Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാ വൈസ് ചാൻസലർമാരേയും മാറ്റാൻ അതിവഗേ നടപടികൾ തുടരും; ബില്ലു കൊണ്ടു വന്ന് ഗവർണ്ണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാരും; പോരിൽ മുൻതൂക്കം നേടി രാജ്ഭവൻ

എല്ലാ വൈസ് ചാൻസലർമാരേയും മാറ്റാൻ അതിവഗേ നടപടികൾ തുടരും; ബില്ലു കൊണ്ടു വന്ന് ഗവർണ്ണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാരും; പോരിൽ മുൻതൂക്കം നേടി രാജ്ഭവൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അതിശക്തമായ നടപടികളുമായി മുമ്പോട്ട് പോകാൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ മൂന്നരക്കോടി ആളുകളിൽ 25,000 പേർ മാത്രമാണ് രാജ്ഭവൻ ഉപരോധത്തിൽ പങ്കെടുത്തതെന്നും ബാക്കിയുള്ളവർ തനിക്കൊപ്പമാണെന്നും എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ച് സംബന്ധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം കടുത്ത നടപടികൾ ഉണ്ടാകുമെന്നതിന്റെ സൂചനയാണ്. എല്ലാ വൈസ് ചാൻസലർമാരേയും മാറ്റി നിയമിക്കുമെന്ന് പ്രഖ്യാപിക്കുകയാണ് ചാൻസലർ കൂടിയായ ഗവർണ്ണർ. ചാൻസലറെ മാറ്റാനുള്ള നിയമത്തിലും ഒപ്പിടില്ല. ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള രാജ്ഭവൻ വളയലാണ് ഇടതുപക്ഷം പ്രഖ്യാപിച്ചത്. എന്നാൽ അത്രയും പേർ എത്തിയില്ലെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാത്തതും മാറ്റു കുറച്ചു.

നിയമസഭാ സമ്മേളനം ഡിസംബറിൽ അവസാനിപ്പിക്കാതെ ജനുവരിയിലേക്കു നീട്ടുന്നതും പരിഗണനയിലുണ്ട്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആദ്യഘട്ടത്തിൽ ഒഴിവാക്കാനാണിത്. വർഷത്തിൽ ആദ്യം നിയമസഭ ചേരുമ്പോൾ ഗവർണറുടെ നയപ്രഖ്യാപനത്തോടെ മാത്രമേ തുടങ്ങാനാകൂ. സർക്കാർ തയാറാക്കി നൽകുന്ന നയപ്രഖ്യാപനം ഗവർണർ അതേപടി അംഗീകരിക്കുമോ എന്നാണ് ആശങ്ക. രാജ്ഭവൻ മാർച്ചിന് വേണ്ടത്ര പ്രാധാന്യം കിട്ടാത്ത സാഹചര്യത്തിൽ ഗവർണ്ണർ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് സിപിഎമ്മും സർക്കാരും തിരിച്ചറിയുന്നുണ്ട്.

രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാരെ പങ്കെടുപ്പിക്കുന്നതു വിലക്കണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. അതേസമയം, ഈ വിഷയത്തിൽ ഹർജിക്കാരൻ നിവേദനം നൽകിയിട്ടുണ്ടെങ്കിൽ ചീഫ് സെക്രട്ടറി നിയമാനുസൃതം പരിഗണിച്ചു തീർപ്പാക്കണമെന്നു കോടതി നിർദ്ദേശിച്ചു. അതുകൊണ്ട് തന്നെ പരിശോധനകൾ ഇനിയും നടക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തീർപ്പാക്കി. അതേസമയം, ഉപരോധം രാജ്ഭവന്റെ പ്രവർത്തനങ്ങളെ ബാധിച്ചില്ല. അവധിയിലുള്ള ചുരുക്കം പേരൊഴികെ എല്ലാ ജീവനക്കാരുമെത്തി. ആരെയും സമരക്കാർ തടഞ്ഞില്ല. അങ്ങനെ പേരിന് മാത്രമുള്ള സമരമായി രാജ്ഭവൻ മാർച്ച് മാറി എന്നതാണ് വസ്തുത.

ഭീഷണിയോ സമ്മർദതന്ത്രമോ കുത്തുവാക്കുകളോ തന്നെ പിന്തിരിപ്പിക്കില്ല. പുതിയ വിസിമാരുടെ നിയമന നടപടി 2-3 മാസത്തിനകം പൂർത്തിയാക്കും. സേർച് കമ്മിറ്റിയുടെ ശുപാർശയ്ക്ക് 2 മാസം പോലും എടുക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഭരിക്കുന്ന പാർട്ടിയുടെ വകുപ്പു മാത്രമാക്കി സർവകലാശാലയെ മാറ്റാൻ അനുവദിക്കില്ല. നിയമം നടപ്പാക്കുകയും ഭരണഘടന സംരക്ഷിക്കുകയും ചെയ്യുക കടമയാണ്. ഞാൻ എന്റെ അധികാര പരിധിയിലും അവർ അവരുടെ അധികാരപരിധിയിലും നിന്നാൽ തർക്കത്തിന്റെ പ്രശ്‌നമില്ല. സർവകലാശാലകളുടെ കാര്യത്തിൽ നിയമവിരുദ്ധ ഇടപെടലുണ്ടാകുന്നു. ഇന്ത്യയിലെവിടെയും സർവകലാശാലകളുടെ പ്രവർത്തനം ചാൻസലറുടെ ചുമതലയാണ്. ചാൻസലറെ മാറ്റാനുള്ള ബില്ലിനെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കാതെ അതു അയയ്ക്കുകയാണു വേണ്ടത്-ഗവർണർ പറഞ്ഞു.

ഭീഷണിയോ സമ്മർദതന്ത്രമോ കുത്തുവാക്കുകളോ തന്നെ പിന്തിരിപ്പിക്കില്ലെന്ന് ഗവർണർ പ്രതികരിച്ചു. ഭരിക്കുന്ന പാർട്ടിയുടെ വകുപ്പു മാത്രമാക്കി സർവകലാശാലയെ മാറ്റാൻ അനുവദിക്കില്ല. രാജ്യത്തെ നിയമം നടപ്പാക്കുകയും ഭരണഘടന സംരക്ഷിക്കുകയും ചെയ്യുക തന്റെ കടമയാണ്. അതേസമയം, പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും പറഞ്ഞു. തിരുവനന്തപുരത്തുനിന്നു പോരുന്നതുവരെ നിയമനിർമ്മാണ ബില്ലുകളൊന്നും കണ്ടിട്ടില്ല. നേരത്തേ അയച്ച ബില്ലുകളിൽ വിശദീകരണം ചോദിച്ചു കത്തയച്ചെങ്കിലും മറുപടി വന്നില്ല. അതവർ ചെയ്യില്ല. കാരണം, കാര്യങ്ങൾ നിയമാനുസൃതമല്ലെന്ന് അവർക്കറിയാം.

ആരിഫ് മുഹമ്മദ് ഖാനുമായി വ്യക്തിപരമായി പ്രശ്‌നങ്ങളില്ലെന്ന് സിപിഎമ്മിന്റെ ഉന്നത നേതാക്കൾ തന്നെ പറയുന്നുണ്ട്. വിമർശിക്കുന്നവരുടെ വാക്കുകളും ആദരിക്കുന്നു. എന്റെ ആശങ്ക വിസിമാരുടെ കാര്യത്തിലല്ല, കേരളത്തിലെ മിടുക്കരായ വിദ്യാർത്ഥികളുടെ കാര്യത്തിലാണ്. 12ാം ക്ലാസ് കഴിഞ്ഞ് അവർ മറ്റിടങ്ങളിലേക്കു പോകുന്നത് സർവകലാശാലകളിൽ സർക്കാരിന്റെ അനാവശ്യ ഇടപെടൽ കാരണമാണ്. യോഗ്യതയില്ലാത്തയാളെ കണ്ണൂർ വിസിയാക്കിയതു നോക്കുക. മുഖ്യമന്ത്രിയുടെ ഓഫിസിലിരിക്കുന്നയാളാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇഷ്ടക്കാരെ നിയമിക്കുന്ന കാര്യത്തിൽ വിസിയെ സ്വാധീനിക്കാനും അയാൾക്കു കഴിഞ്ഞേക്കാമെന്ന സംശയമാണ് ഉന്നയിച്ചത്. ഗവർണർ പറഞ്ഞു.

സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ പദവിയിൽ നിന്നു ഗവർണറെ പുറത്താക്കുന്ന ബിൽ ഉൾപ്പെടെ കൊണ്ടുവരാൻ നിയമസഭാ സമ്മേളനം ചേരുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും. നിയമസഭ വിളിച്ചു ചേർക്കുന്നതിനു ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചാൽ അദ്ദേഹത്തെ ചാൻസലർ സ്ഥാനത്തു നിന്നു പുറത്താക്കാൻ കഴിഞ്ഞ മന്ത്രിസഭാ യോഗം കൊണ്ടു വന്ന ഓർഡിനൻസ് ഇല്ലാതാകും. ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കി ബന്ധപ്പെട്ട മേഖലകളിലെ അതി പ്രഗല്ഭരെ ചാൻസലർ സ്ഥാനത്തു കൊണ്ടുവരാനുള്ള സർവകലാശാല ഭേദഗതി ഓർഡിനൻസ് ഇപ്പോൾ രാജ്ഭവന്റെ പരിഗണനയിലാണ്. ഗവർണർ ഡൽഹിക്കു പോയ ശേഷമാണ് ഇതു രാജ്ഭവനിലേക്കു സർക്കാർ അയച്ചത്. അതിനാൽ ഗവർണർ പരിശോധിച്ചിട്ടില്ല. 20 ന് അദ്ദേഹം മടങ്ങി എത്തും.

നിയമസഭ വിളിച്ചു ചേർക്കാൻ തീരുമാനിച്ചാൽ ഓർഡിനൻസ് റദ്ദാകും. സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കുകയും സബ്ജക്ട് കമ്മിറ്റി പരിശോധിക്കുകയും ചെയ്ത ശേഷം പാസാക്കുന്നതിനു മുൻപ് ഗവർണറുടെ അനുമതി വേണം. എന്നാൽ ചാൻസലർ പദവിയിൽ നിയമിക്കുന്നവർക്കു ശമ്പളം ഇല്ലാത്തതിനാൽ അധിക സാമ്പത്തിക ബാധ്യത ഇല്ലെന്ന രീതിയിലാണു കരടു ബിൽ കൊണ്ടു വരുന്നത്. ചാൻസലറുടെ ഓഫിസ് ജീവനക്കാർ, കാർ, ഡ്രൈവർ എന്നീ അധിക സാമ്പത്തിക ബാധ്യത ഏത് ഇനത്തിൽ ഉൾപ്പെടുത്തുമെന്നു വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP