Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കയുടെ തിരിച്ചുവരവ് ഇവിടെ ആരംഭിക്കുന്നു; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരിക്കൽക്കൂടി സ്ഥാനാർത്ഥിയാകുന്ന വിവരം ഞാനിവിടെ പ്രഖ്യാപിക്കുന്നു; 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു ഡൊണാൾഡ് ട്രംപ്; മുൻകൂട്ടിയുള്ള പ്രഖ്യാപനം ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക് പാർട്ടിക്ക് തിരിച്ചടിയേറ്റതോടെ

അമേരിക്കയുടെ തിരിച്ചുവരവ് ഇവിടെ ആരംഭിക്കുന്നു; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരിക്കൽക്കൂടി സ്ഥാനാർത്ഥിയാകുന്ന വിവരം ഞാനിവിടെ പ്രഖ്യാപിക്കുന്നു; 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു ഡൊണാൾഡ് ട്രംപ്; മുൻകൂട്ടിയുള്ള പ്രഖ്യാപനം ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക് പാർട്ടിക്ക് തിരിച്ചടിയേറ്റതോടെ

മറുനാടൻ ഡെസ്‌ക്‌

ഫ്ളോറിഡ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്. 2024ൽ താൻ വീണ്ടും മത്സരിക്കുമെന്ന അദ്ദേഹം വ്യക്തമാക്കി. ഫ്ളോറിഡയിലെ ട്രംപിന്റെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ തന്റെ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. 'അമേരിക്കയെ വീണ്ടും മികച്ചതാക്കി മാറ്റാൻ, അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എന്റെ സ്ഥാനാർത്ഥിത്വം ഞാൻ ഈ രാത്രി പ്രഖ്യാപിക്കുകയാണ്.' ട്രംപ് തന്റെ അണികളോട് പറഞ്ഞു.

'ഈ രാജ്യത്തിന് എന്തായിത്തീരാൻ സാധിക്കുമെന്ന് ലോകം ഇനിയും കണ്ടിട്ടില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മൾ വീണ്ടും അമേരിക്കയെ ഒന്നാമതെത്തിക്കും.' ഡൊണാൾഡ് ജെ ട്രംപ് ഫോർ പ്രസിഡന്റ് 2024' എന്ന പേരിൽ ഒരു കമ്മിറ്റി രൂപീകരിച്ച ട്രംപിന്റെ അണികൾ കഴിഞ്ഞ ദിവസം സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട രേഖകൾ യുഎസ് ഫെഡറൽ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ട്.

ഒരാഴ്ചമുമ്പ് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ട്രംപ് തിരഞ്ഞെടുത്ത ദുർബലരായ
സ്ഥാനാർത്ഥികളാണ് പരാജയകാരണം എന്ന് പാർട്ടിയിൽ നിന്ന് തന്നെ വിമർശനമുണ്ട്. ഈ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പിന് വളരെ നേരത്തെ തന്നെയുള്ള ട്രംപിന്റെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനം.

ഇടക്കാല തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ 2024 ലെ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികൾ മുൻകൂട്ടി കണ്ടാണ് ട്രംപ് ഇത്രയും നേരത്തെ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ തന്നെ ജനകീയനായ ഫ്ളോറിഡ ഗവർണർ റോൺ ഡിസാന്റിസും, ട്രംപ് ഭരണകൂടത്തിൽ വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെൻസുമെല്ലാം സ്ഥാനാർത്ഥിത്വത്തിൽ വെല്ലുവിളിയാവുമെന്ന് ട്രംപ് പ്രതീക്ഷിക്കുന്നുണ്ട്.

റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിൽനിന്നായി പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്ന ആദ്യത്തെ പ്രമുഖനാണ് എഴുപത്താറുകാരനായ ട്രംപ്.
''അമേരിക്കയുടെ തിരിച്ചുവരവ് ഇവിടെ ആരംഭിക്കുന്നു. അമേരിക്കയെ കൂടുതൽ ഉത്കൃഷ്ടവും മഹത്തരവുമാക്കാൻ, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരിക്കൽക്കൂടി സ്ഥാനാർത്ഥിയാകുന്ന വിവരം ഇന്ന് ഞാനിവിടെ പ്രഖ്യാപിക്കുന്നു' ഫ്‌ളോറിഡയിലെ പരിപാടിയിൽ ട്രംപ് പറഞ്ഞു.

യുഎസ് ഫെഡറൽ തിരഞ്ഞെടുപ്പ് കമ്മിഷനിൽ ട്രംപിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട രേഖകൾ ഇതിനകം സമർപ്പിച്ചതായാണ് റിപ്പോർട്ട്. മുൻപും ട്രംപുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുള്ള ബ്രാഡ്ലി ക്രെയ്റ്റാണ് നടപടികൾക്കു നേതൃത്വം നൽകുന്നത്. യുഎസ് ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ട്രംപിന്റെ രംഗപ്രവേശം.

റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്നും ഉയർന്നുവരാനിടയുള്ള വെല്ലുവിളികളെ മുളയിലേ നുള്ളുന്നതിനാണ് പതിവിലും നേരത്തെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ട്രംപ് രംഗത്തെത്തിയതെന്നാണ് നിഗമനം. പുത്തൻ താരോദയമായ ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസ്, ട്രംപ് പ്രസിഡന്റായിരിക്കെ വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെൻസ് തുടങ്ങിയവർ ട്രംപിന് കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തൽ.

റിപ്പബ്ലിക്കൻ പാർട്ടിയിൽ സ്ഥാനാർത്ഥിത്വത്തിനായുള്ള മത്സരത്തിൽ ഡിസാന്റിസിനെ മറികടക്കുക ട്രംപിന് എളുപ്പമല്ലെന്ന സൂചന നൽകുന്നതാണ് ഇടക്കാല തിരഞ്ഞെടുപ്പു ഫലം. ഡിസാന്റിസിന്റെ സ്ഥാനാർത്ഥികളിൽ ഭൂരിഭാഗവും വിജയിച്ചപ്പോൾ ട്രംപിന്റെ ആളുകൾ മിക്കയിടത്തും തോറ്റു. പ്രചാരണത്തിന്റെ അവസാന നാളുകളിൽ ഫ്‌ളോറിഡയിൽ ട്രംപിനൊപ്പം റാലിയിൽ പങ്കെടുക്കാതെ പ്രത്യേക റാലി നടത്തി ഡിസാന്റിസ് ഉള്ളിലിരുപ്പു വ്യക്തമാക്കിയതാണ്.

ഫ്‌ളോറിഡ റാലിയിൽ 'റോൺ ഡിസാന്റിമോണിയസ്' എന്നു വിളിച്ച് ട്രംപ് ഡിസാന്റിസിനെ കളിയാക്കിയിരുന്നു. ട്രംപിന്റെ അടുത്ത അനുയായിയും സമാന പ്രവർത്തനശൈലിയുമുള്ള ഡിസാന്റിസിന്റെ വൈറ്റ്ഹൗസ് മോഹങ്ങൾ ട്രംപിന് കനത്ത വെല്ലുവിളിയാകുമെന്നാണ് അനുമാനം. ഈ സാഹചര്യത്തിലാണ് ട്രംപ് നേരത്തേ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതെന്നാണ് വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP