Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോലി ചെയ്യേണ്ടത് തോക്കിന്മുനയിൽ; ജോലിയാകട്ടെ, സോഷ്യൽ മീഡിയയിൽ കള്ളപ്രൊഫൈൽ ഉണ്ടാക്കി മോഹനവാഗ്ദാനം നൽകി പണം തട്ടിപ്പ്; പണിമുടക്കിയവരെ ഷോക്കടിപ്പിക്കലും ക്രൂരമർദ്ദനവും; മ്യാന്മറിൽ കുടുങ്ങിയ പാറശാല സ്വദേശി മറുനാടനോട് പറയുന്നു ജീവൻ പണയം വച്ചുകഴിഞ്ഞ ആ നാളുകൾ

ജോലി ചെയ്യേണ്ടത് തോക്കിന്മുനയിൽ; ജോലിയാകട്ടെ, സോഷ്യൽ മീഡിയയിൽ കള്ളപ്രൊഫൈൽ ഉണ്ടാക്കി മോഹനവാഗ്ദാനം നൽകി പണം തട്ടിപ്പ്; പണിമുടക്കിയവരെ ഷോക്കടിപ്പിക്കലും ക്രൂരമർദ്ദനവും; മ്യാന്മറിൽ കുടുങ്ങിയ പാറശാല സ്വദേശി മറുനാടനോട് പറയുന്നു ജീവൻ പണയം വച്ചുകഴിഞ്ഞ ആ നാളുകൾ

ശ്യാം ശശിധരൻ

തിരുവനന്തപുരം: മ്യാന്മറിൽ സായുധ സംഘത്തിന്റെ തടവിലായിരുന്ന നാല് മലയാളികൾ കൂടി മോചിതരായ വാർത്ത ഇന്നുപുറത്തുവരുമ്പോൾ, ജീവനും കൊണ്ട് അവിടെ നിന്ന് രക്ഷപ്പെട്ടത് തിരുവനന്തപുരം പാറശാല സ്വദേശി വൈശാഖിന് ഞെട്ടലോടെയേ ഓർക്കാൻ കഴിയുന്നുള്ളു. സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് അതുവഴി പണം തട്ടുന്ന കമ്പനിയിൽ സായുധ സംഘത്തിന്റെ തോക്കിന്മുനയിലായിരുന്നു ഞാണിന്മേൽ കളി പോലെ ജീവിതം.

ഉയർന്ന ശമ്പളത്തിൽ, ഡാറ്റാ എൻട്രി ജോലിക്കായി സുഹൃത്തിന്റെ സഹായത്തോടെ തായ്‌ലൻഡിലേക്ക് പോയ ഈ 32 കാരൻ എത്തിപ്പെട്ടത് മ്യാന്മറിൽ. തായ്‌ലന്റിൽ എത്തിയതിന് പിന്നാലെ തോക്ക് ധാരികളുടെ പിടിയിലായി. റോഡ്മാർഗം മ്യാന്മർ അതിർത്തി കടന്നു. അവിടെ നിന്ന് ബോട്ടിൽ പുഴ കടന്ന് ഒരു ഉൾഗ്രാമത്തിലേക്ക് എത്തിച്ചു. മ്യാന്മർ സർക്കാരിന് കാര്യമായ നിയന്ത്രണം ഇല്ലാത്ത ഒരിടം.

പിന്നീടുണ്ടായ ദുരിതങ്ങൾ പറഞ്ഞറിയിക്കാൻ വയ്യ. അവിടെ സായുധ സംഘത്തിന്റെ ഭീഷണിക്ക് വഴങ്ങി നിയമവിരുദ്ധ ജോലികളും, മർദ്ദനങ്ങളും, ജയിൽവാസവും അനുഭവിക്കേണ്ടി വന്നു. തന്റെ ദുരന്ത അനുഭവങ്ങൾ വൈശാഖ് മറുനാടനോട് പങ്കുവയ്ക്കുന്നു.

വൈശാഖിന്റെ വാക്കുകൾ ഇങ്ങനെ:

ചെന്നൈയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന സുഹൃത്താണ് ഒരു ലക്ഷം രൂപ ശമ്പളത്തിൽ ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്തത്. അച്ഛൻ മരിച്ചുപോയതെട, സഹോദരിമാരെ വിവാഹം കഴിപ്പിച്ചതിന്റെ കടബാധ്യത തീർക്കാനുള്ള അവസരമായാണ് ജോലിയെ കണ്ടത്. 40,000 രൂപ വിസക്കായി നൽകി. വർക്കല സ്വദേശിയും തമിഴ്‌നാട് സ്വദേശിയും ഞാനും അടക്കം മൂന്നുപേരാണ് പോയത്. തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്കും, അവിടെ നിന്നും ബാങ്കോക്കിലേക്കുമായിരുന്നു ഫ്‌ളൈറ്റ്.

എയർപോർട്ടിൽ ഞങ്ങൾക്കായി കാത്തു നിന്നവർ അവരുടെ കൈവശമുണ്ടായിരുന്ന ഫോട്ടോ നോക്കി ഞങ്ങളെ തിരിച്ചറിഞ്ഞശേഷം 2500 തായ് ഭട്ട് (തായ്ലൻഡ് മണി) തന്ന ശേഷം ഒരു കാറിൽ കയറ്റി വിടുകയായിരുന്നു. ഇവിടെയെത്തിയെന്നും ആളെ കണ്ടുമുട്ടിയെന്നും സുഹൃത്തിനെ വിളിച്ച് അറിയിച്ചു. വണ്ടി ഒരു പെട്രോൾ പമ്പിൽ എത്തിയശേഷം ഞങ്ങളെ മറ്റൊരു വാഹനത്തിൽ കയറ്റി അതിൽ തോക്ക് ധാരികളായ ആളുകൾ ഉണ്ടായിരുന്നു. ആറുമണിക്കൂർ യാത്രയ്ക്ക് ശേഷം ഒരു ഹോട്ടലിൽ മുന്നിലെത്തി, വീണ്ടും വാഹനങ്ങൾ മാറ്റി ഒന്നരമണിക്കൂർ കാട്ടിലൂടെ യാത്ര.

ഒരു നദിയുടെ തീരത്ത് ഇറക്കി ബോട്ടിൽ കയറ്റി വീണ്ടും യാത്ര. ശേഷം കാട്ടിലൂടെ ഒരു മണിക്കൂർ നടന്നു. പിന്നീട് നാലു വണ്ടികൾ പലതവണയായി മാറി കയറി വെൽക്കം ടു മ്യാന്മാർ എന്ന ബോർഡു കണ്ടപ്പോൾ ഞങ്ങൾക്ക് മനസ്സിലായി, മ്യാന്മാറിൽ എത്തിയെന്ന്. കറുത്ത സൈനിക വേഷം ധരിച്ച ആളുകളുടെ ഇടയിൽ എത്തിച്ചശേഷം അവർ മടങ്ങി. ഏതൊക്കെയോ എഗ്രിമെന്റ് പേപ്പറിൽ നിർബന്ധിച്ചു ഒപ്പിട്ടു വാങ്ങി. ജോലിക്ക് കൊണ്ടുപോയ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോൾ ഒന്നും പേടിക്കാനില്ല, ജോലിയുടെ ഭാഗമാണ് എന്നാണ് പറഞ്ഞത്.

ജോലി പണം തട്ടിപ്പ്

അടുത്ത ദിവസം ഓഫീസിൽ എത്തിയപ്പോഴാണ് ചതി മനസ്സിലായത. ജോലി വളരെ വിചിത്രവും അപകടകരവും. വ്യാജ ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്‌സ്ആപ്പ് ഐഡികൾ വഴി ജോലി വാഗ്ദാനം നൽകിയും ഗെയിമുകളിൽ പെടുത്തിയും പണം തട്ടുക. അതിനായി CRM എന്ന ആപ്പുണ്ട്. അതിലൂടെ ചാറ്റ് ചെയ്ത് പേര്, വയസ്സ് ബാങ്ക് അക്കൗണ്ട് എന്നിവ ചോർത്തണം. ശേഷം എച്ച് ആർ എന്ന് പരിചയപ്പെടുത്തി സീനിയർ, അവരെ ചാറ്റ് ചെയ്ത് വലയിലാക്കും. അതിനുശേഷം അയച്ചുകൊടുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മറ്റൊരു ആപ്പിൽ എത്തി ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നു. ചെറിയ തുക ഇൻവെസ്റ്റ് ചെയ്താൽ ജോലി ഓഫറും ക്യാഷ് ബാക്കും ഉണ്ടെന്ന് ധരിപ്പിക്കുന്നു. ആദ്യം ഇരട്ടിയായി ലഭിക്കുന്നതുകൊണ്ട് വലിയ തുക ഇൻവെസ്റ്റ് ചെയ്യുന്നവരെ പിന്നീട് ബ്ലോക്ക് ചെയ്യും. മ്യാന്മാറിൽ ഇരുന്നു കൊണ്ട് തന്നെ പല രാജ്യങ്ങളുടെയും നമ്പർ വാട്‌സാപ്പിലൂടെ ക്രിയേറ്റ് ചെയ്യാൻ കഴിയും. ഇത് ആളുകളുടെ വിശ്വസിപ്പിക്കാൻ സഹായിക്കുന്നു. ഹാക്കിങ് ആയതിനാൽ ട്രാക്ക് ചെയ്യാൻ സാധിക്കില്ല.

300 ൽ അധികം പേർ ജോലി ചെയ്യുന്നുണ്ട്. സ്ത്രീകളടക്കം ഇന്ത്യ, ചൈന, ഇന്തോനേഷ്യ തുടങ്ങി പല രാജ്യങ്ങളിലും നിന്നുള്ളവർ ഉണ്ട്. ചതിയിലൂടെ എത്തിപ്പെട്ടവരാണ് ഭൂരിഭാഗവും. സ്ത്രീകളെ ലൈംഗിക ചൂഷണത്തിനായി ഉപയോഗിക്കുന്നുമുണ്ട്. എതിർക്കാൻ തുടങ്ങിയ ഞങ്ങൾ ഇന്ത്യക്കാരെ ജോലി സമയം 10 മണിക്കൂർ ആക്കി ടാർഗറ്റ് കൂട്ടി. ടാർഗറ്റ് അച്ചീവ് ചെയ്യാത്തതിനാൽ ആഹാരം കഴിക്കുവാനും റൂമിൽ പോകുവാനും അനുവദിച്ചില്ല. പല ദിവസങ്ങളിലും പട്ടിണിയായിരുന്നു. ഇങ്ങനെ ജോലി ചെയ്യാൻ കഴിയില്ല എന്ന് തറപ്പിച്ച് പറഞ്ഞ വർക്കല സ്വദേശിയെയും തമിഴ്‌നാട് സ്വദേശിയെയും ഷോക്കടിപ്പിച്ചു. തട്ടിത്തെറിപ്പിച്ചതിന് ചെവിയിലും തലയിലും മിഷ്യൻ ഉപയോഗിച്ച് അടിച്ചു പൊട്ടിച്ചു. തലപൊട്ടി നിലത്തുവീണു ചോര വാർന്നെങ്കിലും അങ്ങനെ തന്നെ ജോലിക്ക് പോകാൻ ആവശ്യപ്പെട്ടു. ഇത് മറ്റുള്ളവർക്കുള്ള പാഠമാണെന്ന് പറഞ്ഞു. നിങ്ങൾ ആരെ വേണമെങ്കിലും അറിയിച്ചോളൂ. ഇവിടെനിന്ന് രക്ഷിക്കാൻ ആർക്കും കഴിയില്ല കാരണം നിങ്ങൾ നിയമവിരുദ്ധമായാണ് ഇവിടെ എത്തിയത്. നിങ്ങളെ വെടിവെച്ചുകൊന്നാൽ പോലും ആരും ചോദിക്കില്ല.

അറ്റകൈയായി വീഡിയോ

ജീവൻ അപകടത്തിൽ ആണെന്ന് മനസ്സിലായ ഞങ്ങൾ വിവരം നാട്ടിൽ അറിയിക്കുകയും എംഎൽഎ വഴി നോർക്കയെ ബന്ധപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. എല്ലാവരും ചേർന്ന ഒരു വീഡിയോ ഷൂട്ട് ചെയ്ത സോഷ്യൽ മീഡിയയിൽ ഇടുകയും ചെയ്തു. ഇന്ത്യൻ എംബസി ഞങ്ങളെ കോൺടാക്ട് ചെയ്തശേഷം ഉടൻ തന്നെ തായ്ലൻഡിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടു. നോർക്കയും മ്യാന്മാറിലെ ഇന്ത്യൻ എംബസിയും കമ്പനിക്ക് വാണിങ് നൽകുകയും. ഞങ്ങളെ നാട്ടിലേക്ക് അയക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു.

അടുത്തദിവസം മൂന്നുപേരെ നാട്ടിലേക്ക് അയക്കാനെന്ന വ്യാജേന മ്യാന്മാർ പൊലീസിന് കൈമാറി ജയിലിൽ അടച്ചു. ഇത് എംബസിയെ അറിയിച്ചപ്പോൾ പേടിക്കണ്ട, നിങ്ങൾ ബാങ്കോക്കിൽ എത്തിയാൽ ഇന്ത്യൻ എംബസി നിങ്ങളെ ബന്ധപ്പെട്ടു കൊള്ളും എന്നുപറഞ്ഞു. എന്നാൽ എയർപോർട്ടിൽ എമിഗ്രേഷൻ ചെക്ക് ചെയ്തപ്പോൾ വിസ ഇല്ലാത്തതിനാൽ ഞങ്ങളെ രണ്ടു ദിവസം തായ്ലൻഡ് ജയിലിലേക്ക് മാറ്റി. ഫൈൻ അടച്ചശേഷം ബാങ്കോക്കിലേക്ക് കൊണ്ടുപോകുന്നു എന്നു പറഞ്ഞു കൊണ്ടുപോയത് മിയോസോട്ടിലെ മറ്റൊരു ജയിലിലാണ്. 12 ദിവസം അവിടെ ആരെയും കോൺടാക്ട് ചെയ്യാൻ കഴിയാതെ കഴിഞ്ഞു. പച്ച ചോറു മാത്രം കഴിക്കേണ്ടി വന്നു. വീണ്ടും മറ്റൊരു ജയിലിലേക്ക് മാറ്റി. അവിടെ 15 ദിവസത്തോളം. എംബസിയുടെയും നോർക്കയുടെയും ഇടപെടൽ മൂലം മോചിതരായി നാട്ടിലേക്ക്. ഫ്‌ളൈറ്റിൽ കയറുന്നത് വരെയും നാട്ടിലെത്താൻ കഴിയുമെന്ന് പ്രതീക്ഷ ഇല്ലായിരുന്നു. അമ്മയുടെ പ്രാർത്ഥന ഒന്നു കൊണ്ടു മാത്രം ജീവനോടെ നാട്ടിലെത്തി.

ചെന്നൈയിലാണ് ഇറങ്ങിയത്. അവിടെ സ്വീകരിക്കുന്നതിനായി നോർക്കയിൽ നിന്നും അനൂ പി ചാക്കോയും, തമിഴ്‌നാട് മന്ത്രിയും ഉണ്ടായിരുന്നു. അവർ അനുവദിച്ച വാഹനത്തിൽ സുരക്ഷിതരായി നാഗർകോവിൽ വഴി സ്വന്തം വീടുകളിലേക്ക്. ഒരുപാട് പേരോട് നന്ദി പറയാനുണ്ട് എംഎൽഎയോടും,മെമ്പറിനോടും സുഹൃത്തുക്കളോടും, അങ്ങനെ അനവധി പേരോട,് വൈശാഖ് പറഞ്ഞു.

വലിയ ശമ്പളം പ്രതീക്ഷിച്ചു കുടുംബത്തെ രക്ഷപ്പെടുത്തുന്നതിനായി ജോലിയോ വിസയോ വ്യക്തതയില്ലാതെ വിദേശരാജ്യങ്ങളിലേക്ക് ദയവായി പോകരുത് എന്നാണ് യുവാക്കളോട് എനിക്കുള്ള അപേക്ഷ, വൈശാഖൻ പറഞ്ഞു.

വൈശാഖൻ ഇതുപറയുമ്പോൾ, ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് ഹിജാസ്, തിരുവനന്തപുരം സ്വദേശികളായ നിധീഷ് ബാബു, ജുനൈദ് എന്നിവരാണ് മ്യാന്മറിൽ സായുധ സംഘത്തിന്റെ പിടിയിൽ നിന്ന് മോചിതരായത് എന്ന വാർത്ത വരുന്നു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ജുനൈദ് ഇന്ന് രാത്രി 10.15 ന് ഡൽഹിയിൽ വിമാനമിറങ്ങും. ജുനൈദിനൊപ്പം 8 തമിഴ്‌നാട് സ്വദേശികളും മോചിതരായി. ബാക്കി മൂന്ന് മലയാളികൾ മറ്റന്നാൾ കൊൽക്കത്തയിൽ വിമാനം ഇറങ്ങും. 32 ഇന്ത്യക്കാരുടെ സംഘമാണ് മറ്റന്നാൾ കൊൽക്കത്തയിൽ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP