Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിജാബ് പ്രക്ഷോഭം ഉരുക്കമുഷ്ടിയോടെ അടിച്ചമർത്താൻ ഇറാൻ ഭരണകൂടം; ഹിജാബ് കത്തിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തവർക്കു വധശിക്ഷ നൽകണമെന്ന് പ്രമേയം; വോട്ടിങ്ങിൽ അനുകൂലിച്ച് ഇറാൻ പാർലമെന്റ്; ആവശ്യത്തെ പിന്തുണച്ച് 290 അംഗങ്ങളിൽ 227 പേരും പിന്തുണച്ചു; കടുത്ത ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ പ്രവർത്തകർ

ഹിജാബ് പ്രക്ഷോഭം ഉരുക്കമുഷ്ടിയോടെ അടിച്ചമർത്താൻ ഇറാൻ ഭരണകൂടം; ഹിജാബ് കത്തിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തവർക്കു വധശിക്ഷ നൽകണമെന്ന് പ്രമേയം; വോട്ടിങ്ങിൽ അനുകൂലിച്ച് ഇറാൻ പാർലമെന്റ്; ആവശ്യത്തെ പിന്തുണച്ച് 290 അംഗങ്ങളിൽ 227 പേരും പിന്തുണച്ചു; കടുത്ത ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ പ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

ടെഹ്റാൻ: ഇറാനിലെ ഹിജാബ് പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമം ഊർജ്ജിതമാക്കി ഇറാൻ ഭരണകൂടം. ഹിജാബ് പ്രക്ഷോഭം കൊടുമ്പിരി കൊള്ളുന്ന ഘട്ടത്തിലാണ് മനുഷ്യാവകാശങ്ങളെല്ലാം അടിച്ചമർത്താൻ ഇറാൻ ഒരുങ്ങുന്നത്. ഇറാനിൽ ഹിജാബ് പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായവർക്കു വധശിക്ഷ നൽകണമെന്നു പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ചു. വധശിക്ഷ വേണമെന്ന ആവശ്യത്തെ പാർലമെന്റിലെ 290 അംഗങ്ങളിൽ 227 പേരും പിന്തുണച്ചു. രാജ്യത്തു വിമത ശബ്ദമുയർത്തുന്നവരെ കടുത്ത പാഠം പഠിപ്പിക്കണമെന്ന് പ്രമേയത്തിൽ പറയുന്നു.

പ്രക്ഷോഭകർക്കു കടുത്ത ശിക്ഷ വേണമെന്നാവശ്യപ്പെട്ട് പാർലമെന്റ് അംഗങ്ങൾ നേരത്തെ കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ്, കഴിഞ്ഞ ദിവസം വോട്ടെടുപ്പു നടന്നത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മത പൊലീസിന്റെ മർദനത്തെ തുടർന്ന് പെൺകുട്ടി മരിച്ച സംഭവത്തെ തുടർന്നാണ് രാജ്യത്ത് പ്രക്ഷേഭം ആളിപ്പടർന്നത്. നഗരങ്ങളിൽ ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

സ്ത്രീകളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ഹിജാബ് കത്തിച്ചുള്ള പ്രതിഷേധമാണ് കൂടുതലും നടന്നത്. ചിലയിടങ്ങളിൽ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ പോരാട്ടം നടന്നു. ഒട്ടേറെ പേർ കൊല്ലപ്പെട്ടു. പ്രതിഷേധം നടത്തിയ നിരവധി പേർ പൊലീസിന്റെ കസ്റ്റഡിയിലാണ്. അതിനിടെ പ്രതിഷേധം നടത്തിയതുമായി ബന്ധപ്പെട്ട ആദ്യ കേസിൽ പരമോന്നത കോടതി കഴിഞ്ഞ ദിവസം ഒരാളെ വധശിക്ഷയ്ക്കു വിധിച്ചു. ഇറാനിലെ സംഭവ വികാസങ്ങളിൽ കടുത്ത ആശങ്കയിലാണ് ലോക രാഷ്ട്രങ്ങൾ.

അതേസമയം സെപ്റ്റംബർ 16 മുതൽ തുടരുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളിൽ ഇതുവരെ 326 പേർ മരിച്ചെന്ന് മനുഷ്യാവകാശ സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് പറഞ്ഞു. 22കാരിയായ മഹ്‌സ അമിനി ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ സദാചാര പൊലീസിന്റെ പിടിയിലാവുകയും കസ്റ്റഡിയിലിരിക്കെ തലയ്ക്ക് ക്ഷതമേറ്റ് മരിക്കുകയും ചെയ്തതോടെയാണ് രാജ്യവ്യാപക ജനകീയ പ്രക്ഷോഭം തുടങ്ങിയത്. മരിച്ചവരിൽ 43 കുട്ടികളും 25 സ്ത്രീകളും ഉൾപ്പെടുന്നതായും സംഘടന പറഞ്ഞു. 123 പേർ സിസ്റ്റൻ - ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് കൊല്ലപ്പെട്ടത്.

സെപ്റ്റംബർ 16 ന് ശരിയായി ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് ക്രൂരമായി മർദ്ദിച്ച് കൊന്ന 22 വയസുകാരി മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ രാജ്യത്തെ പൗരോഹ്യത്യത്തെവരെ ചോദ്യം ചെയ്തുകൊണ്ട് ഉയർന്ന പ്രതിഷേധങ്ങൾ രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ അടിച്ചമർത്തൽ നടപടികളുമായി ഇറാൻ ഭരണകൂടം. പ്രധാനമായും വനിതകളാണ് ഈ പ്രക്ഷോഭങ്ങൾക്ക് മുന്നിലുള്ളത്. പ്രക്ഷോഭത്തെ തുടർന്ന് ഏതാണ്ട് ആയിരം പേരോളം പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇവരെ പരസ്യവിചാരണ ചെയ്യാൻ സർക്കാർ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

പ്രക്ഷോഭത്തിനിടെ നിരവധി സൈനികരും പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. അതിന്റെ എത്രയോ ഇരട്ടി പ്രക്ഷോഭകരെയും പൊലീസും സൈന്യവും വെടിവച്ച് കൊല്ലുകയും ചെയ്തിരുന്നു. എന്നാൽ, സൈനീകരെ വധിക്കുകയും പൊതുമുതൽ തീയിട്ട് നശിപ്പിക്കുകയും ചെയ്ത പ്രക്ഷോഭകരെ പരസ്യ വിചാരണ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതായി തസ്‌നിം വാർത്താ ഏജൻസി അറിയിച്ചു. പ്രക്ഷോഭം ആറാഴ്ച പിന്നീടുമ്പോഴാണ് പരസ്യ വിചാരണയുമായി സർക്കാർ രംഗത്തെത്തുന്നത്. പ്രക്ഷോഭം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് മാത്രമല്ല, സർക്കാർ നടപടികളാണ് പ്രക്ഷോഭം ഇത്രയും രൂക്ഷമാക്കിയതെന്നുമുള്ള ആരോപണങ്ങളും ഇതിനിടെ ഉയർന്നു.

സ്ത്രീകൾക്ക് വേണ്ടിയുള്ള ഇറാന്റെ കർശനമായ വസ്ത്രനിയമം ലംഘിച്ചു എന്നാരോപിച്ചാണ് മഹ്‌സ അമിനിയെ കസ്റ്റഡിയിലെടുത്തത് ക്രൂരമായ മർദ്ദനങ്ങൾക്ക് വിധേയമാക്കിയത്. പ്രതിഷേധങ്ങൾ ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത് ഇറാന്റെ നിർബന്ധിത ശിരോവസ്ത്രത്തിലും ഹിജാബിലും ആയിരുന്നെങ്കിലും 1979-ലെ ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് ഭരണത്തിലുള്ള ഇസ്ലാമിക പൗരോഹിത്യത്തിനെതിരെയുള്ള ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായി അത് മാറി. ''ഭരണകൂടത്തെ നേരിടാനും അട്ടിമറിക്കാനും ഉദ്ദേശിക്കുന്നവർ വിദേശികളെ ആശ്രയിക്കുന്നു. നിയമപരമായ മാനദണ്ഡങ്ങൾക്കനുസൃതമായി അവർ ശിക്ഷിക്കപ്പെടും,'' ഇറാന്റെ ജുഡീഷ്യറി മേധാവി ഘോലം-ഹുസൈൻ മൊഹ്സെനി ഇജെ പറഞ്ഞു. ചില പ്രതിഷേധക്കാർക്കെതിരെ വിദേശ സർക്കാരുകളുമായി സഹകരിച്ചതിന് പ്രത്യേക കുറ്റം ചുമത്തുമെന്നും സൂചനകളുണ്ട്. ഇറാന്റെ വിദേശ ശത്രുക്കളാണ് അശാന്തിക്ക് കാരണമെന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും സർക്കാർ ഉന്നയിച്ചു.

പ്രക്ഷോഭം അടിച്ചമർത്താൻ ഇറാന്റെ സൈനിക വിഭാഗമായ റവല്യൂഷണറി ഗാർഡാണ് മുന്നിലുള്ളത്. എന്നാൽ, ഓരോ ദിവസം കഴിയുന്തോറും സമരം കൂടുതൽ ശക്തമാകുന്ന കാഴ്ചയാണ് കാണുന്നു. ആയിരക്കണക്കിന് സ്ത്രീകൾ പൊതു നിരത്തിൽ വച്ച് തങ്ങളുടെ ബുർഖകളും ഹജാബുകളും കത്തിച്ച് കളഞ്ഞു. ചിലർ മുടി മുറിച്ച് പ്രതിഷേധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP