Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആർ എസ് എസ് അനുകൂല പ്രസ്താവനയുടെ പേരിൽ കെ.സുധാകരന് എതിരെ കോൺഗ്രസിൽ പടനീക്കം; മുസ്ലിം ലീഗ് നേതാക്കൾ ആദ്യ വെടി പൊട്ടിച്ചതിന് പിന്നാലെ ഹൈക്കമാൻഡിന് പരാതിയുമായി എംപിമാരും; ഖേദപ്രകടനം കൊണ്ടായില്ലെന്നും പാർട്ടിക്കും യുഡിഎഫിനും ക്ഷീണമായെന്നും കെ.മുരളീധരൻ; അതൃപ്തി പരസ്യമാക്കാതെ സുധാകരനെ പിന്തുണച്ച് ഹൈക്കമാൻഡും

ആർ എസ് എസ് അനുകൂല പ്രസ്താവനയുടെ പേരിൽ കെ.സുധാകരന് എതിരെ കോൺഗ്രസിൽ പടനീക്കം; മുസ്ലിം ലീഗ് നേതാക്കൾ ആദ്യ വെടി പൊട്ടിച്ചതിന് പിന്നാലെ ഹൈക്കമാൻഡിന് പരാതിയുമായി എംപിമാരും; ഖേദപ്രകടനം കൊണ്ടായില്ലെന്നും പാർട്ടിക്കും യുഡിഎഫിനും ക്ഷീണമായെന്നും കെ.മുരളീധരൻ; അതൃപ്തി പരസ്യമാക്കാതെ സുധാകരനെ പിന്തുണച്ച് ഹൈക്കമാൻഡും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ സുധാകരന്റെ ആർ എസ് എസ് അനുകൂല പ്രസ്താവന മുസ്ലിം ലീഗിന് മാത്രമല്ല കോൺഗ്രസിനുള്ളിലും കടുത്ത അതൃപ്തിക്ക് ഇടയാക്കി. പരസ്യമായി അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും, വാക്കുപിഴയെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടും കോൺഗ്രസ് ദേശീയ നേതൃത്വത്തിന് പരാതിയെത്തി. ഹൈക്കമാൻഡ് ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് എംപിമാരടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടു. ആർഎസ്എസ് ശാഖകൾക്ക് സംരക്ഷണം നൽകി, ജവഹർലാൽ നെഹ്‌റു വർഗീയ ഫാസിസത്തോടു സന്ധി ചെയ്തു എന്നീ സുധാകരന്റെ പ്രസ്താവനകളാണ് നേതാക്കളെ ചൊടിപ്പിച്ചത്. സുധാകരന് ബിജെപിയുടെ മനസെന്ന് കെ.സുരേന്ദ്രനെ കൊണ്ടുപറയിക്കുന്നതിൽ വരെ കാര്യങ്ങൾ എത്തി .പാർട്ടിയെ കുഴപ്പത്തിലാക്കുന്നതാണ് സുധാകരന്റെ പ്രസ്താവനകളെന്ന് പരാതിയിൽ എംപിമാർ ചൂണ്ടിക്കാട്ടി.

ശക്തമായ വിമർശനവുമായി മുരളീധരൻ

കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ വിമർശനവുമായി കെ മുരളീധരൻ എംപി രംഗത്തെത്തി. ആർഎസ്എസ് അനുകൂല പരാമർശം സുധാകരൻ തിരുത്തണം. ഖേദ പ്രകടനം കൊണ്ടായില്ലെന്നും മുസ്ലിം ലീഗിനെ അടക്കം വിശ്വാസത്തിൽ എടുത്തുള്ള തിരുത്തൽ ആവശ്യമാണെന്നും കെ മുരളീധരൻ പറഞ്ഞു.'നെഹ്റുവിനെ കൂട്ടുപിടിച്ചത് ശരിയായില്ല. നെഹ്റു ഒരിക്കലും ആർഎസ്എസിനോട് സന്ധി ചെയ്തിട്ടില്ല. ആർഎസ്എസ് പ്രവർത്തനവും ഭാരതീയ ജനസംഘം രൂപീകരിച്ചതും മുതൽ ശ്യാമപ്രസാദ് മുഖർജിയെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തുകയും അറസ്റ്റ് ചെയ്യിക്കുകയും ചെയ്തത് നെഹ്റുവാണ്. അങ്ങനെയിരിക്കെ ഇത്തരമൊരു പ്രസ്താവന കോൺഗ്രസിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കിട്ടുണ്ട്', കെ മുരളീധരൻ പറഞ്ഞു.

സുധാകരന്റെ പ്രസ്താവന പാർട്ടിക്കും യുഡിഎഫിനും ക്ഷീണമായെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി. പാർട്ടിയുടെ അവസാന വാക്കാണ് അദ്ധ്യക്ഷൻ എന്നിരിക്കെ സുധാകരൻ ജാഗ്രത പുലർത്തേണ്ടിയിരുന്നു. ലീഗിനുണ്ടായിരിക്കുന്ന തെറ്റിദ്ധാരണകൾ തിരുത്തി യുഡിഎഫ് മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.സുധാകരന്റെ പരാമർശങ്ങൾ നിഷ്പക്ഷ ആളുകൾക്കിടയിലും സാധാരണ ജനങ്ങൾക്കിടയിലും കോൺഗ്രസിനോടുള്ള മതിപ്പിൽ കോട്ടമുണ്ടാക്കിയെന്ന് മുരളീധരൻ വിമർച്ചു. യാഥാർത്ഥ്യങ്ങളെ കാണാതിരിക്കാൻ സാധിക്കില്ല. രണ്ടാഴ്‌ച്ചക്കിടെ കെപിസിസി അദ്ധ്യക്ഷൻ നടത്തിയ പ്രസ്താവനകൾ യുഡിഎഫിന് ക്ഷീണമായെന്നും എംപി വ്യക്തമാക്കി

എന്നാൽ, സുധാകരനെതിരെ നടപടി വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. വിവാദപ്രസ്താവനകളിൽ കെ. സുധാകരൻ ഖേദം പ്രകടിപ്പിച്ചെന്നും അതോടെ ആ അധ്യായം അവസാനിച്ചെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി. പരസ്യമായി അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. പറഞ്ഞത് വാക്കുപിഴയാണെന്നും വേണുഗോപാൽ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. നെഹ്‌റുവിന്റെ വിശാലമായ ജനാധിപത്യ വീക്ഷണത്തെ കുറിച്ച് പറയുമ്പോൾ പറ്റിയ വാക്കുപിഴയാണ്. ആർ.എസ്.എസിനോട് സന്ധിചെയ്യാത്ത ഒരേയൊരു പാർട്ടിയേ ദേശീയതലത്തിലുള്ളൂ. അത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. ആർ.എസ്.എസിനെതിരെ ശക്തമായ നിലപാടാണ് കോൺഗ്രസ് എന്നും എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'സുധാകരന്റെ പ്രസ്താവനയിൽ ലീഗിന് ആശയക്കുഴപ്പം ഉണ്ടായതിൽ അവരെ കുറ്റപ്പെടുത്താനാകില്ല. സുധാകരനെതിരെ എംപിമാർ ദേശീയ നേതൃത്വത്തിന് കത്തയച്ചതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.' ആർ.എസ്.എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തെന്നു പറഞ്ഞത് സുധാകരൻ സംഘടനാ കോൺഗ്രസിലുള്ളപ്പോൾ നടന്ന കാര്യമാണ്. 50 കൊല്ലം മുമ്പുള്ള കാര്യമാണത്. അദ്ദേഹം വേറൊരു പാർട്ടിയിലുള്ളപ്പോൾ നടത്തിയ കാര്യത്തെ കോൺഗ്രസുമായി കൂട്ടിച്ചേർക്കുന്നതെന്തിനാണ്? ആ കാലത്തെ അനുഭവം സ്മരിക്കുമ്പോൾ പറഞ്ഞതാണ്. ഇതൊക്കെ പറയുന്ന സിപിഎം വാജ്‌പേയി, അദ്വാനി എന്നിവരെ അത്താഴ വിരുന്ന് ഊട്ടിയിട്ടുണ്ടെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

പ്രസ്താവനകളിൽ സുധാകരൻ ഖേദം പ്രകടിപ്പിച്ചെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. നാക്കുപിഴ ആർക്കും സംഭവിക്കാമെന്നും കാര്യങ്ങൾ പരിശോധിക്കുകയാണെന്നും യുഡിഎഫ് ഘടക കക്ഷികളുമായി പ്രശ്‌നം സംസാരിക്കുമെന്നും താരിഖ് അൻവർ വ്യക്തമാക്കി. സുധാകരന്റെ പരാമർശത്തിനെതിരെ തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും താരിഖ് അൻവർ അറിയിച്ചു.

സുധാകരന്റെ പ്രസ്താവനകളിൽ ഹൈക്കമാൻഡ് ഇടപെടണമെന്നാണ് നേതൃത്വത്തിന് ലഭിച്ച പരാതിയിലെ ആവശ്യം. ആർഎസ്എസുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തിയ ചില പ്രസ്താവനകളിൽ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾക്ക് ഒപ്പം യുഡിഎഫിലെ ചില ഘടകകക്ഷികളും കടുത്ത അതൃപ്തിയിലാണ്.

മുസ്ലിം ലീഗ് അടക്കം സുധാകരന്റെ പ്രസ്താവനക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. ഈ സാഹചര്യത്തിൽ സുധാകരനോട് ഹൈക്കമാന്റ് വിശദീകരണം തേടിയേക്കും. കെഎസ്‌യു നേതാവായിരിക്കെ സിപിഎം ആക്രമണങ്ങളിൽ നിന്ന് ആർഎസ്എസ് ശാഖകൾക്ക് താൻ സംരക്ഷണം നൽകിയിട്ടുണ്ടെന്ന സുധാകരന്റെ പരാമർശം യുഡിഎഫിനുള്ളിൽ സൃഷ്ടിച്ചത് കടുത്ത അതൃപ്തിയാണ്. ഇതിന് പിന്നാലെയാണ് ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ചുള്ള പരാമർശങ്ങളും വിവാദമായത്. ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ തന്റെ ഒന്നാം മന്ത്രിസഭയിൽ മന്ത്രിയാക്കി വർഗീയ ഫാസിസത്തോട് സന്ധി ചെയ്യാൻ നെഹ്റു തയ്യാറായെന്നായിരുന്നു സുധാകരന്റെ പരാമർശം.

''ആർ.എസ്.എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ സ്വന്തം കാബിനറ്റിൽ മന്ത്രിയാക്കാൻ ജവഹർലാൽ നെഹ്റു മനസു കാണിച്ചു. വർഗീയ ഫാസിസത്തോട് സന്ധി ചെയ്യാൻ തയ്യാറായി കൊണ്ടാണ് നെഹ്റു ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഇതെല്ലാം നെഹ്റുവിന്റെ ഉയർന്ന ജനാധിപത്യ മൂല്യ ബോധമാണ് കാണിക്കുന്നത്. ഒരു നേതാക്കളും ഇതൊന്നും ചെയ്യില്ലെന്നായിരുന്നു'' കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പരാമർശം.

വലിയ വിമർശനമാണ് ഇതിനെതിരെ ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ സുധാകരനെതിരെ രംഗത്തുവന്നു. നെഹ്‌റുവിനെ ചാരി കെ സുധാകരൻ തന്റെ വർഗ്ഗീയ മനസ്സിനെയും ആർ എസ് എസ് പ്രണയത്തെയും ന്യായീകരിക്കുകയാണെന്നാണ് മുഖ്യമന്ത്രി തുറന്നടിച്ചത്. കെ പി സി സി പ്രസിഡന്റ് കോൺഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗും വിരുദ്ധാഭിപ്രായത്തിലാണ്. നാളെ ചേരുന്ന നേതൃയോഗം ഇക്കാര്യം ചർച്ച ചെയ്തു നിലപാട് പരസ്യപ്പെടുത്തണമെന്ന വികാരമാണ് ലീഗിൽ ശക്തം. അപകടം മണത്ത കോൺഗ്രസ് നേതൃത്വം അനുരഞ്ജനശ്രമങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് സുധാകരൻ തന്നെ പ്രസ്താവനയിൽ വിശദീകരണവുമായി എത്തിയത്. ആർ എസ് എസ് ശാഖയെ സഹായിച്ചു എന്നത് അടക്കമുള്ള സുധാകര പ്രസ്താവനകളെ ഗൗരവത്തോടെയാണ് മുസ്ലിം ലീഗ് കാണുന്നത്. കെപിസിസി അധ്യക്ഷൻ ആർ.എസ്.എസിന്റെ നാവായി മാറിയെന്ന ആക്ഷേപവുമായി ഇടതുപക്ഷം ആഞ്ഞടിക്കുമ്പോൾ കോൺഗ്രസ് പ്രതിരോധത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP