Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാർ പുകയ്ക്കുന്നത് ഗവർണറെ ചാടിക്കാൻ, പുറത്താകുന്നത് വി സിമാരും! ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടിയ പത്ത് പേരിൽ ഇതിനോടകം പുറത്തായത് രണ്ട് പേർ; ലിസ്റ്റിലെ ബാക്കി എട്ടുപേരുടെയും നില പരുങ്ങലിൽ; സുപ്രീംകോടതി ഉത്തരവിനെ ഹൈക്കോടതിയും പിന്തുടരുമ്പോൾ ബലമാകുന്നത് ഗവർണറുടെ വാദങ്ങൾക്ക്; മറ്റുള്ളവരും പുറത്തേക്കോ?

സർക്കാർ പുകയ്ക്കുന്നത് ഗവർണറെ ചാടിക്കാൻ, പുറത്താകുന്നത് വി സിമാരും! ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടിയ പത്ത് പേരിൽ ഇതിനോടകം പുറത്തായത് രണ്ട് പേർ; ലിസ്റ്റിലെ ബാക്കി എട്ടുപേരുടെയും നില പരുങ്ങലിൽ; സുപ്രീംകോടതി ഉത്തരവിനെ ഹൈക്കോടതിയും പിന്തുടരുമ്പോൾ ബലമാകുന്നത് ഗവർണറുടെ വാദങ്ങൾക്ക്;  മറ്റുള്ളവരും പുറത്തേക്കോ?

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ഗവർണ്ണറെ ചാൻസലർ സ്ഥാനത്ത് നിന്ന് പുകച്ചുപുറത്ത് ചാടിക്കാൻ സർക്കാർ അടവുകൾ മെനയുമ്പോഴും പണി തിരിച്ചുകിട്ടുന്നത് സർക്കാറിന് തന്നെ.ഗവർണ്ണറുടെ വാദങ്ങൾക്ക് ബലമേകി ഗവർണ്ണർ ചൂണ്ടിക്കാട്ടിയ പത്ത് പേരുടെ ലിസ്റ്റിലെ രണ്ടാമനും ഇപ്പോൾ പുറത്തായിരിക്കുകയാണ്.ഇതോടെ ബാക്കി എട്ടുപേരുടെ നില പരുങ്ങലിലായി.എന്നാൽ ആ എട്ടു വിക്കറ്റ് പോകും മുൻപ് ഗവർണ്ണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനാണ് സർക്കാർ നീക്കങ്ങൾ ഊർജ്ജിതമാക്കുന്നത്.

യുജിസി ചട്ടം പാലിക്കാതെ നിയമനം നടത്തിയതിന്റെ പേരിൽ രണ്ട് സർവകലാശാല വൈസ് ചാൻസലർമാരാണ് ഇതിനകം പുറത്തായത്. സാങ്കേതികസർവകലാശാല വി സി. ഡോ. എം.എസ്. രാജശ്രീ സുപ്രീംകോടതി വഴിയും കുഫോസ് വിസി ഡോ. കെ. റിജി ജോൺ ഹൈക്കോടതി വഴിയുമാണ് പുറത്തായത്.

എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ ചുടവുപിടിച്ചാണ് റിജി ജോണിന്റെ നിയമനവും ഹൈക്കോടതി റദ്ദാക്കിയത് എന്നതാണ് ശ്രദ്ധേയം.യുജിസി. ചട്ടങ്ങൾക്ക് വിരുദ്ധമായി രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയുടെ ഏതു നിയമനത്തിനും സാധുതയില്ലെന്നാണ് സുപ്രീംകോടതി ഉത്തരവിൽ ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.

കെ.റിജി ജോണിന്റെ നിയമനം റദ്ദാക്കിയ ഉത്തരവിലും ഹൈക്കോടതി ഇതേ വിധിന്യായം തന്നെയാണ് നടത്തിയിട്ടുള്ളത്.മറ്റു സർവകലാശാല വി സി.മാരുടെ നിയമനത്തിലും ചട്ടലംഘനം ഉള്ളവയിൽ അതുന്നയിച്ച് ഹർജികൾ വന്നാൽ സമാന ഉത്തരവ് തന്നെ വരാനുള്ള സാധ്യതയാണുള്ളത്.ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാദങ്ങൾക്ക് ബലം പകരുന്നത് കൂടിയാണ് ഇന്നത്തെ ഹൈക്കോടതി ഉത്തരവ്.

കേരള സർവകലാശാല വിസി വി.പി. മഹാദേവൻ പിള്ള, എം.ജി. സർവകലാശാല ഡോ. സാബു തോമസ് , കാലടി സംസ്‌കൃത സർവകലാശാല വിസി ഡോ. എം വി നാരായണൻ, കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ, കാലിക്കറ്റ് സർവകലാശാല വിസി ഡോ. എം.കെ. ജയരാജ്, കുസാറ്റ് വിസി ഡോ. കെ.എൻ. മധുസൂദനൻ മലയാളം സർവകലാശാല ഡോ. വി. അനിൽ വള്ളത്തോൾ എന്നിവരുടെ നിയമനമാണ് ഇതോടെ കൂടുതൽ അനിശ്ചത്വത്തിലായത്. ഇവരോട് രാജിവെക്കാൻ ഗവർണർ ഇതിനോടകം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്

സാങ്കേതിക സർവകലാശല വി സിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി തൊട്ടടുത്ത ദിവസമാണ് അദ്ദേഹം മറ്റു സർവലകലാശാകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ടത്. എന്നാൽ സർക്കാരിന്റെ നിലപാടിനൊപ്പം നിന്ന വി സിമാർ രാജിക്ക് കൂട്ടാക്കിയില്ല. അയഞ്ഞ ഗവർണർ വിശദീകരണം ചോദിച്ചിരിക്കുകയാണ്. അത് കിട്ടിയ ശേഷം നടപടിയെന്നാണ് ഗവർണറുടെ നിലപാട്.ഇതിനിടയിലാണ് ഫിഷറീസ് വി സിയെ ഹൈക്കോടതി പുറത്താക്കിയിരിക്കുന്നത്.ഇതിനിടെ ഹൈക്കോടതിയിലെ കേസിൽ തീർപ്പാകുന്നത് വരെ തുടർനടപടി ഹൈക്കോടതിയും വിലക്കിയിട്ടുണ്ട്.

യുജിസി. ചട്ടങ്ങൾ പ്രത്യേകമായി സ്വീകരിച്ചിട്ടില്ലെങ്കിൽ അത് പാലിക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയില്ലെന്നാണ് നിയനത്തെ ന്യായീകരിച്ച് കേരള സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞത്. എന്നാൽ ഇത് കോടതി അംഗീകരിച്ചിരുന്നില്ല. ഹൈക്കോടതിയിലും സർക്കാർ ഇതേ വാദം നടത്തിയെങ്കിലും അവിടെയും തള്ളുകയാണ് ഉണ്ടായത്.

സുപ്രീംകോടതി വിധി യുജിസി. ചട്ടം ലംഘിച്ച മറ്റെല്ലാ സർവകലാശാലകൾക്കും ബാധകമാണെന്ന് രാജി ആവശ്യപ്പെട്ടുകൊണ്ട് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. സെർച്ച് കമ്മിറ്റിയുടെ ശുപാർശ യുജിസി. വ്യവസ്ഥയ്ക്ക് വിരുദ്ധമാണെങ്കിൽ വി സി. നിയമനം തന്നെ അസാധുവായി കണക്കാക്കപ്പെടും.കേന്ദ്രനിയമവും സംസ്ഥാനനിയമവും തമ്മിൽ വൈരുധ്യമുണ്ടായാൽ ഭരണഘടനയനുസരിച്ച് കേന്ദ്രനിയമമേ നിലനിൽക്കൂ. അതുകൊണ്ടുതന്നെ, യുജിസി. വ്യവസ്ഥ സംസ്ഥാന നിയമത്തിൽ അംഗീകരിച്ചിട്ടില്ലെന്ന വാദം സ്വീകാര്യമല്ലെന്നുമാണ് ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത്.

അതേസമയം തിരിച്ചടികൾ ഒരു വശത്ത് തുടർക്കഥയാകുമ്പോഴാണ് ഗവർണ്ണറെ പുറത്താക്കാനുള്ള ബില്ലിനായുള്ള ചർച്ചകൾക്ക് സംസ്ഥാന സർക്കാർ ഇന്ന് തുടക്കം കുറിക്കുന്നത്.ചാൻസലർ പദവി മാറ്റാനുള്ള ഓർഡിനൻസിൽ ഒപ്പിടില്ലെന്നു ഗവർണർ സൂചിപ്പിച്ചതോടെ, ചാൻസലറെ നീക്കുന്ന ബിൽ തയ്യാറാക്കാൻ ഒരുക്കം തുടങ്ങിയിരിക്കുകയാണ് സർക്കാർ.ഗവർണ്ണർ നിലപാട് കടുപ്പിച്ചതോടെ അതീവജാഗ്രതയിലാണ് സർക്കാരിന്റെ ഒരോ നീക്കവും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയാണ് ബിൽ തയ്യാറാക്കുക.

ചാൻസലർ പദവിയിൽ നിന്ന് ഗവർണ്ണറെ മാറ്റുന്നതിനു പുറമേ, സർവകലാശാലാ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള നിയമനിർമ്മാണവും ആലോചനയിലുണ്ട്.ചാൻസലറെ നിശ്ചയിക്കാനുള്ള നിയമനിർമ്മാണത്തിനു പുറമേ, ഉന്നതവിദ്യാഭ്യാസ കമ്മിഷനുകളുടെ ശുപാർശകളും സർക്കാർ പരിഗണിക്കുന്നുണ്ട്.പ്രോ-ചാൻസലറായി ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് കൂടുതൽ അധികാരം,സിൻഡിക്കേറ്റും സെനറ്റും ഉൾപ്പെടെയുള്ള സർവകലാശാലാ ഭരണസമിതികളുടെ ഘടന തുടങ്ങിയ കാര്യങ്ങളിലൊക്കെ നയപരമായ തീരുമാനമെടുക്കേണ്ടിവരും.ഇതെല്ലാം പരിശോധിച്ചാകും നിയമനിർമ്മാണം.

ഗവർണർ ഭീഷണി തുടരുന്നതിനാൽ നിയമസഭ വിളിക്കുന്നതിൽ ഈയാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിർണായക തീരുമാനമെടുത്തേക്കും.ഓർഡിനൻസ് രാജ്ഭവന് അയച്ചശേഷമുള്ള സ്ഥിതിഗതികൾ മന്ത്രിസഭായോഗം വിലയിരുത്തും.തുടർന്നാകും നിയമസഭ വിളിക്കാനുള്ള സമയക്രമം നിശ്ചയിക്കുക.ഡിസംബറിൽ തുടങ്ങുന്ന നിയമസഭാസമ്മേളനം ജനവരിയിലേക്കു നീട്ടാനും ആലോചനയുണ്ട്. അടുത്തവർഷം സഭ തുടങ്ങുമ്പോൾ ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കുകയെന്ന ലക്ഷ്യമാണ് പിന്നിലെന്നാണ് സൂചന.

സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനം ഗവർണർക്കാണെന്ന നിയമത്തിലെ വ്യവസ്ഥ എടുത്തുകളയാനാണ് ഓർഡിനൻസ്. പകരം വിദ്യാഭ്യാസമേഖലയിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെ ഓണററിയായി ചാൻസലറായി നിയമിക്കും എന്ന വ്യവസ്ഥയാണു ചേർത്തിരിക്കുന്നത്. സർവകലാശാലാ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ മാറ്റാനുള്ള ഓർഡിനൻസിൽ തീരുമാനം കൈക്കൊള്ളേണ്ടതു ഗവർണറും. അതിനിടെ ആരിഫ് മുഹമ്മദ് ഖാൻ അത് രാഷ്ട്രപതിക്ക് അയച്ചാലും പകരം ബിൽ കൊണ്ടുവരാൻ തടസമില്ലെന്ന് സർക്കാരിനു ലഭിച്ച നിയമോപദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP