്തിന് കാരണം. സുധാകരനെതിരെ ഗ്രൂപ്പ് ഭേദമന്യേയാണ് കോൺഗ്രസ് നേതാക്കൾ സംഘടിക്കുന്നത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള സുധാകരന്റെ രണ്ടാമൂഴം തടയുകയാണ് ലക്ഷ്യം. തുടർച്ചയായി കോൺഗ്രസിനെ കുഴപ്പത്തിലാക്കുന്ന സുധാകരന്റെ നടപടി ഹൈക്കമാൻഡ് പരിശോധിക്കണമെന്നും ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നു. ഇതിനിടെയാണ് കത്തെഴുതിയെന്ന വാർത്തയും പുറത്തു വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP